മഴ വരച്ച ചിത്രങ്ങള്‍

ഹന്ന സിത്താര വാഹിദ് No image

ആരെന്നോ എന്തെന്നോ നോക്കാതെ ദുരന്തം തകര്‍ത്ത മനുഷ്യര്‍ക്ക് ആശ്വാസം നല്‍കാന്‍ അവര്‍  സാഹസികമായി എത്തി. അവരില്‍ സ്ത്രീകളും ഉണ്ടായിരുന്നു. മനുഷ്യര്‍ നിസ്സഹായരായി സങ്കടക്കടലില്‍ നില്‍ക്കുന്ന നേരത്ത് സാന്ത്വനമായി അവരുടെ കണ്ണീരൊപ്പാനും വിശപ്പടക്കാനും സുരക്ഷിതരായി അവരെ ക്യാമ്പുകളിലെത്തിക്കാനും കഴിഞ്ഞ നിര്‍വൃതിയിലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സേവന വിംഗായ ഐ.ആര്‍.ഡബ്യൂവിലെ വനിതാ അംഗങ്ങള്‍. അവര്‍ക്ക് പറയാന്‍ ഒട്ടേറെയുണ്ട്. കണ്‍മുന്നില്‍ കണ്ട ദുരിതത്തെക്കുറിച്ച്, ജീവിതത്തിന്റെ തണുപ്പിലങ്ങനെ പോകുംനേരം പെട്ടെന്നൊരു ദിവസം ഒന്നുമില്ലാതായവരെ കുറിച്ച്, മനുഷ്യാ, ഇത്ര നന്മയോ നിനക്കെന്ന് വിസ്മയം തോന്നുവോളം ത്യാഗം സഹിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിയ രക്ഷാപ്രവര്‍ത്തകരെ കുറിച്ച്...  
പാലക്കാട് സുന്ദരം കോളനിയില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത് ആഗസ്റ്റ് 9-നാണ്. ഇരുനൂറോളം കുടുംബങ്ങളാണ് വെള്ളത്തില്‍ അകപ്പെട്ടിരിക്കുന്നത്. ഐ.ആര്‍.ഡബ്ല്യൂ പ്രവര്‍ത്തകര്‍ ഉടനെ പുറപ്പെടുക എന്ന  മേഖലാ ലീഡര്‍ ശിഹാബിന്റെ നിര്‍ദേശം അനുസരിച്ചാണ്  റിട്ടയേഡ് ഹെഡ്മിസ്ട്രസും എഴുത്തുകാരിയും പാലക്കാട് ജില്ലയിലെ ജമാഅത്തെ ഇസ്‌ലാമി ജനസേവന വകുപ്പ് അധ്യക്ഷയുമായ എ.യു റഹീമ ടീച്ചര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങുന്നത്. പുലര്‍ച്ചയാണ്. ആലത്തൂരും വടക്കഞ്ചേരിയിലുമുള്ള  ഐ.ആര്‍.ഡബ്ല്യൂ  പ്രവര്‍ത്തകരായ ആഇശയെയും ആമിനയെയും വിളിച്ചു  കാര്യം പറഞ്ഞു. അവരോടൊന്നിച്ച് ഓട്ടോറിക്ഷയില്‍ യാത്രയായി. കോരിച്ചൊരിയുന്ന മഴയായിരുന്നു, നല്ല ഇരുട്ടും. എന്തൊക്കെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് യാതൊരു തീര്‍ച്ചയുമില്ല. കല്‍പാത്തി പുഴയുടെ അടുത്തെത്തിയപ്പോള്‍ ശരിക്കും ഭയം കൊണ്ട് മുട്ടിടിക്കാന്‍ തുടങ്ങി. പുഴ വലിയ ശബ്ദത്തോടെ ആര്‍ത്തലച്ച് ഒഴുകുന്നു. കല്‍പാത്തി പാലത്തില്‍ വെള്ളം ശക്തിയായി വീശിയടിക്കുന്നു!
