കലാപങ്ങളുടെയും പലായനത്തിന്റെയും കാലം

സയ്യിദ ഹുമൈറാ മൗദൂദി No image

(പിതാവിന്റെ തണലില്‍ - 4)

ദാദിമായും(ഉപ്പൂമ) അബ്ബാജാനും അബ്ബാജാന്റെ നിലപാടില്‍ കടുത്ത വിയോജിപ്പു പ്രകടിപ്പിച്ച ഒരു സംഭവത്തെകുറിച്ചു കഴിഞ്ഞ ലക്കത്തില്‍ പറയുകയുണ്ടായല്ലോ. 1947-ല്‍ വിഭജനകാലത്ത് വര്‍ഗീയ കലാപങ്ങള്‍ മൂര്‍ഛിച്ച ഘട്ടത്തിലായിരുന്നു അത്. എന്തായാലും ദാറുല്‍ ഇസ്‌ലാമിന്റെ അതിരുകളില്‍ പോലും കാലുകുത്താന്‍ ലഹളക്കാരൊന്നും അന്ന് ധൈര്യപ്പെടുകയുണ്ടായില്ല. അതുകൊണ്ടായിരിക്കാം തങ്ങളുടെ വീടും സര്‍വവും ഉപേക്ഷിച്ചു സമീപഗ്രാമങ്ങളില്‍നിന്ന് ആളുകള്‍ ഭാര്യാസന്തതികളും കന്നുകാലികളുമായി ദാറുല്‍ ഇസ്‌ലാമില്‍ അഭയം തേടിയെത്തിയത്. ആ പ്രദേശം മുഴുവന്‍ മുസ്‌ലിംകളെ കൊണ്ട് നിറഞ്ഞു. കലാപബാധിതരുടെ പ്രവാഹ സമ്മര്‍ദം അതിശക്തമായിരുന്നു. എന്നാല്‍ അതിനിടക്ക് ആളുകളെ കൊണ്ടുപോകാന്‍ സൈനിക അകമ്പടിയോടെ അവിടെ എത്തിയത് മൂന്ന് ബസ്സുകള്‍ മാത്രമായിരുന്നു. ചൗധരി നിയാസ് അലിഖാന്‍ സാഹിബിന്റെ വീട്ടുകാരെ കൊണ്ടുപോകാനുള്ളതായിരുന്നു അതിലൊന്ന്. ദാറുല്‍ ഇസ്‌ലാമിലുള്ളവരെയും അവിടെ അഭയം തേടി എത്തിയവരെയും കൊണ്ടുപോകാന്‍ അവശേഷിച്ചത് രണ്ടു ബസ് മാത്രം.
അബ്ബാജാന്‍ ഉടനെ ഒരു തീരുമാനമെടുത്തു- സ്ത്രീകളും കുട്ടികളും മാത്രം ആ ബസ്സുകളില്‍ പോവുക. പുരുഷന്മാര്‍ പിന്നീട് പോയാല്‍ മതി. അപ്പോള്‍ ബസിന് അകമ്പടിയായി വന്ന പട്ടാളക്കാരന്‍ 'എല്ലാവരും പത്ത് മിനിറ്റിനകം ബസില്‍ കയറിക്കൊള്ളണം, ഞങ്ങള്‍ക്ക് സമയം വളരെ കുറവാണ്' എന്ന് പറഞ്ഞത് ജനത്തെ രോഷാകുലരാക്കി. അന്നേരം ദാദി അമ്മായും അമ്മാജാനും പറഞ്ഞു: 'ആണുങ്ങള്‍ കൂടെയില്ലാതെ ഞങ്ങള്‍ എങ്ങനെ പോകും? വഴിവക്കിലൊക്കെ ലഹളക്കാര്‍ കഠാരയും ഊരിപ്പിടിച്ചു നില്‍ക്കുകയാണ്.' എല്ലാ വീട്ടുകാരുടെയും പ്രശ്‌നം തന്നെയായിരുന്നു അത്. ഞങ്ങളുടേത് മാതൃകാഗേഹമായി കരുതപ്പെട്ടതിനാല്‍ എല്ലാവരുടെയും ദൃഷ്ടി അവിടെയായിരുന്നു എന്ന് മാത്രം.
