പിതാവിനു വേണ്ടി ഉണര്‍ന്നിരുന്ന ഫാത്വിമ (റ)

വി.കെ ജലീല്‍ No image

അലിയും ഫാത്വിമയും തങ്ങളുടെ പ്രായത്തെ കുറിച്ച ഒരു കൊച്ചു വിവാദത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അപ്പോഴാണ് അബ്ബാസുബ്‌നു അബ്ദുല്‍ മുത്ത്വലിബ് അങ്ങോട്ടു കടന്നു വരുന്നത്. 'പിതൃവ്യരേ വന്നാലും.' അലി അബ്ബാസിനെ സഹര്‍ഷം സ്വാഗതം ചെയ്തു.
'പിന്നേയ് അങ്ങേക്കോര്‍മയുണ്ടോ ഞങ്ങള്‍ തമ്മിലുള്ള പ്രായവ്യത്യാസം?' ഫാത്വിമയുടേതായിരുന്നു ചോദ്യം.
'അപ്പോള്‍ അതാണല്ലേ വലിയ ചര്‍ച്ച? ഞങ്ങള്‍ കഅ്ബയുടെ പുനര്‍നിര്‍മാണം നടത്തുമ്പോള്‍ ഹജറുല്‍ അസ്വദിനെ ചൊല്ലിയുണ്ടായ തര്‍ക്കം നിന്റെ ഉപ്പാന്റെ മാധ്യസ്ഥതയില്‍ പരിഹരിച്ച സന്തോഷത്തിമര്‍പ്പിലാണ് നിന്നെ പ്രസവിച്ച വിവരം ആരോ വന്നു പറയുന്നത്. അന്ന് നിന്റെ ഉപ്പാക്ക് വയസ്സ് മുപ്പത്തി അഞ്ച്. അതിന്റെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഫാത്വിമ ബിന്‍ത് അസദ് ഈ അലിയെ പ്രസവിച്ചത്. അത് ഏത് വര്‍ഷമാണെന്നു തിട്ടമായി ഇപ്പോള്‍ ഓര്‍മ തോന്നുന്നില്ല.'
 
ഫാത്വിമയുടെ ജനനം
ഫാത്വിമയുടെ ജനനം നബിതിരുമേനിയുടെ പ്രവാചകത്വത്തിനും ആകാശാരോഹണത്തിനും ശേഷമാണെന്നാണ് ശീഈകളില്‍ ചിലര്‍ വാദിക്കുന്നത്. ആകാശാരോഹണ വേളയില്‍ ജിബ്‌രീല്‍ തിരുമേനിക്ക് ഒരു സ്വര്‍ഗക്കനി സല്‍ക്കരിച്ചിരുന്നുവത്രെ. അത് കഴിച്ചതില്‍നിന്ന് ഉത്ഭൂതമായ ജൈവ ബീജം ആണ് ഫാത്വിമയുടെ ഗര്‍ഭധാരണത്തിന് ഹേതുവായത് എന്നാണ് അവരുടെ വിവരണം. 
പിതാവ് പ്രവാചകനായി നിയോഗിതനാവുമ്പോള്‍ ഫാത്വിമക്ക് അഞ്ചു വയസ്സ്. 'ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദ് റസൂലുല്ലാഹ്' എന്ന വിപ്ലവ മുദ്രാവാക്യവും  തദനുസാരമായ ജീവിതക്രമങ്ങളും ദാറുല്‍ അര്‍ഖമെന്ന സ്വകാര്യ സങ്കേതത്തില്‍ വെച്ചു തിരുമേനി അതീവ രഹസ്യമായി സത്യാന്വേഷികളെ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍, സ്വന്തം വസതിയുടെ ഉള്ളറകളിലും ഉമ്മറത്തും കൊച്ചു ഫാത്വിമ 'ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ്' എന്ന് ഉച്ചത്തിലും ഈണത്തിലും ചൊല്ലി നടന്നു. പരസ്യമായി പായ നിവര്‍ത്തി നമസ്‌കരിച്ചു. ഈ വിശുദ്ധ വാക്യത്തിന് ആ ഇളം ചുണ്ടുകളാണ് ആദ്യമായി ഈണം പകര്‍ന്നതും അതിനെ മധുര മനോഞ്ജമായി ആലപിച്ചതും. സാധാരണ ഗതിയില്‍ 'ജമല്‍' 'ജബല്‍' 'റംല്' 'തംറ്' എന്നൊക്കെ ഉരുവിട്ട് നടക്കേണ്ട കുഞ്ഞുഫാത്വിമയുടെ നാവില്‍ പ്രഥമമായി പൂത്തത് അല്ലാഹു, റസൂല്‍, ജിബ്രീല്‍, ഖുര്‍ആന്‍, സ്വലാത്ത് തുടങ്ങിയ ഇസ്‌ലാമികാദര്‍ശത്തിന് ഏറെ പ്രിയങ്കരങ്ങളായ മൗലിക സംജ്ഞകള്‍ ആയിരുന്നു. ജിബ്രീല്‍ പലപ്പോഴും അവളുടെ പരിസരങ്ങളില്‍ തന്നെ ഉണ്ടായിരുന്നു. 
