ഫ്രം തബ്‌രീസ് അന്‍സാരി

മുഹമ്മദ് റാഫി No image

ഞാന്‍ തബ്‌രീസ് അന്‍സാരി. നാലു മാസം മുമ്പ് ഞാന്‍ ഈ ലോകത്തു നിന്ന് മറ്റൊരു ലോകത്തേക്ക് യാത്ര തിരിച്ചിരുന്നു. എന്നെ നിങ്ങളില്‍ പലരും കണ്ടിട്ടുണ്ടാവാം! പുഞ്ചിരിക്കുന്ന മുഖമാവില്ല നിങ്ങള്‍ കണ്ടത്, ഞാന്‍ സഹായത്തിനായി അലറി വിളിക്കുന്ന, വേദന കൊണ്ട് പുളയുന്ന മുഖമായിരിക്കും നിങ്ങള്‍ കണ്ടത്. ഞാനിതെഴുതുമ്പോള്‍ എന്റെ ഭൗതിക ശരീരം ആറടി മണ്ണിലാണ്. എന്റെ ആത്മാവ് ആകാശങ്ങള്‍ക്ക് മുകളിലും. ആദ്യം ഞാന്‍ എന്നെ കുറിച്ച് പറയാം. ക്രിസ്തു വര്‍ഷം 1996-ലാണ് ഞാന്‍ ജനിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ എന്റെ മാതാപിതാക്കള്‍ ഈ ലോകത്തോട് വിട പറഞ്ഞു. യത്തീമായ എന്നെ അമ്മാവന്‍ കൂടെക്കൂട്ടി. അദ്ദേഹം എന്നെ സ്‌കൂളില്‍ അയക്കുന്നതിന് പകരം അദ്ദേഹത്തിന്റെ ഗ്യാരേജിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് ചെയ്തത്. അവിടത്തെ ഓരോ ജോലികളും എന്നെ കൊണ്ട് ചെയ്യിച്ചു. പതിനഞ്ചാം വയസ്സില്‍ ഞാന്‍ പണിയറിയാവുന്ന വെല്‍ഡറായി തീര്‍ന്നു. പതിനാറാം വയസ്സില്‍ എന്റെ സാങ്കല്‍പ്പിക ലോകം കെട്ടിപ്പടുക്കാന്‍ 'പൂനെ' എന്ന മഹാനഗരത്തിലേക്ക് വണ്ടികയറി.
പല ജോലികളും ചെയ്തു. പെരുന്നാള്‍ ദിനങ്ങളില്‍ മാത്രമാണ് ഞാന്‍ വീട്ടില്‍ വന്നത്. അങ്ങനെ ഏതൊരു യുവാവിനെയും പോലെ ഏകാന്ത ജീവിതം അവസാനിപ്പിച്ചുകൊണ്ട് ഒരു ജീവിത പങ്കാളിയെ തേടിക്കൊണ്ട് നാട്ടിലെത്തി. അന്നേരം എനിക്ക് ഇരുപത്തിരണ്ട് വയസ്സായിരുന്നു. അമ്മാവന്‍ തന്നെ ശഹിസ്ത എന്ന കുട്ടിയെ എനിക്ക് കാണിച്ചുതന്നു. ശഹിസ്ത പര്‍വീന്‍, നല്ല സ്വഭാവം, പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്.
പക്ഷേ അവളുടെ കുടുംബം ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണു താനും. മദ്യപിച്ച് വഴക്കുണ്ടാക്കുന്ന പിതാവില്‍നിന്നൊരു രക്ഷക്കായി ഈ കല്യാണത്തിന് അവളുടെ ഉമ്മയും സമ്മതിച്ചു. ഏറെ കാത്തിരിപ്പിനു ശേഷം വലിയ ആഘോഷങ്ങളില്ലാതെ ഞങ്ങളുടെ വിവാഹം നടന്നു. ഉടനെ തന്നെ ഞാന്‍ അവളെക്കൂട്ടി പൂനെയിലേക്ക് തിരിച്ച് പോകാന്‍ തീരുമാനിച്ചു. ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. സ്യൂട്ട്‌കേസും മറ്റു ബാഗുകളും ശരിയാക്കി. എല്ലാവരോടും യാത്ര പറഞ്ഞുതുടങ്ങി. അവസാനം ഞാന്‍ പിതൃസഹോദരിയോട് യാത്ര പറഞ്ഞതിനു ശേഷം വഴിയില്‍ കണ്ട എന്റെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങി. വഴിമധ്യേ കുറച്ചുപേര്‍ ഞങ്ങളെ തടഞ്ഞു. എന്റെ കൂട്ടുകാര്‍ ജീവനും കൊണ്ട് പാഞ്ഞപ്പോള്‍ ഞാന്‍ അവരുടെ കൈയില്‍ അകപ്പെട്ടു. അവര്‍ എന്നെ മര്‍ദിക്കാന്‍ തുടങ്ങി. തലങ്ങും വിലങ്ങും അടിച്ചുകൊണ്ടിരുന്നു. വേദന സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ആദ്യം അവര്‍ എന്നോട് പേര് ചോദിച്ചു. ഞാന്‍ 'സോനു' എന്ന് പറഞ്ഞപ്പോള്‍ പിന്നെയും അവര്‍ എന്നെ അടിച്ചു. എന്റെ കൈകാലുകളെല്ലാം ബന്ധിച്ചിരുന്നു. അവസാനം ഞാന്‍ 'തബ്‌രീസ് അന്‍സാരി' എന്ന് ഇടറിയ ശബ്ദത്തില്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ 'മുസ്‌ലിം' എന്നുറക്കെ പറഞ്ഞു. തുടര്‍ന്നും അവരെന്നെ മര്‍ദിക്കാന്‍ തുടങ്ങി. ജീവിതത്തിലാദ്യമായാണ് ഞാന്‍ ഇത്രയധികം വേദന സഹിക്കുന്നത്. ഞാന്‍ അലറിക്കരഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ആരും സഹായ ഹസ്തങ്ങള്‍ നീട്ടിയില്ല.
