മനുഷ്യാവകാശ ദിനങ്ങള്‍ ആചരിക്കും മുമ്പ്

വിജില No image

സമൂഹത്തില്‍ നിന്നു ബഹിഷ്‌കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് സാമൂഹിക പരിഷ്‌കര്‍ത്താക്കളായവര്‍ ഒരു കാലത്ത് മുന്നിട്ടിറങ്ങിയത്. അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും പൊയ്കയില്‍ അപ്പച്ചനും മക്തി തങ്ങളും സഹോദരന്‍ അയ്യപ്പനും പോരാടിയത് അതതു കാലത്തും അവരുടെ മതങ്ങളിലും നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെയായിരുന്നു. ഇത്തരം ആളുകളുടെ സംഘാടനവും കരുത്തും ആത്മാഭിമാനബോധവും വഴിയാണ് സഞ്ചാരസ്വാതന്ത്ര്യം പോലുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങള്‍  പോലും ലഭ്യമായത് എന്നത് വസ്തുതയാണ്.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ അടിമത്ത നിരോധവും സ്വാതന്ത്ര്യ പൂര്‍വ ഇന്ത്യയിലെ ഗവര്‍ണര്‍ ജനറലായിരുന്ന വില്യം ബെന്റിക്കിന്റെ സതി നിരോധവും നവോത്ഥാനത്തിന്റെ ഏടുകളില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന ചരിത്രമുദ്രകളാണ്. ഇപ്രകാരം അധികാരം ഉപയോഗിച്ച് കൊണ്ടുള്ള സാമൂഹികപരിഷ്‌കരണ നടപടികളിലൂടെ കേരളീയ നവോത്ഥാനത്തിന് ശക്തമായ അടിത്തറ പാകിയ ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താന്‍. ടിപ്പു സുല്‍ത്താന്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ച ഭൂപരിഷ്‌കരണ നടപടികളും മുലക്കരം, തലക്കരം പോലുള്ള അനാവശ്യ നികുതികള്‍ നിലനില്‍ക്കെ മേല്‍ജാതിക്കാരായ പുരുഷന്മാരുടെ നയന സുഖത്തിന് വേണ്ടി കീഴാള സ്ത്രീകള്‍ നിര്‍ബന്ധിതമായി മാറ് തുറന്നിട്ട് നടക്കുന്നതിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രത്യേക ഉത്തരവും സവര്‍ണ യാഥാസ്ഥിതികത്വത്തിന്റെ ഉറക്കം കെടുത്തിയിരുന്നുവെങ്കിലും കേരളീയ നവോത്ഥാനത്തെ ത്വരിതപ്പെടുത്തിയ ചില പ്രാരംഭപ്രവര്‍ത്തനങ്ങളായിരുന്നു. 150 വര്‍ഷം മുമ്പ് വരെ പെണ്ണിന് മേനി മറച്ചു നടക്കാനുള്ള അവകാശം പോലുമില്ലാതിരുന്ന നാടായിരുന്നു നമ്മുടേത്. നവോത്ഥാനം സാധ്യമായതുകൊണ്ടാണ് ഇവിടെ മനുഷ്യാവകാശങ്ങളും സാധ്യമായത്. ജാതി വിവേചനത്തിനെതിരെ ഇരകളാക്കപ്പെട്ട മനുഷ്യര്‍, തങ്ങളുടെ അടിമത്താവസ്ഥ തിരിച്ചറിഞ്ഞ് നടത്തിയ ദീര്‍ഘനാളത്തെ പോരാട്ടങ്ങളിലൂടെയാണ് മനുഷ്യാവകാശങ്ങള്‍ നേടിയെടുത്തത്.
