കുടുംബം ബജറ്റിലൊതുങ്ങുമ്പോള്‍...

ജസീല കെ.ടി. പൂപ്പലം No image

ഓരോ ദിവസവും അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടിക്കൊണ്ടിരിക്കുന്നു. അടുക്കള ബജറ്റ് താളം തെറ്റി ഓടുന്നു. തകര്‍ന്നു തരിപ്പണമായ അടുക്കള സാമ്രാജ്യത്തെ ചെറുതായെങ്കിലും രക്ഷിക്കണമെങ്കില്‍ വീട്ടമ്മമാര്‍ ഇനി കരുതലോടെ നീങ്ങിയേ പറ്റൂ. അല്ലെങ്കില്‍ മിച്ചമൊന്നും കാണുകയുമില്ല, കടം പിന്നെയും ബാക്കി നില്‍ക്കുകയും ചെയ്യും.  ഈ അവസ്ഥയില്‍ നമ്മുടെ വീടുകള്‍ക്കും വേണ്ടേ ഒരു ബജറ്റ്. 

തീര്‍ച്ചയായും വേണം. വീട്ടിലെ വരവുചെലവുകള്‍ അളക്കാന്‍ ഒരു ഫാമിലി ബജറ്റ് നിങ്ങളെ സഹായിക്കും. അതേ പോലെ കൃത്യമായ പ്ലാനിംഗിലൂടെ സാമ്പത്തിക ഭദ്രതയിലേക്കും നിങ്ങളുടെ കുടുംബത്തിന് നടന്നു തുടങ്ങാം. നിങ്ങളുടെ പണം എവിടെയൊക്കയാണ് ചെലവായി പോകുന്നത്, കൂടുതല്‍ നല്ല രീതിയില്‍ പണം എങ്ങനെ കൈകാര്യം ചെയ്യാം എന്നൊക്കെ ബജറ്റ് തയ്യാറാക്കുന്നതിലൂടെ അറിയാന്‍ കഴിയും. പക്ഷേ ബജറ്റ് തയ്യാറാക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍  അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

സാമ്പത്തിക പ്രതിസന്ധിക്കു പ്രധാന കാരണം

വരവും ചെലവും തമ്മിലുള്ള അന്തരമാണ് പലപ്പോഴും വീടുകളില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നത്. വരവ് കുറയുകയും ചെലവ് കൂടുകയും ചെയ്താല്‍ പിന്നത്തെ കാര്യം പറയാനുണ്ടോ. പിന്നെ ഓരോ മാസവും കടത്തില്‍ മുങ്ങിയും താണും പോകേണ്ടിവരും. വീട്ടിലെ വരവ് ചെലവുകളെക്കുറിച്ച് കൃത്യമായ ധാരണയാണ് ആദ്യം വേണ്ടത്. വേണമെങ്കില്‍ വരുമാനം ഏതൊക്കെ വഴിയിലാണ് ചെലവായി പോകുന്നതെന്ന് എഴുതി സൂക്ഷിക്കാം. ഒരു മാസം എന്തിനൊക്കെ പണം ചെലവാക്കുന്നു എന്ന് ഇങ്ങനെ എഴുതി സൂക്ഷിച്ചാല്‍ പണം ഏതൊക്കെ വഴിയിലാണ് ചെലവാകുന്നത് എന്നതിനെക്കുറിച്ച് ഏകദേശ ധാരണ കിട്ടും. ഇങ്ങനെ ഒരു മാസം ശീലിച്ചാല്‍ തന്നെ വരവറിഞ്ഞ് ചെലവാക്കാനും ഒരു നിശ്ചിത തുക സമ്പാദ്യമായി നീക്കി വെക്കാനും കഴിയും.

ലിസ്റ്റുണ്ടാക്കി സാധനങ്ങള്‍ വാങ്ങാം

സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴാ യിരിക്കും ഞെട്ടിപ്പോകുന്നത്. ആവശ്യമുള്ളതും ഇല്ലാത്തതുമൊക്കെ വാങ്ങിക്കൂട്ടി കയ്യിലുള്ള പണം മുഴുവന്‍ തീര്‍ത്തിട്ടായിരിക്കും പലരും മടങ്ങി വരുന്നത്. എത്ര ദിവസത്തേക്കുള്ള സാധനങ്ങള്‍ വേണം, എന്തൊക്കെ വേണം എന്നൊരു ലിസ്റ്റുണ്ടാക്കിയിട്ടു വേണം സാധനങ്ങള്‍ വാങ്ങാന്‍ പോകാന്‍. ഇത് ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ നിന്നും രക്ഷിക്കും. പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ സീസണലായിട്ടുള്ളവ വാങ്ങാന്‍ ശ്രദ്ധിക്കുക. കുറഞ്ഞ വിലയില്‍ ഇവ ലഭിക്കാന്‍ ഇത് സഹായിക്കും. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കുന്ന പൊതുവിപണിയെ ആശ്രയിക്കുന്നതാകും നല്ലത്.

