വൈജ്ഞാനികാധികാരം കയ്യാളിയ സ്ത്രീകള്‍

അബ്ദുല്‍ ബാരി കടിയങ്ങാട് No image

ഇസ്‌ലാമിക വിജ്ഞാനത്തിന്റെ പ്രഥമ ഉറവിടമായ വഹ്‌യി(ദിവ്യവെളിപാട്)ന്റെ ആദ്യാനുഭവങ്ങള്‍ നമുക്ക് വിവരിച്ചുതന്നത് പ്രവാചക പത്‌നി ഖദീജ(റ)യാണ്. ആദ്യത്തെ വിശ്വാസിനിയും തിരുമേനിക്ക് ലഭ്യമായ ദിവ്യസന്ദേശത്തിന്റെ പ്രഥമ ശ്രോതാവും വൈജ്ഞാനിക മണ്ഡലത്തിലെ ഇഴപിരിക്കാന്‍ സാധിക്കാത്ത സ്ത്രീ സാന്നിധ്യം ഇതില്‍ നിന്നുതന്നെ വായിച്ചെടുക്കാം. ഭയവിഹ്വലനായ പ്രവാചകന് ആശ്വാസവും ധൈര്യവും പകര്‍ന്നുനല്‍കിയ ഖദീജ(റ)തന്നെയാണ് ദിവ്യസന്ദേശത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ വേദവിജ്ഞാനങ്ങളില്‍ പാണ്ഡിത്യമുള്ള വറഖതുബ്‌നു നൗഫലിന്റെ സമീപത്തേക്ക് പ്രവാചകനെ കൊണ്ടുപോയതെന്നതും ശ്രദ്ധേയമാണ്. ഹിറാഗുഹ കഴിഞ്ഞാല്‍ രണ്ടാമതായി ഖുര്‍ആന്‍ അവതരിച്ചത് ഖദീജയുടെ വീട്ടില്‍ വെച്ചായിരുന്നു. ഖദീജക്ക് ശേഷം പ്രവാചക പത്‌നിമാരുടെ വീടുകളില്‍ പല സന്ദര്‍ഭങ്ങളിലും വഹ്‌യ് അവതരിച്ചിട്ടുണ്ട്. 

വൈജ്ഞാനികരംഗത്തെ സ്ത്രീകളുടെ ഉന്നമനം കേവലമായ സ്ത്രീശാക്തീകരണത്തിനപ്പുറം ക്രിയാത്മകമായ സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് വളരെ അനിവാര്യമാണ്. ‘ജാഹിലിയ്യത്തില്‍ ഞങ്ങള്‍ പെണ്ണുങ്ങളുടെ കാര്യം ശ്രദ്ധിക്കാറില്ലായിരുന്നു, അല്ലാഹു ഖുര്‍ആനില്‍ അവരെപ്പറ്റി പറഞ്ഞപ്പോള്‍ മാത്രമാണ് അവരുടെ നേര്‍ക്ക് ഞങ്ങളുടെ ശ്രദ്ധ തിരിഞ്ഞതെന്ന്” ഉമര്‍(റ)ന്റെ പ്രസ്താവന ഇസ്‌ലാമില്‍ സ്ത്രീകള്‍ക്ക് ലഭിച്ച ആദരവിന്റെ മഹത്വം നമ്മെ ബോധ്യപ്പെടുത്തുന്നു.  

ഹിജ്‌റ ഒന്നാം നൂറ്റാണ്ടിലെ അദ്വിതീയരായ പണ്ഡിതന്‍മാരില്‍ അവഗണിക്കാന്‍ പറ്റാത്ത സാന്നിധ്യമായി പ്രവാചകപത്‌നിമാരില്‍ ഒരാള്‍ മാറിയത് വിശുദ്ധഖുര്‍ആനില്‍ നിന്നും പ്രവാചക ഇടപെടലുകളില്‍ നിന്നും അവര്‍ക്ക് ലഭിച്ച കരുത്തും ആത്മവിശ്വാസവുമാണെന്ന് തീര്‍ച്ച. ഉത്തമ നൂറ്റാണ്ടുകളില്‍ ജ്ഞാനാധികാരത്തില്‍ വനിതകള്‍ തങ്ങളുടേതായ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചിരുന്നു എന്നു ചരിത്രത്തെ പഠനവിധേയമാക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്. 

