പഠിക്കാന്‍ അനുവദിക്കാന്‍ പഠിക്കേ രക്ഷിതാക്കള്‍

പി എം പ്രിയ No image

തിരുവനന്തപുരം നഗരത്തിലെ എഞ്ചിനീയറായ അച്ഛന്റെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അമ്മയുടെയും രണ്ടാമത്തെ മകനാണ് അരുണ്‍. സഹോദരന്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി. 9ാം ക്ലാസ് വരെ ക്ലാസില്‍ ഒന്നാമനായിരുന്നു അരുണ്‍. പാഠ്യേതര പരിപാടികളിലും കേമന്‍. പക്ഷെ പത്തിലെത്തിയപ്പോള്‍ പഠനത്തില്‍ പിന്നാക്കം പോകാന്‍ തുടങ്ങി. പല വിഷയങ്ങളിലും തോല്‍ക്കുമെന്ന സ്ഥിതിയായി. മറ്റ് പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങി. മകന്‍ മെല്ലെ മെല്ലെ നിശ്ശബ്ദനും അന്തര്‍മുഖനുമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് മനസ്സിലായപ്പോള്‍ രക്ഷിതാക്കള്‍ സൈക്കോളജിസ്റ്റിനെ സമീപിച്ചു. 

ദിവസങ്ങള്‍ നീണ്ട കൗണ്‍സലിംഗിനും പരിശോധനക്കും ശേഷം രോഗം കണ്ടെത്തി. അതുപക്ഷെ അരുണിനായിരുന്നില്ല, അവന്റെ അച്ഛനായിരുന്നു. മകനെ തന്നെപ്പോലെ എഞ്ചിനീയറാക്കണമെന്ന അച്ഛന്റെ നിര്‍ബന്ധബുദ്ധി വലിയ സമ്മര്‍ദമായിരുന്നു കുട്ടിയില്‍ സൃഷ്ടിച്ചത്. കണക്കില്‍ താല്‍പര്യക്കുറവുള്ള അരുണ്‍ തനിക്ക് അച്ഛന്റെ മോഹം സഫലമാക്കാന്‍ കഴിയില്ലെന്ന് ചിന്തിച്ചുതുടങ്ങിയതോടെയാണ് മൗനിയാകാനും പഠനത്തില്‍ പിന്നാക്കമാകാനും തുടങ്ങിയത്. അച്ഛന്റെ നിരന്തരമായ സമ്മര്‍ദം അവനെ ഭയചകിതനാക്കി. പഠിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടു. അച്ഛന്റെ 'അസുഖം' മാറ്റിയതോടെ അരുണ്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഈ കൊല്ലത്തെ എസ് എസ് എല്‍ സി പരീക്ഷ നല്ല രീതിയില്‍ എഴുതുകയും ചെയ്തു. ഫലം മോശമാകില്ലെന്ന ആത്മവിശ്വാസം അച്ഛനും മകനുമുണ്ട്. 

കേരളത്തിലെ ഒട്ടുമിക്ക കുട്ടികളും നേരിടുന്ന പ്രതിസന്ധിയാണ്  മാതാപിതാക്കളുടെ ഈ 'അസുഖം'. കുട്ടികളുടെ മാനസിക നിലവാരമോ പഠന ശേഷിയോ അഭിരുചിയോ ഒന്നും പരിഗണിക്കാതെ അവരെ പഠനക്കൂട്ടിലേക്ക് തള്ളിയിടുകയാണ് രക്ഷിതാക്കള്‍. അവര്‍ അവരുടെ സ്വപ്നങ്ങളെക്കുറിച്ച് മാത്രമേ ആകുലപ്പെടുന്നുള്ളൂ. അതു പക്ഷെ ഒരുതലമുറയുടെ സ്വപ്നങ്ങളെയാണ് തല്ലിക്കെടുത്തുന്നത്. കുട്ടികളുടെ മനോഘടനയും ശേഷിയും പരിഗണിക്കാതെ അവരെ സമ്മര്‍ദത്തിലാഴ്ത്താതിരിക്കുക എന്നതാണ് രക്ഷിതാക്കളുടെ പ്രാഥമിക ഉത്തരവാദിത്വം. രണ്ട് തരത്തിലാണ് കുട്ടികളുടെ മനോനില അവരുടെ പഠന ശേഷിയെ ബാധിക്കുന്നത്  പഠന വൈകല്യവും (learning disabiltiy) പഠന പ്രശ്‌നവും (learning difficutly). 