ഒരുവേള പാലം തന്നെ അപകടത്തില്‍ പെടുമോ എന്ന് ഭീതിയോടെ ഓര്‍ത്തു. ഓട്ടോ നിര്‍ത്തിയിട്ടിരിക്കയാണ്! തിരിച്ചു പോകാന്‍ മനസ്സു സമ്മതിക്കുന്നില്ല. ഇരുട്ടും വിജനമായ സ്ഥലവും നിസ്സഹായത സൃഷ്ടിച്ചു. 
'എന്തു ചെയ്യും ടീച്ചറേ?'ഡ്രൈവറുടെ ചോദ്യം.
'ധൈര്യമായിരിക്ക്! വേഗത്തില്‍ വണ്ടി വിടാം!'
പടച്ചവനില്‍ ഭരമേല്‍പിച്ച് ടീച്ചര്‍ പറഞ്ഞു.
 പാലത്തില്‍ കയറിയ ഓട്ടോ ശരം വിട്ടപോലെ അപ്പുറത്തെത്തി. തിരിഞ്ഞു നോക്കുമ്പോള്‍ ഉയര്‍ന്ന തിരമാലകള്‍ പോലെ വെള്ളം ശക്തിയായി പാലത്തില്‍ അടിച്ചു തെറിക്കുന്നു
മുപ്പത്തഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്താണ് അവര്‍ മൂന്നു പേരും നേരം വെളുക്കുമ്പോഴേക്കും ദുരിതാശ്വാസ ക്യാമ്പിലെത്തിയത്.
കണ്ടപാടെ ശിഹാബ് പറഞ്ഞു: 'ടീച്ചറേ രോഗികളുണ്ട്... അവരെ പ്രത്യേകം ശ്രദ്ധിക്കണം.'
ഹാളിലേക്ക് കയറിയപ്പോള്‍ ഭയചകിതരായ സ്ത്രീകളും കുഞ്ഞുങ്ങളും! ശരീരത്തില്‍നിന്ന് വെള്ളം ഇറ്റി വീണുകൊണ്ടിരിക്കുന്നു! വൃദ്ധര്‍ തണുത്തു വിറച്ചിരിക്കുന്നു! കൈയില്‍ കരുതിയിരുന്ന വസ്ത്ര ശേഖരം ഏറെ ഉപകാരപ്പെട്ടെന്ന് പറയുന്നു റഹീമ ടീച്ചര്‍.
അരക്കു താഴെ തളര്‍ന്ന ഒരു യുവതി കാലു രണ്ടും മടക്കാന്‍ പറ്റാത്തതിനാല്‍ കസേരയില്‍ ചാരി വെച്ച പോലെയിരിക്കുന്നു. അവരുടെ നനഞ്ഞതൊക്കെ മാറ്റി ശരീരം മുഴുവനും പുതപ്പിച്ചു. അടുത്തു തന്നെ നില്‍ക്കുന്ന അവളുടെ അമ്മയോട് ചോദിച്ചു: 'എങ്ങനെ ഇവളെ കരക്കെത്തിച്ചു?'
രാത്രി പന്ത്രണ്ടു മണിയായപ്പോള്‍ കിടക്കുന്നിടത്തേക്ക് വെള്ളം ഒഴുകിയെത്തി. ഇരുട്ടായിരുന്നു. ചുറ്റും നിലവിളിയും ബഹളവുമായിരുന്നു! ആരോ വന്ന് ഇവളെയെടുത്തു. ഞങ്ങളെയും ഇവിടെയെത്തിച്ചു! പേരോ ഊരോ മുഖമോ ഓര്‍ത്തെടുക്കാന്‍ പറ്റാത്ത ആരൊക്കെയോ ജീവിതം രക്ഷിച്ച മനുഷ്യരാണല്ലോ ഈ ക്യാമ്പിലെന്ന് അന്നേരം ഓര്‍ത്തു.