അന്നുവരെ സാംസ്‌കാരിക-വൈജ്ഞാനിക രംഗങ്ങളില്‍ നിന്ന് തിരോധാനം ചെയ്യപ്പെട്ട സ്ത്രീത്വം ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തോടെ സമൂഹത്തിന്റെ പാതിയും അവഗണിക്കാന്‍ പറ്റാത്ത പ്രതിനിധിയുമായി മാറി. ഇസ്‌ലാമിക സമൂഹത്തിന്റെ ഓരോ സ്പന്ദനത്തിലും ചുവടുവെപ്പിലും അവര്‍ ഭാഗഭാക്കായി. ഹിജ്‌റ, ജിഹാദ്, ബൈഅത്ത്, ദൈവിക ഭവനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അവരുടെ സാന്നിധ്യം ശ്രദ്ധേയമായതുപോലെ വൈജ്ഞാനിക ലോകത്തും അവര്‍ അതുല്യമായ സംഭാവനകളര്‍പ്പിച്ചു. ഖുര്‍ആന്‍ വ്യാഖ്യാനത്തിലെ ആധികാരിക സ്രോതസ്സുകള്‍വരെ അവരില്‍ നിന്നുണ്ടായി. ഹദീസ് ക്രോഡീകരണത്തിലും അത് തേടിയുള്ള യാത്രയിലും ഹദീസ് നിദാന ശാസ്ത്രത്തിലും നിസ്തുലമായ സേവനങ്ങളര്‍പ്പിച്ചു. കര്‍മശാസ്ത്രമടക്കമുള്ള വൈജ്ഞാനിക രംഗങ്ങളില്‍ അവരുടെ സാന്നിധ്യം അനല്‍പമായിരുന്നു. 

ഉത്തമനൂറ്റാണ്ടുകളില്‍ ഇസ്‌ലാമിക പൈതൃകങ്ങളില്‍ വിളങ്ങിനിന്ന സ്ത്രീസമൂഹത്തിന് പില്‍ക്കാലത്ത് മുസ്‌ലിം സമൂഹം അര്‍ഹിച്ച പരിഗണന നല്‍കിയില്ല എന്നുമാത്രമല്ല, വൈജ്ഞാനികലോകത്തെ സ്ത്രീസംഭാവനകളെ പ്രകാശിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടായതുമില്ല. അതിനാല്‍ത്തന്നെ നീതിനിഷേധത്തിന്റെ ഇരുട്ടറകളില്‍ നിന്നും പ്രമാണങ്ങള്‍ പ്രസരിപ്പിച്ച വെളിച്ചത്തിലേക്കും ശാക്തീകരണത്തിലേക്കും അവരെ കൈപിടിച്ചുയര്‍ത്തണമെങ്കില്‍ സ്ത്രീ രചനകളും സംഭാവനകളും പുനരവതരിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

സമുന്നതരായ സഹാബിവര്യന്മാരുടെ മുന്‍നിരയില്‍ തന്റെ വൈജ്ഞാനിക സിദ്ധികള്‍കൊണ്ട് ചരിതം തീര്‍ത്ത് ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ് നിവേദനം, കര്‍മശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ആധികാരിക സ്രോതസ്സായി മാറിയ മഹദ് വ്യക്തിത്വമാണ് പ്രവാചകപത്‌നി ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ). ചരിത്രം, വൈദ്യം, സാഹിത്യം എന്നീ മേഖലകളിലും അവര്‍ വ്യക്തിമുദ്ര പതിപ്പിച്ചു.1905-ല്‍ ആലമുല്‍ കുതുബ് പ്രസിദ്ധീകരിച്ച 'തഫ്‌സീറു ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ' എന്ന ഗ്രന്ഥമാണ് മഹതി ആഇശയുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ ഒരു തഫ്‌സീര്‍ രൂപത്തില്‍ ക്രോഡീകരിച്ചത്. തഫ്‌സീര്‍ നിദാനശാസ്ത്രത്തിലും ആഇശ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 