അബ്ബാജാന്‍ പറഞ്ഞു: 'ചുറ്റുമുള്ള മുസല്‍മാന്‍മാരൊക്കെ അഭയം തേടി എന്റെ അടുക്കല്‍ വന്നുകൊണ്ടിരിക്കുകയാണ്. അവരെ ലഹളക്കാര്‍ക്ക് വിട്ടുകൊടുത്ത് കൊണ്ട് സ്വന്തം കുടുംബത്തെയും കൂട്ടി എങ്ങനെയാണ് എനിക്ക് പുറപ്പെടാന്‍ കഴിയുക?' അബ്ബാജാന്‍ ഇത്രകൂടി പറയുകയുണ്ടായി: 'പെണ്ണുങ്ങളുടെയും കുട്ടികളുടെയും സാന്നിധ്യമുണ്ടാകുമ്പോള്‍ ധീരരില്‍ ധീരനായ പുരുഷനും ഭീരുവായി സ്വന്തം ജീവന്‍ രക്ഷിക്കാനാണ് ഒരുമ്പെടുക. കുട്ടികളും സ്ത്രീകളും ആദ്യം സ്ഥലം വിട്ടാല്‍ അവരുടെ മാനം രക്ഷിക്കുന്നതിനെക്കുറിച്ച ചിന്തയില്‍നിന്ന് ഞങ്ങള്‍ക്ക് മോചനം ലഭിക്കും. പിന്നെ, ഞങ്ങളുടെ ജീവനല്ലേ. അത് അല്ലാഹുവിന്റെ കൈയിലാണ്. അതിനെക്കുറിച്ചു ബേജാറാകേണ്ടിവരില്ല.' ഈ നെട്ടാന്തരത്തിനിടയില്‍ സമയം പോയതറിഞ്ഞില്ല. പട്ടാളക്കാരന്‍ വിസിലോടു വിസില്‍ മുഴക്കിക്കൊണ്ടിരുന്നു. അവസാനം അബ്ബാജാന്‍ ഉറച്ച സ്വരത്തില്‍ അമ്മാജാനോടു പറഞ്ഞു: 'അവസാനത്തെ ആളും പാകിസ്താനിലെത്തുന്നത് വരെ ഞാനിവിടെ നിന്ന് ഒരിഞ്ചു ഇളകില്ല.' ഇത് കേട്ടതും ദാദി അമ്മ സ്വന്തം ഖുര്‍ആന്‍ ശരീഫ് കഴുത്തില്‍ തൂക്കി വുദൂവിനുള്ള ലോട്ടയും കൈയിലെടുത്ത് അമ്മാജാനോടൊപ്പം കുട്ടികളുടെ കൈയും പിടിച്ച് വീര്‍ത്ത മുഖത്തോടും കോട്ടിയ ചുണ്ടുകളോടും നിറകണ്ണുകളോടും കൂടി ബസില്‍ കയറി യാത്രയായി. ബസ്സു പുറപ്പെട്ടതോടെ ചിലര്‍ പിന്നാലെ ഓടിവന്നു. ഞങ്ങള്‍ ബസിന്റെ ജനലിലൂടെ തിരിഞ്ഞു നോക്കിയപ്പോള്‍ അബ്ബാജാന്‍ പാറപോലെ അതേ സ്ഥലത്ത് നിശ്ശബ്ദം ഉറച്ചുനിന്ന് ഞങ്ങളെത്തന്നെ നോക്കി നില്‍ക്കുന്നതാണ് കണ്ടത്!
