പ്രാര്‍ഥനയും വിശുദ്ധിയുമായി നോമ്പ്

ഷാലു ജോമോന്‍ No image

നോമ്പ് ഒരു പ്രാര്‍ഥനയാണ്. പുതുക്കപ്പെടാനായുള്ള പ്രാര്‍ഥന. ഒരു റമദാന്‍ മാസത്തിനായി നമ്മളൊരുങ്ങുമ്പോള്‍ ആകുലതകളും ആശങ്കകളും വൈറസുകളും ഒഴിഞ്ഞ പുതിയ  ഒരു ലോകത്തിനായി നമുക്ക് പ്രാര്‍ഥിക്കാം...
ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന നോമ്പനുഭവങ്ങളുമായി  പുതുതലമുറയിലെ എഴുത്തുകാരികള്‍....

തയാറാക്കിയത് /ശശികുമാര്‍ ചേളന്നൂര്‍


ലോകമെങ്ങും കൊറോണാഭീതിയാല്‍ ദേവാലയങ്ങള്‍ അടഞ്ഞു കിടക്കുമ്പോഴും മനസ്സില്‍ പ്രാര്‍ഥനയും വിശുദ്ധിയും നിറച്ച് പലരും നോമ്പ് നോല്‍ക്കുന്നുണ്ട്, നല്ലൊരു നാളേക്കായ്.. പുതിയൊരു ഭൂമിക്കായ്.. ഓശാനയും വലിയ വെള്ളിയും ഈസ്റ്ററും ഒക്കെ കോവിഡിന്റെ പശ്ചാത്തലത്തില്‍ മുടങ്ങിയെങ്കിലും കരുതലും കരുണയും ഉള്ള ഒരു നോമ്പ് കാലത്തിന്റെ നിര്‍വൃതി ആവോളം അറിയാന്‍ നമുക്ക് കഴിയുന്നുണ്ട്. ഈസ്റ്ററിനു ശേഷം എത്തുന്ന പുണ്യമാസത്തിലെ മറ്റൊരു നോമ്പനുഭവത്തെ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാന്‍ മാസം വീണ്ടും എത്തുമ്പോഴേക്കും മനസ്സില്‍ നിന്നും ഭീതിയൊഴിയട്ടെ എന്ന് നമുക്കാശിക്കാം.
സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നോമ്പു പിടിക്കുന്ന സുഹൃത്തുക്കളെ വളരെ അതിശയത്തോടെയാണ് നോക്കിയിരുന്നത്. വെള്ളം കുടിക്കാതെ, ഉമിനീരു പോലും ഇറക്കാതെ ഒരു ദിവസം മുഴുവന്‍.. ഹോ! ക്രിസ്ത്യാനികള്‍ക്ക് നൊയമ്പ് അത്ര കഠിനം അല്ലല്ലോ. ഉച്ചഭക്ഷണ സമയത്ത് ആണ്‍കുട്ടികള്‍ അടുത്തുള്ള പള്ളിയിലും പെണ്‍കുട്ടികള്‍ ഒഴിഞ്ഞ ക്ലാസ്മുറികളിലേക്കും പോകും, നമസ്‌കാരത്തിനും മറ്റുമായി. അവര്‍ അവിടെ എന്താണ് ചെയ്യുന്നതെന്ന് മറ്റ് കൂട്ടുകാരുമായി ചേര്‍ന്ന് ജനലിലൂടെ ഒളിഞ്ഞു നോക്കീട്ടുണ്ട്. മതാനുഷ്ഠാനങ്ങള്‍ ഇത്ര കൃത്യമായി പാലിക്കുന്ന മറ്റാരും സ്‌കൂളിലുണ്ടായിരുന്നില്ല. നോമ്പുകാലത്തെ വിശേഷങ്ങളും വീടുകളില്‍ അവര്‍ അനുഭവിക്കുന്ന കര്‍ശന നിലപാടുകളും ഒക്കെ ഷംനയും ഷമീമയും ഒക്കെ വിവരിക്കുമ്പോള്‍ വെറുതെ ഒരു വമ്പിന് പത്ത് കല്‍പ്പനയും സണ്‍ഡേ സ്‌കൂള്‍ ഉപദേശങ്ങളുമൊക്കെ ഞാനും വിവരിക്കുമായിരുന്നു. തലേന്നത്തെ ഇഫ്ത്വാറില്‍ നിന്ന് വീട്ടുകാരറിയാതെ അടുത്ത സുഹൃത്ത് കൊണ്ടുതന്നിരുന്ന ഈന്തപ്പഴത്തിന് സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും രുചിയായിരുന്നു. ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയുടെ പരിമിതമായ ചിന്തയില്‍ ഭക്ഷണം കഴിക്കാതിരിക്കലും നോമ്പ് തുറക്കുമ്പോള്‍ സുഭിക്ഷമായ ഭക്ഷണവും എന്നതായിരുന്നു നോമ്പു കാലത്തെ കുറിച്ചുള്ള എന്റെ ധാരണ. പത്താം ക്ലാസിനു ശേഷം ബി. എഡ് വരെയും ഞാന്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളിലാണ് പഠിച്ചത്. അത്രയും നാള്‍ എന്റെ സുഹൃദ് വലയങ്ങളില്‍ മുസ്ലിം സുഹൃത്തുക്കള്‍ ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ നോമ്പുകാലത്തിന്റെ ധന്യതയെയും അതിന്റെ ആത്മീയതയെയും കുറിച്ച് മനസ്സിലാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. വ്രതാനുഷ്ഠാനം എന്നത് ഒരു നിശ്ചിത സമയം വരെ പാപം ചെയ്യാതെ വിശപ്പ് സഹിക്കുക എന്നതല്ല, മറിച്ച് എല്ലാ പാപങ്ങളില്‍ നിന്നും ഭൗതിക ചിന്തകളില്‍ നിന്നുമകന്ന് ഒരു പുതുക്കം പ്രാപിക്കലാണ്. നോമ്പനുഷ്ഠിക്കലിനെ ഒരു മാനവിക കലയായി കരുതാന്‍ ഇന്നെനിക്ക് കഴിയുന്നുണ്ട്. റമദാന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് ജീവിതത്തിലെ മാലിന്യങ്ങളെ ഒഴുക്കിക്കളയാനുള്ള അസുലഭ ദിനങ്ങളാണ് ഓരോ നോമ്പുകാലങ്ങളും. ഓരോ നോമ്പുകാലത്തിനു ശേഷവും പുതിയൊരു മനുഷ്യനാവുക എന്നതാണ് നോമ്പുയര്‍ത്തുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് പ്രിയസുഹൃത്തും എഴുത്തുകാരിയുമായ സഹ്ല അന്‍വര്‍ ഒരു നോമ്പുകാലത്ത് വാട്‌സാപ്പില്‍ കുറിച്ചതോര്‍ക്കുന്നു. ആധുനികതയുടെ അതിപ്രസരത്തില്‍ നോമ്പുകാലം പകലുറങ്ങാനും രാത്രിയില്‍ കൂട്ടുകാര്‍ കൂടി ഇഫ്ത്വാര്‍ പാര്‍ട്ടികള്‍ക്കും ഷോപ്പിംഗിനും മറ്റും പോവാനുള്ള അവസരമായി മാറുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നോമ്പില്‍ മിച്ചം പിടിക്കുന്നത് സകാത്ത് കൊടുക്കുന്നതിലൂടെ പുണ്യത്തെ സ്വായത്തമാക്കുന്ന പല വ്യക്തിത്വങ്ങളെയും അടുത്തറിഞ്ഞിട്ടുണ്ട്,നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടില്‍ ഒരു മുസ്ലിം മാനേജ്‌മെന്റ് സ്‌കൂളില്‍ പഠിപ്പിക്കുന്ന സമയത്ത്. അവിടെ ചെലവഴിച്ച സമയത്താണ് പെരുന്നാളിനെ കുറിച്ചും നോമ്പിനെക്കുറിച്ചും  കൂടുതലറിയുന്നത്. പെരുന്നാളിന് സ്‌കൂളടക്കും മുമ്പ് ഓരോ കുട്ടിയും വന്ന് ഈദ് മുബാറക് ആശംസിക്കും. നമ്മളും തിരിച്ച് ആശംസിക്കുമ്പോള്‍ ആ ചെറിയ കണ്ണുകളില്‍ ഒരു തിളക്കമുണ്ടാവും. പത്താം ക്ലാസില്‍ അധികം ആരോടും മിണ്ടാത്ത ഒരു കുട്ടിയുണ്ടായിരുന്നു. നമ്മളെന്ത് ചോദിച്ചാലും ഒരു നിസ്സംഗ ഭാവത്തോടെ നില്‍ക്കുന്ന ഒരു കുട്ടി.ആ വര്‍ഷം പെരുന്നാള്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്ന ദിവസം അവള്‍ സ്‌കൂളില്‍ വന്നില്ല. വൈകീട്ട് സ്‌കൂള്‍ വിട്ട് പോരുമ്പോള്‍ അവള്‍ റോഡില്‍ നില്‍പ്പുണ്ടായിരുന്നു. കൈയില്‍ ഒരു പൊതിയുമായി.. 'പത്തിരിയും ഇറച്ചിയുമാ.. ടീച്ചറിനാ..' എന്നു പറഞ്ഞ് മുഖത്ത് നോക്കാതെ അത് എനിക്കു നേരെ നീട്ടി.. ഒരു താങ്ക്‌സ്  പറഞ്ഞത് പോലും അവള്‍ കേട്ടിട്ടുണ്ടാവില്ല. അതിനു മുമ്പേ അവള്‍ തിരിഞ്ഞ് നടന്നിരുന്നു. അന്ന് അവിടെ പഠിച്ചിരുന്ന കുട്ടികളൊക്കെ ഇപ്പോഴും വിളിക്കും, വീട്ടിലേക്ക് വരും. എന്തൊരു സ്‌നേഹമാണ് ആ കുട്ടികളുടേത്..
ഓരോ മതത്തിനും അതിന്റേതായ ആചാരങ്ങളുണ്ട്,  അനുഷ്ഠാനങ്ങളുണ്ട്. അതൊക്കെ പരസ്പരം പങ്കുവെക്കുന്ന, അവയിലൊക്കെ പങ്കാളികളാകുന്ന ആളുകളുള്ള ഒരു ഗ്രാമമാണ് എന്റേതും. ക്രിസ്മസ് മധുരം അയല്‍വീടുകളിലേക്ക് പകരുമ്പോള്‍ ചിഞ്ചൂന്റെ വീട്ടില്‍ നിന്ന് സദ്യയായും റാഫീടെ വീട്ടില്‍ നിന്ന് നെയ്‌ച്ചോറായുമൊക്കെ സ്‌നേഹം പങ്കുവെക്കപ്പെടുന്നു. ഓര്‍മ വെച്ച കാലം മുതല്‍ തുടരുന്ന ഈ പങ്കുവെക്കലില്‍ നിന്നാണ് എല്ലാവരും ഒന്നാണെന്ന സന്ദേശം പകര്‍ന്നു കിട്ടിയത്. 