വലിയ നിരീക്ഷണ ധിഷണയായിരുന്നു ഫാത്വിമക്ക്. തന്റെ മാതാപിതാക്കള്‍ക്ക് ധാരാളം വിരോധികള്‍ ഉണ്ടെന്ന് അവള്‍ അറിഞ്ഞു. തരം കിട്ടിയാല്‍ അവര്‍ താനടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് അസഹനീയമായ പ്രയാസങ്ങളുണ്ടാക്കും എന്നും മനസ്സിലാക്കി. അവരാണ് തന്റെ വീടിന് മുന്നിലും, തങ്ങള്‍ നടക്കുന്ന വഴികളിലും വൃത്തികെട്ട മാലിന്യങ്ങള്‍ തൂവുന്നത്. അവരില്‍ പലരും അടുത്ത ബന്ധുക്കളും, എല്ലാവരും തൊട്ട അയല്‍വാസികളും ആണല്ലോ എന്നോര്‍ക്കുമ്പോള്‍, ആ കുരുന്നു മനസ്സില്‍ വല്ലാത്തൊരു ഈര്‍ഷ്യയുണരും. 
ഫാത്വിമ വളരുകയായിരുന്നു. ആദ്യമാദ്യം പിതാവ്, മാലിന്യങ്ങള്‍ സ്വയം നീക്കം ചെയ്ത് പരിസരം വൃത്തിയാക്കുമ്പോള്‍ ഫാത്വിമ കണ്ടു നില്‍ക്കുക മാത്രം ചെയ്തു. പിന്നീട് ആ ജോലി സ്വയം ഏറ്റെടുത്തു. തുടര്‍ന്ന് എല്ലാ പുലര്‍കാലങ്ങളിലും അതൊരു മുറതെറ്റാത്ത ദുഃഖക്കാഴ്ചയായി.
പിതാവിനു മേല്‍ സദാ ഉണര്‍ന്നിരിക്കുന്ന ഒരു കണ്ണുണ്ടാവണമെന്ന് മറ്റാരേക്കാളും ഫാത്വിമക്ക് അറിയാമായിരുന്നു. മാത്രമല്ല മാതാവ് അത് ഓര്‍മിപ്പിക്കുകയും ചെയ്യും. അദ്ദേഹം പുറത്തേക്ക് പോകുമ്പോള്‍ കൂടെ ഇറങ്ങാന്‍ ഉമ്മ ആംഗ്യം കാട്ടും. തിരിച്ചു വന്നാല്‍ അവര്‍ വിശേഷങ്ങള്‍ തേടും.
നമസ്‌കാരമാണ് ബഹുദൈവാരാധകരെ വല്ലാതെ പ്രകോപിതരാക്കുന്ന പ്രവൃത്തി. നമസ്‌കരിക്കുന്നവരുടെ മുന്നിലും മേനിയിലും മാലിന്യങ്ങള്‍ വിതറാന്‍ അവര്‍ അവസരം പാര്‍ത്തു നിന്നു. സാഷ്ടാംഗം നമിക്കവെ തിരുമേനിയുടെ മേനിയില്‍ പലതവണ അബൂജഹ്ല്‍ ആടിന്റെ കുടല്‍മാലകള്‍ കൊണ്ടുവന്നിട്ടു. അതെല്ലാം ഫാത്വിമ വൃത്തിയാക്കിക്കൊടുത്തു. 
ഒരു ദിവസം അബൂജഹ്ല്‍ കൂട്ടുകാരോട് പറഞ്ഞു: 'ആടിന്റെ കുടല്‍മാലകള്‍ കൊണ്ടൊന്നും മുഹമ്മദിനു ഒരു കൂസലുമില്ല. നാളെ, അയാള്‍ നമസ്‌കരിക്കുമ്പോള്‍ വലിയ ഒരൊട്ടകത്തിന്റെ ചീഞ്ഞ കുടല്‍മാല കഴുത്തില്‍ ഇട്ടു കൊടുക്കാന്‍ ആര്‍ക്ക് സാധിക്കും?'