വസ്ത്രവിതരണം തന്നെ പ്രയാസമുളവാക്കുന്നതായിരുന്നുവെന്ന് പറയുന്നു റഹീമ ടീച്ചര്‍. തിക്കും തിരക്കും പിടിവലിയും അധികമായപ്പോള്‍ മൈക്ക് വാങ്ങി അനൗണ്‍സ് ചെയ്തു. കുട്ടികളുമായി കുടുംബം ഒരുമിച്ചിരിക്കാന്‍ പറഞ്ഞു. കുട്ടികള്‍ക്കും പിന്നെ വൃദ്ധജനങ്ങള്‍ക്കും സ്ത്രീകള്‍, പുരുഷന്മാര്‍ എന്ന ക്രമത്തില്‍ മുകളിലെ നിലയില്‍നിന്നും വസ്ത്രം കൊണ്ടുവരികയും ആ ക്രമത്തില്‍ കൊടുക്കുകയും ചെയ്തപ്പോള്‍ വസ്ത്ര വിതരണം പ്രയാസരഹിതമായി. ഭക്ഷണ വിതരണവും ഇതു പോലെ ചില ക്രമീകരണങ്ങളിലൂടെ കുറ്റമറ്റ രീതിയില്‍ നടത്തി. വയസ്സായവര്‍ക്ക് അവര്‍ ഇരിക്കുന്നിടത്ത് എത്തിച്ചുകൊടുത്തു.
ഒരു പ്രായമായ ഉമ്മ അടുത്തു വന്ന് പറഞ്ഞു: 'ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മോളേ വെള്ളം കയറിയത്. ഒന്നും എടുക്കാന്‍ പറ്റീല്ലാ.! ജീവനും കൊണ്ടോടുകയായിരുന്നു. ഈ കുട്ട്യോള് വന്നില്ലായിരുന്നെങ്കില്‍ മയ്യിത്തായിട്ടുണ്ടാകും ഞങ്ങള്‍'- ഐ.ആര്‍.ഡബ്ല്യൂ പ്രവര്‍ത്തകരെ ചൂണ്ടി ആ ഉമ്മ പറഞ്ഞു. 'റേഷന്‍ കാര്‍ഡും ആധാറും ഇത്തിരി പെന്‍ഷന്‍ കാശ് കിട്ടീതും ഒക്കെ പോയി മോളേ...! ഒരു നിമിഷം കൊണ്ട് ഉടുതുണിക്ക് മറുതുണി ഇല്ലാണ്ടായി!' അവര്‍ തേങ്ങിക്കരയാന്‍ തുടങ്ങി. എല്ലാം തിരിച്ചുപിടിക്കാം എന്ന് അവരെ സമാധാനിപ്പിച്ചു.
മൂന്നു കുട്ടികളേയും വാരിപ്പിടിച്ചു കൊണ്ട് ഒരു യുവതി ഒരിടത്തിരിക്കുന്നു. ഏതോ ചിന്താ ലോകത്താണവള്‍. കവിളൊട്ടി ശരീരം ശോഷിച്ച് വിറങ്ങലിച്ചിരിക്കുന്ന അവളെ തൊട്ടുണര്‍ത്തി.
വട്ടിപ്പലിശക്ക് കാശെടുത്തും കടം വാങ്ങിയും ഒരു കൂരയുണ്ടാക്കിയത് മുഴുവനായില്ല. അതും ഒലിച്ചുപോകുന്നതു കണ്ടാണ് അവള്‍  ക്യാമ്പിലേക്കെത്തിയത്. ദൈവമേ, ചോരുന്ന കൂരയെ പറ്റി ആശങ്കപ്പെട്ടിരുന്ന പാവങ്ങള്‍ക്കിപ്പോള്‍ കൂര പോലും ഇല്ലാതായല്ലോ...?
ദേഹം മുഴുവനും പൊള്ളലേറ്റ ഒരു യുവതിയെ കണ്ടു.  അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഉണങ്ങാത്ത മുറിവു കാരണം ഇപ്പോഴും കുപ്പായമിടാന്‍ പറ്റുന്നില്ല. സാരി പുതച്ചാണിരിപ്പ്!  പരിശോധിച്ചപ്പോള്‍ മുറിവിലൊക്കെ ചളിയും പറ്റിപ്പിടിച്ചിരിക്കുന്നു! മുറിവു ശുദ്ധിയാക്കുന്നതിനിടയില്‍ അവരാ വര്‍ത്തമാനം പറഞ്ഞു: 'ഗര്‍ഭിണിയായിരിക്കുമ്പോഴാണ് തീപിടിച്ചത്. ആകെ വെന്തു! വേവിന്റെ നീറ്റലിനിടയില്‍ പ്രസവിച്ചതറിഞ്ഞില്ല  പ്രസവവേദനയേക്കാള്‍ കഠിനമായ വേദന. കുഞ്ഞിനു പാലു കൊടുക്കാനോ ഒന്നെടുക്കാനോ കഴിഞ്ഞില്ല! സഹോദരിയാണ് വളര്‍ത്തിയത് അവനെ! ഇപ്പോള്‍ അഞ്ചു വയസ്സായി!' 