സായാഹ്നത്തിനും സന്ധ്യക്കുമിടയില്‍ ഈ ബസുകള്‍ സര്‍നയില്‍നിന്ന് പുറപ്പെട്ടു രാത്രിയോടെ അമൃത്‌സറില്‍ എത്തിച്ചേര്‍ന്നു. രാത്രി മുഴുവന്‍ അവിടെത്തന്നെ കഴിച്ചുകൂട്ടി. കാരണം രാത്രിയാത്ര ആപല്‍ക്കരമായിരുന്നു. അര്‍ധരാത്രി അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കാനായി ദാദി അമ്മ ബസ്സില്‍നിന്നിറങ്ങി. എല്ലാവരും തടഞ്ഞെങ്കിലും അവര്‍ കൂട്ടാക്കിയില്ല. ദീര്‍ഘനേരം കഴിഞ്ഞിട്ടും അവര്‍ മടങ്ങിവരാതെ കണ്ടപ്പോള്‍ എല്ലാവരും പരിഭ്രമിച്ചുവശായി. ആശയറ്റ നേരം ഒരു അത്ഭുതം സംഭവിച്ചു. രണ്ട് സിഖുകാരതാ ദാദി അമ്മായുടെ കൈയും പിടിച്ചു വരുന്നു. അമ്മാജീ ഏതാണു നിങ്ങളുടെ ബസ് എന്ന് അവര്‍ ചോദിക്കുന്നത് കേള്‍ക്കാമായിരുന്നു. 'ദാദി അമ്മ ഇങ്ങോട്ടു വരൂ' എന്ന് ഞങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. രണ്ടു സിഖുകാരും കൂടി ദാദി അമ്മായെ ബസില്‍ കയറാന്‍ സഹായിച്ചു. സലാം പറഞ്ഞ് മടങ്ങിപ്പോയി എന്ന് പറഞ്ഞാല്‍ തീര്‍ന്നല്ലോ. വെള്ളം നിറച്ച ലോട്ടയുമേറ്റിയായിരുന്നു അവരിലൊരാളുടെ വരവ്. അയാളത് ജനല്‍വഴി ദാദി അമ്മായുടെ കൈയില്‍ പിടിപ്പിച്ചു. പിന്നീട് ദാദി അമ്മ ഞങ്ങളോട് പറഞ്ഞു; 'സിഖുകാര്‍ തച്ചുകൊല്ലുമെന്നായിരിക്കും നിങ്ങളൊക്കെ കരുതിയിട്ടുണ്ടാവുക. കൊല്ലും കൊലയുമൊക്കെ അല്ലാഹുവിന്റെ മാത്രം വരുതിയിലുള്ള കാര്യമാണ്.'
അബ്ബാജാന്‍ കരുതലെന്നോണം, ദാറുല്‍ ഇസ്‌ലാമില്‍നിന്ന് ഞങ്ങള്‍ പുറപ്പെട്ടപ്പോള്‍ മൗലാനാ അബ്ദുല്‍ ജബ്ബാര്‍ ഗാസി (ചരമം 1981) എന്ന ഒരു മാന്യനെ ഞങ്ങളോടൊപ്പം പറഞ്ഞയച്ചിരുന്നു. ബസ്സുകളുമായി നേരെ ലാഹോറിലെ ഗവാല്‍മണ്ടി എന്നിടത്ത് ചെന്ന് മലിക് നസ്‌റുല്ലാ ഖാന്‍ അസീസ് സാഹിബിന്റെ (ച. 1972 ജൂലൈ 2) വീട്ടിലെത്തണമെന്നായിരുന്നു അദ്ദേഹത്തിന് നല്‍കിയ നിര്‍ദേശം. അതിനു ശേഷം ഞങ്ങള്‍ കുതിരവണ്ടിയില്‍ ഇസ്‌ലാമിയ പാര്‍ക്കിലെ ഫസീഹ് മന്‍സിലില്‍ സ്ഥിതിചെയ്യുന്ന മൗലവി സഫര്‍ ഇഖ്ബാലിന്റെ (ച. 1985 മെയ് 5) വീട്ടിലെത്തണം. എല്ലാ സ്ത്രീകളെയും അവരുടെ ബന്ധുവീട്ടിലെത്തിക്കണമെന്നും ഗാസി സാഹിബിനോടു അബ്ബാജാന്‍ ശട്ടം കെട്ടിയിരുന്നു.