ഉഖ്ബ ബ്‌നു അബീമുഗൈത്ത് ഉടനെ പറഞ്ഞു:
'നാളെ നിങ്ങള്‍ക്കത് ഞാന്‍ കാണിച്ചുതരാം.'
പിറ്റേ ദിവസം ആ അവിവേകി അത് ചെയ്തു. ലോകത്ത് അതിനുമുമ്പ് ആരും ആര്‍ക്കെതിരെയും ചെയ്തിട്ടില്ലാത്ത ഹീനകൃത്യം. വിവരമറിഞ്ഞ് ഒന്‍പതുകാരി ഫാത്വിമ ഓടി അണയുമ്പോള്‍ തിരുമേനി ശിരസ്സനക്കാന്‍ ആവാതെ വിഷമിക്കുകയും, ആ കാഴ്ചയില്‍ രസിച്ച് ആ കൊടും ദ്രോഹികള്‍ കൈകൊട്ടി ചിരിക്കുകയുമായിരുന്നു. തിരുമേനിയുടെ പിരടിയില്‍നിന്ന് പതുക്കെ പതുക്കെ ആ ഭാരിച്ച കുടല്‍മാല നീക്കിനീക്കി അവരുടെ മുന്നിലേക്കിട്ടശേഷം, ഫാത്വിമ അവര്‍ക്കെതിരില്‍ ഒരു തീനാളമായി ജ്വലിച്ചുനിന്നു. ധീരയായ ആ  ബാലിക കഠിന ദുഃഖം കൊണ്ട് കരയുകയും ഉഗ്രകോപം കൊണ്ട് വിറക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഫാത്വിമ, ഈ തോന്നിവാസം കാണിച്ച കശ്മലന്മാരോട് കണക്ക് തീര്‍ത്തു പറഞ്ഞു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. 
ഇങ്ങനെ തിരുമേനിയുടെ ജീവിത പരിസരങ്ങളില്‍ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിര്‍വഹിച്ചുകൊടുത്തുകൊണ്ട് ഫാത്വിമ സദാ നിറഞ്ഞുനിന്നു. അപ്പോള്‍  തിരുമേനി അനുഭവിച്ചത് ഒരു മകളുടെ സ്‌നേഹവായ്പ് മാത്രമായിരുന്നില്ല. മറിച്ച് വത്സലയായ ഒരു മാതാവിന്റെ സശ്രദ്ധമായ സ്‌നേഹസാന്നിധ്യം കൂടിയായിരുന്നു. അതിനാല്‍ തിരുമേനി തന്റെ സ്‌നേഹവൃത്തങ്ങളില്‍ പറഞ്ഞു: 'ഫാത്വിമ ഉമ്മു അബീഹാ' (ഫാത്വിമ അവളുടെ ഉപ്പാന്റെ 'ഉമ്മ' കൂടിയത്രെ). ഇത് അവരുടെ ഏറ്റവും  പ്രശസ്തമായ  ഓമനപ്പേരുകളില്‍ ഒന്നായി രേഖപ്പെടുകയും ചെയ്തു.
സഹോദരി റുഖിയ്യയുടെ അബ്‌സീനിയന്‍ പലായനം അസഹനീയമായ നോവാണ് ഫാത്വിമക്ക് സമ്മാനിച്ചത്. അതോടെ ആ സഹോദരികളുടെ കരളുകളും കുടുംബവും ജീവിതവും ശിഥിലമാവുകയായിരുന്നുവല്ലോ.
