പിണങ്ങരുത്, അകലാം

ടി. മുഹമ്മദ് വേളം No image

നിത്യജീവിതത്തിന് വലിയ സാധ്യതകളും ഒപ്പം പ്രയാസങ്ങളും സൃഷ്ടിക്കാറുള്ള ഒന്നാണ് ബന്ധങ്ങള്‍. പ്രത്യേകിച്ചും സൗഹൃദ ബന്ധങ്ങള്‍. സൗഹൃദങ്ങളാണ് ജീവിതത്തെ നിറമുള്ളതാക്കുന്ന ഒരു ഘടകം. ബന്ധത്തിനു കൊടുക്കേണ്ടിവരുന്ന വില ബന്ധത്തിനകത്തെ സംഘര്‍ഷങ്ങളാണ്. ഈ സംഘര്‍ഷങ്ങളെങ്ങനെ കൈകാര്യം ചെയ്യാം എന്നാണ് ഈ കുറിപ്പ് അന്വേഷിക്കുന്നത്.

പിണക്കം ഒരഭ്യര്‍ഥന
സ്‌നേഹമുള്ളവര്‍ക്കിടയിലെ പിണക്കം യഥാര്‍ഥത്തില്‍ ഒരഭ്യര്‍ഥനയാണ്. എന്നെ കുറേക്കൂടി പരിഗണിക്കൂ, എനിക്ക് കുറേക്കൂടി സ്‌നേഹം തരൂ എന്ന അഭ്യര്‍ഥന. ഇത് ശാരീരിക വേദനയെക്കുറിച്ച് പറയുന്ന പോലെയാണ്. വേദന എന്നത് പ്രതികൂല അവസ്ഥകളില്‍നിന്ന് ശരീരത്തെ രക്ഷപ്പെടുത്തുന്ന മുന്നറിയിപ്പ് വ്യവസ്ഥയുടെ ഭാഗമാണ്. ചെയ്യുന്നതെന്തോ അതുടനെ നിര്‍ത്തിവെക്കുക എന്നതാണ് വേദനയിലൂടെ മസ്തിഷ്‌കം ശരീരത്തിന് കൈമാറുന്ന സന്ദേശം. അതേപോലെ പിണക്കം കൈമാറുന്ന സന്ദേശം മേല്‍പ്പറഞ്ഞതാണ്. പിണങ്ങപ്പെടുന്ന ആള്‍ക്ക് അത് മനസ്സിലാക്കാനും ആ സന്ദേശത്തെ ആ അര്‍ഥത്തില്‍ സ്വീകരിക്കാനും സാധിച്ചാല്‍ പിണക്കം ബന്ധത്തിലെ കേടുപാടുകള്‍ തീര്‍ക്കുന്ന ആന്തരിക സംവിധാനമായി പ്രവര്‍ത്തിക്കും. ഇത് ഫലപ്രദമായി പ്രവര്‍ത്തിക്കണമെങ്കില്‍ മറ്റൊരു ഉപാധി കൂടി ഉണ്ട്. പിണങ്ങപ്പെട്ടവന്‍ പിണക്കത്തെ ഈ അര്‍ഥത്തില്‍ സ്വീകരിച്ച് പിണങ്ങിയവനോട് പെരുമാറാന്‍ തുടങ്ങിയാല്‍ പിണങ്ങിയ ആള്‍ അത് സ്വീകരിച്ച് പിണക്കമവസാനിപ്പിക്കാന്‍ സന്നദ്ധനാവണം. അവിടെ നിഷേധാത്മകമായ സന്ദേഹാസക്തി കാണിച്ചാല്‍ ചിലപ്പോള്‍ അത് പരാജയപ്പെടും. കുറച്ച് സ്‌നേഹപരിശ്രമങ്ങള്‍ നടത്തി ശരിയാവുന്നില്ല എന്നു കാണുമ്പോള്‍ പിണക്കത്തിനു വിധേയനായവന്‍ ശ്രമം ഉപേക്ഷിച്ചു എന്നു വരാം. സ്‌നേഹം ലഭിക്കുന്നില്ല എന്നു പരാതി ഉള്ള ആള്‍ക്ക് സ്‌നേഹം ലഭിക്കുമ്പോള്‍ പിണക്കമവസാനിപ്പിക്കാതെ അത് കൂടുതല്‍ കൂടുതല്‍ നേടാനുള്ള ആസക്തി ചിലപ്പോള്‍ കാണാറുണ്ട്. അത് ഈ പിണക്ക മെക്കാനിസത്തെ പരാജയപ്പെടുത്താനിടയാക്കിയേക്കും.