 

മൈലാഞ്ചി മണമുള്ള പെരുന്നാളോര്‍മകള്‍

പ്രിയ സുനില്‍

അല്ലാഹു അക്ബറല്ലാഹു അക്ബറല്ലാഹു അക്ബര്‍......
വിശുദ്ധ റമദാനില്‍ നിന്നും ആഘോഷത്തിന്റെ ശവ്വാലിലേക്ക് വിശ്വാസികളെ വിളിച്ചുണര്‍ത്തുന്ന തക്ബീര്‍ ധ്വനികള്‍! ഓണവും വിഷുവും ക്രിസ്മസും പോലെ മലബാറുകാര്‍ക്ക് ഒരുമിച്ചാഘോഷിക്കാനുള്ളതാണ് ഈദുല്‍ ഫിത്വ്‌റും ബക്രീദും. 
എന്റെ മനസ്സിലെ  പെരുന്നാളോര്‍മകള്‍ക്ക്  നാടന്‍ മൈലാഞ്ചിയുടെ നിറവും ഗന്ധവുമാണ്.   ചക്കവിളഞ്ഞി ഉരുക്കിയൊഴിച്ച് അതിനു മേലെ മൈലാഞ്ചി വാരിപ്പൊത്തി കിടന്നുറങ്ങുന്ന ഒരുവള്‍ പിറ്റേന്നു വന്ന് ഇരുണ്ട ചുവപ്പ് കാണിച്ച് കൊതിപ്പിച്ചിട്ടുണ്ട് കുട്ടിക്കാലത്ത്. പെരുന്നാള്‍ കഴിഞ്ഞ് സ്‌കൂളിലെത്തുന്ന അവളുടെ കൈകള്‍ക്ക് മത്തുപിടിപ്പിക്കുന്ന ഒരു ഗന്ധമായിരുന്നു. ഞാനെത്ര ശ്രമിച്ചിട്ടും എന്റെ കൈകള്‍ അങ്ങനെ ചുവന്നിട്ടില്ല, വാസനിച്ചിട്ടുമില്ല. 
ഏതാനും വര്‍ഷങ്ങളായി പെരുന്നാളെന്നു പറഞ്ഞാല്‍ രാവിലെയെണീറ്റ് പ്രാതല്‍ മാത്രം കഴിച്ച ശേഷമുള്ള സര്‍ക്കീട്ടാണ്. ഭര്‍ത്താവിന്റെ ചില കൂട്ടുകാരുടെ വീടുകളില്‍ സന്ദര്‍ശനം, രുചികരമായ വിഭവങ്ങള്‍ ആസ്വദിച്ച് കഴിച്ച ശേഷമുള്ള തിരിച്ചുവരവ്, വൈകീട്ട് തൊട്ടടുത്ത വീട്ടിലെ താത്തയുടെ  ബീഫ് ബിരിയാണിയും കഴിച്ച് വയറും മനസ്സും നിറഞ്ഞ സന്തോഷത്തോടെ ഉറക്കം. എന്നാല്‍ പതിവ് പരിപാടികള്‍ക്കൊരു മാറ്റവും കൊണ്ടാണ് അന്നത്തെ പെരുന്നാളിന്റെ വരവ്. എന്റെ ഓര്‍മകള്‍ രണ്ടരപ്പതിറ്റാണ്ട് പിറകിലേക്ക് ഓടിച്ചെന്നു.
അഞ്ചാം ക്ലാസിലെ ആദ്യദിനം തന്നെ ഞാന്‍ റോഷ്‌നയെ ശ്രദ്ധിച്ചിരുന്നു. മുന്‍ബെഞ്ചില്‍ എന്റെ തൊട്ടടുത്താണവള്‍ ഇരുന്നിരുന്നത്. ഉണ്ടക്കണ്ണും നിരതെറ്റിയ പല്ലുകളും നെറ്റിയിലേക്ക്  ഇറക്കി വെട്ടിയ മുടിയുമൊക്കെയായി ഒരു കൊച്ചുസുന്ദരി തന്നെയായിരുന്നു അവള്‍. . 
പിറ്റേന്ന് സ്‌കൂളിലെത്തി ബാഗഴിച്ച് ഡെസ്‌കില്‍ വെച്ച് തിരിഞ്ഞപ്പോള്‍ അവളുണ്ട് മുന്നില്‍ നില്‍ക്കുന്നു.  നീട്ടിപ്പിടിച്ച ഉള്ളം കൈയില്‍ ഇരുവശത്തേക്കുമായി പിളര്‍ന്നു കിടക്കുന്ന പച്ച നിറമുള്ള എന്തോ ഒരു വസ്തു. ഗൗരവത്തിലൊരു ചോദ്യവും!
'അനക്ക് വേണോ?'
'എന്താദ്?'
'അണ്ടിക്കുക്രു'
'എന്ത്?'
'അണ്ടിക്കുക്രൂന്ന്. മാണെങ്കിത്തിന്നോ'
പറഞ്ഞതും ഒരു പൊളി അടര്‍ത്തിയെടുത്ത് അവള്‍ വായിലിട്ടു. മടിച്ചു മടിച്ച് മറ്റേപ്പൊളി ഞാനും കഴിച്ചു തുടങ്ങി. നല്ല അണ്ടിപ്പരിപ്പിന്റെ സ്വാദ്, എന്നാലോ ചെറിയൊരു ചവര്‍പ്പും! 
'ശരിക്കും ഇതെന്താ?'
എനിക്കപ്പോഴും സംശയം മാറിയിട്ടുണ്ടായിരുന്നില്ല. 
'പറങ്കൂച്ചിന്റെ അണ്ടില്ലേ, അത് മണ്ണ്‌ക്കെടന്ന് മൊളച്ചതാ.'
വേനല്‍ക്കാലത്ത് അമ്മവീട്ടില്‍ ചെല്ലുമ്പോള്‍ പറങ്കിമാങ്ങയും, പറങ്കിയണ്ടി വറുത്ത് പൊട്ടിച്ചെടുക്കുന്ന പരിപ്പും കഴിച്ചിട്ടുണ്ട്. പക്ഷേ ഒരു വേനല്‍ മുഴുവന്‍ കുടിച്ചു വറ്റിച്ച പറങ്കിയണ്ടി മഴ നനഞ്ഞ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് കണ്ടിട്ടില്ല. അപ്പോഴേക്കും വേനലവധി കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചു പോന്നിട്ടുണ്ടാകും. 