ഫാത്വിമയുടെ ജീവിതത്തിലെ ഗുരുതര സഹനത്തിന്റെ സമയം മൂന്നു വര്‍ഷം നീണ്ടുനിന്ന ഖുറൈശികളുടെ ബഹിഷ്‌കരണ നാളുകളായിരുന്നു. ഭക്ഷണം പോയിട്ട് ആവശ്യത്തിന് കുടിവെള്ളം പോലും ലഭിക്കാതിരുന്ന ആ കറുത്ത കാലത്ത് ഫാത്വിമയുടെ കവിളുകളുടെ തെളിച്ചം കെട്ടു. ഉടലാകെ മെലിഞ്ഞിരുണ്ടു. സഹ  ബഹിഷ്‌കൃതര്‍ക്ക് സേവനങ്ങള്‍ അര്‍പ്പിച്ചു തളര്‍ന്നു. ഉമ്മ ഖദീജക്ക് നടക്കാന്‍ പോലും പ്രയാസമായി. എങ്കിലും അവര്‍ തിരുമേനിയെ പിരിയാന്‍ കൂട്ടാക്കിയില്ല. തരം കിട്ടിയാല്‍ ശത്രുക്കള്‍ തിരുമേനിയെ വധിക്കും എന്ന് അവര്‍ ഭയന്നു. അബൂത്വാലിബിനെയും ഈ ആശങ്ക വല്ലാതെ പിടികൂടിയിരുന്നു. ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയത് തന്നെ തിരുമേനിയെ വധിക്കാന്‍ വിട്ടുകിട്ടാന്‍ ആയിരുന്നുവല്ലോ. അതിനാല്‍ ഓരോ രാത്രിയിലും അദ്ദേഹം തിരുമേനിയെ സ്ഥലംമാറ്റി കിടത്തിയിരുന്നു. 
ഉപരോധം അവസാനിച്ച് വീടണയുമ്പോള്‍ ഖദീജ തീരെ അവശയായിരുന്നു. താമസിയാതെ റസൂലിനോടൊപ്പം മനുഷ്യമോചനത്തിനായി സ്വജീവിതം സര്‍വഥാ സമര്‍പ്പിച്ച ആ തിരിനാളം അണഞ്ഞുപോവുകയും ചെയ്തു. മൂന്നു ദിവസം മുമ്പ്  അബൂത്വാലിബും മരണപ്പെട്ടുപോയിരുന്നു.
അബൂത്വാലിബിന്റെയും ഖദീജയുടെയും വേര്‍പാടുകള്‍ക്കു ശേഷമുള്ള മൂന്നു തുടര്‍ വര്‍ഷങ്ങളില്‍ തിരുമേനിയും സഖാക്കളും കടുത്ത പീഢനങ്ങള്‍ അനുഭവിക്കേണ്ടിവന്നു. ഒരു അവിവേകി തിരുമേനിയുടെ ശിരസ്സില്‍ മണ്ണു വാരിയിടുക പോലും ചെയ്തു. കണ്ണീരോടെ ഫാത്വിമ ശിരസ്സ് വൃത്തിയാക്കിക്കൊടുക്കെ, തിരുമേനി മകളുടെ തുളുമ്പുന്ന കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു: 'മോള് ഒട്ടും വിഷമിക്കരുത്. മോളുടെ പിതാവിനെ അല്ലാഹു രക്ഷിക്കും.' അന്നേരം, നിശാ പ്രയാണത്തിലൂടെ തന്റെ ആകാശ സാമ്രാജ്യങ്ങളും സ്വര്‍ഗനരകങ്ങളും കാണിച്ചുകൊടുത്തുകൊണ്ട് മനുഷ്യന്റെ ഐഹികാധികാരങ്ങളുടെ  നിസ്സാരത റസൂലിനെ ബോധ്യപ്പെടുത്തി സാന്ത്വനിപ്പിച്ച, വലിയവനായ അല്ലാഹുവിനെ മനസ്സില്‍ കണ്ട ഫാത്വിമയുടെ ചൊടികളില്‍ ഒരിളം പുഞ്ചിരി വിടര്‍ന്നു, അതിന്റെ പൊരുള് വായിച്ച പ്രവാചകന്‍ തന്റെ താല്‍ക്കാലിക ദുഃഖങ്ങള്‍ മറന്നു.
മദീനയിലെത്തിയ ശേഷം ഫാത്വിമക്ക് വിവാഹാലോചനകള്‍ വന്നുതുടങ്ങി. അബൂബക്‌റും ഉമറും കൂട്ടത്തിലുണ്ട്. അലിയുടെ താല്‍പര്യവും റസൂലിന് അറിയാം. തിരുമേനി ആരോടും സമ്മതം മൂളിയില്ല.  