ഒത്തുപോകായ്മകള്‍ പിണക്കത്തില്‍തന്നെ കലാശിക്കേണ്ടതുണ്ടോ?
ഒരാളുമായി സൗഹൃദത്തില്‍ നമുക്ക് ഒത്തുപോകാനാവുന്നില്ലെങ്കില്‍ തല്ലിപ്പിരിയുക തന്നെ ചെയ്യേണ്ടതുണ്ടോ? ഇല്ല എന്നതാണ് ശരിയുത്തരം. മാത്രമല്ല നിങ്ങള്‍ എന്തിനാണോ ഒരാളോട് പിണങ്ങിയത് ഈ ഉദ്ദേശ്യത്തിന്റെ നേര്‍വിപരീതമാണ് പിന്നീട് സംഭവിക്കുക. അയാളില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് നാം അവനോട് പിണങ്ങിയത്. എന്നാല്‍ പിണങ്ങിയാല്‍ നാം അവനില്‍നിന്ന് രക്ഷപ്പെടുകയല്ല, അവനില്‍ അകപ്പെടുകയാണ് ചെയ്യുക. ഒരാളുമായി കലഹിച്ച് ശത്രുതയിലായാല്‍ അവന്‍ നമ്മുടെ ഉള്ളില്‍ നിറയും. നാം നിരന്തരം അവനെക്കുറിച്ച് നിഷേധാത്മകമായി ചിന്തിക്കും. അവനാകുന്ന ശല്യത്തില്‍നിന്നും നാം ഒരിക്കലും രക്ഷപ്പെടില്ല. ഇതിനു പകരം ചെയ്യാവുന്നത് ആ ബന്ധത്തിന്റെ സാന്ദ്രത കുറക്കുക എന്നതാണ്. വളരെ മിനിമം വോള്യത്തില്‍ അടക്കം നിലനിര്‍ത്താം.
നാം ഒരാളുമായി പിണങ്ങുന്നതിന്റെ കാരണങ്ങളെ നമുക്ക് വിശകലനം ചെയ്തുനോക്കാം. ഒന്ന് നമുക്കിഷ്ടമില്ലാത്തത് അയാള്‍ നിരന്തരം ചെയ്യുന്നു. അല്ലെങ്കില്‍ നമുക്കിഷ്ടമില്ലാത്ത വലിയ കാര്യം അയാള്‍ ചെയ്തു. രണ്ട് അവന്‍ നമ്മെ ചതിച്ചു എന്നു നാം കരുതുന്നു. മൂന്ന് നാം അങ്ങോട്ട് ചെയ്ത നന്മക്ക് തിരിച്ച് നന്മ ലഭിക്കുന്നില്ലെന്ന് നാം വിചാരിക്കുന്നു. ഇങ്ങനെ പലതുമാകാം പിണക്കത്തിന്റെ കാരണം.  എന്തുതന്നെയാണെങ്കിലും ഒന്നുകില്‍ സുഹൃത്തുമായി നേരിട്ട് സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കാം. ചില സമയങ്ങളില്‍ അത് സാധിച്ചുകൊള്ളണമെന്നില്ല. അപ്പോള്‍ വിശ്വസ്തനായ ഒരു മൂന്നാം കക്ഷി വഴി സുഹൃത്തുമായി ബന്ധപ്പെടാം. ചിലപ്പോള്‍ ചില കാര്യങ്ങള്‍ തെറ്റിദ്ധാരണയാവാം. അത് ഈ വഴികളിലൂടെ തിരുത്താം. ചിലപ്പോള്‍ ധാരണ ശരിയായതു തന്നെയായിരിക്കാം. അപ്പോള്‍ കലഹിച്ചു പിരിയുന്നതിനു പകരം ആ ബന്ധത്തിന്റെ തോത് കുറക്കാം. അപ്പോഴും അവന്‍ നന്നാവാനും അവനു നല്ലതു വരാനും പ്രാര്‍ഥിക്കാം. നമ്മുടെ വിയോജിപ്പ് അവന്റെ ചെയ്തിയോടാണെങ്കില്‍ അത് തിരുത്തപ്പെടാന്‍ നാം ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയുമാണ് ചെയ്യേണ്ടത്.