അങ്ങനെ അണ്ടിക്കുക്രൂവില്‍ തുടങ്ങിയ സൗഹൃദം അഞ്ചു വര്‍ഷക്കാലം ഞങ്ങള്‍ ആഘോഷിച്ചു. ഇടക്ക് തെറ്റിയും വീണ്ടുമിണങ്ങിയും മണ്ടത്തരങ്ങളും കുസൃതികളുമായി യു.പി, ഹൈസ്‌കൂള്‍ കാലം തിമിര്‍ത്തു നടന്നു. എട്ടാം ക്ലാസ് തൊട്ടേ അവള്‍ക്ക് വിവാഹാലോചനകള്‍ വന്നിരുന്നുവെങ്കിലും പത്താം ക്ലാസ് കഴിഞ്ഞാണ് വിവാഹം നടന്നത്. പ്രവാസിയായ ഒരു ബിസിനസുകാരനാണ്  അവളെ വിവാഹം കഴിച്ചത്.  പിന്നെയും പഠനം തുടര്‍ന്ന ഞാന്‍ പുതിയ സൗഹൃദങ്ങളിലലിഞ്ഞ് റോഷ്‌നയ മറന്നു തുടങ്ങിയെന്നു തന്നെ പറയാം.
അധ്യാപികയായി ജോലിയില്‍ പ്രവേശിച്ച ശേഷം, അവളുടെ അയല്‍ക്കാരി കൂടിയായ സഹപ്രവര്‍ത്തകയില്‍ നിന്നാണ് പിന്നീടവളുടെ വിശേഷങ്ങള്‍ അറിഞ്ഞത്. 
പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവളുടെ ഫോണ്‍ കോള്‍ എന്നെത്തേടിയെത്തുന്നത്. പത്താം ക്ലാസുകാരുടെ ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടെന്നും എന്നെ അതില്‍ ആഡ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞായിരുന്നു വിളി. കുറച്ചു സമയം സംസാരിച്ചപ്പോഴാണ് അവള്‍ക്കൊരു മാറ്റവും വന്നിട്ടില്ലെന്ന് എനിക്ക് മനസ്സിലായത്. റമദാനില്‍ നാട്ടിലെത്തുമെന്നും ചെറിയ പെരുന്നാളിന് അവളുടെ വീട്ടിലേക്ക് ചെല്ലണമെന്നും പറഞ്ഞപ്പോള്‍ പോകണമെന്നൊന്നും കരുതിയിരുന്നില്ല. 
'എടീ ഇന്‍ക്ക് അന്നെക്കാണാന്‍ പൂതിയാവണെടീ' എന്ന സ്‌നേഹപ്പെയ്ത്തില്‍ ഇരുപത് വര്‍ഷങ്ങള്‍ അലിഞ്ഞില്ലാതാവുന്നതും ഉള്ളിലൊരു അണ്ടിക്കുക്രൂക്കാലം തെളിഞ്ഞു വരുന്നതും ഞാനറിഞ്ഞു.
തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയ സമയം മുതല്‍ ഭര്‍ത്താവും  മക്കളുമൊത്ത് അവളുടെ വീട്ടില്‍ ചെറിയ പെരുന്നാളിന് പോകുന്നതിന്റെ ആവേശത്തിലാണ് ഞാന്‍.  റോഷ്‌നയുടെ ഭര്‍ത്താവ് ലത്തീഫാക്കയെ ഫോണിലൂടെ പോലും പരിചയപ്പെട്ടിട്ടില്ല. എങ്ങനെയുള്ള ആളാവും, എങ്ങനെയായിരിക്കും പെരുമാറുക എന്നൊക്കെയുള്ള ചെറിയ ആശങ്കകള്‍ ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ 'പ്രിയേ, അന്റെ പേരൊക്കെ ഞാന്‍ ആദ്യരാത്രി മൊതല് കേക്കാന്‍ തൊടങ്ങീക്ക്ണ്' എന്ന ഒറ്റ വാചകത്തില്‍ മൂപ്പരെന്നെ ഞെട്ടിച്ചു കളഞ്ഞു. ഞാനും റോഷ്‌നയും ഞങ്ങളുടെ കുടുംബവും ഒന്നിച്ചുള്ള ആ പെരുന്നാള്‍ ഒരുകാലത്തും മറക്കാനാവില്ല. കുഞ്ഞുന്നാളിലെ കുസൃതികളോരോന്നും നുള്ളും നുറുമ്പും വിടാതെ ഓര്‍ത്തെടുത്ത് അവള്‍ പറയുമ്പോള്‍ പലപ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞു വന്നു. 
'ഫൗസിയായിട്ട് നമ്മള് തല്ലുകൂടീല്ലേടീ എട്ടാം ക്ലാസ്സ്ന്ന്. ആ പുളീന്റെ ചോട്ട്ന്ന്. അതെന്തിനാ ര്ന്നു?'
'അതോ , ഓള്‍ടെ ഒപ്പന ഒളിഞ്ഞു കണ്ട് സ്റ്റെപ്പുകള്‍ കട്ടുപഠിക്കാനാ നമ്മളവിടെ ചെന്നതെന്നും പറഞ്ഞാ ഓള് കച്ചറയ്ക്ക് വന്നത്.'
'ശരിക്കും നമ്മളെന്തിനാ അവടെ പോയത്?'
'അതോ, അച്ചിപ്പുളി പെറ്ക്കാന്‍.'
'എന്തൊരോര്‍മയാടീ അനക്ക്, പഠിച്ചീര്‌ന്നെങ്കി എവടെത്തിയേനെ!'
ഒരു നിമിഷം ആലോചിച്ചിട്ടാണ് ഞാന്‍ ബാക്കി പറഞ്ഞത്:
''ഉം, യ്യ് പഠിക്കാഞ്ഞത് നന്നായി. പിന്നേം പഠിച്ചേര്‌ന്നെങ്കി, വേറെ കൂട്ടുകാരെ കീട്ടീര്‌ന്നെങ്കി യ്യ് ന്നെ മറക്ക്വേര്ന്നു.''
ലത്തീഫാക്കയും സുനിയേട്ടനും അവളും മക്കളുമൊക്കെ ചിരിക്കുമ്പോള്‍ ഞാനൊരു കഷ്ണം ബീഫ് ചില്ലിയെടുത്ത് വായിലിട്ട് ചവയ്ക്കുകയായിരുന്നു. 

