ചീറിയടുക്കുന്ന ഇടിമിന്നലുകള്‍
ചുട്ടുപഴുത്ത ഭൂമിയില്‍
ആര്‍ത്തനാദങ്ങളായ് പെയ്തിറങ്ങും
മാരകവിഷം തീണ്ടിയ കറുത്ത മണ്ണിലെ
അസ്ഥികൂടങ്ങളെ ചെടികളെന്നു വിളിക്കും
തിളച്ചുമറിയുന്ന ജലാശയങ്ങള്‍
വിണ്ടുകീറുന്ന ഭൂമിയുടെ ദാഹം
തീര്‍ക്കും
പൂക്കളില്ലാത്ത മരക്കാലുകളില്നിന്ന്
നിഴലുകള്‍ ഓടിയൊളിക്കും
എയര്‍ബാഗുകളും ജലക്യാപ്സൂളു-
കളുമായി കുഞ്ഞുങ്ങള്‍
അന്യഗ്രഹ ജീവികളാകും
ഉപ്പുണങ്ങി ചുക്കിച്ചുളിഞ്ഞ്
വേച്ചുപോകുന്ന വൃദ്ധരൂപം ഒരു യുവാവാണ്
ചെറുജീവികള്‍ റെഡ്ബുക്കില്‍
വിശ്രമിക്കുമ്പോള്‍ ഭീകരജീവികള്‍
മനുഷ്യനെ തിന്നും
പ്ലാസ്റ്റിക് മെത്തയില്‍ ഉരുകിത്തീരുന്ന
മനുഷ്യാ, കരയാന്‍ ഒരിറ്റുനീരെങ്കിലും
ബാക്കിയുണ്ടോ?
ആസന്നഭാവിയില്‍ പേടിപ്പെടുത്തുന്ന
ദുഃസ്വപ്നമല്ലിത്
നമുക്കായ്
കാത്തിരിക്കുന്ന
യാഥാര്‍ഥ്യം മാത്രം!