വൃദ്ധരാവാനൊരുങ്ങാം

ടി. മുഹമ്മദ് വേളം No image

ജീവിതത്തില്‍ എന്തിനും ഒരുക്കം ആവശ്യമാണ്. വാര്‍ധക്യത്തിനും ഗൃഹപാഠം ആവശ്യമാണ്. തുടര്‍ജീവിതത്തിനു വേണ്ടി ഒരു കുട്ടി ശൈശവത്തില്‍ ഒരുപാട് ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. കുട്ടികളുടെ കളി വെറും കളിയല്ല. സമൂഹവല്‍ക്കരണത്തിനുവേണ്ടിയുള്ള (ടീരശമഹശമെശേീി) പരിശീലനമാണത്. ഒരുപാട് ഒരുക്കങ്ങള്‍ക്കു ശേഷമാണ് ഒരു കുട്ടി മുതിര്‍ന്നയാളാവുന്നത്. പക്ഷേ വാര്‍ധക്യത്തിനു വേണ്ടി നമ്മള്‍ വലിയ ഒരുക്കങ്ങളൊന്നും നടത്താറില്ല. നടന്നു നടന്ന് അവിചാരിതമായി വാര്‍ധക്യത്തില്‍ എത്തിച്ചേരലാണ്. ചെറുപ്പത്തില്‍ വയസ്സുകൂടുന്നത് ഒരു പുളകമാണെങ്കില്‍ യൗവനം കഴിഞ്ഞാല്‍ വയസ്സു വര്‍ധിക്കുന്നത്, അതിന്റെ അടയാളങ്ങള്‍ പ്രകടമാവുന്നത് നമുക്കൊരാവേശമല്ല. ജീവിതത്തിന്റെ ഈ അനിവാര്യതയെ എങ്ങനെ സമുചിതമായി വരവേല്‍ക്കാം എന്ന ആലോചന പ്രസക്തമാണ്.
ഒന്നിനു വേണ്ടിയും ഒരുക്കങ്ങള്‍ നടത്തേണ്ടത് അത് സമാഗതമായതിനു ശേഷമല്ല, അതിനു മുമ്പാണ്. വാര്‍ധക്യത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ഒറ്റപ്പെടലാണ്. തിരക്കുകള്‍ പെയ്തൊഴിഞ്ഞുപോകുന്ന ജീവിതഋതുവാണ് വാര്‍ധക്യം. അരങ്ങൊഴിഞ്ഞ നടന്മാരായി മാറും വാര്‍ധക്യത്തില്‍ മനുഷ്യര്‍. ഒരു തിരക്കും പ്രതീക്ഷിക്കാനില്ല എന്നതാണ് വാര്‍ധക്യത്തിന്റെ പ്രതിസന്ധി. തിരക്കുള്ളപ്പോള്‍ തിരക്ക് പ്രയാസകരം തന്നെയാണ്. പക്ഷേ, തിരക്കിനെ നമുക്ക് കൈകാര്യം ചെയ്യാം, മാനേജ് ചെയ്യാം. തിരക്കില്ലായ്മയെ നമുക്ക് മാനേജ് ചെയ്യാന്‍ കഴിയില്ല. തിരക്കില്ലായ്മ അനന്തമായ ശൂന്യതയാണ്. ചെയ്യാന്‍ ഒന്നും ഇല്ലാതിരിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധികളിലൊന്നാണ്. ജീവിതം യഥാര്‍ഥത്തില്‍ ഒരു ശൂന്യതയാണ്. നമ്മുടെ ഉത്സാഹങ്ങളാണ് ആ ശൂന്യതയെ നിറക്കുന്നത്. ഒരു ഉത്സാഹവുമില്ലാത്ത ജീവിതം ശൂന്യമായ ജീവിതമാണ്. ഈ ശൂന്യത നമ്മെ വെറുതെ വിടുകയല്ല ചെയ്യുക, നിരന്തരം വേട്ടയാടും. സാമാന്യം ആരോഗ്യമുള്ളവരുടെ വാര്‍ധക്യത്തിലെ ഏറ്റവും വലിയ പീഡ ഒന്നും ചെയ്യാനില്ലായ്മയാണ്. രോഗമുള്ളവര്‍ക്ക് രോഗം ഒരു മുഴുസമയ പ്രവര്‍ത്തനമായിരിക്കും. അതൊരു എന്‍ഗേജ്മെന്റാണ്. വാര്‍ധക്യത്തിലും ചെയ്യാന്‍ പ്രവൃത്തികളുണ്ടാവുക എന്നതാണ് വാര്‍ധക്യം സഫലമാക്കാനുള്ള വഴി.