 

ആയിഷുമ്മയുടെ മണമുള്ള പെരുന്നാള്‍

വിദ്യ പൂവഞ്ചേരി

നോമ്പും പെരുന്നാളും ആയിഷുമ്മയും.. ആലോചിക്കുമ്പോള്‍ തന്നെ ഗൃഹാതുരമായ ഒരു ലോകത്തില്‍  കൊതിയോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു കോമ്പിനേഷനാണത്. വാസന സോപ്പിന്റെ മണമല്ലാതെ മറ്റൊന്നും പരിചിതമല്ലാത്ത ഒരു ലോകത്തിലെ,   എത്ര വര്‍ഷം ജീവിച്ചാലും മറന്നുപോകാത്ത അപൂര്‍വമായ പെര്‍ഫ്യൂം മണങ്ങളില്‍ നിന്നാണ് എന്റെ നോമ്പും പെരുന്നാളും തുടങ്ങുന്നത്. ആ മണങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ ബാല്യവും കൗമാരവും യൗവനവും ഓര്‍ക്കാതെയെങ്ങനെ? ഓര്‍മവെച്ച കാലം മുതല്‍ ഒരുമിച്ചായിരുന്ന  ജസ്നയെക്കുറിച്ചോര്‍ക്കാതെയെങ്ങനെഞങ്ങളുടെ പച്ചപ്പും വേനലും മാറിമാറി വന്ന വഴികളെക്കുറിച്ചോര്‍ക്കാതെയെങ്ങനെ? 
അത്രയൊന്നും പരിഷ്‌കാരങ്ങള്‍ എത്തിനോക്കിയിട്ടില്ലാത്ത, മതദ്വേഷചിന്തകള്‍ കുട്ടികളിലേക്ക് പടര്‍ന്നിട്ടില്ലാത്ത, ഓര്‍ക്കാന്‍ എന്നും ഇഷ്ടപ്പെടുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന നാടുതന്നെയായിരുന്നു എന്റെ ചാരങ്കാവും. കൃഷി തന്നെയായിരുന്നു വീടുകളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന നൂല്‍. ഈ ചുറ്റുപാടില്‍ ചക്കയും മാങ്ങയും മുല്ലപ്പൂവും ഇലഞ്ഞിപ്പൂവും പങ്കുവെച്ചിരുന്ന ഞങ്ങളെ മാത്രമേ നിറമുള്ള ചിത്രമായി ഞാനോര്‍ത്തുവെച്ചിട്ടുള്ളൂ. കഞ്ഞുണ്ണി നിറഞ്ഞ പാടവരമ്പുകളെയും കൊയ്ത്തു കഴിഞ്ഞ് മുറുക്കാനിരിക്കുന്ന പെണ്ണുങ്ങളെയും ഒറ്റക്കാലില്‍ നില്‍ക്കുന്ന കൊക്കുകളെയും കാതു നിറയെ വളയങ്ങളിട്ട് പച്ചക്കളര്‍ അരപ്പട്ടയിട്ടു നടക്കുന്ന ഉമ്മുമ്മമാരെയും എല്ലാം ആ ചിത്രത്തിന്റെ പിറകിലായി ഞാന്‍ നിരത്തിവെച്ചു.
ഓര്‍ത്തുവെക്കാന്‍ സംഭവബഹുലവുമായ ഒരു ബാല്യമുണ്ടായിരുന്നിട്ടുകൂടി ജസ്നയെയും  അവളുടെ ഉമ്മ ആയിഷുമ്മയെയും  പെരുന്നാളും നോമ്പുമെല്ലാം ഇഷ്ടത്തോടെ  ഓര്‍ത്തിരിക്കാന്‍ കാരണമുണ്ട്. കര്‍ഷക കുടുംബമാണ് എന്റേത്. അച്ഛന്‍ കന്നുപൂട്ടി കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് കഴിഞ്ഞു വരുന്ന കുടുംബം.   വീട്ടിലുണ്ടാക്കുന്ന നോണ്‍ വെജ് ആഘോഷം നാടന്‍ കോഴി വരട്ടിയതും ഉണക്ക മീനുമായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ ബിരിയാണി കഴിക്കുന്നത് അവളുടെ വീട്ടിലെ പെരുന്നാളിനാണ്. എല്ലാ കാര്യങ്ങളിലും എന്റെ കുന്നത്തുവീടും അവളുടെ കരിമ്പനക്കല്‍ വീടും തമ്മില്‍ നല്ല അന്തരമുണ്ടായിരുന്നു. ഞങ്ങളുടെ വീടുകള്‍ക്കിടയില്‍ മുറിച്ചു കടക്കാന്‍ വയലുകള്‍ ഒരുപാടുണ്ടായിരുന്നതിനാല്‍ അവളുടെ വീട്ടില്‍ നിന്നിറങ്ങി എന്റെ വീടിന്റെ പടി കയറുമ്പോഴേക്കും സമൃദ്ധിയതിന്റെ നെല്ലിപ്പലക കണ്ടിരിക്കും.  അച്ഛന്‍ അവളുടെ വീട്ടില്‍ സ്ഥിരമായി ജോലിക്കു പോകാറുള്ളതിനാല്‍ കുടുംബങ്ങള്‍ തമ്മില്‍ നല്ല അടുപ്പമായിരുന്നു. 
ഓര്‍മവെച്ച കാലം മുതല്‍ അവളെന്നോടൊപ്പമുണ്ട്. എന്റെ പെരുമാറ്റവൈകല്യങ്ങളുടെ ദൂഷ്യങ്ങള്‍ കൂടുതല്‍ അനുഭവിച്ച സുഹൃത്ത് അവളായിരിക്കും. അവളുടെ നോമ്പു കാലങ്ങളില്‍ പ്രത്യേകിച്ചും. നോമ്പു തുടങ്ങാനാവുമ്പോള്‍, ഓണത്തിനും കര്‍ക്കടകം ഒന്നിനും വൃശ്ചികത്തിനുമെല്ലാം എന്റെ വീടൊരുങ്ങും പോലെ  ജസ്‌നയുടെ വീടും വൃത്തിയായി ഒരുങ്ങും. അവളും മാനസികമായി തയാറെടുക്കും. സ്‌കൂള്‍ കാലങ്ങളിലെ നോമ്പുമാസം എനിക്കൊട്ടും ഇഷ്ടമായിരുന്നില്ല. അവളില്‍ പലവിധ മാറ്റങ്ങള്‍ ആ സമയത്തുണ്ടാകുന്നു. അവളെന്നല്ല ക്ലാസ്സിലുള്ള മറ്റു മുസ്ലിം പെണ്‍കുട്ടികളും ഞാന്‍ നോക്കിനില്‍ക്കെ വലുതാകുന്നു. പക്വതയുള്ളവരാകുന്നു. കളികളിലും വര്‍ത്തമാനം പറച്ചിലിലും താല്‍പര്യമില്ലാതെ ഗൗരവം നടിച്ചിരിക്കുന്നു. ചിലര്‍ ഇന്റര്‍വെല്‍ സമയങ്ങളില്‍ പഠിപ്പിസ്റ്റുകളായി ബുക്കെടുത്തു വായിക്കുക പോലും ചെയ്യുന്നു. ആ സമയത്ത് ഞാനവളോട് പലവിധത്തില്‍ പ്രതിഷേധിക്കും. ചില കുട്ടികള്‍ക്ക് ഹിന്ദു തൊട്ടാല്‍ നോമ്പു മുറിയുമെന്ന രഹസ്യചിട്ടയുമുണ്ട്. തുപ്പലിറക്കിയാല്‍ നോമ്പു മുറിയുമെന്നു പറയുന്നതു കേട്ട് ഒരു ടീച്ചറോട് രഹസ്യമായി സംശയം ചോദിച്ചത് ഇപ്പോഴുമോര്‍ക്കുന്നു. ഒരുതരം കൗതുകത്തോടെ അവരുടെ പ്രവൃത്തികളെ നോക്കിക്കൊണ്ടിരുന്ന എനിക്ക് വിശപ്പിന്റെ കാഠിന്യം ഊഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. പുലര്‍ച്ചക്ക് വയറു നിറയെ കഴിച്ചിട്ട് വൈകുന്നേരം വിഭവസമൃദ്ധമായി കഴിക്കാന്‍ പോകുന്ന നോമ്പിലെവിടെ വിശപ്പിനു സ്ഥാനമെന്ന ബാലിശമായ കാഴ്ചപ്പാടുകളായിരുന്നു അന്ന്. ഒരു നോമ്പെടുത്ത് ആ ത്യാഗത്തെ അനുഭവിച്ചറിയാനുള്ള ധൈര്യമില്ലാത്തതിനാല്‍ മറുത്തൊന്നും മിണ്ടാതെ, കഴിഞ്ഞു പോകുന്ന ഓരോ നോമ്പും ഞാനും അക്ഷമയോടെ എണ്ണിത്തുടങ്ങും. നേരത്തേ സ്‌കൂള്‍ വിടുമെന്നുള്ളതായിരുന്നു ഏക ആശ്വാസം. ഞാന്‍ മുതിര്‍ന്നപ്പോള്‍  വിശപ്പിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകളും    തെറ്റു തിരുത്തി മുതിര്‍ന്നു.   ഇന്ന്, നോമ്പെടുക്കാതെ നോമ്പെന്താണെന്നറിയാം. 