ഒരുമിച്ച് വാങ്ങുന്നതിലെ ലാഭം

സ്ഥലസൗകര്യമുള്ളവരാണെങ്കില്‍ അത്യാവശ്യമുള്ള പച്ചക്കറികളൊക്കെ വീട്ടില്‍ തന്നെ കൃഷി ചെയ്യുന്നത് ആ വിധത്തിലുള്ള ചെലവുകള്‍ കുറക്കാന്‍ സഹായിക്കും. വിപണിയില്‍ നിന്ന് വാങ്ങുന്നവരാണെങ്കില്‍ ഒരു ദിവസത്തേക്ക് എന്നത് മാറ്റി ഒരാഴ്ചത്തേക്ക് ഒരുമിച്ച് വാങ്ങുന്നതായിരിക്കും ലാഭം. മീനും ഇറച്ചിയും സ്ഥിരമായി വാങ്ങുന്നവര്‍ അതിലൊരു മാറ്റം വരുത്തിയാല്‍ തന്നെ പണം ലാഭിക്കാം. ആഴ്ചയില്‍ എല്ലാ ദിവസവും ഇറച്ചി വാങ്ങുന്നവര്‍ ആഴ്ചയില്‍ രണ്ടു ദിവസമായോ മറ്റോ ആയി ചുരുക്കുക.

യാത്രകളില്‍ ശ്രദ്ധിച്ചാല്‍

യാത്രകള്‍ക്കായി നല്ല പണം ചെലവാക്കുന്നവരുണ്ടിവിടെ. ചെറിയ ദൂരത്തേക്ക് പോകുമ്പോഴും ഓട്ടോ പിടിക്കുക, കാര്‍ ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങള്‍ ഉണ്ടെങ്കില്‍ ഇനി ഉപേക്ഷിക്കാം. നടന്നു പോകാവുന്ന ദൂരമാണെങ്കില്‍ നടന്നു തന്നെ പോകുക. ഇത് പണം ലാഭം മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്.

ആവശ്യങ്ങള്‍ക്കായുള്ള പണം

ചെലവുകള്‍ കൂടുന്തോറും അതിനനുസരിച്ച് വരുമാനം കൂടാത്തത് വലിയൊരു പ്രശ്‌നമാണ്. അതുകൊണ്ട് പണം ചെലവഴിക്കുമ്പോള്‍ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാന്‍ ശ്രദ്ധിക്കണം. വീടിന് വാടക നല്‍കാന്‍ ഉണ്ടെങ്കില്‍ അത്, ഇലക്ട്രിസിറ്റി ബില്‍, ഫോണ്‍ചാര്‍ജ്ജ്, പാല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള പണം ആദ്യമേ നീക്കി വെക്കണം.

കുടുംബബജറ്റ് തയ്യാറാക്കിയാല്‍

വരുമാനവും ചെലവും കണക്കാക്കി നല്ലൊരു ബജറ്റ് ഉണ്ടാക്കിയാല്‍ തന്നെ വീട്ടിലെ സാമ്പത്തികപ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാം. ആഴ്ചയിലോ, മാസത്തിലോ, വര്‍ഷത്തിലോ ഉള്ള ഒരു ബജറ്റ് നിങ്ങളുടെ വരുമാനം അനുസരിച്ച് തയ്യാറാക്കാം. ചെറിയ ചെലവു പോലും ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. ആഹാരം, വസ്ത്രം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ കഴിഞ്ഞുള്ള മറ്റ് ചെറിയ ചെലവുകള്‍ക്ക് വേണ്ടി വേണമെങ്കില്‍ ഒരു വീക്കിലി ബജറ്റ് തന്നെ തയ്യാറാക്കാം. വെറുതെ ഒരു ബജറ്റ് തയ്യാറാക്കിയാല്‍ മാത്രം പോരാ. ബജറ്റ് തയ്യാറാക്കുന്നത് ക്യത്യമായ ഒരു സമയത്തേക്കായിരിക്കണം. ആഴ്ചയിലോ, മാസത്തിലോ, വര്‍ഷത്തിലോ വരുമാനമനുസരിച്ചുള്ള ബജറ്റ് ഒരുക്കാം.

വരുമാനം കണ്ടെത്താം

ആഴ്ചയിലോ മാസത്തിലോ നിങ്ങള്‍ക്ക് എത്ര വരുമാനം കിട്ടുന്നുണ്ടെന്ന് കണ്ടെത്താം. ഇതിനൊപ്പം മറ്റ് രീതിയില്‍ കിട്ടുന്ന വരുമാനം, ബോണസ്, ഷെയറില്‍ നിന്നോ ബാങ്കിലോ നിക്ഷേപങ്ങളില്‍ നിന്നോ ലഭിക്കുന്ന വരുമാനം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം.

ചെലവുകള്‍

ചെലവുകളെ രണ്ടായി തരംതിരിക്കാം. ആവശ്യമുള്ളതെന്നും ഒഴിവാക്കാന്‍ പറ്റാത്തതെന്നും. ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, ആശുപത്രി ചെലവുകള്‍ ഇതെല്ലാം ഒഴിവാക്കാന്‍ പറ്റാത്തവയില്‍ വരുന്നതാണ്. ബഡ്ജറ്റ് പ്ലാന്‍ ചെയ്യുമ്പോള്‍ ഇവ ആദ്യം തന്നെ ഉള്‍പ്പെടുത്തണം.