ഞാന്‍ വിളിച്ചാല്‍ അവന്‍ അടുത്തേക്കു വരില്ല. തൊടാനും സമ്മതിക്കില്ല. വെന്തു നീറി നൊന്തു പെറ്റിട്ടും 'ഉമ്മ'യാകാന്‍ കഴിയാത്ത ദുഃഖക്കടലിരമ്പുന്ന ഒരു ഹൃദയം ആ പൊള്ളലിനുള്ളില്‍ വീണ്ടും വെന്തുരുകുന്നതു കണ്ടു. ഒരു കഷ്ണം തുണിയുമായി ജീവിതമെന്ന 'ഇഹ്‌റാ'മില്‍ പ്രവേശിച്ച അവള്‍ക്കിരിക്കാനൊരു കൂരയുള്ളത് വെള്ളമെടുത്തു കൊണ്ടുപോയോ എന്തോ?
വെള്ളമിറങ്ങി തുടങ്ങി. ആള്‍പൊക്കത്തെ മറികടന്ന വെള്ളപ്പൊക്കം മൂന്നു ദിവസം നിന്നു. ഭൂമിയില്‍ മനുഷ്യന്‍ വലിച്ചെറിഞ്ഞ സര്‍വ മാലിന്യങ്ങളും കൊണ്ടുവന്ന് വീട്ടിനകത്തും പുറത്തുമായി നിക്ഷേപിച്ചു. വെള്ളമിറങ്ങിയപ്പോള്‍ വീടുകളുടെ സ്ഥിതിയറിയാന്‍ ചെന്നവര്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ കണ്ട് മനസ്സു തകര്‍ന്നു. സോഫാ സെറ്റുകള്‍, കിടക്ക, തലയണ, ഫ്രിഡ്ജ് ,ടി വി, കമ്പ്യൂട്ടര്‍, ഭക്ഷ്യസാധനങ്ങള്‍...
ഒറ്റ ദിവസം കൊണ്ട് പ്രളയം സുന്ദരം കോളനിയെ ഒരു ആക്രിക്കടയാക്കിക്കളഞ്ഞു! മുനിസിപ്പാലിറ്റിയില്‍നിന്നും ലോറി വന്ന് അതൊക്കെ വാരിക്കൊണ്ടു പോകുന്ന കാഴ്ച ഹൃദയം തകര്‍ന്നു നോക്കിനില്‍ക്കാനേ കഴിയൂ...
പാലക്കാട് കലക്ടറേറ്റില്‍ തൃശൂര്‍, പാലക്കാട് മേഖലയിലെ ഐ.ആര്‍.ഡബ്ല്യൂ പ്രവര്‍ത്തകര്‍ ഒത്തുകൂടി അമ്പത്തൊന്ന് അംഗങ്ങള്‍ അടങ്ങുന്ന  സംഘം പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞു: കൊട്ട, കൈക്കോട്ട്, കോരി, മോപ്പ്, കൈയുറ, കാലുറ എന്നീ സാധനങ്ങളുമായി രാവിലെ തന്നെ കോളനിയിലെത്തി. മുട്ടോളം ചളിയും ദുര്‍ഗന്ധവും! ഒഴുകിപ്പോകാത്ത ഉപകരണങ്ങളില്‍ ചളി പുതഞ്ഞു കിടന്നു.