പഠന വൈകല്യം ജനിതകവും ജീവശാസ്ത്രപരവുമായ കാരണങ്ങളാല്‍ സംഭവിക്കുന്നതാണ്. കുട്ടിയുടെ എഴുത്തിലും വായനയിലും ഇത് പ്രകടമാകും. കുട്ടികളെയും അവരുടെ പഠനരീതികളെയും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ രക്ഷിതാക്കള്‍ക്ക് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്താം. എന്നാല്‍ കുട്ടികളുടെ മനോഭാവങ്ങളെ പഠന പിന്നാക്കാവസ്ഥയായി കണ്ട് അവര്‍ക്കുമേല്‍ കൂടുതല്‍ സമ്മര്‍ദം സൃഷ്ടിക്കുകയാണ് പലപ്പോഴും രക്ഷിതാക്കള്‍ ചെയ്യുക. കുട്ടികളുടെ എഴുത്ത്, വായന, അഭിരുചി എന്നിവയില്‍നിന്ന് തന്നെ പഠനവൈകല്യം കണ്ടെത്താം. ഒരുവാക്ക് കൃത്യമായി അതിന്റെ അക്ഷരങ്ങളുടെ ക്രമത്തില്‍ എഴുതാന്‍ കഴിയാതിരിക്കുക, ചില അക്ഷരങ്ങള്‍ വിട്ടുപോകുക, ചില അക്ഷരങ്ങള്‍ ഉച്ചരിക്കുമെങ്കിലും അവ എഴുതാന്‍ പറ്റാതിരിക്കുക, വാക്കുകളോ അക്ഷരങ്ങളോ തിരിച്ചറിയാന്‍ കഴിയാതിരിക്കുക തുടങ്ങിയ പ്രവണത ചില കുട്ടികളില്‍ കാണാം. അക്കങ്ങളോട് ഇണങ്ങാന്‍ കഴിയാതാവുക എന്നതും സാധാരണ കണ്ടുവരാറുണ്ട്. ഇത്തരം രീതികള്‍ ആവര്‍ത്തിച്ച് സംഭവിക്കുന്നുണ്ടെങ്കില്‍ അതൊരു വൈകല്യമല്ലെന്ന് വിദഗ്ധരുടെ സഹായത്താല്‍ രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം. 

