പിതാവിന്റെ തണലില്‍

ഹുമൈറാ മൗദൂദി No image

ഒരു വലിയ ദൗത്യത്തിനു വേണ്ടി ദൈവം ആരെയെങ്കിലും നിയോഗിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ വളരെ ചെറുപ്പത്തില്‍തന്നെ ഏകാഗ്രതയോടെ ലക്ഷ്യസങ്കേതത്തിലേക്ക് പ്രയാണം ചെയ്യാനുള്ള കരുക്കളും തുടക്കത്തിലേ സജ്ജമാക്കിക്കൊടുക്കും. ഞങ്ങളുടെ പ്രിയപ്പെട്ട ഉപ്പ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി പ്രവാചക പരമ്പരയുമായി ബന്ധപ്പെട്ട ഒരു കുടുംബത്തിലെ കണ്ണിയായിരുന്നു. ആദ്യം അഫ്ഗാനിസ്താനിലെ ഹെറാത്തിലായിരുന്നു ആ കുടുംബം. പ്രപിതാമഹനായ ഖുത്വ്ബുദ്ദീന്‍ മൗദൂദി ചിശ്തി (1039-1133)യുടെ കാലത്ത് അവര്‍ ഇന്ത്യയില്‍ കുടിയേറുകയായിരുന്നു. ചിശ്തിയ്യ സൂഫീ സരണിയിലെ പ്രമുഖനായ ഒരു ശൈഖ് ആയിരുന്നു സയ്യിദ് ഖുത്വ്ബുദ്ദീന്‍. വിശുദ്ധ ഖുര്‍ആനോടും നബിചര്യയോടും പ്രതിബദ്ധത പുലര്‍ത്തുന്ന സൂഫി പരമ്പരയായിരുന്നു ചിശ്തിയ്യ സരണി. ഞങ്ങളുടെ പിതാമഹന്‍ സയ്യിദ് അഹ്മദ് ഹസന്‍ (1855-1920) ഉപജീവനമാര്‍ഗമായി സ്വീകരിച്ചത് അഭിഭാഷകവൃത്തിയായിരുന്നെങ്കിലും ദൈവഭക്തിയും ഭൗതിക വിരക്തിയുമായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതത്തില്‍ കവിഞ്ഞു നിന്നിരുന്നത്. അതിനാല്‍ വക്കീല്‍ പണിയില്‍ അധികസമയം അദ്ദേഹം മുഴുകാറില്ലായിരുന്നു. സത്യവും നീതിയുമുള്ള കേസുകള്‍ മാത്രമേ അദ്ദേഹം വാദിക്കാന്‍ ഏറ്റെടുക്കാറുണ്ടായിരുന്നുള്ളൂ.

വല്യുപ്പയുടെ സ്വാധീനം
വല്യുപ്പയുടെ ഈ വിരക്തിജീവിതകാലത്താണ് ഔറംഗാബാദി(ഇപ്പോള്‍ മഹാരാഷ്ട്ര)ലെ ദക്കനി പട്ടണത്തില്‍ 1903 സെപ്റ്റംബര്‍ 25-ാം തീയതി അബ്ബാജാന്‍(ഉപ്പ) ജനിക്കുന്നത്. വളര്‍ന്നതും അവിടെത്തന്നെ. അബ്ബാജാന്റെ വ്യക്തിത്വ രൂപീകരണത്തില്‍ വല്യുപ്പയുടെ ശിക്ഷണത്തിന് വലിയ പങ്കുണ്ടായിരുന്നു. ബാല്യത്തിലേ മകനെ അദ്ദേഹം മസ്ജിദിലേക്ക് കൂടെ കൂട്ടാറുണ്ടായിരുന്നു. അക്കാലത്തെ പണ്ഡിതസഭകളില്‍ പങ്കെടുക്കുമ്പോഴും മകനെ അദ്ദേഹം ഒപ്പം കൂട്ടും. ഖുര്‍ആനിലെ അധ്യായങ്ങള്‍ മനഃപാഠമാക്കിക്കുന്നതിലും ശ്രദ്ധിക്കാറുണ്ടായിരുന്നു. അറബി ഭാഷാഭ്യസനത്തിലും ശുദ്ധ ഉര്‍ദു സംസാരഭാഷ ശീലിപ്പിക്കുന്നതിലും വല്യുപ്പ പ്രത്യേകം ശ്രദ്ധവെച്ചു പോന്നു. ഉറങ്ങാന്‍ നേരത്ത് പ്രവാചകന്മാരുടെ കഥകള്‍ പറഞ്ഞുകൊടുക്കും. ഇസ്‌ലാമിക ചരിത്ര സംഭവങ്ങളും പുണ്യാത്മാക്കളുടെ ജീവചരിത്രവും വിവരിച്ചുകൊടുക്കും. അത്യന്തം ഹൃദ്യമായ ശൈലിയില്‍ ഇസ്‌ലാമിക വര്‍ണം ചാലിച്ച രസകരമായ പലതരം കഥകളിലൂടെ ഇസ്‌ലാമിക ആദര്‍ശവിശ്വാസങ്ങള്‍ മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കും. നടപ്പിലും ഇരിപ്പിലും സാധാരണ കൂടിച്ചേരലുകളിലുമെല്ലാം ഇസ്‌ലാമിക സംസ്‌കാരവും മര്യാദകളും മകനെ പഠിപ്പിക്കാന്‍ ശ്രദ്ധ പതിപ്പിച്ചുപോന്നു. ഉര്‍ദുഭാഷാ പ്രയോഗങ്ങളുടെ സുബദ്ധതയിലും വല്യുപ്പ സവിശേഷ ജാഗ്രത പുലര്‍ത്തുകയുണ്ടായി. അബ്ബാജാന്‍ പറയാറുണ്ടായിരുന്നു: 'എന്തെങ്കിലും മോശം പെരുമാറ്റം എന്നില്‍നിന്ന് പ്രകടമായാല്‍ പിതാവ് അപ്പോള്‍തന്നെ ചൂണ്ടിക്കാട്ടാറുണ്ടായിരുന്നു. ഒരിക്കല്‍ വേലക്കാരന്റെ കുട്ടിയെ തല്ലിയപ്പോള്‍ എന്നെയും അതുപോലെ തല്ലാന്‍ പിതാവ് അവനോട് നിര്‍ദേശിക്കുകയുണ്ടായി. അതെനിക്ക് വലിയൊരു പാഠമായി. ജീവിതത്തില്‍ ഒരിക്കലും മറ്റൊരാളുടെ നേരെ കൈയോങ്ങാതിരിക്കാന്‍ ആ സംഭവം നിമിത്തമായിത്തീര്‍ന്നു.'

മൗലാനാ നിയാസിയുടെ ശിഷ്യന്‍
മദ്‌റസയിലേക്ക് പറഞ്ഞയക്കുന്നതിനു മുമ്പ് വീട്ടില്‍ വെച്ചു തന്നെയായിരുന്നു അബ്ബാജാന്റെ വിദ്യാഭ്യാസം. അതേക്കുറിച്ചു ഒരിടത്ത് അദ്ദേഹം തന്നെ ഇങ്ങനെ എഴുതുകയുണ്ടായി:
''1300 വര്‍ഷത്തോളം ലൗകിക സുഖാഡംബരങ്ങളില്‍നിന്നൊക്കെ അകലം പാലിച്ച് മതസാരോപദേശങ്ങളില്‍ മുഴുകിയ ഒരു ആത്മീയ പരമ്പരയുമായിട്ടായിരുന്നു എന്റെ കുടുംബത്തിന്റെ ബന്ധം. ആ പരമ്പരയിലെ ഒരു പ്രശസ്ത ഗുരുവായിരുന്നു മൗലാനാ അബൂ അഹ്മദ് അബ്ദാല്‍ ചിശ്തി (ചരമം ക്രി. 965). ഹസ്രത്ത് ഇമാം ഹസന്റെ പുത്രന്‍ ഹസ്രത്ത് ഹസന്‍ മുസന്നയുടെ സന്താന പരമ്പരയില്‍ പെട്ട ആള്‍. ഖ്വാജ നാസിറുദ്ദീന്‍ അബൂയൂസുഫിന്റെ മുതിര്‍ന്ന പുത്രന്‍ ഖ്വാജ ഖുത്വ്ബുദ്ദീന്‍ മൗദൂദ് ചിശ്തിയിലാണ് മൗദൂദി കുടുംബത്തിന്റെ മൂല വേരുകള്‍ ചെന്നെത്തുന്നത്. മൗദൂദി കുടുംബത്തിന്റെ പൈതൃകം വഹിക്കുന്ന ഇദ്ദേഹമാണ് ഇന്ത്യയിലെ ചിശ്തീ പരമ്പരയുടെ ഗുരുഭൂതന്മാരുടെയെല്ലാം ഗുരു. അക്കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടും ഇംഗ്ലീഷ് സംസ്‌കാരത്തോടും മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായി നിലനിന്നിരുന്ന കഠിനമായ വെറുപ്പ് സുവിദിതമാണ്. ഞങ്ങളുടെ കുടുംബമാകട്ടെ ഈ വിഷയത്തില്‍ മുസ്‌ലിം ബഹുജനങ്ങളെ അപേക്ഷിച്ച് കുറേക്കൂടി മുന്‍പന്തിയിലായിരുന്നു. എന്തുകൊണ്ടെന്നാല്‍ മതം മാത്രമല്ല മതപരമായ നേതൃത്വം  എന്ന ഘടകം കൂടി ഇവിടെ ഉണ്ടായിരുന്നു. പിതാവിന്റെ ശിക്ഷണവും കര്‍മമാതൃകയും സ്വാധീനിച്ചതിനാല്‍ തുടക്കത്തിലേ എന്റെ മനോമസ്തിഷ്‌കങ്ങളില്‍ മതത്തിന്റെ മുദ്രകള്‍ ആഴത്തില്‍ പതിയുകയുണ്ടായി. ആദ്യ നാളുകളില്‍തന്നെ പിതാവ് ഉര്‍ദു-ഫാര്‍സി ഭാഷകളോടൊപ്പം അറബിയും ഫിഖ്ഹും ഹദീസും എന്നെ പഠിപ്പിച്ചു.''