പെരുന്നാളടുക്കുമ്പോള്‍ ഉള്ളില്‍ വേവലാതിയാണ്. ജസ്‌നയെന്നെ ക്ഷണിക്കില്ലേ? വിളിക്കാന്‍ മറക്കുമോ? നിന്റെ വീട്ടില്‍ നിന്നാണ് വര്‍ഷത്തിലൊരിക്കല്‍ ബിരിയാണി കഴിക്കുന്നതെന്ന് അവളോട് തുറന്നു പറഞ്ഞാലോ? ഞാന്‍ വരട്ടെ എന്ന് ചോദിച്ചാലോ? കരിമ്പനക്കല്‍ വീട്ടിലേക്ക് വിളിക്കാതങ്ങു പോയാലോ? 
അല്ലെങ്കില്‍ വേണ്ട. നാണക്കേടാകും. അവള് വിളിക്കാതിരിക്കില്ല. അവള്‍ വിളിച്ചില്ലെങ്കിലും ആയിഷുമ്മയെങ്കിലും അച്ഛനോട് പറഞ്ഞുവിടാതിരിക്കില്ല. ഇങ്ങനെയിങ്ങനെ ആശങ്കകള്‍ ഉറക്കം കെടുത്താന്‍ തുടങ്ങും . എല്ലാ പെരുന്നാളിനും കൂട്ടുകാരുടെ വീടുകളില്‍ മാറിമാറിക്കയറി നെയ്‌ച്ചോറും ബിരിയാണിയും തേങ്ങാച്ചോറും തട്ടിവിടുന്ന അച്ഛനോട് കുശുമ്പ് തോന്നും. 'തീറ്റഭാഗ്യം വേണം'ന്ന് പറയുന്ന അച്ഛമ്മയോട് കാരണമുണ്ടാക്കി വഴക്കടിക്കും. 
അങ്ങനെ പെരുന്നാള്‍ ദിവസമടുക്കേ അവള്‍ വിളിക്കും. വിളിക്കാന്‍ കാത്തു നില്‍ക്കുകയാവും, ഓടിച്ചെല്ലാന്‍. അന്നത്തെ ബിരിയാണി രുചിയുണ്ടായിരുന്നോ,  നല്ലതായിരുന്നോ  എന്നൊന്നും ഇപ്പോള്‍ ഓര്‍മയില്ല. പക്ഷേ വിളമ്പിത്തന്ന അവളുടെ ഉമ്മയെ ഓര്‍മയുണ്ട്.ഉമ്മയുടെ വര്‍ത്തമാനങ്ങള്‍ ഓര്‍മയുണ്ട്.  ഇപ്പോഴും എന്റെ പെരുന്നാളുകള്‍ക്ക് അവളുടെ മരിച്ചുപോയ ഉമ്മയുടെ മണമാണ്. ആയിഷുമ്മാ.. എന്നന്നേക്കുമായി ഉറങ്ങിയപ്പോള്‍  ഒരു പെരുന്നാള്‍മണം ബാക്കിവെച്ചതിന് ഓര്‍മകള്‍ തിന്നു ജീവിക്കുന്ന ഞാന്‍ നന്ദി പറയുന്നു. 
ഒരുമിച്ചു നടന്ന് ഒരുമിച്ചു വളര്‍ന്ന് ഒരുമിച്ചു  പഠിക്കണമെന്ന് തീരുമാനിച്ചിട്ടും രണ്ടു പേരും കാലത്തിന്റെ രണ്ടു ധ്രുവങ്ങളിലേക്ക് നീങ്ങി. മറന്ന സൗഹൃദങ്ങള്‍ക്കിടയില്‍ അവളുടെ മുഖവും പെട്ടു.  ജസ്നയെക്കുറിച്ചും ഞങ്ങളുടെ കണ്ടുമുട്ടലുകളെക്കുറിച്ചും ചിന്തിച്ചതേയില്ല. അങ്ങനെയിരിക്കെ  ഒരു മഴയത്ത് മഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോഴാണ്  അവളെന്റെ മുന്നില്‍ വീണ്ടും വന്നുപെട്ടത്. സാരി വലിച്ചുവാരിയുടുത്ത് ചാര്‍ട്ട്‌പേപ്പര്‍ കെട്ടുമായി നില്‍ക്കുന്നു. ആ. ഋറ ക്ലാസ്സ് കഴിഞ്ഞുള്ള വരവാണ്. കണ്ടപ്പോള്‍ വലിയ സന്തോഷമായെങ്കിലും വളരെ കുറച്ചു വാക്കുകള്‍ മാത്രമുപയോഗിച്ച്  ഞങ്ങള്‍ വിശേഷം പറഞു. ഇത്രയും കാലമായിട്ടും നമ്മള്‍ ഓര്‍ക്കാതിരുന്നതെന്തേ എന്ന് ഞങ്ങള്‍ പരസ്പരം ശബ്ദമില്ലാതെ ചോദിച്ചു. ഞങ്ങള്‍ക്കിടയില്‍ ഉണ്ടായ അകലം എന്നെ പെട്ടെന്ന് ദുഃഖിതയാക്കി. വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ വീടിനെക്കുറിച്ചും ജോലിയെക്കുറിച്ചും പറഞ്ഞു. പെരുന്നാളിനെക്കുറിച്ചു മനഃപൂര്‍വം പറഞ്ഞില്ല. കുറച്ചു മാസങ്ങള്‍ക്കു ശേഷം എന്റെ അതേ പോസ്റ്റില്‍  വേറെ ഓഫീസിലായി അവളും ജോലിക്കു കയറി. ഞങ്ങള്‍ വീണ്ടും ഒരുമിച്ചായി. അങ്ങനെ ഞങ്ങളുടെ കുട്ടിക്കാലത്തെ പെരുന്നാള്‍ ദിവസങ്ങള്‍ പക്വതയോടെ  തിരിച്ചുവന്നു. വലിയ വലിയ തിരിച്ചറിവുകളിലേക്ക് ജീവിതം ഞങ്ങളെ ഒരുമിച്ചുകൊണ്ടുപോയി. മുതിര്‍ന്നവര്‍ കൊട്ടിയടച്ച ഇടവഴികള്‍ ഞങ്ങള്‍ കുട്ടികള്‍ക്കായി വീണ്ടും തുറന്നു. യാത്രകളില്‍ കൂടുതല്‍ കൂടുതല്‍ വളവുകളും തിരിവുകളും ഉണ്ടായപ്പോഴൊക്കെ കൈ കോര്‍ത്തു പിടിച്ചു. ഇല്ലായ്മ ഒരിക്കലും നമ്മുടെ തെറ്റല്ലെന്നും ജീവിക്കുന്ന വ്യവസ്ഥിതിയുടെ ചില ആവശ്യകതകളില്‍ ഒന്നു മാത്രമാണെന്നും ഞാനവളോട് ഉള്ളില്‍ പറഞ്ഞു. ഞങ്ങള്‍ തന്നെ ഞങ്ങളുടെ സന്തോഷവും സങ്കടവുമായി. പെരുന്നാളും ഓണവും വിഷുവുമായി. 
ഇന്നും എല്ലാ പെരുന്നാളിനും അവളെന്നെ നോക്കിയിരിക്കും. ഞാന്‍ കയറിച്ചെല്ലും. ഏറ്റവും രുചിയുള്ള ബിരിയാണി വിളമ്പിത്തരും. ഭക്ഷിച്ചാലും ഭക്ഷിച്ചാലും വയറു നിറയാത്തത്രയും തിരിച്ചു  പോരുമ്പോളവള്‍ പൊതിഞ്ഞു തരും.
ഏറ്റവും സ്‌നേഹത്തോടെ... 
ഏറ്റവും കരുതലോടെ... 