പഠന വൈകല്യത്തിലേക്ക് നയിക്കുന്ന നാല് തരം സ്വഭാവ രീതികളാണ് കുട്ടികളില്‍ പ്രധാനമായും കണ്ടുവരുന്നത്. മനശ്ശാസ്ത്ര വിജ്ഞാനീയത്തില്‍ ADD, ADHD, ODD, CD  എന്നിങ്ങനെയാണ് ഇവ അറിയപ്പെടുന്നത്. ഏകാഗ്രതയില്ലായ്മയാണ് ADD (Attention Deficite Disorder). ഏകാഗ്രതയില്ലായ്മക്കൊപ്പം അമിതമായ പ്രസരിപ്പും പ്രകടിപ്പിക്കുന്നതിനെയാണ് ADHD (Attention Deficite Hyperactivtiy Disorder) എന്ന് വിളിക്കുന്നത്. ഒരിടത്തും ഇരിപ്പുറക്കാതെ, അടിക്കടി പലതരം കാര്യങ്ങളില്‍ ഇടപെട്ട് ഒരു പന്തുപോലെ തലങ്ങും വിലങ്ങും പാറിനടക്കുന്നവരായിരിക്കും ഇത്തരം കുട്ടികള്‍. സ്‌കൂളിലായാലും വീട്ടിലായാലും കളിസ്ഥലങ്ങളിലായാലും എപ്പോഴും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും മറ്റുള്ളവരെ അതിന്റെ പ്രതിസ്ഥാനത്തേക്ക് ആരോപിക്കുകയും ചെയ്യുന്ന കുട്ടികളുണ്ട്. സദാ 'പ്രശ്‌നക്കാരായ' ഇത്തരം കുട്ടികളുടെ സ്വഭാവത്തെയാണ് ODD (Oppositional Defiant Disorder) എന്ന് വിളിക്കുന്നത്. എന്തിനെയും എതിര്‍ക്കുകയും അനുസരണയില്ലായ്മ പ്രകടിപ്പിക്കുകയും ചെയ്യുന്ന കുട്ടികളെയും ഇക്കൂട്ടത്തില്‍ ഉള്‍പെടുത്തും. ഇത്തരം സ്വഭാവങ്ങളുടെയെല്ലാം തീവ്രാവസ്ഥകളാല്‍ പലപ്പോഴും നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തില്‍ പ്രവര്‍ത്തിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്ന കുട്ടികളിലാണ് CD (Cahrector Disorder)  കണ്ടുവരുന്നത്. എല്ലാതരം സാമൂഹ്യ നിയന്ത്രണങ്ങളെയും അതിലംഘിച്ച് അപടകരമായ സാമൂഹിക സാന്നിധ്യമായി മാറാനുള്ള സാധ്യത ഇത്തരം കുട്ടികളില്‍ വളരെ കൂടുതലാണ്. ചികിത്സിച്ച് മാറ്റാവുന്ന ജനിതക കാരണങ്ങളാലാണ് ഈ സ്വാഭാവ വൈകല്യങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ തലച്ചോറിലെ നാഡീ വ്യൂഹത്തിലുണ്ടാകുന്ന തകരാറ് കാരണമുണ്ടാകുന്നവയാണ് ഡിസ്‌ലക് സിയ പോലുള്ള പ്രശ്‌നങ്ങള്‍.

ഡിസ്‌ലക്‌സിയ

 ഇന്ന് ലോകത്ത് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചികിത്സക്കായി ഗഹനമായ പഠനങ്ങളും ഗവേഷണങ്ങളും നടക്കുകയും ചെയ്യുന്ന മേഖലയാണിത്. എന്നാല്‍ പൂര്‍ണമായി ചികിത്സിച്ച് ഭേതമാക്കാന്‍ കഴിയുമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഡിസ്‌ലക്‌സിയക്കാരായ കുട്ടികള്‍ അസാധാരണമായ നിലയില്‍ ഐ ക്യു ഉള്ളവരായിരിക്കും. എന്നാല്‍ ഇവര്‍ക്ക് എഴുതിയും വായിച്ചും പഠിക്കാനുള്ള ശേഷി വളരെ കുറവുമായിരിക്കും. ബാല്യകാലത്ത്, അക്ഷരം എഴുതിത്തുടങ്ങും കാലം വരെ ഇത്തരം കുട്ടികള്‍ എല്ലാ മേഖലകളിലും ഒന്നാമന്‍മാരായിരിക്കും. 

