കുട്ടികള്‍ സ്വയം പര്യാപ്തരാവട്ടെ

സൈദലവി വിളയൂര്‍ No image

സ്‌കൂളിന് അവധിയാണ്. കളിക്കാരെയൊന്നും കാണാനില്ല. അങ്ങനെയിരിക്കുമ്പോഴാണ് മോനുവിന് ഒരു ആശയം മനസ്സില്‍ തെളിഞ്ഞത്. വീടിനു മുമ്പില്‍ ചെടികള്‍ വെച്ചു പിടിപ്പിക്കാം. വീടിന്റെ പിന്നാമ്പുറത്തിരിക്കുന്ന കൈകോട്ടുമെടുത്ത് വന്ന് കിളക്കാന്‍ തുടങ്ങിയതേയുള്ളൂ. അപ്പോഴേക്കുമതാ പിന്നില്‍നിന്നും ഒരു വിളിയാളം; 'ടാ, മോനേ, നിനക്കതിന് കഴിയൂല. ആ കൈക്കോട്ടങ്ങട്ട് കൊണ്ടോയി വെച്ചാ.' ഉയര്‍ത്തിയ ആയുധം എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം അവന്‍ അന്തിച്ചു നിന്നു. നിരാശയും ജാള്യതയും അവനെ പിടികൂടി. തല താഴ്ത്തി എടുത്ത ആയുധം അവിടെത്തന്നെ കൊണ്ടുപോയി വെച്ചു. പിന്നീടൊരിക്കലും അവന്‍ ആ പണിക്ക് മുതിര്‍ന്നിട്ടില്ല.
'നിനക്ക് കഴിയില്ല', 'നീ അതിന് മാത്രം വളര്‍ന്നിട്ടില്ല' രക്ഷിതാക്കള്‍ നിരന്തരം കുട്ടികളോട് പറയുന്ന വാക്കുകളാണിത്. കുട്ടികളില്‍ ആവേശിതമായ ഊര്‍ജം ചോര്‍ന്നു പോകാന്‍ ഇതിലപ്പുറമെന്തു വേണം? ഒരല്‍പം മണ്ണ് കിളക്കാന്‍ തൂമ്പയൊന്ന് എടുത്തുവെന്നിരിക്കട്ടെ. അപ്പോള്‍ വരും മാതാപിതാക്കളുടെ സാരോപദേശം; 'കാലില്‍ തട്ടും. ചോര പൊടിയും.' മാങ്ങ മുറിക്കാന്‍ കത്തിയൊന്ന് കൈയിലെടുത്തു നോക്കട്ടെ. അപ്പോള്‍ വരും കമന്റ്; 'നീ നിന്റെ കൈ മുറിക്കണ്ട.' എന്തെങ്കിലും ഒരു സാധനം എടുത്തുയര്‍ത്താന്‍ ശ്രമിച്ചാലോ. അപ്പോള്‍ വിടുമോ. ഒരിക്കലുമില്ല. ഉടനെ വരും പ്രവചനം; 'നിനക്കതിന് പറ്റില്ല. വയ്യാത്ത പണിക്ക് നിക്കണ്ട.' ഇത്തരം നിരുത്സാഹപ്പെടുത്തലുകള്‍ ഒരു തവണയല്ല ഒരു ദിവസം തന്നെ പല തവണയാണ് നമ്മുടെ മക്കള്‍ കേള്‍ക്കുന്നത്. വിടരാന്‍ പോകുന്ന പൂമൊട്ടുകളാണ് ഇതിലൂടെ കൊഴിഞ്ഞില്ലാതാകുന്നത്. മാത്രമല്ല, നിരന്തരം ഇങ്ങനെ 'കഴിയില്ലെ'ന്നുള്ള വാക്ക് കേള്‍ക്കുമ്പോള്‍ അത് കുട്ടികളുടെ മനസ്സിനെ ഏറെ പ്രതികൂലമായി ബാധിക്കുന്നു. തനിക്ക് ഒന്നിനും കഴിയില്ലെന്ന അപകര്‍ഷ ബോധം അതുവഴി മനസ്സിലുറക്കുന്നു. പിന്നീട് ചെറിയ കാര്യങ്ങള്‍ പോലും സ്വയം ചെയ്യാന്‍ ശ്രമിക്കാതെ ഉള്‍വലിയുന്ന ശീലമാണ് അവരില്‍ ഉണ്ടായിത്തീരുക.