 

നന്മയുടെ നോമ്പുകാലം

മീര പുഷ്പരാജന്‍

ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയുമൊക്കെ ഓര്‍മകളുടെ വഴിയിറമ്പിലൂടെ ഇറങ്ങി നടക്കുമ്പോള്‍ കുട്ടിക്കുറുമ്പുകളുടെ ചില അസൂയപ്പൂക്കള്‍ ഇതള്‍ വിടര്‍ത്തുകയാണ്.   മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത പുല്‍പ്പറ്റ എന്ന കൊച്ചു ഗ്രാമത്തിന്റെ നൈര്‍മല്യം ഉള്‍ച്ചേര്‍ന്ന കുട്ടിക്കാലം. പ്രൈമറി ക്ലാസ്സുകളില്‍ പഠിച്ചിരുന്ന കാലത്ത് ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള നോമ്പുകാലത്തില്‍ അസൂയപ്പെടാനെന്തിരിക്കുന്നു എന്നാകും? കാരണം വേറൊന്നുമല്ല. അന്ന് ചില സ്‌കൂളുകള്‍ക്ക് നോമ്പുകാലത്ത് ഒരു മാസം അവധി ലഭിക്കാറുണ്ടായിരുന്നു. ആ സമയത്ത് അവധിയില്ലാത്ത ഞങ്ങള്‍ക്ക് സ്‌കൂളില്‍ പോകേണ്ടി വരുന്നു എന്നതായിരുന്നു അസൂയക്ക് കാരണം. പിന്നീട് ഏപ്രില്‍ മാസത്തില്‍ ഞങ്ങള്‍ അവധിക്കാലം ആഘോഷിക്കുമ്പോള്‍ അവര്‍ക്ക് സ്‌കൂളില്‍ പോകേണ്ടിവരുന്നു എന്നത് അതിന്റെ മറുപക്ഷം.  
മതസൗഹാര്‍ദത്തിന്റെയും കൊടുക്കല്‍ വാങ്ങലുകളുടെയും സ്‌നേഹപൂര്‍ണവും മനോഹരവുമായ ആ കാലഘട്ടത്തില്‍ ജനിച്ചു വളരാനായത് ജീവിതപുണ്യമായി ഇന്നും മനസ്സില്‍ നില്‍ക്കുന്നു. അന്നൊക്കെ ആഘോഷങ്ങള്‍ എന്നത്  മനസ്സും വയറും നിറയുന്ന അപൂര്‍വ അനുഭവങ്ങളായിരുന്നു. ഉള്ളവന്, ഇല്ലായ്മയുടെയും വിശപ്പിന്റെയും വിലയറിയിച്ചു കൊടുക്കുന്ന നന്മയുടെ ദിനങ്ങളാണ് നോമ്പുകാലം. 
നോമ്പും പെരുന്നാളുമൊക്കെ നിറവിന്റെ അനുഭവങ്ങള്‍  അല്ലാതെയും ജീവിച്ച കുടുംബങ്ങള്‍ അക്കാലത്ത്  ഉണ്ടായിരുന്നു. അവയിലൊന്ന് ഞങ്ങളുടെ അയല്‍ക്കാരനായിരുന്നു.  തോല്‍ക്കാരന്‍ എന്ന് അറിയപ്പെട്ടിരുന്ന അയാള്‍ക്ക് സ്വന്തം മക്കള്‍ക്ക് എന്നും പെരുന്നാളാക്കാന്‍ കഴിയുമായിരുന്നിട്ടും അവരെ പട്ടിണിക്കിടാന്‍ ഒരു മടിയും ഉണ്ടായിരുന്നില്ല. ജീവിതത്തിന്റെ ഒട്ടുമുക്കാല്‍   ദിവസങ്ങളും പട്ടിണിയിലൂടെ കടന്നുപോയിരുന്ന ആ മക്കള്‍ക്ക് നോമ്പുകാലത്ത് അതിനുവേണ്ടി പ്രത്യേക തയാറെടുപ്പുകള്‍  ആവശ്യമായിരുന്നില്ല. നാട്ടുകാര്‍ക്ക്  സകാത്ത് കൊടുക്കുകയും മക്കളെ പട്ടിണിക്കിടുകയും ചെയ്യുന്ന ഒരു ഉപ്പയെക്കുറിച്ച് ഒരാള്‍ക്കും ചിന്തിക്കാനാകില്ലെന്നറിയാമെങ്കിലും നോമ്പുകാലവും പെരുന്നാളുമൊക്കെ അടുത്തു വരുമ്പോള്‍  എന്നേക്കാള്‍ പ്രായം കുറഞ്ഞവരും കൂടിയവരുമായ അവരുടെയൊക്കെ മുഖങ്ങളാണ് എനിക്കെന്നും ഓര്‍മ വരിക. ഉപ്പയറിയാതെ വല്ലപ്പോഴും സ്വന്തം കോഴിയെ കൊന്ന് കറി വെക്കുന്നതല്ലാതെ ഇറച്ചിയൊക്കെ അവര്‍ക്ക് സ്വപ്‌നം മാത്രമായിരുന്നു. 
എത്രയോ  നോമ്പുദിവസങ്ങളില്‍ വൈകുന്നേരം അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി എത്തിച്ചു കൊടുത്തിട്ടുണ്ടായിരുന്നു, അവര്‍ ചെറിയമ്മോ എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന എന്റെ അമ്മ. ഞങ്ങള്‍ സ്വതവേ സസ്യഭുക്കുകളായതുകൊണ്ട് ഇറച്ചിയും മീനും മറ്റ് ആര്‍ഭാടങ്ങളുമൊന്നുമില്ലെങ്കിലും ആ ഭക്ഷണം അവര്‍ക്ക് അതിനേക്കാള്‍ പ്രിയങ്കരമായിരുന്നു. പുത്തന്‍ മണമുള്ള  ഉടുപുടവകള്‍ ഒന്നുമില്ലാത്ത അവരുടെ പെരുന്നാളുകളില്‍ കണ്ണുനീരിന്റെ ഇടയിലെ പുഞ്ചിരിയായി അമ്മ സ്വന്തം സാരി മുറിച്ച് അവര്‍ക്ക് പുള്ളിത്തട്ടങ്ങള്‍ തീര്‍ത്തുകൊടുത്തിരുന്നു. പുതിയവ തന്നെ വാങ്ങിക്കൊടുക്കണമെന്നാശിച്ചാലും അച്ഛന്റെ അധ്യാപനത്തിന്റെ അന്നത്തെ ചെറിയ ശമ്പളം കൊണ്ട്  അത്രയും അംഗങ്ങള്‍ക്ക് എടുത്തുകൊടുക്കാനാകുമായിരുന്നില്ല. 