ഹിജ്‌റ രണ്ടാം വര്‍ഷം, ബദ്‌റ് യുദ്ധം കഴിഞ്ഞ് രണ്ടാം മാസത്തിലൊരു നാള്‍ നബി തിരുമേനി തനിക്കേറെ പ്രിയപ്പെട്ട അനസിനെ വിളിച്ചുപറഞ്ഞു: 'അനസേ നീ അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്, സുബൈര്‍, ത്വല്‍ഹ, സഅദുബ്‌നു അബീവഖാസ്വ് എന്നിവരെ ഞാന്‍ ക്ഷണിക്കുന്നു എന്നു അറിയിക്കുക.' അന്‍സ്വാറുകളില്‍ പെട്ട കുറേ പേരെയും ക്ഷണിതാക്കളില്‍ ഉള്‍പ്പെടുത്തിയിരുന്നു. അവരെല്ലാം സന്നിഹിതരായപ്പോള്‍ തിരുമേനി പറഞ്ഞു: 'ഖദീജയുടെ പുത്രി ഫാത്വിമയെ എന്റെ പിതൃവ്യപുത്രനായ അലിക്കു വിവാഹം ചെയ്തു കൊടുക്കാനുള്ള ദൈവാഭിലാഷം വെളിപ്പെട്ടിരിക്കുന്നു.' തുടര്‍ന്ന് തിരുമേനി പ്രൗഢവും ഹ്രസ്വവുമായ ഒരു പ്രസംഗം ചെയ്തു. തിരുമേനി നിര്‍ദേശിച്ച എന്തോ ആവശ്യത്തിന് പുറത്തു പോയിരുന്ന അലി അപ്പോഴാണ് എത്തിയത്. നബി തിരുമേനി അലിയെ പുഞ്ചിരിയോടെ സ്വീകരിച്ചു. പിന്നെ തന്റെ വാക്കുകള്‍ ഒന്നുകൂടി ഇങ്ങനെ ആവര്‍ത്തിച്ചു: 'എന്റെ പുത്രി  ഫാത്വിമയെ നാനൂറ് മസ്ഖാല്‍ വെള്ളിക്ക് താങ്കള്‍ക്ക് വിവാഹം ചെയ്തു തരാന്‍ അല്ലാഹുവിന്റെ ഇംഗിതമുണ്ടായിരിക്കുന്നു. അതിനാല്‍ അലിക്ക് സമ്മതമാണെങ്കില്‍ ഞാനിതാ അദ്ദേഹത്തിന് ഫാത്വിമയെ വിവാഹം ചെയ്തു കൊടുക്കുന്നു, നിങ്ങള്‍ സാക്ഷ്യം വഹിച്ചാലും.'
'എനിക്ക്  ഇഷ്ടമാണ് തിരുമേനീ' - അലി ഉടനെ പറഞ്ഞു.
അലി ഏതാനും ദിവസം മുമ്പ് ഇതേ താല്‍പര്യവും മനസ്സില്‍ വെച്ചു തിരുമേനിയുടെ വീട്ടില്‍ ചെന്നിരുന്നു. കടുത്ത  ദാരിദ്ര്യം കാരണം സംസാരിച്ചു തുടങ്ങാന്‍ നാവ് അനങ്ങിയില്ല. എല്ലാം മനസ്സിലാക്കിയ തിരുമേനി ചോദിച്ചു: 'അലീ തന്റെ പക്കല്‍ വിവാഹ മൂല്യമായി വധുവിന് നല്‍കാന്‍ വല്ലതും ഉണ്ടോ?'
'ഇല്ല റസൂലേ.'
'അന്നു ഞാന്‍ തന്ന ആ 'ഹുത്വമിയ്യാ' പടയങ്കിയോ.'
(വിലകൂടിയതും വിശേഷപ്പെട്ടതുമായിരുന്നു ഹുത്വമിയ്യാ ഗോത്രക്കാര്‍ നിര്‍മിച്ചിരുന്ന അങ്കികള്‍).
'അതുണ്ട്.'
'എന്നാല്‍ അത് വിറ്റോളൂ.'
ആ പടയങ്കി അലി ഉസ്മാന് വിറ്റു. ഉസ്മാന്‍ പണം നല്‍കിയ ശേഷം, തന്റെ വക  വിവാഹസമ്മാനമായി അങ്കി തിരിച്ചുകൊടുക്കുകയും ചെയ്തു.