കേരളത്തിലെ ഡാമുകള്‍ മുഴുവനും തുറന്നിട്ട ദിനങ്ങളായിരുന്നു പിന്നീട്. ആകാശം അതിന്റെ ഷട്ടര്‍ രാപ്പകല്‍ തുറന്നിട്ടിട്ട് ഒരാഴ്ചയായല്ലോ. ഇപ്പോള്‍ വെള്ളത്തിലാകാത്ത സ്ഥലങ്ങള്‍ ഇടക്കിടക്ക് ദ്വീപ് പോലെ കാണപ്പെട്ടു. അടുത്തടുത്ത് ക്യാമ്പുകള്‍ തുറന്നു.  പിന്നെ ആഇശക്കും ആമിനക്കും റഹീമ ടീച്ചര്‍ക്കും മുപ്പത്തഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നില്ല! ആമിന താമസിക്കുന്നിടം പാലവും റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്ഥലം മീറ്ററുകളോളം ഒലിച്ചുപോയി.! ഇപ്പുറത്തെയും സ്ഥലം ഒലിച്ചുപോയി. പുഴയില്‍നിന്ന് മുളച്ചുവന്ന പോലെ പാലം നിന്നു.
വടക്കഞ്ചേരിയിലെ ക്യാമ്പിന് പോകാന്‍ തയാറെടുക്കുമ്പോഴാണ് റഹീമ ടീച്ചറുടെ മക്കള്‍  കുറച്ചകലെയുള്ള വീഴുമലയില്‍നിന്ന് ഉരുള്‍പൊട്ടലുണ്ടായതു കാരണം   കല്ലും മണ്ണും വെള്ളവും ഒലിച്ചിറങ്ങുന്നെന്ന്  വീടിന്റെ ടെറസില്‍ കയറി നോക്കി പറഞ്ഞത്. ഒന്നര കിലോമീറ്റര്‍ ദൂരത്തു നിന്നും ആളുകള്‍ കുടിയൊഴിഞ്ഞു എന്നറിഞ്ഞപ്പോള്‍ വീട്ടില്‍ അത്യാവശ്യ രേഖകളും വസ്ത്രങ്ങളും റെഡിയാക്കി വെച്ചു. മകന്‍ വീട്ടിലുണ്ട്. നിങ്ങള്‍ ആവശ്യം വരുന്ന പക്ഷം വണ്ടിയില്‍ കയറി സൗകര്യപ്പെട്ട സ്ഥലത്ത് പോകാന്‍ മക്കളോട് പറഞ്ഞ് റഹീമ ടീച്ചര്‍ വടക്കഞ്ചേരി ക്യാമ്പിലേക്ക് പുറപ്പെട്ടു. അവിടെ അഞ്ഞൂറിലധികം അഭയാര്‍ഥികളുണ്ടത്രെ!

*****
നിലമ്പൂര്‍ ചെട്ടിയംപാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആറു പേരടങ്ങുന്ന ഒരു കുടുംബം മുഴുവന്‍ മണ്ണിനടിയില്‍ പോയ സംഭവം കേട്ട് നാടാകെ നടുങ്ങി. മണ്ണിനടിയില്‍ പോയവരെ കണ്ടെടുക്കാന്‍ നാട്ടുകാര്‍ സാഹസികമായാണ് രംഗത്തിറങ്ങിയത്. രക്ഷാസേന എത്തും മുമ്പ് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പിന്നീട് നമ്പൂരിപ്പൊട്ടി മതില്‍മൂലയിലും വെള്ളം പാഞ്ഞുകയറി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ദുരിതങ്ങളായിരുന്നു അവിടെ നേരില്‍ കണ്ടതെന്ന് പറയുന്നു റഹ്മത്ത് ശാന്തപുരം. വെള്ളം പൊങ്ങി ഒരുപാട് വീടുകള്‍ നശിക്കുകയും റോഡുകള്‍ തകരുകയും ചെയ്തപ്പോള്‍ ചാലിയാര്‍ നമ്പൂരിപ്പൊട്ടിയിലെ മസ്ജിദുന്നൂറിലായിരുന്നു വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. വെള്ളമിറങ്ങിയപ്പോള്‍ ഒരാളുടെ അരഭാഗം വരെ ചെളി നിറഞ്ഞ വീടുകളും മറ്റും ഉണ്ടായിരുന്നു. 