സാമാന്യ മനുഷ്യര്‍ക്ക് വാര്‍ധക്യത്തില്‍ ചെയ്യാനുള്ളതൊന്നും ഇല്ലാതിരിക്കുന്നതെന്തുകൊണ്ടാണ്? യൗവനത്തിലും മധ്യവയസ്‌കതയിലും അവര്‍ ചെയ്തതെല്ലാം തനിക്കും തന്റെ കുടുംബത്തിനും വേണ്ട കാര്യങ്ങളായിരുന്നു. വിവാഹം ചെയ്തു, മക്കളുണ്ടായി, മക്കളെ വളര്‍ത്തി വലുതാക്കി, ഇപ്പോള്‍ മക്കള്‍ നാലും നാലു വഴിക്കായി, സ്വന്തം കാലില്‍നിന്ന് അവരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നു. അല്ലെങ്കില്‍ സ്വന്തത്തിനും കുടുംബത്തിനും വേണ്ടി ജീവിച്ചു തുടങ്ങുന്നു. കടമ്മനിട്ട രാമകൃഷ്ണന്‍ 'കോഴി' എന്ന കവിതയില്‍ തള്ളക്കോഴി കുഞ്ഞിനോട് പറഞ്ഞ പോലെ; 'നാളെ നിന്നെ ഞാന്‍ കൊത്തിമാറ്റുമ്പോള്‍/ നീയും നിന്റെ കഥകള്‍ തുടങ്ങും..' പക്ഷേ ആ കഥകളെല്ലാം സ്വന്തത്തിനും സ്വകുടുംബത്തിനും വേണ്ടി ജീവിച്ചതിന്റെ കഥകളായിരിക്കും.
വാര്‍ധക്യത്തിന്റെ തൊട്ടുമുമ്പുവരെ മക്കള്‍ക്കു വേണ്ടി ജീവിച്ചു. മക്കള്‍ സ്വയംപര്യാപ്തരായതോടെ മാതാപിതാക്കള്‍ പണിയില്ലാത്തവരായി. ഇതാണ് വാര്‍ധക്യത്തില്‍ പൊതുവില്‍ ആളുകള്‍ അനുഭവിക്കുന്ന പ്രതിസന്ധി. അതില്‍ ചിലര്‍ മക്കളുടെ മക്കളുടെ സേവകരായി ജീവിക്കും. ചിലര്‍ മക്കളുടെ ദൈനംദിന ജീവിതത്തില്‍ അനാവശ്യമായി ഇടപെട്ട് സംഘര്‍ഷപ്പെട്ട് ജീവിക്കും. പേരമക്കളുടെ ജീവിതത്തില്‍ മുത്തഛനും മുത്തശ്ശിക്കും ഒരു പങ്കുണ്ട്. അതിനപ്പുറം ചിലര്‍ വെറും സേവകരായി ജീവിക്കുന്നു.