പ്രശസ്തനായ തന്റെ അധ്യാപകനെ കുറിച്ച് അബ്ബാജാന്‍ എഴുതുന്നു:
''അക്കാലത്ത് ദല്‍ഹിയില്‍ മൗലാനാ അബ്ദുസ്സലാം നിയാസി സാഹിബ് (മ. 1954) തത്ത്വശാസ്ത്രത്തിലും തര്‍ക്കശാസ്ത്രം, ഗണിതം തുടങ്ങിയ ബൗദ്ധിക വിഷയങ്ങളിലും പ്രവീണനായിരുന്നു. അതീവ മധുരഭാഷിയായിരുന്നു അദ്ദേഹം. എത്ര കേട്ടാലും ആളുകള്‍ക്ക് അദ്ദേഹത്തിന്റെ സംസാരം മടുക്കുകയില്ല. അദ്ദേഹത്തിന്റെ ഭക്തനായിരുന്നു പിതാവ്. എന്റെ ചെറുപ്പത്തിലേ പിതാവ് അദ്ദേഹത്തോട് എന്നെ അറബി പഠിപ്പിക്കാന്‍ പറയാറുണ്ടായിരുന്നു. അങ്ങനെ ബാല്യത്തിലേ ഞാന്‍ അദ്ദേഹത്തിന്റെ ശിഷ്യനായി. അധ്യാപനത്തിന്റെ ഫീസിനെ കുറിച്ചു വളരെ പതുങ്ങിയ ശബ്ദത്തില്‍ പിതാവ് ആരാഞ്ഞപ്പോള്‍ 'ഞാന്‍ വിജ്ഞാനം വില്‍ക്കാറില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി (എന്തൊരു കാലമായിരുന്നു അത്! ഇന്ന് ട്യൂഷന്‍ സെന്ററുകളുടെ പേരില്‍ ഗല്ലികള്‍ തോറും അധ്യാപകര്‍ വിജ്ഞാനത്തിന്റെ വഴിവാണിഭക്കാരെപോലെ ഇരിക്കുകയാണല്ലോ). അദ്ദേഹം അധ്യാപനത്തിന് ഫീസൊന്നും വാങ്ങാറില്ലായിരുന്നുവെന്ന് ചുരുക്കം. പില്‍ക്കാലത്ത് 'അല്‍ ജംഇയ്യത്ത്' പത്രം നടത്തുന്ന കാലത്ത് ചില കിതാബുകള്‍ പഠിക്കണമെന്നുണ്ടെന്ന് അദ്ദേഹത്തോട് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഉടനെ അപേക്ഷ അംഗീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'സ്വുബ്ഹ് ബാങ്ക് കൊടുക്കുന്ന നേരം എന്റെ വീട്ടില്‍ വരിക.' അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഞങ്ങളുടെ വീട്ടില്‍നിന്ന് ഏതാണ്ട് രണ്ടു കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു. തുര്‍ക്കുമാന്‍ ഗേറ്റിന് സമീപം എണ്ണവില്‍പനക്കാരുടെ ഗല്ലിയിലായിരുന്നു അദ്ദേഹത്തിന്റെ വീട്. സ്വുബ്ഹ് ബാങ്ക് കൊടുക്കുമ്പോള്‍തന്നെ കൃത്യമായി ഞാന്‍ അദ്ദേഹത്തിന്റെ വീട്ടുപടിവാതില്‍ക്കലെത്തും. ഏതെങ്കിലും ദിവസം പഠിപ്പിക്കാനുള്ള 'മൂഡ്' നഷ്ടപ്പെടുകയാണെങ്കില്‍ അകത്തുനിന്ന് തന്നെ വിളിച്ചുപറയും; 'ഭയീ സയ്യിദ് ബാദ്ഷാ, ഇന്ന് എന്തോ ഒരു താല്‍പര്യക്കുറവ് തോന്നുന്നു. അതുകൊണ്ട് നാളെ വരിക.'