ഓര്‍മ ശക്തി, സംസാര ശേഷി, മനപ്പാഠം പഠിക്കല്‍ എന്നിവയില്‍ ഇവര്‍ക്ക് അസാധാരണമായ ശേഷിയുണ്ടാകും. സവിശേഷമായ രീതിയില്‍ സര്‍ഗാത്മകത പ്രകടിപ്പിക്കുന്ന ഇത്തരം കുട്ടികള്‍ക്ക് പക്ഷെ രചനാ വായനാ ശേഷി തീരെ കുറവായിരിക്കും. അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരുതരം പദാന്ധത. വായനയിലായിരിക്കും ഇവര്‍ക്ക് കൂടുതല്‍ പ്രയാസം നേരിടുക. എഴുത്തിലും വായനയിലും പരാജയപ്പെടുന്നതോടെ ഇത്തരം കുട്ടികളെ പഠിക്കാന്‍ കൊള്ളാത്തവരെന്ന് വിലയിരുത്തുകയാണ് പലപ്പോഴും അധ്യാപകരും രക്ഷിതാക്കളും ചെയ്യുക. എന്നാല്‍ ഡിസ്‌ലക്‌സിക് ആയ കുട്ടികള്‍ ഏതെങ്കിലും മേഖലയില്‍ അസാധാരണ ശേഷിയുള്ളവരായിരിക്കുമെന്നതാണ് യാഥാര്‍ഥ്യം. കുട്ടികളുടെ അഭിരുചിയും താല്‍പര്യങ്ങളും കണ്ടെത്തി ഈ മേഖല ഏതെന്ന് രക്ഷിതാക്കള്‍ തിരിച്ചറിയുക എന്നതാണ് ഇത്തരം കുട്ടികളുടെ വളര്‍ച്ചയില്‍ ഏറ്റവും നിര്‍ണായകമായ ഘട്ടം. ഈ മേഖലയില്‍ അവര്‍ക്ക് കൂടുതല്‍ വൈദഗ്ധ്യം നേടാന്‍ സഹായകരമായ പഠനപാഠ്യേതര പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഈ തെരഞ്ഞടുപ്പ് കുട്ടികളുടെ ഭാവിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ഈ രീതിയില്‍ പരഗണിക്കപ്പെടുന്നവര്‍ അതത് മേഖലകളില്‍ അഗ്രഗണ്യരായി മാറുമെന്നതാണ് ഇതുവരെയുള്ള അനുഭവം. ഐന്‍സ്റ്റീന്‍ മുതല്‍ അമിതാഭ് ബച്ചന്‍ വരെ ലോക പ്രശസ്തരായ പല പ്രമുഖരും ഡിസ്‌ലക്‌സിക് ആയിരുന്നു. 

ഡിസ്ഗ്രാഫിയ.

ഡിസ്‌ലക്‌സിയ പോലെ തന്നെ നാഡീവ്യൂഹവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഡിസ്ഗ്രാഫിയ. നല്ല രീതിയില്‍ വായനാ ശേഷിയുണ്ടെങ്കിലും എഴുത്തില്‍ പരാജയപ്പെട്ടുപോകുന്നവരാണ് ഇത്തരം കുട്ടികള്‍. മറ്റെല്ലാ മേഖലകളിലും മികച്ചുനില്‍ക്കുമ്പോഴും കണക്കില്‍ മാത്രം പരാജയപ്പെട്ടു പോകുന്നവരുണ്ട്. അക്കങ്ങള്‍ ഇവര്‍ക്ക് എന്നും ബാലികേറാമലയായിരിക്കും. ഈ അവസ്ഥയെ ഡിസ്‌കാല്‍കുലിയ എന്നാണ് വിളിക്കുന്നത്. ഇവക്ക് പുറമെയാണ് പ്രത്യക്ഷ ശാരീരിക പ്രശ്‌നങ്ങള്‍. ശരീര ഭാഗങ്ങളുടെ ശരിയായ ചലനത്തിനുള്ള പ്രയാസമാണ് ഇതിന്റെ ലക്ഷണം. കണ്ണുകള്‍, കൈവിരലുകള്‍ പോലുള്ളവയെ ബാധിക്കുന്നതും ഓട്ടം, ചാട്ടം, നീന്തല്‍ പോലുള്ളവ അസാധ്യമാക്കുന്നതും എന്ന രീതിയില്‍ രണ്ട് തരത്തിലാണ് ഡിസ്ഗ്രാഫിയ കൈകാര്യം ചെയ്യപ്പെടുന്നത്. മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമായി, ഇത് കാഴ്ചയില്‍ തന്നെ തിരിച്ചറിയാന്‍ കഴിയുകയും ചെയ്യും. ഇത്തരം അവസ്ഥകളും പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെന്നതാണ് ഇതുവരെയുള്ള വൈദ്യശാസ്ത്രാനുഭവം. 