ഡോ. ആഇശ ബിന്‍ത് അബ്ദുറഹ്മാന്‍ ബിന്‍ത്വ് ശാത്വിഅ്

സ്വന്തം പിതാവില്‍ നിന്ന് ഐഡന്റിറ്റി പോലും മറച്ചുവെക്കാന്‍ വിധിക്കപ്പെട്ട് ഒരായുസ്സ് മുഴുവന്‍ വൈജ്ഞാനിക പഠനഗവേഷണങ്ങള്‍ക്കായി സമര്‍പ്പിച്ച് വിശുദ്ധ ഖുര്‍ആന് സാഹിതീയ ആവിഷ്‌കാരം നല്‍കിയ മഹതിയാണ് ഡോ. ആഇശ ബിന്‍ത് അബ്ദുറഹ്മാന്‍ ബിന്‍ത്വ് ശാത്വിഅ്. 1913-ല്‍ നൈല്‍ നദീതീരത്തുള്ള ദിംയാത്വില്‍ ജനിച്ച ബിന്‍ത്വ് ശാത്വിഅ് സാഹിത്യകാരി, പണ്ഡിത, ഉയര്‍ന്ന ഗവേഷക, ഖുര്‍ആന്‍ വ്യാഖ്യാതാവ്, അധ്യാപിക എന്നീ നിലകളിലെല്ലാം ഉയര്‍ന്നുനിന്ന ബഹുമുഖ പ്രതിഭയായിരുന്നു. അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ പ്രാവീണ്യം നേടിയ മഹതി നാല്‍പതോളം ഗ്രന്ഥങ്ങള്‍ ഇസ്‌ലാമിക വൈജ്ഞാനിക ലോകത്തിന് സംഭാവന നല്‍കിയിട്ടുണ്ട്. അത്തഫ്‌സീറുല്‍ ബയാനി ലില്‍ ഖുര്‍ആനില്‍ കരീം എന്നതാണ് ബിന്‍ത്വ് ശാത്വിഇന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ നാമം.

സൈനബുല്‍ ഗസ്സാലി.

ധിക്കാരിയായ ഭരണകൂടത്തിന് മുമ്പില്‍ ഇസ്‌ലാമിക പ്രബോധനത്തിനായി ജീവിതം സമര്‍പ്പിച്ചതിനാല്‍ കല്‍ത്തുറുങ്കിലടക്കപ്പെടുകയും പ്രസ്തുത നിമിഷങ്ങളില്‍ അല്ലാഹുവുമായുള്ള ഹൃദയബന്ധത്തിലൂടെ തനിക്ക് ലഭിച്ച മുസ്ഹഫിന്റെ വരികള്‍ക്കിടയിലും ഹൃദയത്തിലും കോറിയിട്ട ആശയങ്ങളും വിശുദ്ധഖുര്‍ആന്റെ പ്രാസ്ഥാനിക വായനയും സുന്ദരമായി ആവിഷ്‌കരിച്ച മഹതിയാണ് സൈനബുല്‍ ഗസ്സാലി. 1994-ല്‍ ദാറുശ്ശുറൂഖ് പ്രസിദ്ധീകരിച്ച നള്‌റാതുന്‍ ഫീ കിതാബില്ലാഹ് എന്നതാണ് സൈനബുല്‍ ഗസ്സാലിയുടെ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥം. 

കരീമാന്‍ ഹംസ

ബാല്യ-യൗവ്വന മനസ്സുകളില്‍ ഖുര്‍ആനിക ആശയങ്ങള്‍ തളിര്‍ത്തുവരാന്‍ സരസവും ലളിതവുമായ ഭാഷയില്‍ ഖുര്‍ആനിനെ ആവിഷ്‌കരിച്ച വ്യക്തിയാണ് കരീമാന്‍ ഹംസ. ഈജിപ്ഷ്യന്‍ ടെലിവിഷനില്‍ കുട്ടികള്‍ക്കുള്ള ഖുര്‍ആന്‍ പരിപാടിയും സാംസ്‌കാരിക പരിപാടിയും അവതരിപ്പിച്ച് ശ്രദ്ധനേടിയ അവതാരക കൂടിയാണ് കരീമാന്‍ ഹംസ. അല്‍വാളിഹ് ഫീ തഫ്‌സീറില്‍ ഖുര്‍ആനില്‍ കരീം ലിശ്ശബാബി വശ്ശബീബ എന്നതാണ് കരീമാന്‍ ഹംസ രചിച്ച ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം. 

ഇതിനു പുറമെ ഫൗഖിയ ഇബ്രാഹീം അശ്ശര്‍നീസി രചിച്ച തയ്‌സീറുത്തഫ്‌സീര്‍, ഫാതിന്‍ അല്‍ ഫലകിയുടെ തഫ്‌സീറുല്‍ ഖുര്‍ആന്‍ ലിശ്ശബാബ് തുടങ്ങിയവ ഖുര്‍ആന്‍ വ്യഖ്യാന രംഗത്തെ സ്ത്രീകളുടെ ഈടുറ്റ സംഭാവനകളാണ്. 