''ഏതാണ്ട് ഇതേകാലത്തു തന്നെ ദല്‍ഹിയിലെ ഒരു ഫാക്ടറി ഉടമ മൗലാനാ അബ്ദുസ്സലാം നിയാസിയുടെ അടുത്ത് വന്ന് ഇങ്ങനെ പരാതിപ്പെടുകയുണ്ടായി: 'അങ്ങ് എല്ലാവരെയും പഠിപ്പിക്കുന്നു. എന്റെ കുട്ടികളെ മാത്രം പഠിപ്പിക്കുന്നില്ലല്ലോ.' അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'നിങ്ങളുടെ പയ്യന്മാരുടെ മണ്ടയില്‍ തലച്ചോറ് ഇല്ലെങ്കില്‍ എനിക്കെന്ത് ചെയ്യാന്‍ കഴിയും? ട്യൂഷന്‍ നല്‍കുന്നവരെ കൊണ്ട് പഠിപ്പിക്കാന്‍ നോക്കുക. എനിക്കവരെ പഠിപ്പിക്കാനാവില്ല.'
ചിശ്തീ സൂഫീ സരണിയുമായിട്ടായിരുന്നു മൗലാനാ അബ്ദുസ്സലാം നിയാസിയുടെ ബന്ധം. നിയാസ് അഹ്മദ് ബറേല്‍വി എന്ന ഒരു മഹാനുമായുള്ള ശിഷ്യബന്ധം പരിഗണിച്ചാണ് നിയാസി എന്ന പദം പേരോടൊപ്പം ചേര്‍ത്തിരിക്കുന്നത്. ആ ഗുരുവും ചിശ്തി പരമ്പരയാല്‍പെട്ട ആള് തന്നെ. ഞങ്ങളുടെ കുടുംബം ഇന്ത്യയിലെ ചിശ്തി പരമ്പരയുടെ മുന്‍ഗാമികളായതിനാല്‍ പ്രായാധിക്യവും ഗുരുപദവിയുമൊക്കെ ഉണ്ടായിട്ടും മൗലാനാ നിയാസി എന്നോട് വലിയ ബഹുമാനം പുലര്‍ത്തിയിരുന്നു. 'സയ്യിദ് ബാദ്ഷാ' എന്ന് വിളിച്ചാണ് അദ്ദേഹം എന്നെ അഭിസംബോധന ചെയ്തിരുന്നത്.''
