ഗൗരവത്തില്‍ ചര്‍ച്ച ചെയ്യണം

No image

പലപ്പോഴും ചര്‍ച്ചചെയ്ത വിഷയമാണ്;  വര്‍ധിച്ചുവരുന്ന ആത്മഹത്യാ നിരക്കിനെക്കുറിച്ച്. കേരളം നേടിയ പ്രബുദ്ധതയും സാക്ഷരതാ നിരക്കും സാമൂഹിക അവബോധവും തീര്‍ത്തും അപ്രസക്തമാക്കുന്ന തരത്തിലാണ് ആത്മഹത്യകളുടെ കുതിച്ചുയരുന്ന ഗ്രാഫ്. ഉയര്‍ന്ന വിദ്യാഭ്യാസവും അതുവഴി നേടിയ ഉയര്‍ന്ന ജീവിത നിലവാരവും കാഴ്ചപ്പാടുകള്‍ മെച്ചപ്പെടുത്താനല്ല, ജീവിതത്തിന്റെ ഉള്‍ക്കാഴ്ച കുറക്കാനാണ് വിനിയോഗിക്കപ്പെട്ടത് എന്ന വസ്തുതയാണ് ആത്മഹത്യയിലെ വര്‍ധിച്ചുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുടുംബജീവിതത്തില്‍ ഉണ്ടാകേണ്ട കെട്ടുറപ്പും സുരക്ഷിതത്വബോധമില്ലായ്മയും കൂടിവരികയും സുഖാഡംബര ജീവിതമെന്ന കാഴ്ചപ്പാടുകള്‍ മേല്‍ക്കൈ നേടുകയും മദ്യം, മയക്കുമരുന്ന് പോലുള്ളവയുടെ ഉപയോഗം കൂടിവരികയും ചെയ്യുന്നത് സ്വയം ജീവനെടുക്കാനുള്ള കാരണമാണ്. പഠനവും ജോലി സുരക്ഷിതത്വവും കൂടുന്നതിനനുസരിച്ച മത്സരവും പലരെയും സമ്മര്‍ദത്തിലാക്കുന്നു. അത്തരക്കാരെ ഇത് ആത്മഹത്യയിലേക്ക് കൊണ്ടൈത്തിക്കുകയാണ് ചെയ്യുന്നത്.
വിവാഹ വാഗ്ദാനം ലംഘിക്കപ്പെട്ടതിനാലും പ്രേമനൈരാശ്യത്താലും ആത്മഹത്യ ചെയ്യുന്നവരും ഏറെയാണ്. അടുത്ത ദിവസവും  ഒരു പെണ്‍കുട്ടി ഇത്തരത്തില്‍ ആത്മഹത്യ ചെയ്ത ദുഃഖ വാര്‍ത്തയാണ് കേള്‍ക്കേണ്ടിവന്നത്. വര്‍ഷങ്ങളായി പരസ്പരം ഇഷ്ടപ്പെടുകയും വീട്ടുകാര്‍ തമ്മിലുറപ്പിക്കുകയും ചെയ്ത വിവാഹം നടക്കാതെ പോകുന്നതിലെ വിഷമമായിരുന്നു ഒരു കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നതിലേക്ക് നയിച്ചത്. ജീവിതത്തില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിടുന്നതിലുള്ള കഴിവ് ഓരോരുത്തരുടെയും മനോബലം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. പക്ഷേ കടുത്ത നിരാശയിലേക്കും ജീവിതം തന്നെ വേണ്ടാ എന്നു പറയുന്നതിലേക്കും സമൂഹം പൊതുവായി രൂപപ്പെടുത്തിയ കാഴ്ചപ്പാടുകള്‍ കൂടി സ്വാധീനം ചെലുത്തിവരുന്നുണ്ട് എന്ന് ഇത്തരം വിഷയങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസ്സിലാക്കാം.
വിവാഹം എന്നത് യഥാര്‍ഥത്തില്‍ കരാറാണ്. വ്യത്യസ്ത കാഴ്ചപ്പാടും ജീവിതാഭിരുചികളുമുള്ളവരുടെ, തീര്‍ത്തും വ്യത്യസ്തമായ കുടുംബ പശ്ചാത്തലത്തിലുള്ളവരുടെ സമാഗമം. അത് സമാധാനപൂര്‍വമായിരിക്കാന്‍ വൈജാത്യങ്ങളോടെ മനുഷ്യനെ സൃഷ്ടിച്ച ദൈവം തന്നെ ചില ഉപാധികളും നിബന്ധനകളും വെച്ചിട്ടുമുണ്ട്. പരസ്പരമുള്ള തുറന്ന സംസാരങ്ങളിലൂടെയും സഹകരണത്തിലൂടെയും ഒന്നിച്ചുപോകാനും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പരിഹരിക്കേണ്ട മാര്‍ഗങ്ങളുമൊക്കെ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഇന്ന് വിവാഹത്തിലേക്കെത്തും മുന്നേ തന്നെ പറഞ്ഞുറപ്പിച്ച വിവാഹങ്ങള്‍ ഒഴിവാക്കപ്പെടുന്നു. രണ്ടു വ്യക്തികളുടെയോ, അല്ലെങ്കില്‍ രണ്ടു കുടുംബങ്ങളുടെയോ താല്‍പര്യത്തിനും ഇഷ്ടത്തിനുമപ്പുറമുള്ള സാമൂഹിക സാഹചര്യ സമ്മര്‍ദത്താല്‍ സല്‍ക്കാര മാമാങ്കങ്ങളും ഉപഹാര സമര്‍പ്പണവും വിവാഹപൂര്‍വമായ അനിയന്ത്രിതമായ കൂടിക്കാഴ്ചകളുമൊക്കെ സാമൂഹിക സമ്മര്‍ദത്താല്‍ ആചാരങ്ങളായി രൂപപ്പെട്ടുവരുന്നു. ഇത്തരം ആചാര കൊടുക്കല്‍വാങ്ങലുകളും വിരുന്നു സല്‍ക്കാരങ്ങളുമൊക്കെ ഭാവിയില്‍ പ്രയാസകരമാകാനിടയുള്ള ബന്ധങ്ങള്‍ ഒഴിയുന്നതിലും ബാധ്യതയായി വരുന്നു. ഉറപ്പിച്ച വരനോ വധുവോ വിവാഹം സാധ്യമല്ലെന്നറിയിച്ചാല്‍ പ്രശ്‌നമില്ല, വേറൊന്നാകാം എന്ന ചിന്ത വരുന്നില്ല. വ്യക്തിയെന്ന നിലയില്‍ ഉണ്ടായിരിക്കേണ്ട തീരുമാനങ്ങളും ആത്മവിശ്വാസവുമൊക്കെ ഉണ്ടാക്കിെയടുക്കാന്‍ നമ്മുടെ മത-ഭൗതിക വിദ്യാഭ്യാസ പഠനരീതികള്‍ക്കായിട്ടില്ല എന്ന പാഠമാണിത് കാണിക്കുന്നത്. ഒരു വ്യക്തിയെ ആത്മവിശ്വാസത്തോടെ നില്‍ക്കാന്‍ സജ്ജമാക്കുന്ന മത-ഭൗതിക വിദ്യാഭ്യാസരീതികളെക്കുറിച്ച ആലോചന ഇത്തരത്തില്‍ പ്രസക്തമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top