അവധിക്കാലം അനുഭവക്കാലം

ജമാലുദ്ദീന്‍ മാളിക്കുന്ന് No image

'എല്ലാ മാതാപിതാക്കളുടെയും ശ്രദ്ധക്ക്, ഇന്നു മുതല്‍ രണ്ട് മാസത്തേക്ക് സ്‌കൂള്‍ അടക്കുകയാണ്, എല്ലാവരും ക്ഷമക്കുള്ള മരുന്ന് കഴിക്കണമെന്നും ഒരു കിലോ പരുത്തി (പരുത്തി ചെവിയില്‍ ദിവസവും 3 പ്രാവശ്യം വെക്കണമെന്ന് ഓര്‍മപ്പെടുത്തുന്നു) കരുതണമെന്നും അപേക്ഷിക്കുന്നു.' അടുത്തിടെ വാട്‌സാപ്പില്‍ പ്രചരിച്ച ഒരു മെസ്സേജാണ് ഈ പറഞ്ഞത്.

പത്ത് മാസത്തെ മുഴുവന്‍ സമയ സ്‌കൂള്‍ പഠന കാലത്തിനു ശേഷം ഏപ്രില്‍, മെയ് മാസങ്ങള്‍ മധ്യവേനലവധിക്കാലമാണ്. ഏകദേശം പ്രീ പ്രൈമറി ക്ലാസ് മുതല്‍ 9-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 2 മാസം മുഴുവന്‍ അവധി ലഭിക്കാറുണ്ട്. സംസ്ഥാന സിലബസ് പഠിക്കുന്നവര്‍ക്ക് മാത്രമല്ല സി.ബി.എസ്.ഇ, ഐ.സി.എസ്.സി സിലബസ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഈ അവധി ലഭിക്കാറുണ്ട്. വ്യക്തമായ ആസൂത്രണം ഉണ്ടെങ്കില്‍ ഈ സമയം വിദ്യാര്‍ഥികള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും.

പൊതുവെ ഈ കാലഘട്ടം അലസമായ കളികളിലും അനാവശ്യ വിനോദങ്ങളിലും ഏര്‍പ്പെട്ട് സമയം കളയുന്ന പതിവാണ് കാണാറുള്ളത്. രക്ഷിതാക്കള്‍ മക്കളെക്കുറിച്ച് കൂടുതല്‍ പരാതി പറയുന്ന കാലവും ഇതുതന്നെ. എന്നാല്‍ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിനും ഭാവിയിലേക്ക് അവരവര്‍ ഉദ്ദേശിക്കുന്ന മേഖലകളിലേക്കെത്താനുമുള്ള പല കാര്യങ്ങളും ചെയ്തു തീര്‍ക്കാന്‍ ഈ കാലത്ത് സാധ്യമാവും. സ്വന്തം മക്കളുടെ കഴിവുകള്‍ കണ്ടെത്തി അവ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ പരിപാടികളില്‍ ഏര്‍പ്പെടാന്‍ ഏറ്റവും നല്ല സമയമാണ് അവധിക്കാലം. 

സ്‌കൂള്‍ ക്ലാസ്മുറികളില്‍നിന്നും ലഭിക്കാത്ത പല അറിവുകളും ലഭിക്കുന്നത് ഇത്തരം വേദികളിലാണ്. ഈ കാലത്തെ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ചില നിര്‍ദേശങ്ങള്‍ ഇതാ...

വ്യക്തിത്വവികസന ക്യാമ്പുകള്‍ 

ഇപ്പോള്‍ നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന വ്യക്തിത്വവികസന ക്യാമ്പുകളില്‍  പങ്കെടുപ്പിക്കുന്നത് വിദ്യാര്‍ഥികളുടെ ജീവിതത്തില്‍  ഒരു പുതിയ ഉണര്‍വിന് കാരണമാവുന്നു. ഇതില്‍ മിക്കവാറും ക്യാമ്പുകള്‍ നാലോ അഞ്ചോ ദിവസങ്ങളില്‍ മുഴുവന്‍ സമയവും ക്യാമ്പ് കേന്ദ്രത്തില്‍ ചെലവഴിക്കുന്നതാണ്. ശാസ്ത്രീയമായ വ്യക്തിത്വവികസന പരിശീലന കളരികളാണ് ഇത്തരം ക്യാമ്പുകള്‍. അത്തരം പരിശീലനം ലഭിച്ച പരിശീലകരാണ് ക്യാമ്പുകള്‍ക്ക് നേതൃത്വം വഹിക്കുന്നത്. 

ശാസ്ത്രീയമായ ഇടപെടല്‍ വിദ്യാര്‍ഥികളില്‍ നടത്തി അവരില്‍ അന്തര്‍ലീനമായ കഴിവുകള്‍ വികസിപ്പിച്ചെടുക്കാനും കുട്ടികളുടെ സ്വഭാവ, പെരുമാറ്റ രീതികള്‍ മെച്ചപ്പെടുത്താനും ഇത്തരം ക്യാമ്പുകള്‍ വഴി സാധിക്കും. കുട്ടികള്‍ സ്ഥിരം താമസിക്കുന്ന വീടുകളില്‍നിന്ന് മാറി കുറച്ച് ദിവസം നില്‍ക്കുമ്പോള്‍ തന്നെ അവര്‍ക്കത് പുതിയൊരു അനുഭവമാണ്.

പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം ക്യാമ്പുകള്‍ പൊതുവെ തുടങ്ങുന്ന ദിവസം മുതല്‍ അവസാനിക്കുന്ന ദിവസം വരെ ഒരേ പരിശീലകരുടെ കൂടെ തന്നെയായിരിക്കും വിദ്യാര്‍ഥികള്‍. അതുകൊണ്ടുതന്നെ കുട്ടികളെ കൃത്യമായി മനസ്സിലാക്കാനും ഇടപെടാനും അവര്‍ക്ക് സാധിക്കും. 

എന്നാല്‍ ഇന്നത്തെ പല ക്യാമ്പുകളിലും വിദ്യാര്‍ഥി ആധിക്യത്താല്‍ ഇത്തരം ഇടപെടലുകള്‍ക്ക് കോട്ടം തട്ടാറുണ്ട്. സാമ്പത്തിക നേട്ടത്തിലുപരി വിദ്യാര്‍ഥികളുടെ ഉന്നമനം കൂടി ലക്ഷ്യംവെച്ചുള്ള ക്യാമ്പുകള്‍ തെരഞ്ഞെടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. പല സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തരം ക്യാമ്പുകള്‍ നടത്തിവരുന്നു. 

 

വിഷയ ക്യാമ്പുകള്‍, ചര്‍ച്ചകള്‍ 

പഠനത്തില്‍ എല്ലാ കുട്ടികളും ഒരുപോലെ പ്രകടനം കാഴ്ചവെക്കുക അസാധ്യമാണല്ലോ. ചില വിദ്യാര്‍ഥികള്‍ ശാസ്ത്ര വിഷയങ്ങളില്‍ മികവ് കാണിക്കുമ്പോള്‍ ചലര്‍ ഭാഷാ പഠനത്തില്‍മികവ് കാണിക്കുന്നു, എന്നാല്‍ ചിലര്‍ സാമൂഹികശാസ്ത്ര വിഷയങ്ങളിലാവും താല്‍പര്യം കാണിക്കുന്നത്. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് അവര്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന വിഷയങ്ങള്‍ക്ക് പഠനത്തില്‍ മുന്നേറാന്‍ പ്രത്യേകം പരിശീലനം ആവശ്യമായി വരും. 

ക്ലാസ്മുറികളില്‍ നന്നായി പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഇടയില്‍പെട്ട് ഒന്നിലധികം തവണ വിശദീകരണം ആവശ്യമുള്ള കുട്ടികളും ചില വിഷയങ്ങളില്‍ പിന്നാക്കം പോകാം. വ്യക്തിപരമായി അധ്യാപകരുടെ ശ്രദ്ധ ലഭിക്കാത്തതും പുറകോട്ട് പോവാന്‍ കാരണമാവും.

ഇത്തരം സാഹചര്യങ്ങളില്‍ അതത് വിഷയ സംബന്ധിയായ ക്യാമ്പുകളോ ചര്‍ച്ചകളോ സംഘടിപ്പിച്ചാല്‍ മധ്യവേനലവധിക്കാലം അനുകൂലമാക്കി മാറ്റാന്‍ സാധിക്കും. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കു കീഴിലോ റെസിഡന്‍സ് അസോസിയേഷനുകള്‍ക്കു കീഴിലോ ആയി ഇത്തരം ക്യാമ്പുകളോ ചര്‍ച്ചകളോ സംഘടിപ്പിക്കാം.

'മാത്ത്‌സ് മെയ്ഡ് ഈസി', 'ഭാഷാ മധുരം' പോലുള്ള ചില പരിപാടികള്‍ മുന്‍ വര്‍ഷങ്ങളില്‍ പല സ്വകാര്യ ഏജന്‍സികളും നടത്തിയിരുന്നു. ഭാഷാജ്ഞാനം വര്‍ധിപ്പിക്കാന്‍ പല കൂട്ടായ്മകളും നമ്മുടെ നാട്ടില്‍ പരിശീലനം സംഘടിപ്പിക്കാറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരം പരിശീലനങ്ങളില്‍ പങ്കെടുത്തവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു വേണം ഇത്തരം ക്യാമ്പുകളില്‍ മക്കളെ പറഞ്ഞയക്കാന്‍.

