33-ന്റെ നിറവില്‍ ആരാമം സ്‌പെഷ്യല്‍

ഫെബിന്‍ ഫാത്തിമ No image

വായനയുടെ 33 ആണ്ട് തികച്ച ആരാമം മാസികയുടെ  സ്‌പെഷ്യല്‍ പതിപ്പ് പ്രകാശനം ചെയ്തു. മലയാളി വായനക്ക് പെണ്‍ കൈയൊപ്പു ചാര്‍ത്തുന്ന ആരാമം നീണ്ട ഇടവേളക്കു ശേഷമാണ് ഒരു സ്‌പെഷ്യല്‍ പതിപ്പ് പ്രകാശനം ചെയ്യുന്നത്. 194 പേജുള്ള ആരാമം വൈവിധ്യമാര്‍ന്ന പതിനൊന്നു വിഷയങ്ങളുമായാണ് വായനക്കാരിലേക്കെത്തുന്നത്. 
ഇതില്‍ ഓര്‍മയെഴുത്തുണ്ട്, അനുഭവങ്ങള്‍ ഉണ്ട്. യാത്രയും ജീവിതവുമുണ്ട്.
മുപ്പത്തിമൂന്ന് വര്‍ഷം പിന്നിട്ട ആരാമത്തിന്റെ വഴിയില്‍ സഞ്ചരിച്ചവരുടെ  ഓര്‍മകളെ വായനക്കാര്‍ക്കു വേണ്ടി അവര്‍ ഓര്‍ത്തെടുക്കുന്നിടത്തു നിന്നാണ് പ്രത്യേക പതിപ്പിന്റെ താളുകള്‍ മറിയുന്നത്. 
യാത്ര എന്നും മനുഷ്യന് ഹരമാണ്. ജീവിതത്തെയും സംസ്‌കാരത്തെയും തൊട്ടറിയുന്നത് ലക്ഷ്യത്തോടെയോ ലക്ഷ്യമില്ലാതെയോ അലയുന്ന ആ യാത്രകളാണ്. യാത്ര സ്വയം ആനന്ദം മാത്രമല്ല, കണ്ണില്‍ പതിഞ്ഞ ജീവിതങ്ങള്‍ അനുഭവതലത്തെ മൂര്‍ച്ച കൂട്ടിക്കൊണ്ടേയിരിക്കും, പ്രത്യേകിച്ചും യാത്രയില്‍ കണ്ട പെണ്‍ ജീവിതങ്ങള്‍. എഴുത്തുകാരികളായ പി. വത്സലയും സുധീരയും അടക്കം തങ്ങള്‍ കണ്ട നാട്ടിലൂടെയും ജീവിതത്തിലൂടെയും വായനക്കാരെ കൊണ്ടുപോവുകയാണ്. 
കഥയിലെ കഥാപാത്രങ്ങള്‍ സഹജീവി സൗഹാര്‍ദത്തെ തകര്‍ക്കുന്ന കാലമാണിന്ന്. സര്‍ഗസാഹിത്യത്തിന്റെ ആസ്വാദനതയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോയ നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരായ ഉറൂബും എം.ടിയും കഥാപാത്രങ്ങളെ ആവിഷ്‌കരിച്ചിരുന്നത് എങ്ങനെയെന്ന് കാണിച്ചുതരുന്നു മറ്റൊരിടത്ത്. വിശ്വാസവും ആചാരവും തന്നിഷ്ടപ്രകാരം മാറിയ പ്രശസ്ത വനിതകളായ സെബ്രീന ലീയും ലോറന്‍ ബൂത്തും. അവരെയും പരിചയപ്പെടുത്തുകയാണ്. മലയാള ഭാഷക്കും സാഹിത്യത്തിനും ചരിത്രത്തിനും കൈയൊപ്പു ചാര്‍ത്തിയവരെ സമ്മാനിച്ച മലബാറിന്റെ പെരുമ വായിക്കാം മറ്റൊരിടത്ത്.
ചരിത്രത്തിനു മേല്‍  ജീവിതത്തെ പാഠപുസ്തകം പോലെ കൊത്തിവെച്ച പെണ്‍ജീവിതങ്ങള്‍ ചുറ്റിലും ഉയര്‍ന്നുവരികയാണ്. അവരെയും അടയാളപ്പെടുത്തുകയാണ്. 
മാത്രമല്ല, കഥയും കവിതയും കാമ്പസും എപ്പോഴുമെന്ന പോലെ ഇപ്പോഴും വായനക്കാരിലേക്ക് അടുപ്പിക്കുകയാണ്. ജീവിതത്തെ സ്വാധീനിച്ച വ്യക്തികളെ കുറിച്ചുള്ള വായനയും അഭ്രപാളിയിലെ വര്‍ണവിവേചനവും പറഞ്ഞ് പേജുകള്‍  ചടുലമാകുന്നു. പാരന്റിംഗിന്റെ നല്ല പാഠങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രഗത്ഭ വ്യക്തിത്വങ്ങളുമായുള്ള സംസാരത്തില്‍ തുടങ്ങി ഭക്ഷണവൈവിധ്യത്തിന്റെ കാലത്ത് ഭക്ഷണ സംസ്‌കാരവും രുചിയൂറും ഭക്ഷണവുമായി ഭക്ഷണത്തളിക അലങ്കരിക്കുന്നവരെക്കുറിച്ചുള്ള ഫീച്ചറിലും പേജുകള്‍ അവസാനിക്കുന്നു. 