പഠന പ്രശ്‌നം

ഇത്തരം ജനിതക പ്രശ്‌നങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കുട്ടികളുടെ 'പഠന പ്രശ്‌നം' (learning difficutly). അത് രക്ഷിതാക്കളും അധ്യാപകരും സമൂഹവും ചേര്‍ന്ന് സൃഷ്ടിക്കുന്നതാണ്. വീട്ടിലെ അന്തരീക്ഷം തന്നെയാണ് കുട്ടികളെ ഇക്കാര്യത്തില്‍ ഏറ്റവുമധികം സ്വാധീനിക്കുന്നത്. കുട്ടികളില്‍ രക്ഷിതാക്കള്‍ സൃഷ്ടിക്കുന്ന സമ്മര്‍ദം തന്നെയാണ് ഇതില്‍ പ്രധാന വില്ലന്‍. സഹോദരങ്ങളെയോ ബന്ധുക്കളെയോ കുട്ടികളെയോ സഹപാഠികളെയോ താരതമ്യം ചെയ്ത് കുട്ടികളെ വിലയിരുത്തുന്നത് പതിവാണ്. കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന തരത്തില്‍ ഇത് കുട്ടികളില്‍ പ്രതികൂലമായാണ് പ്രവര്‍ത്തിക്കുക. അമിത ലാളന മുതല്‍ കുട്ടികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്ന ഉദാര സമീപനം വരെ കുട്ടികളുടെ പഠന ശേഷിയെ ബാധിക്കും. വീട്ടിലെ തീരുമാനങ്ങളെല്ലാം കുട്ടിയെ കേന്ദ്രീകരിച്ചും കുട്ടിയെ ആശ്രയിച്ചുമാകുന്നതും അപകടകരമായ മനോനിലയിലേക്ക് നയിക്കും. മാതാപിതാക്കള്‍ തമ്മിലെ ബന്ധമാണ് വീട്ടന്തരീക്ഷം ശിശു സൗഹൃദമാക്കുന്നതില്‍ ഏറ്റവും നിര്‍ണായകമാകുക. മാതാപിതാക്കള്‍ തമ്മിലെ വഴക്ക് കുട്ടികളെ വലിയ തോതില്‍ ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കുട്ടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിലുണ്ടാകുന്ന തര്‍ക്കം, ശരിയായ തീരുമാനം എടുക്കാനുള്ള കുട്ടികളുടെ ശേഷിയെ തന്നെ ബാധിക്കും. ആരാണ് ശരിയെന്ന് നിശ്ചയിക്കാന്‍ കഴിയാതെ കുട്ടികള്‍ കടുത്ത മനസ്സംഘര്‍ഷത്തിലേക്ക് നീങ്ങും. ശരിതെറ്റുകള്‍ വിവേചിച്ചറിയാനുള്ള നൈസര്‍ഗികമായ ശേഷിയെയും ഇത് സ്വാധീനിക്കും. മുതിര്‍ന്നവരും അധ്യാപകരുമെല്ലാം കുട്ടികളുടെ സാന്നിധ്യത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളൊഴിവാക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ക്കരികില്‍ മാതാപിതാക്കളില്‍ ഒരാളുടെ അസാന്നിധ്യം ഇന്ന് കേരളത്തില്‍ സര്‍വ സാധാരണമാണ്. രണ്ടുപേരുടെയും മാനസിക പിന്തുണ കുട്ടികളുടെ വളര്‍ച്ചയില്‍ നിര്‍ണായകമാണ്. 