ചക്കയുടെ കറയുരുക്കി കൈവെള്ളയില്‍ ഇറ്റിച്ച് കുപ്പിവളകളിട്ട കൈ നിറയെ മൈലാഞ്ചി അരച്ചു പൊത്തി  ചുവന്ന അവരുടെ കൈപ്പത്തികള്‍ നിറമാര്‍ന്ന പുള്ളിത്തട്ടംപോലെ മനോഹരമായിരുന്നു. അതു മാത്രമായിരുന്നു അവരുടെ പെരുന്നാളുകളുടെ ആഘോഷവും ധാരാളിത്തവും.  അവരോടൊപ്പം ചേര്‍ന്ന് മയിലാഞ്ചി അണിഞ്ഞിരുന്ന നാളുകള്‍ മറക്കാനാവില്ല. പാത്തുമ്മയും ആച്ചുമ്മയും ആസ്യയും സൈനബയും ഹലീമയും ഹഫ്‌സത്തും ഒക്കെ ഇപ്പോള്‍ എവിടെയാണോ എന്തോ? ചെറ്യമ്മോ  എന്ന അവരുടെ വിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നതുപോലെ...... 
അവര്‍ വീടും സ്ഥലവും വിറ്റ് പോയശേഷം പിന്നീട് ഞങ്ങളുടെ അയല്‍പക്കത്ത് വന്നത് പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന മുഹമ്മദലിക്കാക്കയും കുഞ്ഞൂട്ടിതാത്തയും മക്കളുമടങ്ങുന്ന സ്‌നേഹം നിറഞ്ഞ ഒരു കുടുംബമായിരുന്നു.  നോമ്പുകാലത്തും പെരുന്നാളിനും സ്‌നേഹവും സൗഹാര്‍ദവും പത്തിരിയുടെയും പായസത്തിന്റെയും  മറ്റും രൂപത്തില്‍ ഞങ്ങളുടെ അടുക്കളയിലേക്ക് എത്തിത്തുടങ്ങിയത് അന്നുമുതലായിരുന്നു. മനസ്സ് നോമ്പു നോറ്റ്  കാത്തിരുന്ന ഇരുപത്തിയേഴാം രാവിന്റെ നെയ്യപ്പത്തിന്റെ മധുരം നാവിലിപ്പോഴും തങ്ങിനില്‍ക്കുന്നുണ്ട്. 
വീട്ടിലെ മയിലാഞ്ചിച്ചെടിയില്‍ നിന്ന് ഇല പറിച്ചെടുക്കാനായി വരുന്ന താത്തമാരോടൊപ്പം  കിലുങ്ങുന്ന കാല്‍ത്തണ്ടകളിട്ട ചെറിയ കുട്ടികളുടെ ബഹളം.   മാനുപ്പയും മാളുമ്മയും ചെറിയും കുഞ്ഞായിയും പെണ്ണൂട്ടിയും കുഞ്ഞിമ്മുവും ഒക്കെ ഓടിനടന്നു കളിച്ചിരുന്ന വീട്ടുമുറ്റം. പുണ്യമായി അവരുടെ നോമ്പുകാലം....നിറവിന്റെ പെരുന്നാള്‍ക്കാലം......
വെള്ളക്കാച്ചിയും വെള്ളിയരഞ്ഞാണവും കാതില്‍ച്ചിറ്റുമിട്ട ഉമ്മമാര്‍ റോഡിലൂടെ കുടകള്‍ നിവര്‍ത്തിപ്പിടിച്ച് വിരുന്നുപോയിരുന്ന മധ്യാഹ്നങ്ങള്‍......എത്ര മനോഹരമായിരുന്നു ആ കാഴ്ചകള്‍...... ആഘോഷങ്ങളും ഉത്സവങ്ങളുമൊന്നും ഒരു മതവിഭാഗങ്ങളുടെയും കുത്തകയല്ലാതിരുന്ന വസന്തകാലം.....
വിവാഹിതയായി ഞാന്‍  തിരൂരങ്ങാടി കക്കാട്ടുള്ള വീട്ടിലെത്തിയപ്പോള്‍ ഇവിടത്തെ നോമ്പ് - പെരുന്നാള്‍ക്കാലങ്ങള്‍  മറ്റൊന്നായിരുന്നു. ഇവിടെ ഞങ്ങളുടെ വീട്ടിലെ കുടുംബാംഗങ്ങളില്‍ ഭൂരിപക്ഷമുള്ള പുരുഷന്മാര്‍ക്കെല്ലാം മിക്കവാറും എല്ലാ ദിവസങ്ങളിലും നോമ്പുതുറ ഉണ്ടാവും. തരിക്കഞ്ഞിയുടെ  രുചിമേളം അവര്‍ കൂടെക്കൂടെ പറയും...  നോമ്പുകാലത്ത് രാത്രികളില്‍  അത്താഴത്തിനും പെരുന്നാള്‍ ദിവസം  ഉച്ചയൂണിനും അവരെ കാത്തിരിക്കേണ്ടതില്ല. 
കാലങ്ങള്‍ മാറിക്കൊണ്ടേയിരിക്കുന്നു.........മനുഷ്യരുടെ  ആഘോഷങ്ങള്‍  ആര്‍ഭാടങ്ങളായി മാറിക്കഴിഞ്ഞു......അവ  വീട്ടിന്നകത്തളങ്ങളില്‍നിന്ന് പുറത്തു ചാടിയിരിക്കുന്നു....... 