ഇസ്‌ലാമിന്റെ മൗലിക സ്രോതസ്സുകളിലൊന്നായ ഹദീസ് സംരക്ഷണത്തിലും പ്രചാരണത്തിലും വിജ്ഞാന കുതുകികളായ സഹാബി വനിതാരത്‌നങ്ങള്‍ സ്തുത്യര്‍ഹമായ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. ഹദീസ് റിപ്പോര്‍ട്ട് ചെയ്യുക, ഹദീസ് നിവേദനത്തിന്റെ വിശ്വാസ്യത പരിശോധിക്കുക, ഹദീസ് അന്വേഷിച്ചുള്ള യാത്ര, ഹദീസ് നിവേദകരുടെ പരമ്പരയും വ്യക്തിത്വവും സൂക്ഷ്മ വിശകലനം നടത്തുക തുടങ്ങിയ മേഖലകളില്‍ ചരിത്രപ്രധാനമായ ഉത്തരവാദിത്വം നിര്‍മിച്ച മഹതികളുടെ ശോഭനമായ ചരിത്രം ഇസ്‌ലാമിനുണ്ട്. സത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനും ദീനീവിജ്ഞാനം അതിന്റെ മൗലിക സ്രോതസ്സുകളില്‍ നിന്ന് ആര്‍ജ്ജിച്ചെടുക്കാനുമുള്ള കഴിവും വളര്‍ത്തിയെടുക്കാന്‍ പ്രവാചകന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു. സ്വഗൃഹത്തിലേക്ക് വരുന്ന സ്ത്രീകളെ സ്വീകരിക്കുക, സംശയനിവാരണം നടത്തുക, അവരുടെ അവസ്ഥാവിശേഷങ്ങള്‍ അന്വേഷിച്ചറിയുക, അവര്‍ പറയുന്നത് കേള്‍ക്കുക, അവരുടെ വീടുകള്‍ സന്ദര്‍ശിക്കുക, ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കുക, അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക തുടങ്ങിയ പ്രവാചക ഇടപെടലുകള്‍ ഈ ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്റെ ഭാഗമായിരുന്നു. 

സമൂഹത്തില്‍ ദീനിന്റെ ആശയപ്രചാരണത്തിനും വിശിഷ്യാ സ്ത്രീകള്‍ക്കിടയില്‍ പ്രവാചകചര്യകള്‍ പ്രചരിപ്പിക്കുന്നതിലും പ്രവാചകപത്‌നിമാര്‍ക്ക് മഹത്തായ പങ്കുണ്ട്. വിജ്ഞാന കുതുകികളുടെ സംശയനിവാരണത്തിനും ഫത്‌വകള്‍ അന്വേഷിക്കുന്നതിനുമുള്ള പാഠശാലകളായിരുന്നല്ലോ അവരുടെ ഭവനങ്ങള്‍. പ്രവാചകന്റെ ആരാധനാ രീതികള്‍, കുടുംബജീവിതത്തിന്റെ വ്യത്യസ്ത തലങ്ങള്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ പകര്‍ന്നുനല്‍കുന്നതില്‍ പ്രവാചകപത്‌നിമാര്‍ക്ക് വലിയ പങ്കുണ്ട്. വിജ്ഞാന കുതുകികളായ സ്വഹാബികളുടെ സംശയനിവാരണത്തിനും മതവിധി അറിയുന്നതിനുമുള്ള പാഠശാലകളും അവരുടെ ഭവനങ്ങളായിരുന്നു.

ആയിരമോ അതിലധികമോ ഹദീസുകള്‍ നിവേദനം ചെയ്തതില്‍ പ്രമുഖസ്വഹാബികള്‍ ഏഴുപേരാണ്. അബൂഹുറൈറ (5374), ഇബ്‌നു ഉമര്‍(2630), അനസ് ബ്ന്‍ മാലിക്(2286), ആഇശ(2210) എന്നീ പ്രകാരമാണ് ഹദീസുകള്‍ നിവേദനം ചെയ്തത്. എണ്ണം പരിഗണിക്കുമ്പോള്‍ ആഇശ നാലാം സ്ഥാനത്ത് വരുന്നു. എന്നാല്‍ ആറ് ഹദീസ് ഗ്രന്ഥങ്ങളിലെ മൊത്തം പരാമര്‍ശങ്ങള്‍ പരിഗണിക്കുമ്പോള്‍ ഒന്നാം സ്ഥാനത്ത് അബൂഹുറൈറയും രണ്ടാം സ്ഥാനത്ത് ആഇശയുമാണ്. പ്രമുഖ സഹാബികള്‍ മുതല്‍ താബിഉകള്‍ വരെ നിരവധിപേര്‍ ആഇശയില്‍ നിന്ന് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രവാചക പത്‌നി ഉമ്മു സലയില്‍ നിന്ന് 378 ഹദീസുകള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റു പ്രവാചക പത്‌നിമാരില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍ ഇപ്രകാരമാണ്. മൈമൂന (76), ഉമ്മുഹബീബ (65), ഹഫ്‌സ(60), സൈനബ് ബിന്‍ത് ജഹ്ശ് (11), സ്വഫിയ്യ (10), ജുവൈരിയ ബിന്‍ത് ഹാരിസ്(7), സൗദ ബിന്‍ത് സംഅ (5).