രക്ഷിതാക്കളെ സംബന്ധിച്ചേടത്തോളം മക്കളോടുള്ള സ്‌നേഹവും കരുതലുമാണ് ഇത്തരം ഉപദേശങ്ങളും താക്കീതുകളുമെങ്കിലും അത് എത്രമാത്രം മക്കളെ കഴിവു കെട്ടവരാക്കുന്നുവെന്ന് രക്ഷിതാക്കള്‍ അറിയേണ്ടിയിരിക്കുന്നു. മക്കളുടെ ഭാവിയെ അത് പ്രതികൂലമായി ബാധിക്കുമെന്നതില്‍ ഒട്ടും സംശയമില്ല. ഇങ്ങനെ മുളയിലേ കഴിവുകള്‍ കെടുത്തിക്കളഞ്ഞ അതേ രക്ഷിതാക്കള്‍ തന്നെ ഭാവിയില്‍ ഇത്തരം കഴിവുകേടുകളെ എടുത്തുകാട്ടി അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യാറുണ്ട്. 'ഇവന് ഒന്നിനും അറിയില്ല.' 'ഒരു തൂമ്പ പോലും പിടിച്ച് പരിചയം വേണ്ടേ' എന്ന് മറ്റുള്ളവര്‍ക്ക് മുമ്പില്‍ വെച്ച് രക്ഷിതാക്കള്‍ പറയുമ്പോള്‍ തങ്ങളാണ് അവ നശിപ്പിച്ചു കളഞ്ഞതെന്ന് അവര്‍ ചിന്തിക്കാറില്ല. വല്ലാത്തൊരു തരം നിസ്സഹായതയാണ് ഇവിടെ മക്കള്‍ അനുഭവിക്കുന്നത്. ഇത്തരം തള്ളിപ്പറച്ചിലുകള്‍ മൂലം മാതാപിതാക്കളോട് വിദ്വേഷവും പകയും അവജ്ഞയും വരെ മക്കളില്‍ വളരാനുള്ള സാധ്യത ഏറെയാണ്. മറ്റാരില്‍നിന്നെങ്കിലും ഉണ്ടാകുന്ന നിരുത്സാഹപ്പെടുത്തലുകള്‍ അത്രയധികം കുട്ടികളെ ബാധിക്കുകയില്ല. എന്നാല്‍ സ്വന്തം മാതാപിതാക്കളുടെയോ വീട്ടിലുള്ളവരുടെയോ വാക്കുകള്‍ അങ്ങനെയല്ല. അത് വളരെ പെട്ടെന്ന് കുട്ടികളെ തളര്‍ത്തിക്കളയും. അത് അവരുടെ മനസ്സില്‍ ആഴത്തിലുള്ള പോറലുകളേല്‍പിക്കും.
പരാജയഭീതിക്കു പകരം വിജയപ്രതീക്ഷകളാണ് മക്കള്‍ക്ക് നല്‍കേണ്ടത്. ഏതു നല്ല കാര്യം ചെയ്യുമ്പോഴും അവര്‍ക്ക് തികഞ്ഞ പിന്തുണ നല്‍കണം. പിന്തുണയെന്നത് വിജയത്തിന്റെ ഏറ്റവും അനിവാര്യമായ ഘടകമാണ്. ഓരോരുത്തര്‍ക്കും അത് കിട്ടേണ്ടിടത്തുനിന്ന് കിട്ടണം. മക്കളുടെ കാര്യത്തിലാവുമ്പോള്‍ രക്ഷിതാക്കളില്‍നിന്നാണ് അര്‍ഹിച്ച പിന്തുണ കിട്ടേണ്ടത്. അത് വെറുംവാക്കുകളായാല്‍ പോരാ. മനസ്സില്‍ തട്ടിയുള്ളതാവണം. എന്നാല്‍ ഒരു നന്മയല്ല, ഒരായിരം നന്മകള്‍ മക്കളില്‍നിന്ന് കണ്ടാല്‍ പോലും പിന്തുണക്കുകയോ അഭിനന്ദിക്കുകയോ ചെയ്യാത്ത എത്രയോ രക്ഷിതാക്കളുണ്ട്. ചിലര്‍ക്ക് അങ്ങനെയൊരു ശീലമേ ഉണ്ടാവില്ല. ചിലരാകട്ടെ മനസ്സില്‍ സന്തോഷമുള്ളവരാണ്. പക്ഷേ, മക്കളോട് അത് പ്രകടിപ്പിക്കുന്നതില്‍ പിശുക്കരായിരിക്കും. പ്രശംസിക്കുകയോ അഭിനന്ദിക്കുകയോ ചെയ്താല്‍ അവര്‍ അഹങ്കാരികളായിത്തീരുകയോ തങ്ങളേക്കാള്‍ വലിയവരാകുകയോ ചെയ്യുമെന്ന ധാരണയും ചില രക്ഷിതാക്കള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. 'ഇങ്ങനെ ചെയ്യരുത് അങ്ങനെ ചെയ്യരുത്' എന്നൊക്കെയുള്ള നിരുത്സാഹപ്പെടുത്തലുകളിലും ഉപദേശങ്ങളിലും മാത്രമാണ് ചിലര്‍ക്ക് താല്‍പര്യം.