വിവാഹഭോജ്യങ്ങള്‍ ഒരുക്കാന്‍ ബിലാലിനോടും അസ്മാ ബിന്‍ത് ഉമൈസിനോടും തിരുമേനി ആവശ്യപ്പെട്ടു. ബിലാല്‍ ആടിനെ അറുത്തു. അസ്മാ ഇളം ഈന്തപ്പഴം കൊണ്ടൊരു ഭോജ്യവും ഗോതമ്പ്, ഉണക്കമുന്തിരി എന്നിവ ചേര്‍ത്ത് മറ്റൊരു ലളിത ഭക്ഷണവും തയാറാക്കി. 'ഇത്ര നല്ല ഒരു വിവാഹസദ്യ കഴിച്ചിട്ടില്ലെ'ന്ന് ജാബിര്‍. 'ഇതിനു മുമ്പ് ഇങ്ങനെയൊരു ഹൃദ്യമായ സല്‍ക്കാരം ഉണ്ടായിട്ടില്ല' എന്ന് അസ്മ. തിരുമേനിയുടെ മഹനീയ സാന്നിധ്യവും അവിടുത്തെ നേരിട്ടുള്ള സല്‍ക്കാരവും തന്നെയായിരിക്കില്ലേ ആ വിഭവങ്ങളുടെ ഏറ്റവും സ്വാദേറിയ രുചിക്കൂട്ട്! തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെയെല്ലാം സല്‍ക്കരിക്കാന്‍ തിരുമേനി പത്‌നിമാരെ ഓര്‍മിപ്പിച്ചു. ഇതിനുപുറമെ ഹംസ തന്റെ വകയായി ഒരു നല്ല സദ്യ ഒരുക്കിയിട്ടുമുണ്ടായിരുന്നു.
പുതുനാരിയെ ചമയിക്കാനും അറ ഒരുക്കാനുമുള്ള ചുമതല അസ്മ ബിന്‍ത് ഉമൈസ്, ആഇശ, ഉമ്മു ഐമന്‍ എന്നിവര്‍ക്കായിരുന്നു. രോമങ്ങള്‍ എഴുന്നുനില്‍ക്കുന്ന ഒരു വസ്ത്രം അവര്‍ മണവാട്ടിയെ ധരിപ്പിച്ചു. കിടക്കാന്‍ ഒരു കയറ്റു കട്ടിലും വിരിപ്പായി ആട്ടിന്‍തോലും, ഈന്തനാര് നിറച്ച തലയിണയും ഒരു തോല്‍പാത്രവും ഒരു കൂജയുമാണ് സജ്ജീകരണങ്ങളായി മുറിയിലുണ്ടായിരുന്നത്.
വിവാഹത്തോടനുബന്ധിച്ച് അലി ഒരു കൊച്ചു വീട് തരപ്പെടുത്തിയിരുന്നു. മദീനാ പള്ളിയില്‍നിന്ന് അല്‍പം അകലെയായിരുന്നു അത്. നബി തിരുമേനിക്ക് ഫാത്വിമയുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ ഈ ദൂരം അസൗകര്യമാകുന്നുണ്ടെന്ന് കണ്ടറിഞ്ഞ ഖസ്‌റജ് ഗോത്രക്കാരനായ ഹാരിസു ബ്‌നു നുഅ്മാന്‍, തിരുമേനിയുടെ വീടിനോട് തൊട്ടുതന്നെ നവ ദമ്പതികള്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിക്കൊടുത്തു. നബി തിരുമേനിയുടെ പത്‌നിമാര്‍ക്ക് വീട് വെക്കാനുള്ള സൗകര്യവും ഇദ്ദേഹം തന്നെയാണ് ചെയ്തുകൊടുത്തിരുന്നത്. 'നുഅ്മാന്റെ ഔദാര്യത്തിനു മുമ്പില്‍ താന്‍ ലജ്ജിതനാവുന്നു' എന്ന് തിരുമേനി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
അലിയുടെ കൂടെ മാതാവ് ഫാത്വിമ ബിന്‍ത് അസദും  ഉണ്ടായിരുന്നു. തിരുമേനിയുടെ വളര്‍ത്തു മാതാവായ ഇവര്‍ സല്‍ഗുണങ്ങളുടെ കേദാരമായിരുന്നു.