1924-ലെ കഥയാണിത്. അബ്ബാജാന്‍ രാത്രിയുടെ മൂന്നാം യാമത്തില്‍ ഉറക്കമുണര്‍ന്ന് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ കാലം മുതലേയുള്ള ദല്‍ഹിയുടെ പുരാതനമായ പണ്ഡിറ്റ് തെരുവ് താണ്ടി മൗലാനാ നിയാസിയുടെ വീട്ടുപടിക്കലെത്തി വാതിലില്‍ മുട്ടിവിളിച്ച കാലത്തെ കഥ. അക്കാലത്ത് ഇന്ത്യയില്‍ ദര്‍ശനം, തര്‍ക്കശാസ്ത്രം, ഗണിതം തുടങ്ങിയ ബൗദ്ധിക വിഷയങ്ങളിലും അറബി സാഹിത്യത്തിലും മൗലാനാ നിയാസിക്ക് സമശീര്‍ഷനായി ആരുമുണ്ടായിരുന്നില്ല എന്നാണു പറയപ്പെടുന്നത്. അദ്ദേഹമൊരു സ്വതന്ത്ര ബുദ്ധിയായിരുന്നു. ജീവിതകാലം മുഴുവന്‍ ഒരാളെയും ആശ്രയിക്കുകയുണ്ടായില്ല. ആര്‍ക്കു കീഴിലും ജോലി ചെയ്യുകയുണ്ടായില്ല. അത്തര്‍ നിര്‍മിച്ച് വിറ്റായിരുന്നു ഉപജീവനം. ഖാന്‍ഗാഹുകളി(സൂഫീ മഠങ്ങള്‍)ല്‍ ചെന്ന് ഖവാലികള്‍ കേള്‍ക്കാറുണ്ടായിരുന്നു. അധ്യാപനത്തിന് പ്രതിഫലമൊന്നും കൈപ്പറ്റിയിരുന്നില്ല. ദയൂബന്ദിലോ നദ്‌വത്തുല്‍ ഉലമായിലോ മസാഹിറുല്‍ ഉലൂം മദ്‌റസയിലോ, വല്യുപ്പയുടെ മരണം മൂലം അലീഗഢിലോ വിദ്യാഭ്യാസം ചെയ്യാന്‍ അവസരം ലഭിക്കാത്ത അബ്ബാജാന്റെ പഠനശിക്ഷണങ്ങള്‍ക്ക് അല്ലാഹു വഴിയൊരുക്കിക്കൊടുത്തത് ആരെയും ആശ്രയിക്കാതെ കഴിയുന്ന പ്രതിഭാധനനായ ഈ അധ്യാപകനെയാണ്. ഏതെങ്കിലും ദാറുല്‍ ഉലൂമുമായി ബന്ധമില്ലെന്നും ഏതെങ്കിലും യൂനിവേഴ്‌സിറ്റി ബിരുദമില്ലെന്നുമുള്ള കാരണത്താല്‍ അബ്ബാജാനെ മതപണ്ഡിതനായി അംഗീകരിക്കാന്‍ കൂട്ടാക്കാത്ത പല മതപണ്ഡിതന്മാരുമുണ്ട്. എന്നാല്‍ ഇന്ന് അല്ലാഹുവിന്റെ 'ഖുദ്‌റത്തി'നാല്‍ ലോകത്തെ എത്രയോ വലിയ വലിയ യൂനിവേഴ്‌സിറ്റികളില്‍ അദ്ദേഹത്തിന്റെ കൃതികളെയും ചിന്തയെയും തദടിസ്ഥാനത്തില്‍ നിലവില്‍വന്ന പ്രസ്ഥാനത്തെയുമെല്ലാം കുറിച്ചു ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും ഗവേഷണപ്രബന്ധങ്ങള്‍ രചിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.
പാകിസ്താന്‍ നിലവില്‍വന്ന ശേഷം മൗലാനാ അബ്ദുസ്സലാം നിയാസിയുടെ ദല്‍ഹിനിവാസിയായ ഒരു ശിഷ്യന്‍ പാകിസ്താനിലേക്ക് വരാന്‍ ആഗ്രഹിച്ചു. അവസാന കൂടിക്കാഴ്ചക്കായി നിയാസിയുടെ അടുത്ത് വന്ന ശിഷ്യന്‍ താന്‍ ലാഹോറിലേക്ക് പോവുകയാണെന്ന വിവരം അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ നിയാസി അയാളോട് പറഞ്ഞു:
''ലാഹോറില്‍ പോവുകയാണെങ്കില്‍ അവിടെ എന്റെ രണ്ടു ശിഷ്യന്മാരുണ്ട്. സയ്യിദ് അബുല്‍ ഖൈര്‍ മൗദൂദി(1899-1979)യും സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയും. തീര്‍ച്ചയായും അവരെ രണ്ടു പേരെയും ചെന്ന് കാണണം. ആദ്യം ചെറിയ ആളെ സന്ദര്‍ശിക്കുക. പിന്നീട് മുതിര്‍ന്ന ആളെയും. അതിനു ശേഷം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്യത്തിന്റെ ആശയങ്ങളെ കുറിച്ച് ചിന്തിക്കണം.''
മൗലാനാ സിയാസിയുടെ സംസാരരീതി അങ്ങനെയാണ്.