 

അമ്മയും ഉമ്മയും ഒന്നാണ്

ഇന്ദുലേഖ മുള്ളമ്പാറ

നല്ല മനുഷ്യരും ചീത്ത മനുഷ്യരും ഉണ്ടെന്നു പറയുന്ന പോലെ നല്ല കാലവും ചീത്ത കാലവും ഉണ്ടാവും. മാനുഷരെല്ലാരുമൊന്നുപോലെ എന്നതൊക്കെ പാട്ടില്‍ മാത്രമാണ്. എന്നാല്‍ അങ്ങനെയുള്ള ചില രോടൊപ്പം ജീവിക്കാന്‍ ഭാഗ്യം ലഭിച്ചെങ്കില്‍ അത്തരം ഒരോര്‍മയെ കീറി ചുരുട്ടിയെറിയാന്‍ സാധിക്കുമോ!
ഒരിക്കല്‍ കണ്ടവരാരും കുഞ്ഞിപ്പാത്തുമ്മയെ മറക്കില്ല. ഒത്ത ഉയരവും പരുക്കന്‍ ശബ്ദവും. നീണ്ടു നിവര്‍ന്ന് മുണ്ട് അല്‍പം പൊക്കി പുറകിലേക്ക് കൈയും കെട്ടിയാണ് നടപ്പ്. നീളന്‍ കൈയുള്ള വെളുത്ത ബഌസ്സും കാച്ചിത്തുണിയുമാണ് വേഷം.. തലമുടി പുറത്തു കാണാതെ വെള്ളമുണ്ട്   കൊണ്ട്     ചുറ്റി കെട്ടീട്ടുണ്ടാവും. കാതില്‍ ഞാന്നു കിടക്കുന്ന പത്തു പതിനഞ്ച് സ്വര്‍ണ ചിറ്റുകള്‍ എത്ര ദൂരേന്ന് നോക്കിയാലും കാണാം. ഒരു കൈപ്പത്തിയുടെ വീതിയിലുള്ള വെള്ളിയരഞ്ഞാണം കൊണ്ട് കാച്ചിത്തുണി മുറുക്കിയുടുത്തിട്ടുണ്ടാവും. കണ്ടാല്‍ ആളൊരു ഉശിരത്തി തന്നെ.
ആദ്യമായി ഞങ്ങളുടെ പെരിങ്ങാവില്‍നിന്ന് ഉമ്മയാണ് ഹജ്ജിനു പോയ സ്ത്രീ എന്നാണോര്‍മ. അന്നു മുതല്‍ ഉമ്മയെ 'ഹജ്ജുമ്മ' എന്ന് വിളിക്കണമെന്ന് അമ്മമ്മയുടെ ആജ്ഞയുണ്ടായി. കാലിന്റെ ഉപ്പൂറ്റിയില്‍ നീരുള്ള അമ്മമ്മയോട് ഉമ്മ സ്വകാര്യായിട്ട് പറയും, 'മക്കേന്ന് കൊണ്ടോന്ന സംസം വെള്ളണ്ട്. ഇറ്റ് കുടിച്ചോക്ക്, അന്റ നീരൊക്കെ പമ്പ കടക്കും.'
രണ്ടാളും കുലുങ്ങി ചിരിക്കുന്നതാ പിന്നത്തെ കാഴ്ച. മറ്റാരുമറിയാത്ത ഒരിടപാടുണ്ട് രണ്ടു പേര്‍ക്കും, 'മുറുക്കിന്റെ ചെറിയ അസ്‌ക്യത.' അമ്മമ്മയെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വെറ്റിലച്ചെല്ലം വരെ പൂഴ്ത്തിവെച്ചു നോക്കി. രക്ഷയുണ്ടായില്ല. ഉമ്മ വെള്ളിയരഞ്ഞാണത്തിനിടയില്‍ പൂഴ്ത്തിക്കൊണ്ടു വരും, എന്നിട്ടു പറയും; 'അന്റ മക്കള് കാണാതെ വേഗം തൊള്ളേക്കിട്ടോ.'
അരയില്‍ തിരുകി വരുന്നതല്ലേ, ഉമ്മാന്റെ വിയര്‍പ്പുമണമുണ്ടാകും. മുറുക്കാതിരിക്കുന്നതെങ്ങനെയാ? രണ്ടാളും ചേര്‍ന്നിരുന്ന് മുറുക്കും.
ചാണകം മെഴുകിയ മുറ്റത്ത് തെച്ചിപ്പൂ വിതറിയ പോലെ നീട്ടിത്തുപ്പും. എല്ലാ പെരുന്നാളിനും ഇതു പതിവാണ്. കോഴിയിറച്ചിയേക്കാളും പത്തിരിയേക്കാളും അവര്‍ക്കിതായിരുന്നു പഥ്യം.. നോമ്പുകാലമായാല്‍ പാടത്തു വരുന്ന ദിവസം ഒരു പന്ത്രണ്ടു മണിയായാല്‍ ഉമ്മ ഞങ്ങളുടെ അടുക്കളഭാഗത്തെ ഒഴിഞ്ഞ ബെഞ്ചില്‍ വന്നിരിക്കും. ഉമ്മ വന്നാല്‍ അമ്മമ്മ ഞങ്ങളെ ഓടിച്ചുവിടും. കഞ്ഞിവെള്ളം വാങ്ങി കുടിച്ച് ഉമ്മ സാവധാനം ഇറങ്ങിപ്പോകും. അമ്മമ്മ ഉറക്കെ പറയും; 'പതിന്നാലു പെറ്റതാ... ക്ഷീണണ്ടാവും. ഇതിനു പകരള്ള നോമ്പ് ഉമ്മ പിന്നെ വീട്ടിക്കോളും.' 
നോമ്പുകാലത്ത് ഉമ്മ വെള്ളം കുടിക്കുന്നത് ഞങ്ങള്‍ കാണരുത്, അത്രയേയുള്ളൂ അമ്മമ്മക്ക്.
വീട്ടില്‍ സാധാരണ ഉണ്ണിയപ്പമാണുണ്ടാക്കുക. ഇരുപത്തിയേഴാം രാവിന്റെ ഒരു നെയ്യപ്പമുണ്ട്.
അന്നേ ദിവസം വൈകുന്നേരം ചുറ്റുവട്ടത്തു നിന്ന് ഇതിന്റെ മണം അടുക്കളയിലെത്തും വരെ ഒരു കാത്തിരിപ്പുണ്ട്. പിന്നെ അമ്മയുടെ പിന്നാലെ ഒരോട്ടവും. പുറത്തു നിന്ന് കൊണ്ടുവന്നതല്ലേ, ഒരു കഷ്ണം പുറത്തു കളഞ്ഞ ശേഷം അമ്മ ഞങ്ങള്‍ക്ക് വീതിച്ചുതരും. ഞങ്ങളുടെ അഭ്യര്‍ഥന മാനിച്ച് അമ്മ പിന്നീട് ഇതുണ്ടാക്കാന്‍ പഠിച്ചു. എന്നാലും ഉമ്മ  കൊണ്ടുവരുന്നത് കാത്തിരിക്കുന്നതിന്റെ സുഖം വേറെ തന്നെയാണ്.
വീട്ടില്‍ അടക്ക പാട്ടത്തിനെടുത്തിരുന്ന വടി മുഹമ്മദ് കാക്ക പറയും; 'ഇങ്ങളെ പെണ്ണുങ്ങളെ ഞമ്മള് അമ്മാന്ന് വിളിക്കും. ഇങ്ങള് ഞമ്മളെ പെണ്ണുങ്ങളെ ഉമ്മാന്നും, കൊണത്തില് രണ്ടും ഒന്നാ ...'
ശരിയാണ്, ഇപ്പോഴും പെരുന്നാളിന് ബിരിയാണിയുമായി വരുന്ന താത്തുമ്മയെ കാത്തിരിക്കുന്ന എന്റെ മക്കളെ കാണുമ്പോള്‍ ഞാനോര്‍ക്കും, അമ്മയും ഉമ്മയും ഒന്നാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top