ഞങ്ങള്‍ ഫസീഹ് മന്‍സിലില്‍ ഏതാനും ദിവസം തങ്ങി. അബ്ബാജാന്റെ ഒരു വിവരവും അതിനിടയില്‍ ലഭിച്ചില്ല. എവിടെയാണ്, എന്താണവസ്ഥ എന്ന് ഒരു എത്തും പിടിയുമില്ല. ദാദി അമ്മായും അമ്മാജാനും ഓരോ ദിവസവും ദീര്‍ഘവാസരമെന്നോണമാണ് തള്ളിനീക്കിയത്. ഓരോ രാത്രിയും ഒരു ഖിയാമത്ത് തന്നെയായിരുന്നു അവര്‍ക്ക്. ഈ കാലയളവലിത്രയും മൗലവി സഫര്‍ ഇഖ്ബാലിന്റെ കുടുംബം ഞങ്ങള്‍ക്ക് താങ്ങും തണലുമായി. ചികിത്സയടക്കം എല്ലാ കാര്യങ്ങളും അവര്‍ ഏറ്റെടുത്തു. മദീനയില്‍ പലായനം ചെയ്ത് എത്തിയ മുഹാജിറുകളോട് അന്‍സാറുകള്‍ എങ്ങനെ പെരുമാറിയോ അതിന്റെ നേര്‍പ്പകര്‍പ്പായിരുന്നു സഫര്‍ കുടുംബത്തിന്റെ പെരുമാറ്റം.

ലാഹോറില്‍
1947-ല്‍ ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് പാകിസ്താന്‍ നിലവില്‍ വന്നതോടെ ദാറുല്‍ ഇസ്‌ലാമി(കിഴക്കന്‍ പഞ്ചാബിലെ പഠാന്‍കോട്)ല്‍നിന്ന് ഹിജ്‌റ ചെയ്ത് ഞങ്ങള്‍ ലാഹോറിലെത്തി. ദാറുല്‍ ഇസ്‌ലാമിലെ സ്ഥാവര സ്വത്തുക്കള്‍ക്ക് പകരം ഞങ്ങള്‍ക്കും ജമാഅത്തെ ഇസ്‌ലാമിക്കും ചോബര്‍ജിക്ക് സമീപം സോഹന്‍ലാല്‍ കോളേജിന്റെ കെട്ടിടം അലോട്ട് ചെയ്തു കിട്ടി. ദാറുല്‍ ഇസ്‌ലാമിലായിരുന്നു ഞങ്ങളുടെ വീടും ജമാഅത്തെ ഇസ്‌ലാമിയുടെ ഓഫീസും. ഈ കോളേജിലെ പ്രിന്‍സിപ്പലിന്റെ വീടാണ് ഞങ്ങള്‍ക്ക് അനുവദിച്ചുകിട്ടിയത്. ആ വീട്ടിലെ താമസക്കാര്‍ ചായ കുടിക്കുന്നതിനിടയില്‍ പെട്ടെന്ന് സ്ഥലം കാലിയാക്കിയതിന്റെ ഒരു പ്രതീതി അവിടെ അനുഭവപ്പെടുകയുണ്ടായി. കാരണം, ചായപ്പാത്രത്തില്‍ ചായയുടെ അവശേഷിപ്പുകള്‍ വറ്റിക്കിടന്നിരുന്നു. അടുക്കളയില്‍ ആട്ടമാവ് കട്ട പിടിച്ചു കിടക്കുന്നുണ്ടായിരുന്നു. അലമാരകളുടെ വാതില്‍ പൊളികള്‍ തുറന്നു കിടന്നിരുന്നു. സാധനങ്ങളൊക്കെ ചിതറിക്കിടക്കുന്നു. വീട്ടിലെ ഓരോ സാധനത്തിലും ദുഃഖം തളം കെട്ടിനിന്നിരുന്നു. വീട്ടില്‍ കാലെടുത്തുവെച്ചതും ദാദി അമ്മാ കര്‍ശന സ്വരത്തില്‍ മുന്നറിയിപ്പു നല്‍കി: ഉടമസ്ഥനോടു കൂറുകാണിക്കാത്ത ഈ സ്വത്തുവകകള്‍ നമ്മോട് കൂറുപുലര്‍ത്തുമെന്ന് എങ്ങനെ കരുതാനാണ്! അതുകൊണ്ട് കരുതിക്കൊള്ളുക. ഈ വീട്ടിലെ ഒരു സാധനവും നിങ്ങള്‍ തൊട്ടുപോകരുത്.