ഇത്തരമൊരു പ്രതിസന്ധിയില്‍ വാര്‍ധക്യത്തില്‍ മനുഷ്യന്‍ എത്തിച്ചേരാന്‍ കാരണം കുടുംബത്തിനപ്പുറം ഒരു ലോകം മുമ്പേ വളര്‍ത്തിയെടുക്കാത്തതുകൊണ്ടാണ്. പ്രവര്‍ത്തിക്കാനും മുഴുകാനും കുടുംബത്തിനപ്പുറവും ചില കാര്യങ്ങള്‍ ഉണ്ടാവുക എന്നതാണിതിന് പരിഹാരം. യഥാര്‍ഥത്തില്‍ മനുഷ്യന്റെ സ്വന്തമാവശ്യങ്ങള്‍ വേഗം തീര്‍ന്നുപോകുന്നവയാണ്. അവ പരിമിതമാണ്. ഇതരരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അപരിമിതമാണ്, അനന്തമാണ്. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള, സ്വന്തം കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തീര്‍ന്നുപോകും. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല. മനുഷ്യന്റെ ഭൗതികാവശ്യങ്ങള്‍ പരിമിതവും ആത്മീയാവശ്യങ്ങള്‍ അപരിമിതവുമാണ് എന്നു പറയാറുണ്ട്. ആത്മീയം എന്നാല്‍ ആരാധന എന്നു മാത്രമല്ല അര്‍ഥം. അപരനെക്കുറിച്ച പരിഗണന എന്നുകൂടിയാണര്‍ഥം.
മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ ഇടപെടാന്‍, പൊതുകാര്യങ്ങളില്‍ വ്യാപൃതരാവാന്‍ നേരത്തേ തന്നെ ശീലിക്കുക എന്നതാണ് സഫലമായ വാര്‍ധക്യജീവിതമുണ്ടാവാനുള്ള വഴി. യൗവനത്തേക്കാള്‍ അധികം സമയം വാര്‍ധക്യത്തില്‍ ഇതിനായി ചെലവഴിക്കാനാവും. യൗവനത്തിന്റെ തീക്ഷ്ണതയില്‍ വാര്‍ധക്യത്തില്‍ പൊതുകാര്യങ്ങളില്‍ ഇടപെടേണ്ടതില്ല. കുറേക്കൂടി ശാന്തമായി, എന്നാല്‍ കൂടുതല്‍ സമയവ്യാപ്തിയില്‍ ജീവിതസായാഹ്നത്തില്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍, പൊതുവിഷയങ്ങളില്‍ ഇടപെടാന്‍ കഴിയും. അര്‍ഥവത്തായ എന്തെങ്കിലും ചെയ്തുകൊണ്ടുതന്നെ മരണമടയാന്‍ കഴിയും. മുതിര്‍ന്നവരുടെ സാന്നിധ്യം ആവശ്യപ്പെടുന്ന നിരവധി സാമൂഹികരംഗങ്ങളുണ്ട്. സാമൂഹിക പ്രവര്‍ത്തനത്തില്‍ ആള് തികഞ്ഞുപോയി, ഇനി ഒഴിവില്ല എന്ന അവസ്ഥ ഒരിക്കലും ഉണ്ടാവാറില്ല.
പ്രവാചകന്മാരുടെ ചരിത്രം ഇക്കാര്യത്തില്‍ വലിയ വെളിച്ചമാണ്. അവസാനം വരെ പല രീതിയില്‍ പ്രവര്‍ത്തിച്ചാണ് അവര്‍ ദൈവത്തിലേക്ക് യാത്രയായത്. പ്രവാചകന്മാരുടെ വാര്‍ധക്യത്തെക്കുറിച്ച പല പരാമര്‍ശങ്ങളും ഖുര്‍ആനില്‍ കാണാന്‍ കഴിയും. വാര്‍ധക്യത്തിലും അവര്‍ പ്രവാചകന്മാരായിരുന്നു. തൊഴിലില്‍നിന്ന് വിരമിക്കുന്നവര്‍ പ്രവൃത്തിയില്‍നിന്ന് വിരമിക്കുകയല്ല ചെയ്യേണ്ടത്. കൂടുതല്‍ അര്‍ഥവത്തായ പ്രവൃത്തികളിലേക്ക് വ്യാപൃതരാവുകയാണ്. മറ്റു മനുഷ്യരുടെ ജീവിതാവശ്യങ്ങള്‍ കൊണ്ട് സ്വന്തം ജീവിതത്തിന്റെ അസ്തമയകാലത്തെ ധന്യമാക്കുക എന്നത് സ്ത്രീക്കും പുരുഷന്നും ഒരേപോലെ ബാധകമായ കാര്യമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top