പ്രോത്സാഹനവും അഭിനന്ദനവും ഏതൊരാളും ആഗ്രഹിക്കുന്നതാണ്. കുട്ടികളാവുമ്പോള്‍ പ്രത്യേകിച്ചും. പ്രമുഖരുടെയെല്ലാം  വിജയത്തിന്റെ പിന്നില്‍ പ്രോത്സാഹനം നല്‍കിയ ആരെങ്കിലുമുണ്ടാവും. ജീവിത വിജയത്തിന്റെ ഔന്നത്യത്തിലേക്ക് കുതിക്കാന്‍ പ്രോത്സാഹനത്തിന്റെ ചവിട്ടുപടികള്‍ അത്യന്താപേക്ഷിതമാണ്. പ്രോത്സഹജനകമായ ഒരു വാക്കിന്റെ ശക്തി അളന്ന് തിട്ടപ്പെടുത്താന്‍ പ്രയാസമാണ്. പരാജയത്തിന്റെ പടുകുഴിയിലേക്ക് കൂപ്പു കുത്താന്‍ പോകുന്നവനെ പോലും അത്തരത്തിലൊരു വാക്ക് എടുത്തുയര്‍ത്തുന്നത് ഉന്നതങ്ങളിലേക്കാവും. മങ്ങിക്കത്തുന്ന വിളക്കില്‍ എണ്ണ പകരുമ്പോള്‍ അത് ആളിക്കത്തും എന്നത് പോലെയാണ് പ്രോത്സാഹനം. ജീവിതത്തിന്റെ ഉന്നത ശ്രേണിയില്‍ വിരാജിക്കുന്ന പലരും നന്ദിയോടെ സ്മരിക്കുന്നത് കേള്‍ക്കാറില്ലേ; 'എന്നെ ഇവിടം വരെ എത്തിച്ചത് എന്റെ പിതാവാണ്, അല്ലെങ്കില്‍ മാതാവാണ് അതുമല്ലെങ്കില്‍ ഏതെങ്കിലും അധ്യാപകനോ മറ്റു വ്യക്തികളോ ആണ്' എന്നൊക്കെ. ആത്മവിശ്വാസമാണ് പ്രോത്സാഹനത്തിലൂടെ ലഭിക്കുന്നത്. അതില്‍ ചവിട്ടി നിന്നുകൊണ്ടേ ഉയരങ്ങള്‍ എത്തിപ്പിടിക്കാനാവൂ. 
മനുഷ്യജീവിതത്തില്‍ വീഴ്ചകള്‍ക്കും പരാജയങ്ങള്‍ക്കും പങ്കുണ്ട്. എത്രയോ തവണ വീണതിന് ശേഷമാണ് ഒരു കുട്ടി നടക്കാന്‍ പഠിക്കുന്നത്. വീഴുമെന്ന് കരുതി നടക്കാനനുവദിക്കാതെ കുട്ടിയെ പിടിച്ചുനിര്‍ത്തിയാല്‍ എന്താവും സ്ഥിതി? പരാജയം ഒട്ടും നുണയാത്തവരുടെ വിജയങ്ങള്‍ക്ക് മാറ്റ് കുറയും. അതിനാല്‍ വീഴ്ചകളെയും പതനങ്ങളെയും അഭിമുഖീകരിക്കാന്‍ അവരെ അനുവദിക്കണം. ഒന്നു വീണാല്‍ കരയാന്‍ പോലും ഇടം നല്‍കാതെ ഓമനിച്ച് ലാളിച്ച് വളര്‍ത്തുന്നവരുണ്ട്. സ്വന്തമായി ചെയ്യുന്ന ഒരു കാര്യമാണെങ്കില്‍ പോലും ചെയ്തു കൊടുക്കുന്ന മാതാപിതാക്കളുണ്ട്. കുട്ടികളുടെ ഏതാവശ്യത്തിനും പിറകെ ഓടി നടക്കുന്നവര്‍. സ്വന്തം മക്കളെ വളര്‍ത്തുകയല്ല, സത്യത്തില്‍ തളര്‍ത്തുകയാണ്. കുട്ടികള്‍ കാര്യങ്ങള്‍ സ്വയം ചെയ്ത് ശീലിക്കട്ടെ. തൂമ്പയും മണ്‍വെട്ടിയുമെടുത്ത് അല്‍പം കിളക്കട്ടെ. മണ്ണിലും മരത്തിലും കളിക്കട്ടെ. എല്ലാറ്റിലും പിറകെ നടന്ന് ഒരു പണിയും ചെയ്യാന്‍ അവസരം