ഞങ്ങള്‍ ഏതാണ്ട് രണ്ട് മാസത്തോളം ആ വീട്ടില്‍ താമസിച്ചു. അതിനിടെ അല്ലാമാ മുഹമ്മദ് അസദ് ഭാര്യയെയും കുട്ടി*യെയുമായി ഞങ്ങളെ കാണാനെത്തി. ഈ വീട്ടിലെ മൂന്നാം നിലയിലിരുന്നാണ് പാകിസ്താന്‍ നിലവില്‍ വന്നശേഷം പഞ്ചാബ് യൂനിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ നടന്ന പൊതു സമ്മേളനത്തില്‍ ഖാഇദെ അഅ്‌സം (ച. 1948 സെപ്റ്റംബര്‍ 11) ചെയ്ത പ്രസംഗം ഞങ്ങള്‍ കേട്ടത്. 1947 ഒക്‌ടോബര്‍ 30-നായിരുന്നു അത്.
പില്‍ക്കാലത്ത് പാക് പ്രധാനമന്ത്രിയായിത്തീര്‍ന്ന ചൗധരി മുഹമ്മദലി (ച. 1980 ഡിസംബര്‍ 1) സാഹിബിനെ അബ്ബാജാന്‍ ചെന്ന് കണ്ടത് ഇക്കാലത്താണ്. കൂടിക്കാഴ്ചയില്‍ ചൗധരി മുഹമ്മദലി സാഹിബിനോട് അബ്ബാജാന്‍ പറഞ്ഞു: 'പാകിസ്താനെ ഒരു സെക്യുലര്‍ രാഷ്ട്രമാക്കുന്നതിനെക്കുറിച്ച് മുസ്‌ലിംലീഗിലെ പല നേതാക്കളും സംസാരിക്കുന്നത് കേള്‍ക്കുന്നു. മര്‍ദിതരുടെ മുറിവില്‍ ഉപ്പുതേക്കുന്നതിനും രക്തസാക്ഷികളുടെ രക്തത്തോടു വഞ്ചന കാണിക്കുന്നതിനും തുല്യമാണിത്.' തുടര്‍ന്ന് ലാഹോര്‍ റെയില്‍വേ സ്റ്റേഷന്‍ നാനാഭാഗത്തും ജന്തുക്കളുടെ അപമാനത്തിനിരയായിക്കൊണ്ട് ചിതറിക്കിടക്കുന്ന, നേരാംവണ്ണം കഫന്‍ ചെയ്യാത്ത രക്തസാക്ഷികളുടെ ജഡങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചു (ആ ജഡങ്ങള്‍ മറവ് ചെയ്യാന്‍ ബാധ്യസ്ഥരായവരില്‍ മിക്കവരും ഹിന്ദുക്കളുടെ ബംഗ്ലാവുകള്‍ കൊള്ളയടിക്കുന്നതിലാണ് വ്യാപൃതരായിരുന്നത്). അബ്ബാജാന്‍ അദ്ദേഹത്തോടു പറഞ്ഞു: ''ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെയും വഹിച്ചുകൊണ്ടുള്ള ഒരു ട്രെയ്ന്‍ സിംലയില്‍ നിന്നെത്തിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. അവരില്‍ ഒരാള്‍ പോലും രക്ഷപ്പെട്ടിട്ടില്ല. ആ വണ്ടിയുടെ ചക്രങ്ങളില്‍ രക്തക്കട്ടകള്‍ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. മുസ്‌ലിം പെണ്‍കുട്ടികള്‍ അരക്ഷിതരാണ്. ശഹീദായവരുടെ ജഡങ്ങള്‍ മറമാടാതെ കിടക്കുമ്പോഴാണ് പാകിസ്താനെ മതരഹിത രാജ്യമാക്കാനുള്ള ചര്‍ച്ച തുടങ്ങിയിരിക്കുന്നത്. 