റസൂല്‍ തിരുമേനിയുടെ ആദ്യത്തെ രണ്ടു ജാമാതാക്കള്‍ സാമ്പത്തിക ശേഷിയുള്ളവരായിരുന്നുവെങ്കില്‍, വിവാഹവേളയില്‍ വളരെ ദരിദ്രനായിരുന്നു അലി. അതിനാല്‍ വീട്ടില്‍ വേലക്കാരികള്‍ ആരുമുണ്ടായിരുന്നില്ല. ജോലികള്‍ മൂന്നായി ഭാഗിച്ച് ഒരു ഭാഗം സ്വയം ചെയ്യുകയും മറ്റു രണ്ടു ഭാഗങ്ങള്‍ ഭാര്യക്കും മാതാവിനും ഇടയില്‍ വീതിച്ചുനല്‍കുകയും ചെയ്യേണ്ടിവന്നു അദ്ദേഹത്തിന്. ഒരു വേലക്കാരിക്കു വേണ്ടിയുള്ള ഫാത്വിമയുടെ അഭ്യര്‍ഥന സ്വീകരിക്കാന്‍ നബിതിരുമേനിക്ക് നിര്‍വാഹമുണ്ടായിരുന്നതുമില്ല. തന്റെ രാജ്യത്തിലെ പരമ ദരിദ്രനു തുല്യമായിരിക്കണം തന്റെ ജീവിത നിലവാരം എന്ന് തീവ്രമായി കാംക്ഷിക്കുന്നതു പോലെയായിരുന്നു പ്രവാചകന്റെ ജീവിതശൈലി. 
ആകെ പത്ത് വര്‍ഷത്തിലൊതുങ്ങിയ ദാമ്പത്യ ജീവിതം. അതിനിടയില്‍ അഞ്ചു പ്രസവങ്ങള്‍. മുതിര്‍ന്ന സന്താനങ്ങള്‍ തമ്മില്‍ ഒരു വയസ്സിന്റെ മാത്രം പ്രായാന്തരം. മറ്റു കുഞ്ഞുങ്ങളും ഏതാണ്ട് അതേ പരുവം. പിന്നെ, ദീര്‍ഘിച്ച ആരാധനകള്‍. തുടര്‍ച്ചയായ വ്രതാനുഷ്ഠാനങ്ങള്‍. വയറു വിസ്മരിച്ചുള്ള ദാനധര്‍മങ്ങള്‍.  
മുതിര്‍ന്ന മൂന്ന് കൂടപ്പിറപ്പുകളുടെയും, സഹോദരനായ ഇബ്‌റാഹീമും സ്വപുത്രനായ മുഹ്‌സിനും രണ്ടു സഹോദരീപുത്രന്മാരുമടക്കം നാലു കുഞ്ഞുങ്ങളുടെയും വേദനിപ്പിക്കുന്ന വേര്‍പാടുകള്‍. അവസാനം നബി തിരുമേനിയുടെ മഹച്ചരമം. കേവലം പത്ത് വര്‍ഷത്തിന്റെ ഉള്ളടക്കത്തില്‍ ഇവ ചേര്‍ത്തു വെക്കുമ്പോള്‍ ലഭിക്കുന്ന കദനഭരിതമായ ചിത്രം അവരുടെ അപാരമായ സഹനശേഷിയെക്കൂടിയാണ് വിളിച്ചോതുന്നത്. എങ്കിലും ഇസ്‌ലാമിക ജിഹാദിന്റെ മുഖത്ത് ഫാത്വിമ സദാ ഉണ്ടായിരുന്നു. ഉഹുദ് യുദ്ധഭൂമിയില്‍ പ്രിയതമനോടും പിതാവിനോടുമൊപ്പം അവരെത്തി. അവിടെ കൈമെയ് മറന്ന് ധീര സേവനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അവരുടെ കടിഞ്ഞൂല്‍ പ്രസവം കഴിഞ്ഞ് ഇരുപത്തി ഒന്ന് ദിവസം മാത്രമേ ആകുന്നുണ്ടായിരുന്നുള്ളു.  
നബിതിരുമേനിയുടെ പ്രവാചകത്വനിയോഗം മുതല്‍ അവിടുത്തെ വിയോഗം വരെ വേര്‍പിരിയാതെ ജീവിക്കാനും പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ സംബന്ധിക്കാനും അവസരം ലഭിച്ച ഏക സന്താനമാണ് ഫാത്വിമ. തിരുകുടുംബത്തിനു പിന്‍ തലമുറകളിലേക്ക് നീള്‍ച്ച ഉണ്ടാവുന്നത് ഫാത്വിമയിലൂടെ മാത്രമാണ്. മാത്രമല്ല, മനുഷ്യചരിത്രത്തിലെ ഏറ്റവും പുണ്യവതികളായ ആസ്യ, മര്‍യം, ഖദീജ തുടങ്ങിയവരുടെ ശ്രേണിയില്‍ മുന്തിയ ഇടമാണ് അവര്‍ക്കുള്ളത് എന്നു റസൂല്‍ തിരുമേനി ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നു. ഇതുകൊണ്ടെല്ലാം മറ്റാര്‍ക്കും അര്‍പ്പിക്കപ്പെടാത്ത സ്‌നേഹാദരവുകളാണ് ഫാത്വിമക്ക് എക്കാലവും മുസ്‌ലിം ലോകം നല്‍കിപ്പോരുന്നത്.
