മണ്ണിനെ പ്രണയിച്ച് പ്രവാസഭൂമിയിലെത്തിയവള്‍
സലീംനൂർ ഒരുമനയൂർ
ആഗസ്റ്റ് 2019
പഠിച്ച പണി കിട്ടിയില്ലെങ്കിലെന്താ മനസ്സില്‍ പ്രണയിച്ച ജോലി ലഭിച്ചാല്‍ അത് ആരെയും ഒന്ന് ത്രസിപ്പിക്കും.
പഠിച്ച പണി കിട്ടിയില്ലെങ്കിലെന്താ മനസ്സില്‍ പ്രണയിച്ച ജോലി ലഭിച്ചാല്‍ അത് ആരെയും ഒന്ന് ത്രസിപ്പിക്കും. അത്തരം ഒരു സന്തോഷത്തിലാണ് തൃശൂര്‍ ചാവക്കാടിനടുത്ത് പാവറട്ടി സ്വദേശി ഷമീറ അബ്ദുര്‍റസാഖ്. ചെറുപ്പത്തിലേയുള്ള മോഹത്തിന്റെ ഭാഗമായാണ് എം.ബി.എ പഠനത്തിനു ശേഷം നാട്ടില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് ഒരു ഫാം ആരംഭിക്കുന്നത്. അനിമല്‍ ഹസ്ബന്ററി, അഗ്രികള്‍ച്ചര്‍, ഹോട്ടി കള്‍ച്ചര്‍, വാല്യു ആഡഡ് പ്രൊഡകറ്റ്‌സ് എന്നിവയില്‍ താന്‍ എടുത്ത ഡിപ്ലോമയൊന്നും കൊണ്ട് ഫാം നടത്തിക്കൊണ്ടു പോകാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതോടെ സ്വന്തം വീട് പണയപ്പെടുത്തി ആരംഭിച്ച് നഷ്ടത്തിലായ ഫാം നിര്‍ത്തി. ആയിടക്ക് യു.എ.ഇയിലായിരുന്ന ഭര്‍ത്താവ് അബ്ദുര്‍റസാഖിന്റെ ജോലിയും നഷ്ടപ്പെട്ടു. തിരികെ വന്ന് മറ്റൊരു ജോലിക്കായി രിയാദിലേക്ക് പോയി. അങ്ങനെയിരിക്കെയാണ് ജീവിതഗതി തേടി ഷമീറ യു.എ.ഇയിലേക്ക് വിസിറ്റ് വിസയില്‍ വന്നിറങ്ങുന്നത്.
ആദ്യം ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലാണ് ജോലിക്ക് കയറിയത്. അവിടെ അധികം തുടരാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ യു.എ.ഇയിലെ കാര്‍ഷിക കൂട്ടായ്മയായ 'വയലും വീടും' കൂട്ടായ്മയുടെ സഹായത്താല്‍ പലര്‍ക്കും ഗാര്‍ഡന്‍ സെറ്റ് ചെയ്ത് കൊടുക്കാന്‍ അവസരം ലഭിച്ചിരുന്നു. അങ്ങിനെയിരിക്കെയാണ് 'വയലും വീടും' പ്രവര്‍ത്തകരും ഹാബിറ്റാറ്റ് ഗ്രൂപ്പും സഹകരിച്ച് അജ്മാന്‍ അല്‍ തല്ലയിലെ സ്‌കൂളില്‍ 'ചെറുവയല്‍ രാമനെ' കൊണ്ടു വന്ന് നെല്ല് വിതക്കല്‍ പരിപാടി സംഘടിപ്പിക്കുന്നത്. ആ പരിപാടിയില്‍ പങ്കെടുത്ത ഷമീറ അവിടെ വെച്ചാണ് ഹാബിറ്റാറ്റ് ഗ്രൂപ്പുമായി ബന്ധപ്പെടുന്നത്. തന്റെ ആഗ്രഹം അറിയിച്ചപ്പോള്‍ ഹാബിറ്റാറ്റ് ഗ്രൂപ്പ് എം.ഡി ഷംസു സമാന്‍ അനുഭാവപൂര്‍വം പരിഗണിച്ചു. 