വരുമാനം ചെലവ്

ആകെയുള്ള വരുമാനവും ചെലവും തമ്മിലുള്ള അന്തരം കൃത്യമായി കണ്ടെത്തണം. വരവ് കൂടുതലും ചെലവ് കുറവുമാണെങ്കില്‍ മിച്ചമുള്ള പണം സമ്പാദ്യമായി സൂക്ഷിക്കാം. ചെലവ് കൂടുതലാണെങ്കില്‍ നിങ്ങളുടെ ചെലവഴിക്കല്‍ ശീലം മാറ്റാന്‍ സമയമായി. മാത്രമല്ല ബജറ്റൊന്ന് മാറ്റിപ്പണിയാനും സമയമായി എന്നര്‍ത്ഥം.

ബജറ്റ് പുതുക്കണം

ഇടയ്ക്കിടെ ബജറ്റ് പുതുക്കാന്‍ മറക്കരുത്. പ്രത്യേകിച്ച് സാഹചര്യങ്ങള്‍ മാറുമ്പോള്‍. പുതിയ ചെലവുകളോ, വരുമാനമോ ഉണ്ടാക്കുമ്പോള്‍ അത് കൂടി ഉള്‍പ്പെടുത്തി ബജറ്റ് പുതുക്കിയെടുക്കണം.

 ഇന്ധനച്ചെലവ് നിയന്ത്രിക്കാം

ഇന്ധനവില ദിനംപ്രതി വര്‍ധിക്കുകയാണ്. എന്നാല്‍ ഇരുചക്രവാഹനങ്ങളും കാറുകളും ഒഴിവാക്കാന്‍ കഴിയാത്തവിധം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്തു. കുടുംബ ബഡ്ജറ്റിനെ ബാധിക്കാത്ത തരത്തില്‍ ഇന്ധനവിലയെ നേരിടാന്‍ വാഹനം ഓടിക്കുമ്പോള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം. ഇതോടൊപ്പം വാഹനത്തിന്റെ മെയിന്റനന്‍സ് കുറയ്ക്കാനും സാധിക്കും.

വാഹനമുപയോഗിക്കുമ്പോള്‍

* വാഹനത്തിന്റെ ഓയില്‍ കൃത്യമായി മാറുക. സാധാരണ ഓയിലുകള്‍ 5000 കിലോമീറ്ററിലെങ്കിലും മാറണം.

* ടയറുകളിലെ പ്രഷര്‍ കൃത്യമായ അളവിലായിരിക്കണം. പ്രഷര്‍ കുറഞ്ഞാല്‍ ഘര്‍ഷണം കൂടും. മൈലേജ് കുറയും. മികച്ച നിലവാരത്തിലുള്ള ടയറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

* കൃത്യസമയത്ത് സര്‍വീസ് ചെയ്യണം. അംഗീകൃത സര്‍വീസ് സെന്ററുകളില്‍ മാത്രം സര്‍വീസ് ചെയ്യുക.

* ഡ്രൈവിംഗിലും ശ്രദ്ധിക്കണം. കാറുകള്‍ ഏറ്റവും ഉയര്‍ന്ന ഗിയറില്‍ 5060 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കുക. 55 കിലോമീറ്ററാണ് ഏറ്റവും നല്ല വേഗം. അധിക വേഗത്തില്‍ ഇന്ധനച്ചെലവ് കൂടും. ഇരുചക്രവാഹനങ്ങള്‍ 40-45 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കുന്നതാണ് നല്ലത്.

* കൃത്യമായ ഗിയറില്‍ വേണം വണ്ടി ഓടിക്കാന്‍. ഇടയ്ക്കിടയ്ക്കുള്ള ഗിയര്‍ ഷിഫ്റ്റിംഗ് ഇന്ധനച്ചെലവു കൂട്ടും.

* ആവശ്യമുള്ളപ്പോള്‍ മാത്രം ക്ലച്ചിലും ബ്രേക്കിലും കാലമര്‍ത്തുക. സഡന്‍ ബ്രേക്കിടുന്നതിലും നല്ലത് ഗിയര്‍ഡൗണാക്കി വേഗം കുറക്കുന്നതാണ്.

* ചോക്ക് വലിച്ചു വച്ച് ഓടിക്കരുത്. ഒരു മിനിറ്റിലുമധികം നേരം നിറുത്തിയിടുമ്പോള്‍ എന്‍ജിന്‍ ഓഫാക്കണം.

* വീലുകളുടെ അലൈന്‍മെന്റ് കൃത്യമായിരിക്കണം. സര്‍വീസിങ്ങിനിടെ ടയര്‍ റൊട്ടേഷന്‍ നടത്തുകയും വേണം.

* അധികഭാരം കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്നതിന് കാരണമാകും.

* പൊതുവാഹനങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top