ആദ്യം ദുരിതം ബാധിച്ച സ്ഥലങ്ങളായതു കൊണ്ട് കുറേ പ്രവര്‍ത്തകരുണ്ടായിരുന്നു. കുറേ പേര്‍ വീട് വൃത്തിയാക്കാനും മറ്റു ചിലര്‍ ഓരോ വീടുകളിലും ചെളി പറ്റിയ തുണികള്‍ അലക്കി ഉന്തു വണ്ടിയില്‍ ഓരോ വീട്ടിലും തിരിച്ചേല്‍പിച്ചു. കുറേപേര്‍ ഭക്ഷണമുണ്ടാക്കാന്‍ കൂടി. കൂട്ടത്തില്‍ ഒരു കാര്യം കൂടി റഹ്മത്ത് ശാന്തപുരം പങ്കുവെച്ചു.

****
കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയായ ഇരിട്ടി കരിക്കോട്ടക്കരിയില്‍ ഉരുള്‍പൊട്ടി രണ്ടു പേര്‍ മരണപ്പെടുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്ത വാര്‍ത്ത അറിഞ്ഞാണ് കണ്ണൂര്‍ ജില്ലാ വനിതാ ടീം ഇരട്ടി ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ഐ.ആര്‍.ഡബ്ല്യൂ കണ്ണൂര്‍ ജില്ലാ വനിതാ ലീഡറായ സാഹിദ ടി.പി ആയിരുന്നു ലീഡര്‍. ഫാത്‌വിമ സി.പി, റുബീന, സമീറ എ.ടി, ജബിത ടി.പി, സുബൈദ എന്നിവരായിരുന്നു ഗ്രൂപ്പംഗങ്ങള്‍. ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ബന്ധുവീട്ടിലാണ്  സംഘം ആദ്യം പോയത്. അവിടെയെത്തുമ്പോള്‍ മരണം നടന്നതിന്റെ ചടങ്ങുകള്‍ നടക്കുകയായിരുന്നു. കുറേ സ്ത്രീകളെ കണ്ടപ്പോള്‍ അവര്‍ക്കെല്ലാം അത്ഭുതം.  ആരാണെന്നെല്ലാം അന്വേഷിച്ചു. ആദ്യമായിട്ടാണ് സ്ത്രീകള്‍ ഇങ്ങനെ വരുന്നതെന്ന് പറഞ്ഞു .  
കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു അവിടെ. ഒരുപാട് കാലം അധ്വാനിച്ചും ലോണെടുത്തും മറ്റും ഉണ്ടാക്കിയ വീട് തകര്‍ന്നു കിടക്കുന്നു. വീടുണ്ടാക്കി ഒന്നര വര്‍ഷം  മാത്രമേ അവിടെ താമസിച്ചിട്ടുള്ളൂ. ഒരു സാധനം പോലും എടുക്കാന്‍ പറ്റാത്ത രീതിയില്‍ നിലംപരിശായി കിടക്കുന്നു.  ഏരിയയിലെ കുറച്ചു വനിതകളെയും കൂട്ടി  കൊട്ടിയൂര്‍ വെള്ളം കയറിയ വീടുകള്‍ ക്ലീന്‍ ചെയ്യാന്‍ പോയി.   ഒരു വെറ്റിനറി ഹോസ്പിറ്റലും മൂന്നു നാല് വീടുകളുമാണ് ക്ലീന്‍ ചെയ്യാന്‍ ഉണ്ടായിരുന്നത്. ഹോസ്പിറ്റലിലെ എല്ലാ സാധനങ്ങളും നശിച്ചിരുന്നു. പെരുന്നാളിന്റെ പിറ്റേന്നാണ് തൃശൂര്‍ ജില്ലയില്‍ ക്ലീനിംഗിന്  വളന്റിിയര്‍മാരെ ആവശ്യമുണ്ട് എന്ന മെസ്സേജ് വരുന്നത്.  ഉടനെ ആഗസ്റ്റ് 23 വ്യാഴാഴ്ച നാലു മണിക്ക് രണ്ട് മണിക്കൂറിനുള്ളില്‍ 30 പേര്‍ ശാഹിദക്ക് കീഴില്‍ റെഡിയായി, തൃശൂരിലേക്ക് തിരിച്ചു.  