ഇബ്‌നുല്‍ ജൗസിയുടെ കണക്ക് പ്രകാരം ഹദീസ് റിപ്പോര്‍ട്ടര്‍മാരില്‍ 216 പേര്‍ സ്വഹാബി വനിതകളാണ്. പ്രാമാണികമായ ആറ് ഹദീസ് ഗ്രന്ഥങ്ങളില്‍ സ്ത്രീകളുടേതായ 2764 ഹദീസുകള്‍ ഉണ്ട്. അതില്‍ 2539 ഹദീസുകള്‍ സ്വഹാബി വനിതകളില്‍ നിന്നും 225 എണ്ണം മറ്റുള്ളവരില്‍ നിന്നും നിവേദനം ചെയ്തിട്ടുള്ളതാണ്. വിശ്വസ്തരായ വനിതാനിവേദകര്‍ സത്യസന്ധതയിലും ശ്രേഷ്ടതയിലും അറിയപ്പെട്ടവരാണ്. 'ദുര്‍ബലവും വ്യാജവും കെട്ടിയുണ്ടാക്കിയതുമായ എല്ലാ കലര്‍പ്പുകളില്‍ നിന്നും മുക്തമാണ് സത്രീകളില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍' എന്ന ഇമാം ദഹബിയുടെ നിരീക്ഷണവും ശ്രദ്ധേയമാണ്. പ്രവാചക സന്ദേശങ്ങളുടെ സംരക്ഷണത്തില്‍ മഹതികളുടെ സാന്നിധ്യവും ഇടപെടലുകളും അടയാളപ്പെടുത്തുന്ന നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഖത്തറില്‍ നിന്നുള്ള ഗവേഷണ പ്രസാധനാലയമായ കിതാബുല്‍ ഉമ്മില്‍ ആമാല്‍ ഖിര്‍ദാശ് ബിന്‍ത് ഹുസൈന്‍ രചിച്ച ഉത്തമനൂറ്റാണ്ടുകളില്‍ ഹദീസ് സംരക്ഷണത്തില്‍ സ്ത്രീകളുടെ സാന്നിധ്യം (ദൗറുല്‍ മര്‍അ: ഫീ ഖിദ്മതില്‍ ഹദീസ് ഫില്‍ ഖുറൂനിസ്സലാസതില്‍ ഊല) എന്ന പഠനമാണ് ഇതില്‍ പ്രധാനപ്പെട്ടത്. 

ഉത്തമനൂറ്റാണ്ടുകള്‍ക്ക് ശേഷം സ്ത്രീകളുടെ വൈജ്ഞാനിക സംഭാവനകള്‍ അപൂര്‍മായേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. എന്നാല്‍ വൈജ്ഞാനിക രംഗത്ത് വലിയ ഉണര്‍വ് പ്രകടമാകുകയും വിജ്ഞാന സമ്പാദനത്തിനും പ്രകാശനത്തിനുമുള്ള മാധ്യമങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുകയും ചെയ്തിട്ടുള്ള ആധുനിക കാലത്ത് ഇസ്‌ലാമിനെക്കുറിച്ച പുതിയ വായനകളും അക്കാദമിക പഠനങ്ങളും സ്ത്രീകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ജ്ഞാനാധികാരത്തില്‍ തങ്ങളടെതായ പങ്ക് സ്ത്രീകള്‍ അടയാളപ്പെടുത്തുന്നു എന്നതിന്റെ തെളിവുകളാണ് പശ്ചാത്യന്‍ രാജ്യങ്ങളടക്കമുള്ള ഉന്നത സര്‍വകലാശാലകളിലും അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലുമുള്ള സ്ത്രീകളുടെ സജീവ സാന്നിധ്യവും ശ്രദ്ധേയമായ വൈജ്ഞാനിക സംഭാവനകളും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top