'പാകിസ്താന്‍ കാ മത്‌ലബ് ക്യാ, ലാ ഇലാഹ ഇല്ലല്ലാഹ്' (പാകിസ്താന്റെ ലക്ഷ്യമെന്നാല്‍ ലാ ഇലാഹ ഇല്ലല്ലാഹ്) എന്ന് നിങ്ങള്‍ മുദ്രാവാക്യം മുഴക്കിയതിന്റെ പേരിലാണ് ഈ ആളുകളൊക്കെ തങ്ങളുടെ കുടുംബങ്ങളെയും ഉപേക്ഷിച്ച് ഇങ്ങോട്ടു വന്നിട്ടുള്ളത്.''
ഇതു കേട്ടപ്പോള്‍ ചൗധരി മുഹമ്മദലി സാഹിബ് പറഞ്ഞു: ''ഞാന്‍ ഇപ്പറഞ്ഞതൊക്കെ പ്രധാനമന്ത്രി ലിയാഖത്തലി ഖാന്റെ അടുത്തെത്തിക്കാം.'' എന്നാല്‍ ഒന്നു രണ്ട് മാസം കഴിഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചതെന്നോ? ഞങ്ങളുടെ താമസസ്ഥലം കൈക്കലാക്കാന്‍ സര്‍ക്കാര്‍ മറ്റൊരാളെ പറഞ്ഞുവിട്ടു. അബ്ബാജാനാകട്ടെ എന്തെങ്കിലും ചര്‍ച്ചക്ക് തലവെച്ചു കൊടുക്കുന്നതിനു പകരം അന്ന് തന്നെ സോഹന്‍ലാല്‍ കോളേജ് (ഇപ്പോള്‍ മദ്‌റസത്തുല്‍ ബനാത്ത്, ലൈക് റോഡ്, ചോബര്‍ജി) ഒഴിഞ്ഞുകൊടുക്കാന്‍ തീരുമാനിച്ചു. സന്ധ്യക്ക് അല്‍പം മുമ്പായി രണ്ട് കുതിരവണ്ടിയുമായി അബ്ബാജാന്‍ വന്നു. വന്നപാടെ ദാദി അമ്മായോടും അമ്മാജാനോടും പറഞ്ഞു: 'ദാറുസ്സലാമില്‍നിന്ന് നമ്മള്‍ വരുമ്പോള്‍ കൂടെ കൊണ്ടുവന്ന സാധനങ്ങള്‍ എന്തെല്ലാമാണോ അവ മാത്രം എടുക്കുക. എന്നിട്ട് കുട്ടികളെയും കൂട്ടി ഉടനെ ജടുക്കയില്‍ കയറി ഇരിക്കുക.' ഹിന്ദുസ്താനില്‍നിന്ന് ഹിജ്‌റ ചെയ്താണ് നമ്മള്‍ ഇവിടെ വന്നത്. ഇനി എവിടെ പോകാനാണ്? എന്തുകൊണ്ട്? എന്തിന്? ദാദി അമ്മായോ അമ്മാജാനോ ഇമ്മാതിരി ചോദ്യങ്ങളൊന്നും ചോദിക്കുകയുണ്ടായില്ല. അമ്മാതിരി ചോദ്യങ്ങള്‍ ചോദിക്കുന്ന സംസ്‌കാരം തന്നെ ഞങ്ങളുടെ വീട്ടിന് അന്യമായിരുന്നു. അബ്ബാജാന്‍ എന്തു പറയുന്നോ അത് അപ്പടി അംഗീകരിക്കുന്നതായിരുന്നു ഞങ്ങളുടെ പതിവ്.