കൊടുങ്ങല്ലൂരില്‍  കോളനിയിലായിരുന്നു  ക്ലീനിംഗ്. കൊച്ചു കൊച്ചു വീടുകള്‍. ചില വീടുകളൊന്നും ഇനി താമസിക്കാന്‍ പറ്റാതായിരിക്കുന്നു. അവര്‍ ശേഖരിച്ച വെള്ളവും സെപ്റ്റിക് ടാങ്കിലെ വെള്ളവുമെല്ലാം കൂടിക്കലര്‍ന്ന് ആകെ ദുര്‍ഗന്ധമായിരുന്നു. പിറ്റേന്ന് ഓണം ആയതുകൊണ്ട് ചില വീടുകളിലെ ആളുകള്‍ ക്യാമ്പില്‍നിന്ന് തിരിച്ചുവന്നു വീടുകള്‍ വൃത്തിയാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ വെള്ളമില്ലാത്തത് പ്രയാസം സൃഷ്ടിച്ചു. 
 മുനിസിപ്പാലിറ്റിയില്‍നിന്ന് വന്ന ആളുകളോട് വെള്ളമില്ലാത്ത കാര്യം പറഞ്ഞപ്പോള്‍ അവര്‍ അപ്പോള്‍ തന്നെ വാര്‍ഡ് കൗണ്‍സിലറെ വിളിച്ച് വെള്ളത്തിന് ഏര്‍പ്പാട് ചെയ്തു. ഓരോ ഗ്രൂപ്പും ഓരോ വീട്ടിലേക്ക് പോയി. മലിനമായ ചുറ്റുപാടില്‍ അടുത്തടുത്ത വീടുകളില്‍ വെള്ളമില്ലാത്ത അവസ്ഥ ഓര്‍ക്കാന്‍ പോലും പ്രയാസമാകുന്നു.  ഉച്ചക്ക് ശേഷം  പോയത് മലയിലുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റ് ക്ലീന്‍ ചെയ്യാനായിരുന്നു. ചെളി പിടിച്ച ദുര്‍ഗന്ധം വമിക്കുന്ന സാധനങ്ങള്‍ ട്രോളികളിലേക്ക് ഇടുമ്പോള്‍  പലര്‍ക്കും കരച്ചില്‍ വരുന്നുണ്ടായിരുന്നു. പറവൂരിലുള്ള ഒരു സ്‌കൂളിലേക്കാണ് പിന്നീട് പോയത്.   ക്ലാസ്മുറികളില്‍ കക്കൂസ് മാലിന്യം വെള്ളത്തോടൊപ്പം വന്നുകയറി. വെള്ളം ഇറങ്ങിയപ്പോള്‍ മാലിന്യം അവിടെ ബാക്കിയായിരുന്നു. അതെല്ലാം കോരി മാറ്റി   ഡെസ്‌കും ബെഞ്ചും തേച്ചുകഴുകി. സ്‌കൂളിലെ അധ്യാപകര്‍  ഭക്ഷണവുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

*****
ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും നിരന്തരമായ സഹായ പോസ്റ്റുകള്‍ കാണുമ്പോഴും ഫോര്‍വേഡ് ചെയ്യുമ്പോഴും തനിക്കെന്ത് ചെയ്യാന്‍ പറ്റും എന്ന ചിന്തയിലായിരുന്നു മലപ്പുറം ജില്ലയിലെ പറവണ്ണ സ്വദേശി ശിഫ ഖാജ. എന്തെങ്കിലും ചെയ്യാതെ മനസ്സ് അസ്വസ്ഥമായി. പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതു കൊണ്ടുമാത്രം കാര്യമില്ലെന്ന് മനസ്സ് ഉച്ചത്തില്‍ പറയാന്‍ തുടങ്ങിയപ്പോള്‍ ഐ.ആര്‍.ഡബ്ല്യൂ പ്രവര്‍ത്തകനായ ഖാജാ ശിഹാബുദ്ദീനോട് കാര്യം പറഞ്ഞു. വനിതകളുടെ ഒരു സംഘം ദുരിതബാധിത പ്രദേശത്ത് പോകുന്നതിനെ കുറിച്ച് സംസാരിച്ചു. വാട്ട്‌സ്ആപ്പിലൂടെ കാര്യം അവതരിപ്പിക്കേണ്ട താമസം മലപ്പുറം ജില്ലയുടെ പലഭാഗങ്ങളില്‍നിന്നായി സേവനസന്നദ്ധരായ ഒരുപാട് സഹോദരിമാരുടെ വിളികള്‍ വന്നു. അങ്ങനെയാണ് 26 പേരടങ്ങുന്ന സംഘം തൃശൂര്‍ ചാലക്കുടിയിലേക്ക് തിരിക്കുന്നത്. ചാലക്കുടിക്കടുത്തുള്ള കറുവന്നൂര്‍ എന്ന സ്ഥലത്തെ ദാറുസ്സലാം ദുരിതാശ്വാസ ക്യാമ്പിലേക്കായിരുന്നു ആദ്യം പോയത്. അവിടത്തെ ഐ.ആര്‍.ഡബ്ല്യൂ പ്രവര്‍ത്തകരായ സ്വാലിഹ്, മുജീബ്, ഫൈസല്‍, ലുഖ്മാന്‍ എന്നിവര്‍ നിര്‍ദേശങ്ങള്‍ നല്‍കി. 