ഇനി വരൂ, ആ വീട്ടില്‍ താമസിക്കുന്നത് എങ്ങനെയുള്ള ആളാണെന്ന് നോക്കാം. ആ വ്യക്തിത്വത്തെകുറിച്ച് അക്കാലത്തെ ഒരു മഹാപുരുഷന്‍ പറഞ്ഞ മുകളില്‍ ഉദ്ധരിച്ച വാക്കുകള്‍ അല്ലാമാ ഇഖ്ബാലിന്റെ താഴെ കൊടുത്ത കവിതയുമായി ചേര്‍ത്തുവായിച്ചുനോക്കുക:
ഹര്‍ ലഹ്‌സെ മെ മൂമിന്‍ കീ നയീ ശാന്‍ നയീ ആന്‍
ഗിഫ്താര്‍മെ, കര്‍ദാര്‍മെ, അല്ലാഹ് കീ ബുര്‍ഹാന്‍ 
യഹ് റാസ് കിസീ കൂ നഹീ മഅ്‌ലൂം കെ മൂമിന്‍
ഖാരീ നസ്ര്‍ ആതാഹെ ഹഖീഖത്ത് മെ ഹെ ഖുര്‍ആന്‍
(വിശ്വാസി ഓരോ നിമിഷത്തിലും 
പ്രൗഢിയിലും സ്വഭാവത്തിലും
നവം നവം
സംസാരത്തിലും സ്വഭാവത്തിലും 
ദൈവത്തിന്റെ ദൃഷ്ടാന്തം
വിശ്വാസി യഥാര്‍ഥത്തില്‍ ഖുര്‍ആന്‍ വായിക്കുന്നവനാണ്
അവനില്‍ കാണാം വിശ്വാസിയെ
ആരറിയുന്നീ രഹസ്യം?)

ശുദ്ധിപ്രസ്ഥാനവും അല്‍ജിഹാദും
1926 ഡിസംബര്‍ അവസാന ദിനങ്ങളിലൊന്നില്‍ 'ശുദ്ധി പ്രസ്ഥാന' സ്ഥാപകനായ സ്വാമി ശ്രദ്ധാനന്ദ ഒരു മുസ്‌ലിമിന്റെ (ഖാസി അബ്ദുര്‍റശീദ്) കൈകളാല്‍ വധിക്കപ്പെട്ടു. ഈ വധത്തെത്തുടര്‍ന്ന് ചില ഹൈന്ദവ സഹോദരങ്ങള്‍ ഇസ്‌ലാം രക്തം ചിന്താന്‍ പഠിപ്പിക്കുന്ന മതമാണെന്ന ദുഷ്പ്രചാരവേലയുടെ ഒരു പ്രളയം തന്നെ സൃഷ്ടിച്ചു. 'ഇസ്‌ലാമില്‍ കാര്യം തീര്‍പ്പാക്കുന്നത് മുമ്പും വാളാണ്, ഇപ്പോഴും വാള്‍ തന്നെ'യെന്ന് ഗാന്ധിജി (ചരമം 1948) പോലും പറയുകയുണ്ടായി.
ഈ സംഭവത്തെ കുറിച്ച് അബ്ബാജാന്‍ എഴുതുന്നു: ''കുറേകാലം ഈ ഒച്ചപ്പാടുകള്‍ തുടര്‍ന്നു. അങ്ങനെ മൗലാനാ മുഹമ്മദലി (ചരമം 4 ജനു. 1931) അതില്‍ മനംനൊന്ത് ദല്‍ഹിയിലെ ജുമാ മസ്ജിദില്‍ ജുമുഅ ഖുത്വ്ബ നിര്‍വഹിക്കെ കണ്ണീരോടെ പറഞ്ഞു: 'അല്ലാഹുവിന്റെ ഏതെങ്കിലുമൊരു ദാസന്‍ ഈ ആരോപണങ്ങള്‍ക്കൊക്കെ മറുപടി പറഞ്ഞുകൊണ്ട് ജിഹാദിന്റെ സാക്ഷാല്‍ വിഭാവന അവതരിപ്പിക്കുന്ന വിശദമായൊരു ഗ്രന്ഥം രചിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകന്നു.' ഈ ഖുത്വ്ബ ശ്രോതാക്കളില്‍ ഞാനുമുണ്ടായിരുന്നു. അവിടന്ന് എഴുന്നേറ്റ് ജുമാ മസ്ജിദിന്റെ പടവുകള്‍ ഇറങ്ങിവരവെ ഞാന്‍ ആലോചിച്ചു; ദൈവനാമത്തില്‍ ആ ശ്രമം എന്തുകൊണ്ട് എനിക്ക് തന്നെ ഏറ്റെടുത്തുകൂടാ?''