 

പഠന യാത്രകള്‍ 

സാധാരണ അവധിക്കാലങ്ങളില്‍ കുടുംബ സമേതമോ അല്ലാതെയോ ഉള്ള യാത്രകള്‍ നടത്തുന്നത് സ്വാഭാവികമാണ്. ഇത്തരം യാത്രകള്‍ സാധാരണ ഉല്ലാസ യാത്രകള്‍ മാത്രമാവാറാണ് പതിവ്. എന്നാല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താല്‍ ഇത്തരം യാത്രകള്‍ കുട്ടികളുടെ പഠനസംബന്ധിയായ യാത്ര യാക്കി മാറ്റാവുന്നതാണ്. വ്യത്യസ്ത നാടുകളും അവിടത്തെ ആളുകളും അവരുടെ ഭാഷകളും സംസ്‌കാരവും എല്ലാം മനസ്സിലാക്കാനും അവകളിലെ വ്യതിരിക്തത തിരിച്ചറിയാനും അനുധാവനം ചെയ്യാവുന്നവ ഏറ്റെടുക്കാനും ഇത്തരം ആസൂത്രണം ചെയ്തുള്ള യാത്രകള്‍ക്ക് സാധിക്കും.

 

അനുഭവ സന്ദര്‍ശനങ്ങള്‍

ഇന്നത്തെ രക്ഷിതാക്കള്‍ പണ്ട് വിദ്യാര്‍ഥികളായിരിക്കുമ്പോള്‍ അനുഭവിച്ച കഷ്ടതകളൊന്നും ഇന്നത്തെ തലമുറ അനുഭവിക്കുന്നില്ല എന്ന് പൊതുവെ പറയാറുണ്ട്. മറിച്ച് പുതു തലമുറ സുഖലോലുപതയില്‍ കഴിയുന്നു എന്നും ആരോപണമുണ്ട്. ഈ വേനലവധിക്കാലം നമ്മുടെ മക്കള്‍ക്ക് ജീവിത അനുഭവങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ തീരുമാനിച്ചാല്‍ നന്നായിരിക്കും.

മോശം ജീവിതാനുഭവങ്ങളെ തരണംചെയ്ത് ഉന്നതിയിലെത്തിയ വ്യക്തിത്വങ്ങളെ സന്ദര്‍ശിക്കുക, പ്രാഥമിക പഠനം പോലും നടത്താനാവാതെ ബിസിനസ് ഉന്നതങ്ങളിലെത്തിയ ആളുകളെ സന്ദര്‍ശിക്കുക, ജീവിതത്തില്‍ മക്കള്‍ ആരാവാന്‍ ആഗ്രഹിക്കുന്നുവോ ആ മേഖലയില്‍ ഇന്ന് തിളങ്ങി നില്‍ക്കുന്ന ആളുകളെ സന്ദര്‍ശിക്കുക എന്നിവ വിദ്യാര്‍ഥികള്‍ക്ക് പുതു ഊര്‍ജം പകരാന്‍ കാരണമാവും.

ആശുപത്രികള്‍, വൃദ്ധസദനങ്ങള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം കുട്ടികളില്‍ പുതുചിന്തകള്‍ വളരാനും സാമൂഹികപ്രതിബദ്ധരാവാനും സഹായകമാവും. ജുവനൈല്‍ ഹോം, ജയില്‍, ഡി-അഡിക്ഷന്‍ സെന്റര്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം കുട്ടികളില്‍ നിയമ അവബോധം നല്‍കാനും മറ്റും കാരണമാവും.

 

കുടുംബ സദസ്സുകള്‍

ബന്ധങ്ങള്‍ അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കുടുംബ സദസ്സുകള്‍ പല തലമുറകള്‍ ഒന്നിച്ചിരിക്കാനും പരിചയപ്പെടാനും ഉപകരിക്കും. സ്വന്തം അഛനമ്മമാരൊഴികെ പലര്‍ക്കും ബന്ധുക്കളെക്കുറിച്ചോ അയല്‍വാസികളെക്കുറിച്ചോ അറിയാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഇത്തരം ബന്ധങ്ങള്‍ മക്കള്‍ക്ക് പരിചയപ്പെടുത്തേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. ഈ പ്രശ്‌ന പരിഹാരത്തിന് അവധിക്കാലത്തെ കുടുംബ സംഗമങ്ങള്‍ക്ക് സാധിക്കും.

 

തൊഴില്‍ പരിശീലന പരിപാടികള്‍

എല്ലാവരും പഠിക്കുന്നത് ഒരു തൊഴില്‍ ലഭിക്കാനും അതുവഴി ജീവിതം മുന്നോട്ടുകൊണ്ടുപോവാനും ആണ്. എന്നാല്‍ ചുരുക്കം ചില വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കഴിവില്ലാതിരിക്കുകയോ അല്ലെങ്കില്‍ സ്വമേധയാ പഠിക്കാതിരിക്കുകയോ ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം കുട്ടികള്‍ ഏതെങ്കിലും കൈത്തൊഴില്‍ ചെയ്യുന്നതിനോ പഠിച്ചെടുക്കുന്നതിനോ തയാറാണ്. അത്തരം കുട്ടികളെ കണ്ടെത്തി അവര്‍ക്ക് മതിയായ തൊഴില്‍പരിശീലനം നല്‍കാന്‍ പറ്റിയ സമയമാണ് അവധിക്കാലം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top