അവര്‍ എന്നെക്കൊണ്ട് 'ജയ് ശ്രീറാം, ജയ് ഹനുമാന്‍' എന്നൊക്കെ വിളിക്കാന്‍ നിര്‍ബന്ധിച്ചു. പിന്നെ എനിക്ക് സ്വബോധം വീണ്ടെടുക്കാനായില്ല. അര മണിക്കൂറുകൊണ്ട് ഞാന്‍ തിരിച്ചു വരാം എന്ന് പറഞ്ഞതായിരുന്നു. അവളെന്നെ കാത്തിരുന്നു ക്ഷീണിച്ചിട്ടുണ്ടാവാം. എനിക്ക് ബോധം വന്നപ്പോള്‍ ശരീരമാകെ ഒരു മരവിപ്പായിരുന്നു. വേദന കൊണ്ട് ഒന്ന് എഴുന്നേറ്റു നില്‍ക്കാനുള്ള ത്രാണി പോലും ഉണ്ടായിരുന്നില്ല. പിന്നീട് എന്റെ അമ്മാവനെ വിളിച്ച് ഒരുവിധം കാര്യം പറഞ്ഞു. കരഞ്ഞു കരഞ്ഞ് എനിക്ക് വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഉടനെ തന്നെ അവരുടെ ഉമ്മയും അമ്മാവനും എന്റെ അടുത്തെത്തി. അവരാകെ പരിഭ്രാന്തരായി. അന്നേരം എന്റെ ശരീരം രക്തത്തില്‍ കുളിച്ചിരുന്നു. പിന്നെ എന്നെ ആരോ പോലീസ് സ്റ്റേഷനിലെത്തിച്ചു. അതിനിടയില്‍ അവര്‍ എന്നെ ഏതോ ഒരു ചെറിയ ക്ലിനിക്കില്‍ കൊണ്ടുപോയി. എന്റെ തലയില്‍ പേരിനൊരു ബാന്റേജ് ചുറ്റി. എന്റെ തലയോട്ടിക്ക് കാര്യമായി ക്ഷതമേറ്റിരുന്നു. ഈ സമയം മുഴുവന്‍ ഞാന്‍ വേദന കൊണ്ട് പുളയുകയായിരുന്നു. അവസാനം അവരെന്നെ നിലത്തു കിടത്തി. ഒന്നുറക്കെ കരയണമെന്നുണ്ട്. സഹായത്തിനായി ആരെയെങ്കിലും വിളിക്കണമെന്നുണ്ട്. പക്ഷേ വേദന കൊണ്ട് ഒരിഞ്ച് പോലും നീങ്ങാന്‍ എനിക്കായില്ല. ശബ്ദം പോലും പുറത്തു വരുന്നില്ല. എങ്കിലും ഒരല്‍പം വെള്ളം അവരോട് ചോദിച്ചു. ആദ്യം അവര്‍ തരില്ലെന്ന് ആണയിട്ട് പറഞ്ഞു. അവസാനം അവര്‍ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി. അവിടെയും ശഹിസ്തയും കുടുംബവും ഉണ്ടായിരുന്നു. അവരെന്നെ കാണാന്‍ ശ്രമിക്കുകയാണ്. പുറത്തുനിന്ന് ശഹിസ്തയുടെ ശബ്ദം ഞാന്‍ കേട്ടു. അവര്‍ പോലീസിനോട് കരഞ്ഞ് കാലുപിടിക്കുകയാണ്, ഈയുള്ളവനെ ഒന്നു കാണാന്‍. തലയില്‍ എന്തോ ചുറ്റിക്കെട്ടി എന്നതൊഴിച്ചാല്‍ വേദനക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. ഞാന്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അത്.