1927-ല്‍ 'ഇസ്‌ലാമിലെ ജിഹാദ്' (അല്‍ ജിഹാദ് ഫില്‍ ഇസ്‌ലാം) എന്ന ശീര്‍ഷകത്തില്‍ ദല്‍ഹിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'അല്‍ ജംഇയ്യത്ത്' പത്രത്തില്‍ അബ്ബാജാന്‍ ഒരു ലേഖന പരമ്പര ആരംഭിച്ചു. പത്രത്തിന്റെ താളുകള്‍ അതിന് മതിയാകാതെ വന്നപ്പോള്‍ ആ വിഷയം പ്രതിപാദിച്ചുകൊണ്ട് പ്രത്യേകം ഒരു പുസ്തകം തന്നെ എഴുതി. അന്ന് അബ്ബാജാന്ന് 24 വയസ്സ്. ആ കൃതിയില്‍ ജിഹാദിന്റെ സാക്ഷാല്‍ രൂപവും പ്രാധാന്യവും അബ്ബാജാന്‍ ആഴത്തില്‍ പഠിച്ചു പ്രതിപാദിക്കുകയുണ്ടായി.1 ഇസ്‌ലാമിക ജിഹാദ് എന്നാല്‍ സത്യവും നീതിയും സ്ഥാപിക്കാന്‍ ദൈവിക മാര്‍ഗത്തിലുള്ള സുഭദ്രവും സുസംഘടിതവും നിസ്തന്ദ്രവുമായ പരിശ്രമമാണെന്ന് അതിലദ്ദേഹം ഖണ്ഡിതമായി സ്ഥാപിച്ചു. അതൊരിക്കലും അക്രമാസക്തവും നീതിരഹിതവുമായ കൊലയും കൊള്ളയുമല്ല. പീഡിതര്‍ക്കു വേണ്ടിയുള്ള പ്രതിരോധമാണത്. നിഗൂഢമായ വിധ്വംസക പ്രവര്‍ത്തനമല്ല. പുരോഗതിക്കും നാഗരിക നിര്‍മാണത്തിനും വേണ്ടിയുള്ള പരമമായ പരിശ്രമത്തിന്റെ പേരാണ് ജിഹാദ്. ഭൂമി വെട്ടിപ്പിടിക്കാനുള്ള പ്രസ്ഥാനമല്ല. യുദ്ധത്തിന്റെയും സമാധാനത്തിന്റെയും ഇസ്‌ലാമിക നിയമമാണ്. ഒരു ഇസ്‌ലാമിക മുജാഹിദ് ശത്രുക്കളുടെ പോലും സംരക്ഷകനും അഭയ ദാതാവുമായി അന്യദേശത്ത് കാലെടുത്തുവെക്കും. തടവുകാരോട് അവന്‍ മനുഷ്യത്വപരമായി പെരുമാറും. സ്ത്രീകളുടെയും കുട്ടികളുടെയും വൃദ്ധജനങ്ങളുടെയും രോഗികളുടെയും മേല്‍ കൈവെക്കുകയില്ല. ആരാധനാലയങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കും.
ഇസ്‌ലാമിക ജിഹാദിന്റെ ഈ ശരിയായ സങ്കല്‍പനം, പുരോഗമനവാദികളും സംസ്‌കാരസമ്പന്നരുമെന്നവകാശപ്പെടുന്ന ഇക്കാലത്തെ ഇസ്‌ലാമേതര ശക്തികള്‍ക്ക് ഇപ്രകാരം മനുഷ്യത്വത്തെ മാനിക്കേണ്ടതിന്റെയും സംസ്‌കാരത്തിന്റെയും പാഠങ്ങള്‍ ചൊല്ലിക്കൊടുക്കുന്നു; കഴിഞ്ഞ കാലത്തെ വന്‍ നാഗരിക ശക്തികള്‍ക്ക് മനുഷ്യത്വത്തിന്റെ പാഠം ചൊല്ലിക്കൊടുത്ത പോലെത്തന്നെ. ജനീവ കണ്‍വെന്‍ഷനും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലുമൊക്കെ യുദ്ധത്തെയും സമാധാനത്തെയും കുറിച്ച് എന്തെല്ലാം പരിഷ്‌കൃത നിയമങ്ങള്‍ ആവിഷ്‌കരിച്ചോ അതൊക്കെയും ഇസ്‌ലാമിക ജിഹാദിന്റെ തത്ത്വങ്ങളില്‍നിന്ന് എടുത്തതാണെന്നതാണ് യാഥാര്‍ഥ്യം.