'വയലും വീടും' പ്രവര്‍ത്തകരുടെ സഹായം കൂടിയായപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. അതോടെ ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ നാലു സ്‌കൂളുകളുടെയും ഫാമിന്റെയും കോഡിനേറ്റര്‍ ആയി ചുമതലയേറ്റു. സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ക്കപ്പുറം കാര്‍ഷിക വൃത്തിയുടെ നേരറിവും പകര്‍ന്നു നല്‍കുന്ന ഹാബിറ്റാറ്റില്‍ ജോലി കിട്ടിയതില്‍ ഏറെ സന്തോഷവതിയാണ് ഷമീറ. ഇവര്‍ ചാര്‍ജെടുത്തതിനു ശേഷം അക്വാഫോനിക്‌സ് എന്ന കാര്‍ഷിക രീതി അല്‍ ജറഫ് സ്‌കൂളില്‍ പരീക്ഷിച്ചു വിജയിച്ചു. അക്വാഫോനിക്‌സില്‍ പൊതിയിന, ലാക്ട്ട്യുസ്, സ്‌ട്രോബറി, ബ്രഹ്മി, അയമോദകം, നിത്യ കല്യാണി, വാട്ടര്‍ ലേറ്റീവ്‌സ്, അസോള, ഡക്ക് വീട് തുടങ്ങിയവ മികച്ച രീതിയില്‍ നട്ടുവളര്‍ത്തി.
ഇനി ഹൈഡ്രോഫോനിക്‌സ് കൃഷിരീതിയും മരുഭൂമിയില്‍ വ്യത്യസ്തയാര്‍ന്ന ജൈവ കൃഷിരീതികളും പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഈ എം.ബി.എക്കാരി. മാതാവില്‍നിന്ന് പകര്‍ന്നു കിട്ടിയതാണ് കൃഷിയോടുള്ള തന്റെ ആഭിമുഖ്യമെന്ന് ഷമീറ പറയുന്നു. ഔഷധഗുണങ്ങള്‍ ഏറെയുള്ള കമ്യൂണിസ്റ്റ് പച്ച നാട്ടില്‍നിന്നും വേരോട് കൂടി കൊണ്ടു വന്ന് പച്ച പിടിപ്പിച്ചുകഴിഞ്ഞു.
കഴിഞ്ഞ തവണ നാട്ടില്‍നിന്നും മടങ്ങുമ്പോള്‍ ഷമീറയുടെ ലഗേജില്‍ പതിവില്ലാത്ത സാധനങ്ങള്‍ കണ്ട് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവെച്ചു. കശുമാവ്, പ്ലാവ്, പേര, ചാമ്പ, ഇലുമ്പാന്‍ പുളി, മുവാണ്ടന്‍ മാവ് എന്നിവയുടെ തൈകളും കുറേ വിത്തുകളും ലഗേജില്‍ കണ്ട അധികൃതര്‍ ഏറെ അന്വേഷണങ്ങള്‍ക്കു ശേഷമാണ് കടത്തിവിട്ടത്. ജൈവ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി കമ്പോസ്റ്റ് നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ഈ ഫാം കോഡിനേറ്റര്‍. ഇവരുടെ മൂന്ന് മക്കളില്‍ മൂത്തവന്‍ കൃഷിയോട് ഏറെ ആഭിമുഖ്യം പുലര്‍ത്തുന്നുണ്ട്. സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളില്‍ 'കുട്ടി കര്‍ഷകന്‍' പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മക്കള്‍ മൂന്നു പേരും നാട്ടിലാണ്. ഉമ്മ ജോലി ചെയ്യുന്നിടം അവരെ കൊണ്ടുവന്ന് കാണിക്കണം എന്ന ആഗ്രഹത്തിലാണ് ഷമീറ.