സൗഹൃദം നമ്മുടെ തെരഞ്ഞെടുപ്പാണ്. ആ അവകാശം നാം സ്വയം സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്. നമ്മുടെ പുസ്തകശേഖരത്തില്‍ നമുക്കിഷ്ടമുള്ള പുസ്തകങ്ങള്‍ നാം തെരഞ്ഞെടുക്കുന്നതുപോലെ, നമ്മുടെ പൂന്തോട്ടത്തിനുവേണ്ടി നമുക്കിഷ്ടമുള്ള ചെടികള്‍ നാം കണ്ടെത്തുന്നതുപോലെ. അപ്പോഴാണ് അവന്റെ ശല്യത്തില്‍നിന്ന് മാനസികമായി നമുക്ക് രക്ഷപ്പെടാനാവുക. ഈ സമീപനം സ്വീകരിച്ചാല്‍ അവനുണ്ടാക്കിയ മുറിവ് ക്രമേണ ശമിച്ചുകൊള്ളും. പകരം ബന്ധങ്ങള്‍ എറിഞ്ഞുടച്ചാല്‍ അതിന്റെ ഭീകര ശബ്ദം എപ്പോഴും നമ്മുടെ കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കും, നമ്മെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. മറുകക്ഷി വഴക്കിനു വന്നാലും എറിഞ്ഞുടക്കാന്‍ ശ്രമിച്ചാലും നാം പരമാവധി അതിന് നിന്നുകൊടുക്കാതിരിക്കുക.
സുഹൃത്ത് എന്ന സംസ്‌കൃത വാക്കിന്റെ അര്‍ഥം നല്ല ഹൃദയമുള്ളയാള്‍ എന്നാണ്. മറ്റൊരാളെക്കുറിച്ച് നല്ലത് വിചാരിക്കുന്ന ആള്‍ എന്നര്‍ഥം. മറ്റൊരാള്‍ക്ക് നല്ലത് വരണമെന്നാഗ്രഹിക്കുന്നവന്‍. സൗഹൃദത്തിന്റെ ഈ ഹൃദയം ബന്ധത്തിലും അടുപ്പത്തിലും അകലത്തിലും സൂക്ഷിക്കാനാവും. മതമെന്നാല്‍ എല്ലാ തലത്തിലുമുള്ളവരോടുള്ള ഗുണകാംക്ഷയാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നുണ്ടല്ലോ. നമുക്ക് അനിഷ്ടം നല്‍കിയവന്‍ നമ്മുടെ മുഖ്യ വിഷയമാവുകയും നാം നിരന്തരം അവനെക്കുറിച്ച് നിഷേധാത്മകമായി ചിന്തിക്കുകയും ചെയ്യുമ്പോഴാണ് അത് കൊലപാതകത്തില്‍ വരെ എത്തിച്ചേരുന്ന അപകടമായി മാറുന്നത്.
കൃത്യമായ കാരണമില്ലാതെയും നാം ചിലപ്പോള്‍ ഒരാളില്‍നിന്നും അകലാം. വിവാഹമോചിതരാകേണ്ടിവരുന്നവര്‍ ലഹള നടത്തിയേ പിരിയൂ എന്ന് തീരുമാനിക്കേണ്ടതില്ല. ഏതു വേര്‍പിരിയലും വേദനാജനകമാണ്. വേര്‍പിരിയേണ്ടിവരുന്നത് വേര്‍പിരിയുന്നവരുടെ കുറ്റംകൊണ്ട് തന്നെയാകണമെന്നില്ല. ചേരുവകള്‍ ഒക്കാതിരിക്കുന്നതു കൊണ്ടുകൂടിയാവാം. അവരിരുവര്‍ക്കും ചേരുവ ഒക്കുന്ന മറ്റു രണ്ടുപേര്‍ എവിടെയോ ഉണ്ടാവും. ആ യാഥാര്‍ഥ്യത്തെ മനസ്സിലാക്കി സുന്ദരമായി പിരിയുകയുമാവാം. അവരിരുവര്‍ക്കും നല്ല സുഹൃത്തുക്കളോ പരിചയക്കാരോ ആയി ജീവിതത്തില്‍ തുടരുകയും ചെയ്യാം. വേര്‍പിരിഞ്ഞ ദമ്പതികള്‍ തങ്ങളുടെ സന്താനത്തിന്റെ മുലയൂട്ടല്‍ കാലയളവിനെക്കുറിച്ച് പരസ്പരം കൂടിയാലോചിക്കാനുള്ള അനുശാസന ഖുര്‍ആനില്‍ നമുക്ക് കാണാനാകും. (അല്‍ബഖറ 233). ദാമ്പത്യത്തില്‍ ഒന്നിച്ചു കഴിയുമ്പോള്‍ അത് നല്ലനിലയില്‍ (മഅ്‌റൂഫ്) ആയിരിക്കണമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. എന്നാല്‍ പിരിയുകയാണെങ്കില്‍ ഏറ്റവും ഉത്തമമായ സൗന്ദര്യവത്തായ രൂപത്തില്‍ (ഇഹ്‌സാന്‍) പിരിയണമെന്നാണ് ഖുര്‍ആന്‍ പറയുന്നത് (അല്‍ബഖറ 229).
സൗഹൃദം നമ്മുടെ തെരഞ്ഞെടുപ്പാണ്. എല്ലാവരുമായും സൗഹൃദപ്പെടണമെന്ന് ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല. 'അവിവേകികള്‍ വാദകോലാഹലത്തിനു വന്നാല്‍ നിങ്ങള്‍ക്ക് സമാധാനം എന്നു മാത്രം പറഞ്ഞൊഴിയുന്നവരാണവര്‍' (അല്‍ഫുര്‍ഖാന്‍ 63) എന്ന് ഉത്തമ മനുഷ്യരുടെ സ്വഭാവത്തെ അല്ലാഹു വിശദീകരിക്കുന്നു.
നിഷേധാത്മകത ഉല്‍പാദിപ്പിക്കുന്നവരുമായി നിരന്തരം സമ്പര്‍ക്കപ്പെടാതിരിക്കുന്നതാണ് ബുദ്ധി. നമുക്ക് മറ്റൊരാളുമായി ആദര്‍ശപരമായ വിയോജിപ്പുകള്‍ ഉണ്ടാവാം. ആ വിയോജിപ്പുകള്‍ ആദര്‍ശപരം മാത്രമാണ്. ആ വ്യക്തിയോട് ആമൂലാഗ്രമല്ല നമ്മുടെ വിയോജിപ്പ്. അവന്റെ നിലപാടിനോടും നിലകൊള്ളുന്ന ആദര്‍ശത്തോടുമാണ്. വ്യക്തിയെ വ്യക്തി എന്ന നിലയില്‍ സ്‌നേഹിക്കുകയും അവന്റെ ആദര്‍ശം മാറാന്‍ പ്രവര്‍ത്തിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുകയാണ് വേണ്ടത്. രണ്ടിലൊരു ഉമറിനെക്കൊണ്ട് ഈ ആദര്‍ശത്തെ നീ ശക്തിപ്പെടുത്തേണമേ എന്ന് പ്രവാചകന് പ്രാര്‍ഥിക്കാന്‍ സാധിച്ചത് ഈ ഉന്നത മാനസികാവസ്ഥ കൈമുതലായുണ്ടായിരുന്നതുകൊണ്ടാണ്.
അടുത്താലും അകന്നാലും ആരോടും വിദ്വേഷമില്ലാതെ ജീവിക്കുക എന്നത് സ്വര്‍ഗലബ്ധിയുടെ കാരണമാണ്. ഒരിക്കല്‍ അനുയായികളോടൊപ്പം ഇരിക്കവെ നബി പറഞ്ഞു: 'സ്വര്‍ഗാവകാശിയായ ഒരു നക്ഷത്ര ജ്യോതിസ് ഈ സദസ്സിലേക്ക് കയറിവരാന്‍ പോകുന്നു.' ആ ഭാഗ്യവാന്‍ ആരാണെന്നറിയാന്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു. കയറിവന്നത് സഅ്ദുബ്‌നു അബീവഖാസ്. എങ്ങനെയാണ് സഅ്ദ് സ്വര്‍ഗാവകാശിയായതെന്ന് അറിയാന്‍ അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ് ഒരു തന്ത്രം പ്രയോഗിച്ചു. 'സഅ്‌ദേ, ഞാന്‍ എന്റെ പിതാവുമായി തെറ്റിയിരിക്കുന്നു. മൂന്നു ദിവസത്തേക്ക് അദ്ദേഹത്തിന്റെ അടുത്തു പോകില്ലെന്ന് ശപഥം ചെയ്തിട്ടുണ്ട്. അതിനാല്‍ ഞാന്‍ താങ്കളുടെ കൂടെ താമസിക്കാന്‍ ആഗ്രഹിക്കുന്നു...' സഅ്ദ് സമ്മതിച്ചു.