ഓരോ പൗരനും  സമാധാനത്തോടെ ജീവിക്കാനും സ്വന്തം വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്താനും വിശ്വാസത്തിലധിഷ്ഠിതമായ ആവിഷ്‌കാരങ്ങള്‍ നടപ്പാക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകുമ്പോഴേ പരമമായ മൗലികാവകാശങ്ങള്‍ ലഭ്യമാവൂ. ഈ അവകാശങ്ങള്‍ ആര്‍ക്കും നിഷേധിക്കപ്പെട്ടു കൂടാ. ഇന്ന് ഇന്ത്യയില്‍ ദലിതരും മുസ്‌ലിംകളും പിന്നാക്ക ജാതികള്‍ എന്നാക്ഷേപിക്കപ്പെട്ടവരും അനുഭവിക്കുന്ന പീഡനങ്ങള്‍ അതിനിഷ്ഠുരമാണ്. അന്തര്‍ദേശീയ തലത്തിലടക്കം നമ്മുടെ രാജ്യം ശ്രദ്ധിക്കപ്പെടുന്നത് ഈ വിഭാഗങ്ങളോട് ചെയ്തുകൂട്ടുന്ന അനീതിയുടെയും അതിക്രമത്തിന്റെയും പേരിലാണ്. ആള്‍ക്കൂട്ട അതിക്രമത്തിനും ആള്‍ക്കൂട്ട കൊലപാതകത്തിനും ഇരകളാക്കപ്പെട്ട എത്രയോ മുസ്‌ലിം ദലിത് വിഭാഗങ്ങള്‍ സമകാലീന ഇന്ത്യയുടെ ഭാഗമായുണ്ട്. പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിലെ ഉനയില്‍ ചത്ത പശുവിന്റെ തോലുരിഞ്ഞ ഏഴ് ദലിത് യുവാക്കളെ ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവം അന്തര്‍ദേശീയ തലത്തില്‍ തന്നെ കടുത്ത പ്രതിഷേധത്തിനിടയാക്കിയതാണ്.  കൊലപാതകം, ബലാത്സംഗം, വധഭീഷണി, ഊരുവിലക്ക്, മര്‍ദനം തുടങ്ങി ദലിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചു വരികയാണെന്നാണ് നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ രേഖകള്‍ വ്യക്തമാക്കുന്നത്. 
വിദ്യാഭ്യാസത്തിലും അതിനോടനുബന്ധിച്ചുള്ള ജനാധിപത്യ മൂല്യങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്നവകാശപ്പെടുന്ന കേരളവും ഇതില്‍നിന്നും ഭിന്നമല്ല. 
സാംബവ(പറയ) വിഭാഗക്കാരായതുകൊണ്ട് ചില വിദ്യാര്‍ഥികള്‍ക്ക് എന്‍.സി.സിയില്‍ അയിത്തം കല്‍പ്പിച്ചത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിലാണ്. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാന്‍ പോയതിന് പോലീസ് ആദിവാസി യുവാക്കളുടെ മുണ്ടുരിഞ്ഞതും മധു എന്ന ആദിവാസിയുവാവിനെ  കെട്ടിയിട്ട് തല്ലിക്കൊന്ന ആള്‍ക്കൂട്ടവും സാക്ഷരകേരളത്തിലെ സംസ്‌കാരസമ്പന്നരെന്ന് നടിക്കുന്നവര്‍ തന്നെ. മനുഷ്യാവകാശങ്ങള്‍ ഇവിടെ വാക്കുകളിലും ഭരണഘടനയിലുമായൊതുങ്ങുകയാണ്.
ഓരോ വ്യക്തിയുടെയും അന്തസ്സും സംരക്ഷണവും ഉറപ്പാക്കി സമൂഹത്തില്‍ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം, സ്വകാര്യത സൂക്ഷിക്കാനുള്ള അവകാശം, ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാനുള്ള അവകാശം, അഭിപ്രായപ്രകടനം നടത്തുന്നതിനുള്ള  സ്വാതന്ത്ര്യം, വീട്, ഭക്ഷണം, വസ്ത്രം ഇവയോടു കൂടി ജീവിക്കാനുള്ള അവകാശം, വാര്‍ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകള്‍ ഉള്‍പ്പെടെയുള്ള പ്രയാസങ്ങള്‍ക്ക് മുന്നിലുള്ള സംരക്ഷണം, കുറ്റവാളിയെന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം മനുഷ്യാവകാശങ്ങളില്‍ പെടുന്നവയാണ്. ഇത്തരം കാര്യങ്ങള്‍ ഏതൊരു രാജ്യത്തെയും പൗരന് ലഭ്യമാകുന്നു എന്നുറപ്പു വരുത്തിക്കൊണ്ടാണ് 1948 മുതല്‍ ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ലോക രാജ്യങ്ങള്‍ ആചരിച്ചു വരുന്നത.് 
യു.എന്‍ മനുഷ്യാവകാശ പ്രമേയം പാസ്സാക്കുന്നതിന് നൂറ്റാണ്ടുകള്‍ക്കു മുമ്പ്  ഇസ്‌ലാം മതം മനുഷ്യന്റെ മൗലികാവകാശങ്ങളെ നിര്‍ണയിച്ചിട്ടുണ്ട് എന്നു പഠന വിധേയമാക്കിയാല്‍ കാണാന്‍ കഴിയും.  ഒരിക്കലും മതത്തിന്റെയോ വര്‍ഗത്തിന്റെയോ ജാതിയുടെയോ നിറത്തിന്റെയോ അതുമായി ബന്ധപ്പെട്ട  വിശ്വാസത്തിന്റെയോ പേരില്‍ ഒരു വിവേചനവും നിര്‍ബന്ധവും പുലര്‍ത്താന്‍ പാടില്ല എന്ന നീതിയിലധിഷ്ഠിതമായ ബോധം ജനങ്ങളിലുണ്ടാക്കാന്‍ എല്ലാ മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ക്കും മുന്നേ ഇസ്‌ലാമിനു കഴിഞ്ഞിട്ടുണ്ട്. ഭരണസംവിധാനത്തിന്റെ അടിത്തറയായ കൂടിയാലോചന എന്ന ജനാധിപത്യ ഏര്‍പ്പാട് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാമാണ് ആദ്യമായി നടപ്പിലാക്കിയത്. 