നബി തിരുമേനിയുടെ വിയോഗം ഫാത്വിമയെ അപാരമായ ദുഃഖത്തിലാഴ്ത്തി. സംസ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞെത്തിയ അനസിനോട് 'ആ തിരുശരീരത്തിലേക്ക് മണ്ണ് വാരിയിടാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിഞ്ഞു' എന്ന് അവര്‍ ബോധനിയന്ത്രണം വിട്ട് ചോദിക്കുന്നുണ്ട്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് അവര്‍ രോഗിണിയായി. ആ മരണം തന്നെയായിരുന്നു രോഗഹേതു. ആറു മാസത്തോളം ആതുരതകള്‍ അനുഭവിച്ചശേഷം അവര്‍ പരലോകത്തേക്ക് യാത്രയായി. അന്നവര്‍ക്ക് ഇരുപത്തിയെട്ടു വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഹസന്‍, ഹുസൈന്‍, സൈനബ്, ഉമ്മുകുല്‍സൂം, മുഹ്‌സിന്‍ എന്നിവരായിരുന്നു സന്താനങ്ങള്‍. മുഹ്‌സിന്‍ നേരത്തേ മരിച്ചു. മറ്റു നാലു പേരും ഇസ്‌ലാമിക ചരിത്രത്തില്‍ തനതായ സ്ഥാനം നേടിയിട്ടുള്ളവരാണ്. 
ഹസന്‍, അലിയുടെ വധത്തോടെ മുസ്‌ലിംകളുടെ ഖലീഫയായി പ്രഖ്യാപിക്കപ്പെട്ടു. സമാധാനപ്രിയനായ അദ്ദേഹം സ്ഥാനത്യാഗം ചെയ്തു മുആവിയക്ക് അധികാരം വിട്ടുകൊടുത്തു. നാല്‍പത്തി ഏഴാം വയസ്സില്‍ നിര്യാതനായി. ഭക്ഷണത്തില്‍ വിഷം കലര്‍ത്തപ്പെട്ടതായിരുന്നു കാരണം.
സത്യവിശ്വാസികളെ സംബന്ധിച്ചേടത്തോളം രക്തസാക്ഷിത്വം എന്ന പദം കേള്‍ക്കുന്ന മാത്രയില്‍ ഓര്‍മയില്‍ വരുന്നത് ഇമാം ഹുസൈനും കര്‍ബലയുമായിരിക്കും. കര്‍ബലയില്‍ ശഹീദാകുമ്പോള്‍ അമ്പത്തിനാല് വയസ്സായിരുന്നു പ്രായം.
സൈനബ് പാണ്ഡിത്യവും അധ്യാപന ശേഷിയും രാഷ്ട്രീയ സിദ്ധികളും തെളിയിച്ച ചരിത്ര വ്യക്തിത്വമാണ്. അബ്ദുല്ല ബ്‌നു ജ്അഫറുബ്‌നു അബീത്വാലിബ് ഇവരെ വിവാഹം ചെയ്തു. അമ്പത്തിയാറാം വയസ്സില്‍ നിര്യാതയായി. 
ഉമ്മുകുല്‍സൂം രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ഏറ്റവും പ്രായം കുറഞ്ഞ സഹധര്‍മിണി എന്ന നിലയില്‍ വിശ്രുതയാണ്. റസൂലിന്റെ ജീവിതത്തില്‍ ആഇശക്ക് ഉണ്ടായിരുന്ന സ്ഥാനമാണ് മഹാനായ ഉമറിന്റെ ജീവിതത്തില്‍ ഉമ്മു കുല്‍സൂമിനുണ്ടായിരുന്നത്. റുഖിയ്യ, സൈദ് എന്നിവരായിരുന്നു സന്താനങ്ങള്‍. ഉമറിന്റെ മരണശേഷം മൂന്നോ നാലോ തവണ പുനര്‍വിവാഹം ചെയ്യപ്പെട്ടുവെങ്കിലും ആ ബന്ധങ്ങളില്‍ ഒന്നിലും സന്താനങ്ങള്‍ ജനിച്ചില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top