അബ്ദുല്ലാഹിബ്‌നു അംറ് സഅ്ദിന്റെ വീട്ടില്‍ താമസിച്ചു. രാത്രി ഇരുവരും നിദ്രയിലാണ്ടു. പ്രഭാത നമസ്‌കാര സമയമായപ്പോള്‍ നമസ്‌കരിച്ചതല്ലാതെ പ്രത്യേക ആരാധനകളൊന്നും സഅ്ദ് ആ രാത്രിയില്‍ ചെയ്തില്ല. മൂന്നാം ദിവസം അബ്ദുല്ല പറഞ്ഞു: 'ഞാനും പിതാവും തമ്മില്‍ പ്രശ്‌നമൊന്നുമില്ല. താങ്കള്‍ക്ക് ലഭിച്ച സൗഭാഗ്യം എനിക്കു ലഭിക്കുന്നതിനുവേണ്ടി താങ്കളുടെ ഇടപാടുകളും ദൈനംദിന കാര്യങ്ങളും പഠിക്കാന്‍ വന്നതാണ് ഞാന്‍. പക്ഷേ താങ്കളാവട്ടെ പതിവില്‍ കവിഞ്ഞ് പ്രത്യേകമായി ഒരു കര്‍മവും ചെയ്യുന്നില്ല.' അപ്പോള്‍ സഅ്ദ് പറഞ്ഞു: 'താങ്കള്‍ പറഞ്ഞത് ശരിയാണ്. സാധാരണയില്‍ കവിഞ്ഞ് ഞാനൊരു കര്‍മവും ചെയ്യുന്നില്ല. ഒരാളെക്കുറിച്ചും  എന്നില്‍ മോശമായ വികാരങ്ങളില്ല. ദുര്‍വാക്കുകളില്ല. അല്ലാഹു നല്‍കിയ അനുഗ്രഹത്തിന്റെ പേരില്‍ ഒരാളോടും  അസൂയ ഇല്ല. ഏവരോടും ഗുണകാംക്ഷ മാത്രം. അതാണെന്റെ മുഖമുദ്രയും വിഭാവിത ലക്ഷ്യവും. ഒരുപക്ഷേ അതു കൂടിയായിരിക്കാം എന്നെ സ്വര്‍ഗാവകാശിയാക്കിയത്...' ആരോടും വിദ്വേഷമോ അസൂയയോ മറ്റ് നിഷേധാത്മക വികാരങ്ങളോ ഇല്ലാതെ ജീവിക്കുക എന്നത് പരലോകത്ത് സ്വര്‍ഗലബ്ധിയുടെ കാരണം മാത്രമല്ല, ഇഹലോകത്തു തന്നെ സ്വര്‍ഗീയാനുഭൂതി പ്രദാനം ചെയ്യുന്ന മാനസികാവസ്ഥ കൂടിയാണ്.
നാം ഒരാളുമായി പിണങ്ങുമ്പോള്‍ പിന്നെ നിരന്തരം നിഷേധാത്മകമായി അവരെക്കുറിച്ച് ആലോചിച്ചു പുകയുന്നു. നാം യഥാര്‍ഥത്തില്‍ ആലോചിക്കേണ്ടത് നമ്മളുമായി ഇടഞ്ഞവരെക്കുറിച്ചല്ല; നമ്മെക്കുറിച്ചാണ്, നമുക്ക് ചെയ്യാന്‍ കഴിയുന്ന നന്മകളെക്കുറിച്ച്, നമ്മുടെ സ്വസ്ഥതയെക്കുറിച്ച്. അതുകൊണ്ട് പിണങ്ങരുത്. വേണമെങ്കില്‍ അകലാം. അതുകൊണ്ടാണ് മൂന്നുദിവസത്തിലധികം പരസ്പരം പിണങ്ങിനില്‍ക്കുന്നവരുടെ പ്രാര്‍ഥന സ്വീകരിക്കുകയില്ലെന്ന് പ്രവാചകന്‍ പഠിപ്പിച്ചത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top