സാമൂഹികനീതി നിഷേധിക്കപ്പെടുമ്പോഴും ജനാധിപത്യ ക്രമം പാലിക്കപ്പെടാതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോഴും ഇല്ലാതാകുന്നത് മനുഷ്യാവകാശങ്ങളാണ്. പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ട രേഖ എന്ന ബഹുമതിയുള്ള  1948-ലെ മനുഷ്യാവകാശ പ്രഖ്യാപനമാണ് ദുര്‍ബലപ്പെട്ടുപോകുന്നത്.  
ഇന്ത്യയില്‍  ദലിതരും മുസ്‌ലിംകളുമായ എത്രയോ ആളുകള്‍ ദേശീയതയുടെയും ദേശ സുരക്ഷയുടെയും പേരു പറഞ്ഞ് ജയിലിലടക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദലിത് ചിന്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ് തെല്‍തുംഡയെ അറസ്റ്റ് ചെയ്തത് യു.എ.പി.എ ചുമത്തിയാണ്. 2018 ജനുവരി ഒന്നിന് പൂനെയിലെ ഭീമാ കൊറെഗാവിലുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് ഊമക്കത്തുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് യു.എ.പി.എ ചുമത്തിയത്. രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ പോരാളികളില്‍ ഒരാളായ എസ്.എ.ആര്‍ ഗീലാനിയെ വധശിക്ഷക്ക് വിധിച്ചതും പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന കാരണം പറഞ്ഞു കൊണ്ടാണ്. നീതിയുമായി നിരന്തരം പൊരുതി ജീവിച്ചു മരിച്ച ഗീലാനിയെക്കുറിച്ച് അരുന്ധതി റോയി പറഞ്ഞത് 'ഇന്ന് പലരും ജയിലിലാണ്. പെട്ടെന്ന് ചുറ്റിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഒഴിഞ്ഞ കസേരകള്‍ മാത്രമാണ് ബാക്കി' എന്നാണ്.
മനുഷ്യന്റെ എല്ലാ അവകാശവും നിഷേധിക്കപ്പെട്ടുകൊണ്ടാണ് ഇന്ത്യയിലെ ഓരോ കുഞ്ഞും ജനിച്ചുവീഴുന്നതുതന്നെ. തൂക്കക്കുറവ് മൂലം ശൈശവാവസ്ഥയില്‍ തന്നെ മരണമടയുന്ന ബാല്യങ്ങളും  കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്തവരും കുടിനീരിനുവേണ്ടി കിലോമീറ്ററുകള്‍ അലയേണ്ടിവരുന്നവരുമാണ് ഏറെപ്പേരും. ഇതൊന്നും ഒരു മനുഷ്യാവകാശമായി കാണാന്‍ പോലും അധികാരികള്‍ക്കാവുന്നില്ല എന്നതു തന്നെ ഖേദകരമാണ്. രാജ്യത്ത് ദാരിദ്ര്യം കൂടിയതിന്റെയും ഭക്ഷണത്തിനായി ചെലവാക്കുന്ന തുകയുടെ ഇടിവിനെയും കുറിച്ച റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
മനുഷ്യനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. നിത്യേനയെന്നോളമുള്ള ബലാത്സംഗങ്ങളും മാനം കാക്കാനുള്ള കൊലകളും ആസിഡ് ആക്രമണങ്ങളുമൊക്കെ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ജീവിത ഭാഗമാവുകയാണ്. കൂടുതല്‍ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് വീരപ്രസവിനി അവാര്‍ഡ് നല്‍കുമെന്നുള്ള പ്രഖ്യാപനങ്ങളല്ലാതെ സ്ത്രീകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനുള്ള യാതൊന്നും കേന്ദ്ര സര്‍ക്കാറിന്റെ നടപടികളിലുണ്ടായിട്ടില്ല. തൊഴില്‍ സ്ഥലത്തെ സ്ത്രീപീഡനങ്ങള്‍ക്കും അവകാശലംഘനങ്ങള്‍ക്കും നിര്‍ലോഭം നിയമങ്ങളുണ്ടെങ്കിലും അവയെല്ലാം നോക്കുകുത്തി മാത്രമാണ്. തൊഴില്‍ സ്ഥലത്ത് ഇരിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുത്തു എന്നു പറയപ്പെടുന്നുണ്ടെങ്കിലും പല സ്ഥാപനങ്ങളിലും പ്രാവര്‍ത്തികമായിട്ടില്ല. ടെക്‌സ്റ്റൈല്‍ സ്ഥാപനങ്ങളിലും മാളുകളിലും സ്ത്രീ ജീവനക്കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതിനെതിരെ ദേശീയ മനുഷ്യാവകാശ കമീഷന്റെ ഇടപെടലുണ്ടായത് അടുത്തിടെയാണ്. 2014-ല്‍ നടന്ന സ്ത്രീ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തു ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. പെണ്‍കൂട്ടിന്റെ നേതൃത്വത്തില്‍  കോഴിക്കോട് സ്വദേശിയായ  വിജി നടത്തിയ പോരാട്ടങ്ങളും പ്രവര്‍ത്തനങ്ങളും ലോകത്തെ സ്വാധീനിച്ച നൂറു വനിതകളില്‍ ഒരാളാക്കി അവരെ മാറ്റി. കഴിഞ്ഞ വര്‍ഷം ബി.ബി.സി നടത്തിയ കരുത്തുറ്റ നൂറു വനിതകളില്‍ ഒരാള്‍ വിജിയായിരുന്നു. കേരളീയ സ്ത്രീത്വത്തിന് സന്തോഷം പകരുന്നതായിരുന്നു ആ വാര്‍ത്ത. അസംഘടിത മേഖലയിലെ സ്ത്രീതൊഴിലാളികളുടെ അവകാശത്തിന് വേണ്ടി നടത്തിയ പോരാട്ടം കണക്കിലെടുത്താണ് അംഗീകാരം. കോഴിക്കോട് മിഠായിത്തെരുവിലെ തയ്യല്‍ക്കടയില്‍ നിന്നാണ് വിജി തുടങ്ങിയത്. തെരുവിലെ സ്ത്രീതൊഴിലാളികള്‍ നേരിടുന്ന അവകാശ ലംഘനങ്ങള്‍ തിരിച്ചറിഞ്ഞു അവരെ സംഘടിപ്പിച്ച് അവകാശങ്ങള്‍ നേടിയെടുത്തു. 
2014 മെയ് ഒന്നിനാണ് കോഴിക്കോട് നഗരത്തിലെ മിഠായിത്തെരുവിലൂടെ തലയില്‍ കസേരകളുമേന്തി വിജിയുടെ നേതൃത്വത്തില്‍ സ്ത്രീതൊഴിലാളികള്‍ പ്രതിഷേധിച്ചത്. ഇങ്ങനെയാണ് കേരളത്തില്‍ ശ്രദ്ധേയമായ ഇരുപ്പ് സമരത്തിന്റെ തുടക്കം. വിജിയും കൂട്ടരും മിഠായിത്തെരുവില്‍ തിരികൊളുത്തിയ സമരം പിന്നീട് തൃശൂരിലേക്കും ആലപ്പുഴയിലേക്കും മറ്റ് ജില്ലകളിലേക്കും വ്യാപിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട സമരത്തിനൊടുവിലാണ് വ്യാപാര സ്ഥാപനങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് ഇരിക്കാന്‍ സൗകര്യമേര്‍പ്പെടുത്തണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്.
പലതരത്തിലുള്ള വിഭാഗം മനുഷ്യര്‍ക്ക് നേരെ നടക്കുന്ന, പ്രത്യേകിച്ച് ട്രാന്‍സ്‌ജെന്റേഴ്‌സിനും കുട്ടികള്‍ക്കും എതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എങ്കിലും കയും നിയമങ്ങളും സുരക്ഷാ സംവിധാനങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കുമ്പോഴും നിര്‍ഭയമായ ഒരു സമൂഹം സാധ്യമായി എന്നു തോന്നുന്ന തരത്തിലുള്ള മാറ്റങ്ങളൊന്നും സമൂഹത്തില്‍ ദൃശ്യമാകുന്നില്ല.
