മുമ്പേ നടന്ന ഫോട്ടോഗ്രാഫര്‍
തുഫൈൽ മുഹമ്മദ്
ഒക്ടോബര്‍ 2020
പ്രഫഷണല്‍ ഫോട്ടോഗ്രാഫി രംഗത്തേക്ക് പൊതുവെ സ്ത്രീകള്‍ കടന്നുവരാറുള്ളത് പൊതുവെ കുറവാണ്. വര്‍ത്തമാനകാലത്ത് മൊബൈല്‍ വ്യാപകമായതോടെ എല്ലാവരും ഫോട്ടോഗ്രാഫര്‍മാരാണ്.
പ്രഫഷണല്‍ ഫോട്ടോഗ്രാഫി രംഗത്തേക്ക് പൊതുവെ സ്ത്രീകള്‍ കടന്നുവരാറുള്ളത് പൊതുവെ കുറവാണ്. വര്‍ത്തമാനകാലത്ത് മൊബൈല്‍ വ്യാപകമായതോടെ എല്ലാവരും ഫോട്ടോഗ്രാഫര്‍മാരാണ്. എന്നാല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമാവുകയാണ് കേരളത്തിലെ ആദ്യ വനിതാ പ്രഫഷണല്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ ആലപ്പുഴ തോട്ടപ്പള്ളിക്കാരിയായ സുഭദ്രാ മണി. കഴിഞ്ഞ 40 വര്‍ഷമായി ഫോട്ടോഗ്രാഫിയിലും സാമൂഹിക, സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമാണ് സുഭദ്ര.
ഫോട്ടോഗ്രാഫി മേഖലയിലേക്കുള്ള രംഗപ്രവേശം
1980-ലാണ് ഫോട്ടോഗ്രാഫി മേഖലയിലേക്ക് തോട്ടപ്പള്ളിക്കാരുടെ പ്രിയങ്കരിയായ സുഭദ്ര ചേച്ചി ചുവടുറപ്പിച്ചത്. ഭര്‍ത്താവാണ് സുഭദ്രയെ ക്യാമറ ചലിപ്പിക്കാന്‍ പഠിപ്പിച്ചത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും പൊതു പരിപാടികളിലും മറ്റും ഒരു സ്ത്രീ ക്യാമറയുമായി സഞ്ചരിക്കുന്നത് ഭൂരിഭാഗം പേര്‍ക്കും അത്ഭുതമായിരുന്നു. ഇതു കണ്ട മന്ത്രിമാരുള്‍പ്പെടെയുള്ള സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ അഭിനന്ദനങ്ങള്‍ ചൊരിഞ്ഞത് സുഭദ്ര ചേച്ചിക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പകര്‍ത്തിയ കല്യാണ ചടങ്ങുകള്‍, സാമൂഹിക-സാംസ്‌കാരിക പരിപാടികളുടെ നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഈ അറുപതുകാരിയുടെ കാമറ പകര്‍ത്തിയിട്ടുണ്ട്.
1980-ലാണ് തോട്ടപ്പള്ളിയില്‍ സ്വന്തം മകളായ സന്ധ്യയുടെ പേരില്‍ സ്റ്റുഡിയോ തുടങ്ങിയത്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ എണ്ണിയാല്‍ ഒടുങ്ങാത്ത നിരവധി അനുഭവങ്ങള്‍ സമ്മാനിച്ച മേഖലയാണ് ഫോട്ടോഗ്രാഫിയെന്ന് സുഭദ്ര പറയുന്നു. ഇതിനകം നിരവധി ചാനലുകളിലും ആനുകാലികങ്ങളിലുമായി സുഭദ്ര ചേച്ചിയുടെ ജീവിതകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സമരരംഗത്തും സജീവം
പതിനാറ് വര്‍ഷം മുമ്പ് മദ്യവിരുദ്ധ സമിതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. നിരവധി സ്ഥലങ്ങളില്‍ മദ്യവിരുദ്ധ സമിതിയുടെ പരിപാടികളിലും മറ്റും പങ്കെടുത്തു. 2007-ല്‍ ദേശീയപാത സ്ഥലമെറ്റെടുക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ കുടിയൊഴുപ്പിക്കുന്നതിനെതിരെയുള്ള സമരമുഖങ്ങളില്‍ ഈ ധീരവനിത അഹോരാത്രം പങ്കെടുത്തു. ദേശീയപാത വീതി കൂട്ടുന്നതിനെതിരെയുള്ള സമരരംഗത്ത് സുഭദ്ര പ്രവര്‍ത്തിച്ചത് ഒമ്പത് വര്‍ഷം.
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, അമ്പലപ്പുഴ, തോട്ടപ്പള്ളി, പുറക്കാട്, നീര്‍ക്കുന്നം തീരമേഖലകളില്‍ നടന്ന കരിമണല്‍ ഖനനത്തിനെതിരായ സമരത്തിലും സുഭദ്രയുടെ റോള്‍ ചെറുതല്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് തീര സംരക്ഷണ സമിതി എന്ന പേരില്‍ ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതിലും നിര്‍ണായക പങ്കുവഹിച്ചു. തോട്ടപ്പള്ളി സ്പില്‍വേയിലൂടെ പ്രളയജലം കടലില്‍ ഒഴുകിപ്പോകാന്‍ ലീഡിംഗ് കനാലിന്റെ ആഴം കൂട്ടാത്തതിനെതിരെ കനാലിലിറങ്ങി സമരം ചെയ്യാന്‍ നേതൃത്വം നല്‍കിയവരുടെ കൂട്ടത്തിലും നാട്ടുകാരുടെ പ്രിയപ്പെട്ട സുഭദ്ര ചേച്ചിയുണ്ടായിരുന്നു. നിലവില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വനിതാ വിഭാഗമായ വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ ആലപ്പുഴ പ്രസിഡന്റാണ്.
കുടുംബ ജീവിതം
ചെങ്ങന്നൂര്‍ ബുധനൂര്‍ സ്വദേശിയാണ് സുഭദ്ര. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആയിരുന്നു വിവാഹം. ഭര്‍ത്താവ് അധ്യാപകനും ആര്‍ട്ടിസ്റ്റും കൂടിയായ ജയമോഹനന്‍. സന്ധ്യ, സജി എന്നിവര്‍ മക്കളാണ്. ഫോട്ടോഗ്രാഫര്‍മാര്‍ കൂടിയായ മക്കള്‍ സ്വന്തമായി സ്റ്റുഡിയോ നടത്തുന്നു. മരുമകനും മരുമകളും അധ്യാപകരാണ്. നാല് പേരക്കുട്ടികളുടെ മുത്തശ്ശി കൂടിയാണ് സുഭദ്ര. ഫോട്ടോഗ്രാഫി കമ്പക്കാരുടെ വീടായതുകൊണ്ട് 'ചിത്രാലയം' എന്ന പേരും വീടിന് നല്‍കി.