രണ്ടു പെണ്ണുങ്ങളും നിശ്ശബ്ദം എഴുന്നേറ്റു. ദാറുല്‍ ഇസ്‌ലാമില്‍നിന്ന് തങ്ങള്‍ കൊണ്ടുന്ന അതേ സാധനങ്ങള്‍ മാത്രം അവര്‍ ശേഖരിക്കാന്‍ തുടങ്ങി. നടക്കുന്നതിനിടയില്‍ ഞങ്ങള്‍ കുട്ടികള്‍ ചില കളിപ്പാട്ടങ്ങള്‍ കൈയിലെടുത്തു. അവ നേരത്തേ അവിടെ ഉണ്ടായിരുന്നതായിരുന്നു. എന്നാല്‍ ദാദി അമ്മാ ആ കളിപ്പാട്ടങ്ങള്‍ ഞങ്ങളുടെ കൈയില്‍നിന്ന് നിലത്തു തട്ടിയിട്ടു കൊണ്ടു പറഞ്ഞു: 'നിങ്ങള്‍ നിങ്ങളുടെ അബ്ബ പറയുന്നത് കേട്ടിട്ടില്ലേ? ഇവിടന്ന് ഒന്നും എടുത്തു പോകരുതെന്നാണ് അബ്ബായുടെ നിര്‍ദേശം.'
ഞങ്ങള്‍ പുറത്തിറങ്ങി ജടുക്കയില്‍ കയറി ഇരുന്നു. അബ്ബാജാന്റെ ഇതര സഹപ്രവര്‍ത്തകരും ജടുക്കയില്‍ ഇരിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഈ യാത്രാസംഘം ഇസ്‌ലാമിയ പാര്‍ക്കിലെത്തി. ഇപ്പോള്‍ പരേതനായ ഡോ. റിയാസ് ഖദീര്‍ സാഹിബിന്റെ ബംഗ്ലാവ് നില്‍ക്കുന്ന സ്ഥിതി. ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ തമ്പുകളുമായി അവിടെ എത്തിയിട്ടുണ്ടായിരുന്നു. ആ ക്യാമ്പില്‍ ഞങ്ങള്‍ രണ്ടര മാസത്തോളം കഴിച്ചുകൂട്ടി. ഈ സംഭവത്തിന്റെ പിറ്റേദിവസം മദ്‌റസത്തുല്‍ ബനാത്തുകാരുടെ സ്ഥലത്തിന്റെ ചാവികള്‍ അബ്ബാജാന്‍ സര്‍ക്കാറിന്റെ ആള്‍ക്കാരെ ഏല്‍പിച്ചു.