സമീപകാലത്തെ ഏറ്റവും ശക്തമായ ജെ.എന്‍.യുവിലെ പ്രതിഷേധ സമരം മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ടതു തന്നെയാണ്. ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചതിനെതിരെയും വസ്ത്രധാരണത്തിലെ പരിഷ്‌കാരം പിന്‍വലിക്കുക, ഹോസ്റ്റല്‍ സമയത്തിലെ നിയന്ത്രണം ഒഴിവാക്കുക എന്നിവക്കെതിരെയായിരുന്നു വിദ്യാര്‍ഥികള്‍ സംഘടിച്ചത്. പുതിയ കാലത്തിന് യോജിക്കാത്ത അധികൃതരുടെ അപരിഷ്‌കൃത നടപടികള്‍ ജെ.എന്‍.യു എന്ന ഇന്ത്യയിലെ വലിയ ഒരു വിഭാഗം വിദ്യാര്‍ഥികളുടെ സ്വപ്‌നങ്ങളും അവകാശങ്ങളുമാണ് ഇല്ലാതാക്കുന്നത്.
സമൂഹത്തോട് നിരന്തരം ചോദ്യങ്ങളുന്നയിക്കുന്നവരുടെ  സാമൂഹിക ബന്ധങ്ങളെ സംശയത്തോടെ കാണുകയും അവരെ ദേശദ്രോഹികളാക്കി മുദ്രകുത്തുകയും അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയുമാണ്. 
2016 ജനുവരി 17-ന് സ്വന്തം ജീവിതം അവസാനിപ്പിക്കുമ്പോള്‍ രോഹിത് വെമുല കുറിച്ചു വെച്ച 'എന്റെ ജന്മമാണ് എന്റെ കുറ്റം' എന്ന വാക്കുകള്‍ക്കു പിറകെ മൂന്നര വര്‍ഷത്തിന് ശേഷം മറ്റൊരു രക്തസാക്ഷികൂടി ഉണ്ടായിരിക്കുന്നു. ഫാത്തിമ ലത്തീഫ് എന്ന ഐ.ഐ.ടി വിദ്യാര്‍ഥിനി തന്റെ ആത്മഹത്യാകുറിപ്പിലെഴുതിയിരിക്കുന്നത് തന്റെ അധ്യാപകന്റെ വംശീയമായ അധിക്ഷേപത്തെക്കുറിച്ചാണ്.
'എന്റെ പേരു തന്നെ പ്രശ്‌നമാണ് വാപ്പിച്ചാ' എന്നാണ് കുട്ടി കുറിച്ചുവെച്ചത്. പ്രതിഷേധ സ്വരങ്ങളെല്ലാം ദുര്‍ബലമായിക്കൊണ്ടിരിക്കുമ്പോള്‍ ഇരകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
അവിടത്തെ ചില അധ്യാപകര്‍ പ്രശ്‌നമായിരുന്നെന്ന ഫാത്തിമയുടെ പിതാവിന്റെ വാക്കുകള്‍  ഉന്നത കലാലയങ്ങളിലെ ന്യൂനപക്ഷ വിദ്യാര്‍ഥി സമൂഹത്തിന്റെ അവകാശത്തിനു നേരെയുള്ള ചോദ്യമാണ്. പഠിക്കാനും ചിന്തിക്കാനും അഭിപ്രായം പറയാനുമുള്ള പൗരസമൂഹത്തിന്റെ അവകാശത്തെ മുളയിലേ നുള്ളിക്കളയുക എന്ന തന്ത്രമാണ് ഫാഷിസ്റ്റ് രാഷ്ട്രീയം വെച്ച് പുലര്‍ത്തുന്ന അധ്യാപകവൃന്ദം ചെയ്യുന്നത്.
ജനാധിപത്യ മതേതര രാജ്യത്ത് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ ഒരു വിഭാഗത്തിന് മാത്രം പരിമിതപ്പെട്ട് ഫാഷിസം ഇവിടെ നടപ്പാവുകയാണ്. അതിന്റെ ഇരകളാക്കപ്പെടുന്നവര്‍ക്ക് ഭരണകൂടം വിധിക്കുന്നത് തടവറകളാണ്. ഇങ്ങനെ രാജ്യനിവാസികളെ തടവിലിട്ടും പേടിപ്പിച്ചും ഭീതിപ്പെടുത്തിയും കൊന്നും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കാലത്തെ മനുഷ്യാവകാശ ദിനങ്ങളുടെ പ്രസക്തി ആലോചനാ വിധേയമാക്കണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top