നാല് ടീമായി സംഘം പിരിഞ്ഞു. പ്രളയം കവര്‍ന്നെടുത്ത വീടുകളും കെട്ടിടങ്ങളും കണ്ട് കണ്ണ് നിറഞ്ഞു. വെള്ളവും വൈദ്യുതിയും ഇല്ലാത്ത വീട് ശുചിയാക്കുന്നത് ആലോചിക്കാന്‍ തന്നെ വയ്യ. അത്തരം 9 വീടുകളാണ് വൃത്തിയാക്കിയത്. ചെറുപ്പക്കാരികള്‍ പുറത്തെ കിണറ്റില്‍നിന്ന് വെള്ളം കോരും. മുതിര്‍ന്നവര്‍ അകം വൃത്തിയാക്കും. സേവനപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം സ്വയം തയാറാക്കി നല്‍കുന്ന ഒരു കുടുംബത്തെയും അവിടെ കണ്ടു. ശിഫാ ഖാജയോടൊപ്പം ടി.ടി ഖൈറുന്നിസ, മൈമൂന, സ്വഫിയ, മുഹ്‌സിന ജഹാന്‍, ശാഹിദ, സഫൂറ, നബീല, ജാസ്മിന്‍, ജമീല, തസ്‌ലീന, സക്കീന, ആരിഫ, അസ്മ, നുസൈബ തുടങ്ങിയവരടങ്ങിയതായിരുന്നു സംഘം.

*****
പെട്ടെന്ന് വന്ന് ജീവിതം തന്നെ തുടച്ചുനീക്കിയ പ്രളയത്തെപ്പറ്റിയും, അന്നേരം എവിടെനിന്നൊക്കെയോ ഉദിച്ച രക്ഷാപ്രവര്‍ത്തകരെ പറ്റിയുമൊക്കെ ഇനിയും പറയാന്‍ ഏറെ. വീടും കുടുംബവും വിട്ട് ദുരന്തമുഖത്തേക്കിറങ്ങിയ സ്ത്രീകള്‍ കൂടുതല്‍ പ്രാര്‍ഥനകള്‍ അര്‍ഹിക്കുന്നുണ്ട്. ദുരിതത്തിനിരയായ സ്ത്രീകളെ ആശ്വസിപ്പിക്കാനും അവരുടെ വേദനകള്‍ക്ക് പരിഹാരം നല്‍കാനും സ്ത്രീകളായ വളന്റിയര്‍മാര്‍ക്ക് കൂടുതല്‍ കഴിഞ്ഞു എന്ന് അവരുടെ വാക്കുകളില്‍നിന്ന് വായിച്ചെടുക്കാം. ഇനിയും നമ്മള്‍ കേള്‍ക്കാത്ത ഒട്ടേറെ പേര്‍ക്ക് സാന്ത്വനമായി നിലകൊണ്ട ഒരുപാട് പേര് കാണും. എല്ലാവര്‍ക്കും പടച്ചവന്‍ അര്‍ഹമായ പ്രതിഫലം നല്‍കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top