യാതൊരു പ്രതികരണവും പ്രകടിപ്പിക്കാതെ, തികച്ചും നിസ്സംഗനും നിര്‍മമനുമായി അബ്ബാജാന്‍ ആ ബംഗ്ലാവ് ഒഴിഞ്ഞുകൊടുത്ത രീതി അദ്ദേഹത്തെപോലെ ഒരാള്‍ക്ക് മാത്രം കഴിയുന്ന പ്രവൃത്തിയായിരുന്നു. ഒരിടത്ത് അബ്ബാജാന്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്: ഈമാന്‍, വിശ്വാസം എന്നൊക്കെ പറയുന്നത് പുറമെ കാണാന്‍ കഴിയുന്ന ഒരു സംഗതിയൊന്നുമല്ല. അതൊരു മാനസികാവസ്ഥയുടെ പേരാണ്. അതിനാല്‍ ഈമാന്റെ വില പുറത്തുനിന്നുള്ള ഒരു ക്രേതാവിന് നിര്‍ണയിക്കാന്‍ സാധിക്കുകയില്ല. അതിന്റെ വില ഈമാന്റെ ഉടമസ്ഥനേ നിര്‍ണയിക്കാന്‍ സാധിക്കൂ. ഒരാള്‍ക്കത് വളരെ തരംതാണ വസ്തുവായിരിക്കാം. ഒരു റൊട്ടിക്കഷ്ണത്തിനു വേണ്ടി അവന്‍ അത് വിറ്റെന്നു വരാം. ഇനി മറ്റൊരാളുടെ അടുക്കല്‍ വാനഭുവനങ്ങളിലെ സര്‍വതിനേക്കാള്‍ അമൂല്യമായിരിക്കും. അവന്റെ ദൃഷ്ടിയില്‍ ഒരു ക്രേതാവിനും യാതൊരു മതിപ്പുമുണ്ടാവുകയില്ല. അല്ലാഹുവും പ്രവാചകനും സ്ഥാപിച്ച നാഗരികതയും സംസ്‌കാരവും നിലനിര്‍ത്താന്‍ ഗംഭീര ത്യാഗങ്ങളര്‍പ്പിക്കാന്‍ മുസ്‌ലിം ഹൃദയങ്ങളില്‍ അപാരമായ വൈകാരികോര്‍ജം ഉല്‍പാദിപ്പിക്കുന്ന ശക്തിയാണിത്. മുസ്‌ലിംകളുടെ മുന്നില്‍ എല്ലാ ശക്തികളും ഏതെങ്കിലും കാലത്ത് പത്തി താഴ്ത്തിയിട്ടുണ്ടെങ്കില്‍ വിശ്വാസമാകുന്ന അവരുടെ വിഭവം വിലക്കെടുക്കാന്‍ കഴിയാത്ത കാലത്ത് മാത്രമായിരുന്നു. മുസ്‌ലിംകള്‍ ഇന്ന് എല്ലാ സമുദായങ്ങളുടെയും മുന്നില്‍ ഭയചകിതരായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അവരുടെ മനോമസ്തിഷ്‌കങ്ങളില്‍ ഈമാന്‍ എന്ന വിഭവത്തിന്റെ വിലകെട്ടുപോയ ഒരു കാലമാണ് ഇതെന്നതിനാല്‍ മാത്രമാണത്.'' ഹീനതയുടെ കൊട്ടാരത്തേക്കാള്‍ നല്ലത് അന്തസ്സിന്റെ കുടിലാണെന്ന ധാരണ ഞങ്ങളുടെ മസ്തിഷ്‌കത്തില്‍ ദൃഢപ്രതിഷ്ഠിതമായത് അന്നാണ്. ഏതായാലും പ്രയാസഘട്ടമൊക്കെ ഇപ്പോള്‍ തരണം ചെയ്തുകഴിഞ്ഞു.

(തുടരും) 

വിവ. വി.എ.കെ
* പ്രമുഖ നരവംശശാസ്ത്രജ്ഞനായ തലാല്‍ അസദ് ആണ് ഈ കുട്ടി. സുഊദി വംശജയായ ഭാര്യ മുനീറയെ അസദ് പിന്നീട് വിവാഹമോചനം ചെയ്യുകയായിരുന്നു (വിവ.).

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top