സ്‌പെഷ്യല്‍ പതിപ്പിന്റെ പ്രകാശന കര്‍മം നിര്‍വഹിച്ചത് പ്രശസ്ത എഴുത്തുകാരി ബി.എം സുഹ്‌റയായിരുന്നു. 'എഴുത്തുകാര്‍ കാലഘട്ടത്തെയാണ് പ്രതിനിധീകരിക്കേണ്ടത്. ഭാഷയെപ്പോലെ പ്രധാനമാണ് കാലം. അനുഭവങ്ങള്‍ നേരെ എടുത്തെഴുതിയാല്‍ അത് കഥയാകില്ല. അതില്‍ ഭാവനയും സര്‍ഗാത്മകതയും കൂടി ഉണ്ടെങ്കിലേ നല്ല കഥ പിറവിയെടുക്കൂ'- കഥയെഴുത്ത് എന്ന വിഷയത്തെ മുന്‍നിര്‍ത്തി അവര്‍ പറഞ്ഞു. 
ആരാമം സ്‌പെഷ്യല്‍ പതിപ്പ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ കഥാ രചനാ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും വേദിയില്‍ വെച്ചു നടന്നു. ഒന്നാം സ്ഥാനം സഹീല നാലകത്തും രണ്ടാം സ്ഥാനം സുഭദ്ര സതീശനും മൂന്നാം സ്ഥാനം സീന കാപ്പിരിയും നേടി. പ്രത്യേക പുരസ്‌കാരം നേടിയത് നിഗാര്‍ ബീഗമാണ്. ജേതാക്കള്‍ക്ക് പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും മൊമെന്റോയും നല്‍കി. കഥാകാരികള്‍ അവരുടെ വര്‍ത്തമാനങ്ങള്‍ തനതുശൈലിയില്‍ പങ്കുവെച്ചത് സദസ്യര്‍ക്ക് ഏറെ ഹൃദ്യമായി. 
ഒമ്പതാം ക്ലാസ്സ് വരെ പഠിച്ച് വിവാഹിതയായ, സോഷ്യല്‍ മീഡിയ ഉള്ളിലെ കഥാകാരിയെ വളര്‍ത്തിയെന്ന് വിശ്വസിക്കുന്ന സഹീല എന്ന വീട്ടമ്മയുടെ വാക്കുകള്‍ കേള്‍വിക്കാരെ കൈയിലെടുക്കുന്നതായിരുന്നു. കോളേജ് അധ്യാപിക സുഭദ്ര സതീശന്‍ അവാര്‍ഡിനു വേണ്ടി മാത്രം കഥയെഴുതി അയക്കുന്ന രീതിയെക്കുറിച്ച് ബി.എം സുഹ്‌റ പറഞ്ഞതിനെ അനുകൂലിച്ചുകൊണ്ട് താനൊരിക്കലും അത്തരമൊരു എഴുത്തുകാരിയല്ലെന്ന് അനുഭവങ്ങള്‍ രസകരമായി അവതരിപ്പിച്ചുകൊണ്ട് സമര്‍ഥിച്ചു. 'ഗാര്‍ഗി' എന്ന പേരില്‍ ഒരു വനിതാ മാസിക പ്രസിദ്ധീകരിക്കുന്നതില്‍ പങ്കാളിയാവുകയും ഒരു വര്‍ഷത്തോടെ അതിന്റെ പ്രസിദ്ധീകരണം നിര്‍ത്തുകയും ചെയ്ത അനുഭവത്തില്‍ ആരാമം മാസിക 33 വര്‍ഷം പിന്നിട്ടതിനെ പ്രശംസിക്കുകയായിരുന്നു പത്രപ്രവര്‍ത്തകയായ കഥാകാരി സീന കാപ്പിരി. യാത്ര ഏറെ ഇഷ്ടപ്പെടുകയും യൂറോപ്യന്‍ നാടുകളില്‍ വര്‍ഷത്തിലൊരിക്കല്‍ എന്ന രീതിയില്‍ എല്ലാ വര്‍ഷവും യാത്രപോകുന്ന പെണ്‍കൂട്ടത്തിലെ അംഗവുമായ നിഗാര്‍ ബീഗം യാത്രാനുഭവങ്ങള്‍ പങ്കുവെച്ചു. കഥാകാരികള്‍ പ്രിയകഥാകാരി ബി.എം സുഹ്‌റയോടൊപ്പം വേദി പങ്കിടാനായതിനെ എടുത്തുപറഞ്ഞുകൊണ്ടാണ് വേദിയില്‍ നിന്നിറങ്ങിയത്.      
ചടങ്ങില്‍ എഡിറ്റര്‍ കെ.കെ ഫാത്വിമ സുഹ്‌റ അധ്യക്ഷത വഹിച്ചു.  മീഡിയാ വണ്‍ റിപ്പോര്‍ട്ടര്‍ ഷിദാ ജഗത, യുവകവയിത്രി ആര്‍ഷ കബനി, ജി.ഐ.ഒ പ്രസിഡന്റ് അഫീദ അഹ്മദ്, ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി എം.കെ മുഹമ്മദലി, വനിതാ വിഭാഗം സെക്രട്ടറി പി. റുക്‌സാന, ശൂറാ അംഗം ടി. മുഹമ്മദ് വേളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സബ് എഡിറ്റര്‍മാരായ ഫൗസിയ ഷംസ് സ്വാഗതവും ബിഷാറ മുജീബ് നന്ദിയും പറഞ്ഞു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top