അമ്മാവന്‍ അവരോട് എന്നെ നല്ല ഒരു ഹോസ്പിറ്റലിലെത്തിക്കാന്‍ കേണപേക്ഷിച്ചു. പക്ഷേ ഏമാന്മാര്‍ ഒന്നിനും കൂട്ടാക്കിയില്ല. കൂട്ടത്തില്‍ ഒരുത്തന്‍ വിളിച്ചു പറഞ്ഞു; കള്ളനോട് ബന്ധുക്കള്‍ക്ക് ഇത്ര അനുകമ്പയാണെങ്കില്‍ അവന്റെ കൂടെ ജയിലിലേക്ക് കൂടിക്കോട്ടെ. അന്നു രാത്രി മുഴുവന്‍ ഞാനവിടെ കിടന്നു. ആ രാത്രി എനിക്കല്‍പ്പം പോലും ഉറങ്ങാന്‍ സാധിച്ചില്ല. ഇടക്കിടക്ക് എന്റെ ബോധം നഷ്ടപ്പെട്ടുകൊണ്ടിരുന്നു. പിറ്റേ ദിവസം എന്റെ ബന്ധുക്കള്‍ എന്നെ കാണാനെത്തി. പത്തു മിനിറ്റ് നേരം ഞാനവരെ കണ്ടു. ശഹിസ്ത, എന്റെ ഭാര്യ, അവള്‍ക്ക് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. അവളുടെ ബോധം നഷ്ടപ്പെട്ടു. എനിക്കവളെ സമാധാനിപ്പിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എനിക്കനങ്ങാന്‍ പോലും കഴിഞ്ഞില്ല. പലതും പറയാനുണ്ടായിരുന്നു. എന്തു ചെയ്യാന്‍, പടച്ചവന്റെ വിധി! അതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ലാസ്റ്റ് സീന്‍. അതിനു ശേഷം ഏമാന്മാര്‍ എന്നെ ജയിലിലേക്ക് കൊണ്ടുപോയി. പിന്നെ എനിക്കൊന്നും ഓര്‍മയില്ല. ഞാന്‍ മരണം മുന്നില്‍ കണ്ടു. പണ്ട് പലരും മരണത്തിനു വേദനയുണ്ടെന്ന് പറഞ്ഞിരുന്നു. ഇന്നിതാ ഞാനും മരണത്തെ രുചിച്ചിരിക്കുന്നു. ഈ ഭൗതിക ലോകത്തോട് ഞാന്‍ വിട പറഞ്ഞിരിക്കുന്നു.
മരണം നേരില്‍ കണ്ട മണിക്കൂറുകള്‍, അന്നേരം അവര്‍ക്കെന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാമായിരുന്നു, ചികിത്സിക്കാമായിരുന്നു. പക്ഷേ അവരതു ചെയ്തില്ല. ആരൊക്കെയോ അവരെ അതില്‍നിന്ന് തടയുന്നുണ്ടായിരിക്കാം. അങ്ങനെ ഞാന്‍ മരിക്കുന്നു; അല്ല, കൊല്ലപ്പെടുന്നു. എന്റെ കുടുംബം, അവര്‍ക്കിനി ആരാണുള്ളത്? ഒരുപക്ഷേ എന്നെ മര്‍ദിച്ചവര്‍ക്കെതിരെ കേസെടുത്തേക്കാം. എന്നാലും അവര്‍ക്കൊന്നും സംഭവിക്കില്ല. എന്നെ ജയിലിലടച്ചത് കവര്‍ച്ചയുടെ പേരിലാണ്. എന്നാല്‍ ആ ഗ്രാമത്തിലാരും അന്ന് കവര്‍ച്ചയെ കുറിച്ച് പരാതി കൊടുത്തില്ലതാനും. ആദ്യം അവര്‍ വിഷംമൂലമാണ് മരിച്ചതെന്ന് വിധിയെഴുതി. അറ്റാക്കാണെന്ന് മറ്റു ചിലരും. പക്ഷേ യഥാര്‍ഥത്തില്‍ ഞാന്‍ കൊല്ലപ്പെട്ടതാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നെ നല്ലൊരു ഹോസ്പിറ്റലില്‍ കൊണ്ടുപോയിരുന്നെങ്കില്‍, ആവശ്യമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ എനിക്കെന്റെ ജീവന്‍ നിലനിര്‍ത്താമായിരുന്നു. എന്നെ കണ്ട ഡോക്ടര്‍മാരും മറ്റുള്ളവരും ഹോസ്പിറ്റലില്‍ കൊണ്ടുപോകേണ്ടതില്ല എന്ന് വിധിയെഴുതി. അവരെല്ലാം എന്റെ മരണം ആഗ്രഹിച്ചു, ആശിച്ചു. എന്റെ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ മരണം മുന്നില്‍ കണ്ടു. ഭാഗ്യം അവരെ രക്ഷപ്പെടുത്തി. എല്ലാ സാഹചര്യത്തെളിവുകളും അവര്‍ക്കനുകൂലമാക്കി. എന്റെ ഭാര്യയെ വിധവയാക്കി. ഞങ്ങള്‍ തമ്മില്‍ നെയ്‌തെടുത്ത സ്വപ്‌നങ്ങളെ അവര്‍ തല്ലിച്ചതച്ചു. അവസാന നേരങ്ങളില്‍ കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിച്ച ഡോക്ടര്‍മാര്‍, കോടതി, പോലീസുകാര്‍ എല്ലാവരും എന്റെ മരണത്തെ എളുപ്പമാക്കിത്തന്നു. ഗ്രാമവാസികള്‍ക്കാര്‍ക്കും പരാതിയില്ല. എന്നിട്ടും അവരെന്നെ കള്ളനാക്കി. ഒന്നും നടക്കില്ല എന്നറിഞ്ഞിട്ടും എന്നെ മര്‍ദിച്ചവര്‍ക്കെതിരെ പേരിനൊരു കേസ്, ആരെയൊക്കെയോ ബോധിപ്പിക്കാന്‍ വേണ്ടിയാവാം അത്. ഞാന്‍ കൊല്ലപ്പെട്ടതിനു ശേഷം അവരുടെ കണ്ണില്‍ ഞാന്‍ വിഷം കഴിച്ച് മരിക്കുന്നു. അത് പിന്നെ അറ്റാക്കായി മാറുന്നു. എല്ലാവരും എന്നെ കൈയൊഴിഞ്ഞപ്പോഴും എനിക്കു വേണ്ടി മുദ്രാവാക്യം വിളിക്കുന്നവരെ ഞാന്‍ കണ്ടു. അവരെന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നു. ഇനി മറ്റൊരാള്‍ക്കും ഭാരതത്തില്‍ ഈ അവസ്ഥ വരരുതെന്ന് അവര്‍ നിര്‍ബന്ധം പിടിക്കുന്നു. സ്ത്രീകളും കുട്ടികളുമുണ്ടതില്‍. ജാതിയും മതവും അവര്‍ക്കൊരു പ്രശ്‌നമല്ല.
എന്റെ കുടുംബം, എന്റെ ഭാര്യ, അവള്‍ ധര്‍മ സങ്കടത്തിലാണ്. അവള്‍ എനിക്കു വേണ്ടി പോരാടുകയാണ്. എന്റെ നീതിക്കു വേണ്ടി അവളുടെ ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയാറായിക്കഴിഞ്ഞു. അവസാനമായി ഞാന്‍ ഓര്‍ക്കുന്നത് എന്റെ പ്രിയപത്‌നിയുടെ വാക്കുകളാണ്: 'എന്റെ ഭര്‍ത്താവ് എന്റെ ജീവിതത്തിലെ പൂവായിരുന്നു. ഒരു മാസം പോലും അദ്ദേഹത്തോടൊപ്പം എനിക്ക് ജിവിക്കാനായില്ല. എന്റെ കൈകളിലെ ചുവപ്പു പോലും മാഞ്ഞു പോയിട്ടില്ല. അദ്ദേഹത്തെ കൊന്നതാണെന്ന് പോലും സമ്മതിക്കാന്‍ പോലീസുകാര്‍ തയാറല്ല.' എന്തു ചെയ്യാന്‍, വിധി. ഈ ഗതി ഇനിയാര്‍ക്കും വരരുതെന്നാണ് ഈയില്ലാത്തവന്റെ പ്രാര്‍ഥന. എന്നിരുന്നാലും നാളെ മറ്റു പലര്‍ക്കും ഈ രാജ്യത്ത് എന്നെ പോലെ ദുര്‍ഗതി വന്നേക്കാം, തീര്‍ച്ച. ഇന്ത്യ എന്റെ രാജ്യമാണ്. പക്ഷെ, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരല്ല. ആണെങ്കില്‍ എനിക്കീ അവസ്ഥ വരില്ലായിരുന്നു.

എന്ന്,
ലൈറ്റ് തബ്‌രീസ് അന്‍സാരി (ഒപ്പ്)
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top