വീട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടികള്‍ വ്യവഹരിക്കുന്ന മറ്റിടങ്ങളിലും അവര്‍ നേരിടേണ്ടുവരുന്ന ശാരീരികാതിക്രമങ്ങളാണ് പുതിയ കാലത്തെ കുട്ടികള്‍ നേരിടുന്ന അതിഗുരുതരമായ അപകടം. ഇതില്‍ തന്നെ ലൈംഗീകാതിക്രമത്തിന്റെ തോത് വലിയ തോതില്‍ ഉയര്‍ന്നിട്ടുമുണ്ട്. ഇത്തരം ആക്രമണങ്ങള്‍ക്ക് കുട്ടികള്‍ ഇരയാകാതിരിക്കാനുള്ള മുന്‍കരുതലും ജാഗ്രതയും രക്ഷിതാക്കള്‍ക്കുണ്ടാകണം. എന്നാല്‍ കുട്ടികളുടെ സ്വതന്ത്ര വിഹാരങ്ങള്‍ തടഞ്ഞുകൊണ്ടാകരുത് ഈ ജാഗ്രത. 

കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങള്‍, പഠനത്തില്‍ പിന്നാക്കം പോകുന്നുവെന്ന പരാതി സ്‌കൂളുകളില്‍നിന്ന് ഉയര്‍ന്നപ്പോഴോണ് പലപ്പോഴും രക്ഷിതാക്കളുടെ ശ്രദ്ധയിലെത്തുക. അതാകട്ടെ, കേവലം പഠന പിന്നാക്കാവസ്ഥ മാത്രമായാണ് രക്ഷിതാക്കള്‍ പരിഗണിക്കുകയും ചെയ്യുക. കുട്ടികളോട് ഒരു സുഹൃത്തിനോടെന്ന പോലെ കൂട്ടുകൂടിയാല്‍ രക്ഷിതാക്കള്‍ക്ക് നേരത്തെ തന്നെ അനായാസം ഇത്തരം മാറ്റം മനസ്സിലാക്കാം. പഠനത്തിലും മറ്റും കാണിക്കുന്ന അശ്രദ്ധ, അലസത, മൗനം, സമപ്രായക്കോരോട് ഇടപഴകുന്നതില്‍ ഉണ്ടാകുന്ന വിമുഖത, പഠനത്തില്‍ പിന്നാക്കമാകുക, നിഷേധാത്മക നിലപാടുകള്‍ ആവര്‍ത്തിക്കുക തുടങ്ങിയവ കുട്ടികളിലുണ്ടാകുന്ന മാനസികമായ മാറ്റങ്ങളുടെ ലക്ഷണമായി കണക്കാക്കാം. ഇത്തരം മാറ്റങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കുട്ടികളോട് സംസാരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. വീട്ടകം അവരുടെ വളര്‍ച്ചക്കും വികാസത്തിനും ഉതകുംവിധം ക്രമീകരിക്കണം. കുട്ടികളെ മനസ്സിലാക്കി, അവര്‍ക്ക് പഠനത്തിലും ജീവിതത്തിലും ദിശാബോധം നല്‍കാനാണ് രക്ഷിതാക്കള്‍ ശ്രമിക്കേണ്ടത്. കുട്ടികള്‍ക്കുമേല്‍ പുസ്തകക്കെട്ടും അക്ഷരഭാരവും അടിച്ചേല്‍പിച്ച് രക്ഷിതാക്കളുടെ നഷ്ട സ്വപ്നങ്ങള്‍ സഫലമാക്കാനുള്ള ഉപാധിയാക്കി മാറ്റുകയാണ് ഇന്ന് ഭൂരിഭാഗം മാതാപിതാക്കളും ചെയ്യുന്നത്. ഇത് ആത്യന്തികമായി കുട്ടികളെയും അവരുടെ ജീവിതത്തെയും നഷ്ടപ്പെടുത്തുകയാണ് ചെയ്യുക. കുട്ടികളുടെ വഴികള്‍ അവര്‍ക്കനുയോജ്യമായ രീതിയില്‍ രൂപകല്‍പന ചെയ്യാനാണ് രക്ഷിതാക്കള്‍ പഠിക്കേണ്ടത്. അപ്പോള്‍ അവരെ അവര്‍ക്കിഷ്ടപ്പെട്ട വഴികളിലൂടെ പഠിക്കാന്‍ അനുവദിക്കാനും രക്ഷിതാക്കള്‍ക്ക് കഴിയും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top