ജൂതന്മാരും ക്രൈസ്തവരും ഹൈന്ദവരുമെല്ലാം ഇസ്‌ലാമിക ജിഹാദിനെതിരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആക്രാമികവും നിഷേധാത്മകവുമായ ദുഷ്പ്രചാരണങ്ങള്‍ക്കൊക്കെ ഈ കൃതി ചുട്ട മറുപടി നല്‍കുന്നുണ്ട്. യഥാര്‍ഥത്തില്‍ ഈ വിഷയം കഴിഞ്ഞ കാലത്ത് ചര്‍ച്ചാവിഷയമായ പോലെത്തന്നെ ഇക്കാലത്തും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഖേദകരമെന്നു പറയട്ടെ, അതിന്റെ യഥാര്‍ഥ രൂപം മുസ്‌ലിംകളുടെയും അമുസ്‌ലിംകളുടെയും ദൃഷ്ടികളില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. 'അല്‍ ജിഹാദ് ഫില്‍ ഇസ്‌ലാം' ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട് പൊതുജനമധ്യേ എത്തിയതോടെ അല്ലാമാ ഇഖ്ബാല്‍ അത് വായിച്ചിട്ട് ഇപ്രകാരം പറയുകയുണ്ടായി: 'ഇസ്‌ലാമിന്റെ ജിഹാദ് സിദ്ധാന്തത്തെയും യുദ്ധ-സന്ധി നിയമങ്ങളെയും കുറിച്ചുള്ള ഏറ്റവും മികച്ച രചനയാണിത്. ഇത് വായിക്കണമെന്ന് എല്ലാ പണ്ഡിതന്മാരോടും ഞാന്‍ നിര്‍ദേശിക്കുകയാണ്.' ഇതേ പുസ്തകം തന്നെയാണ് അതുല്യ ദാര്‍ശികനും കവിയും ഇസ്‌ലാമിക ചിന്തകനുമായ ഡോ. മുഹമ്മദ് ഇഖ്ബാലും അബ്ബാജാനും പരസ്പരം പരിചയപ്പെടാന്‍ കാരണമായതും. എത്രത്തോളമെന്നാല്‍ അത് അബ്ബാജാനെ ഇഖ്ബാല്‍ 1937-ല്‍ ലാഹോറിലേക്ക് ക്ഷണിച്ചു വരുത്തുന്നിടത്തോളമെത്തി. ഏകാഗ്രതയോടെ ജിഹാദിന്റെയും ഇജ്തിഹാദി(മതഗവേഷണ)ന്റെയും ഇതര വൈജ്ഞാനിക ശിക്ഷണങ്ങളുടെയും കര്‍മപദ്ധതി മുന്നോട്ടുകൊണ്ടു പോകുന്നതിനെകുറിച്ച് ഒന്നിച്ചിരുന്ന് ശാന്തമായി ആലോചിക്കാനായിരുന്നു ഈ ക്ഷണം. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. അടുത്ത വര്‍ഷം 1938 ഏപ്രില്‍ 21-ന് ഇഖ്ബാല്‍ നിര്യാതനായി. അദ്ദേഹത്തിന്റെ വിടവ് നികത്താന്‍ വിധി തെരഞ്ഞെടുത്തത് അബ്ബാജാനെയായിരുന്നു. ട

വിവര്‍ത്തനം: വി.എ.കെ


1. പ്രസാധനം, ദാറുല്‍ മുസ്വന്നിഫീന്‍, അഅ്‌സംഗഢ്, പ്രഥമ പതിപ്പ് 1930
2. ഇഖ്ബാലിന്റെ മകന്‍ ജാവേദ് ഇഖ്ബാലിന്റെ 'സിന്ദെ റൂദ്' 3-ാം ഭാഗം, പേ: 613; 'ഖുത്വൂത്വെ മൗദൂദി' (മൗദൂദിയുടെ കത്തുകള്‍), നിയാസ് അലിഖാന് എഴുതിയ കത്ത്, പേ: 41-54, സയ്യിദ് നദീര്‍ നിയാസിക്ക് എഴുതിയ കത്ത്, പേ: 180-192, എഡിറ്റര്‍: റഫീഉദ്ദീന്‍ ഹാശിമി, സലീം മന്‍സൂര്‍ ഖാലിദ്; ആബാദ് ഷാപൂരി, താരീഖ ജമാഅത്തെ ഇസ്‌ലാമി 1-ാം ഭാഗം; അസദ് ഗീലാനി, ഇഖ്ബാല്‍, ദാറുല്‍ ഇസ്‌ലാം ഔര്‍ മൗദൂദി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top