നല്‍കാതിരിക്കുമ്പോള്‍ സ്വന്തമെന്ന് പറയാന്‍ ഒരു കഴിവും ആ മക്കള്‍ക്ക് ആര്‍ജിച്ചെടുക്കാനാവില്ല. സ്വാശ്രയത്വം നഷ്ടപ്പെട്ട് പരാശ്രയരായി മാത്രം കഴിയേണ്ടി വരും. എന്തിനും അപരന്‍ വേണമെന്ന അവസ്ഥ. മുതിര്‍ന്നവര്‍ക്ക് പോലും എല്ലാം മുറ തെറ്റാതെ ചെയ്തുകൊടുക്കുമ്പോള്‍ മക്കളുടെ എത്രയെത്ര കഴിവുകളാണ് മാതാപിതാക്കള്‍ കുഴിച്ചുമൂടുന്നത്. ഇങ്ങനെ വളരുന്ന മക്കള്‍ക്ക് ഭാവിയിലെ പ്രതികൂല സാഹചര്യങ്ങളെ ഒട്ടും നേരിടാനാവില്ല. ഒരു ചെറിയ പ്രതിസന്ധി വരുമ്പോഴേക്ക് അവര്‍ തളര്‍ന്നുവീഴും. മറ്റുള്ളവന്റെ ആശ്രയത്വം ഉടനടി ആഗ്രഹിക്കും.
അത്യാവശ്യമെങ്കില്‍ മാത്രം സഹായം നല്‍കണം. കഴിവു നേടാനുള്ള അവരുടെ അവസരങ്ങള്‍ നാമായിട്ട് എന്തിന് നഷ്ടപ്പെടുത്തണം? മാര്‍ക്ക് കൊണ്ട് മാത്രം ജീവിതത്തെ അഭിമുഖീകരിക്കാനാവില്ലെന്ന് നാം ആദ്യം തിരിച്ചറിയണം. ബുദ്ധിവൈഭവത്തിന്റെ മഹത്വം കൊണ്ടല്ല, കായിക താരങ്ങളും മറ്റും വിജയത്തിന്റെയും പ്രശസ്തിയുടെയും കൊടുമുടിയിലേറിയത്. അവസരോചിതമായി ജീവിതത്തിലെ ഓരോ കാര്യങ്ങളും ശരിയായി നിര്‍വഹിക്കാന്‍ സ്വയം പരിശീലിക്കണം. മുഴുവന്‍ മാര്‍ക്ക് വാങ്ങിയെന്ന് കരുതി പക്വതയുണ്ടാവണമെന്നില്ല. പ്രതികൂല സാഹചര്യങ്ങള്‍ വരുമ്പോള്‍ എങ്ങനെ നേരിടണമെന്നറിയില്ല. നിസ്സാരമല്ല അവര്‍ കൈയിലെടുക്കുന്ന തൂമ്പയും മറ്റും. ജീവിത പ്രാതികൂല്യങ്ങളെ നിഷ്പ്രഭമാക്കാന്‍ അവക്ക് കഴിയും. വൈറ്റ് കോളര്‍ ചിന്തയും പ്രവൃത്തിയും മാത്രമുള്ളവര്‍ക്ക് അവിടെ പരാജയമാകും ഫലം. ഈ പണികളിലൂടെ ആര്‍ജിച്ചെടുക്കുന്ന അറിവും കഴിവും കരുത്തും ചെറുതല്ല. ഭാവി ജീവിതത്തിനാവശ്യമായ ഊര്‍ജമാണ് അതിലൂടെ സംഭരിക്കുന്നത്. 
കുട്ടികള്‍ക്ക് ഒന്നും ചെയ്തുകൊടുക്കേണ്ട എന്നോ അവരുടെ സുരക്ഷയിലും ആരോഗ്യത്തിലും ശ്രദ്ധിക്കേണ്ട എന്നൊന്നുമല്ല. മറിച്ച് അവര്‍ സ്വയംപര്യാപ്തരാവണം. ഭാവിജീവിതത്തെ ശരിയായി അഭിമുഖീകരിക്കാന്‍ കഴിയുന്നവരാകണം. അതിനു വേണ്ട പരിശീലനങ്ങള്‍ നല്‍കണം. പ്രോത്സാഹനത്തിലൂടെ അവരിലെ ഊര്‍ജം വളര്‍ത്താനും നിരുത്സാഹപ്പെടുത്തലിലൂടെ അത് നശിപ്പിക്കാതിരിക്കാനും രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top