ആഇശ വിവാദങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍

പി.ടി കുഞ്ഞാലി No image

മുഹമ്മദീയ ജീവിതം ഒരു വിശ്വമാനവിക ദൗത്യത്തിന്റെ സംബോധനയാണ്. പ്രയോഗരൂപത്തില്‍ ക്രമബദ്ധപ്പെട്ട ഖുര്‍ആനിക വ്യാഖ്യാനം. പ്രവാചകന്റെ സത്യസംബോധനം ആരുടെ മനോതല്‍പത്തിലാണോ പെയ്തിറങ്ങിയത് അപ്പോഴവിടം കുളിരുകോരി സാന്ദ്രമധുരമാകും. ഏതൊരു കുടുംബത്തിലേക്കാണോ പരാഗണപ്പെടുന്നത് അപ്പോഴവിടം പൂത്തുലഞ്ഞു മധുരം മുറ്റിയ ഫലങ്ങള്‍ നിറഞ്ഞുനില്‍ക്കും. അങ്ങനെയാണ് മരുഭൂമിയുടെ കഠോര പാരുഷ്യത്തില്‍ സാമൂഹ്യദാനാദാനങ്ങളുടെ പ്രയോഗനീതികള്‍ വിരിഞ്ഞത്. നിര്‍ഭയത്വത്തിന്റെ വര്‍ണരാജികളില്‍ ഗോത്രപ്പെരുമകളുടെ ഖഡ്ഗത്തലപ്പുകള്‍ സുഖശയനം കൊണ്ടത്. ഇസ്‌ലാമിക പ്രസ്ഥാനം രൂപകല്‍പന ചെയ്ത ജീവിത വ്യവസ്ഥ, അതിന്റെ മൂലാധാരമായ വിശുദ്ധവാക്യത്തില്‍ സമ്പൂര്‍ണമായും ജ്വലിച്ചുനിന്നു. ഏതൊരു ദൈവത്തെയാണോ ആരാധനയില്‍ നമിക്കുന്നത് തെരുവിലും വയലേലകളിലും ഭരണ സിരാപടലങ്ങളിലും അതേ പരാശക്തിതന്നെ അനുസരിക്കപ്പെടുന്നു. ഏതൊരു വിശുദ്ധ വാചകങ്ങളാണോ പ്രാര്‍ഥനയില്‍ ഉരുക്കഴിക്കുന്നത് അതേ ധ്വനികളാണ് കോടതികളിലും സാമൂഹ്യ വ്യവഹാരങ്ങളിലും അനുസരിക്കപ്പെടുന്നത്. ഇത് അല്‍ഭുതമാണ്. ഈ അല്‍ഭുതമാണ് ആറാം നൂറ്റാണ്ടിലെ യസ്‌രിബില്‍ നാം കണ്ടത്.

വ്യക്തിതലത്തില്‍ അനുഷ്ഠിക്കപ്പെടുന്ന ആരാധനകളെ സമഷ്ടിതലത്തിലുള്ള വലിയ ആവിഷ്‌കാരങ്ങളായി വികസിപ്പിക്കുക. വ്യക്തിതലത്തില്‍ നേടേണ്ട സ്വര്‍ഗത്തിന് സമഷ്ടിതലത്തിലുള്ള സാമൂഹ്യ ജീവിതത്തെ ഉപാധിയാക്കുക. കേവല നമസ്‌കാരത്തിന് ഇസ്‌ലാമില്‍ പള്ളി നിര്‍ബന്ധമില്ല. കാരണം ഭൂമിയെ ആസകലം അവന്‍ പള്ളിയാക്കി പ്രഖ്യാപിച്ചിരിക്കുന്നു. പള്ളി നിര്‍ബന്ധമാണ്. അത് പക്ഷേ നമസ്‌കാരത്തിനു മാത്രമല്ല. അവിടം സാമൂഹ്യ ജീവിതത്തിന്റെ തിളങ്ങുന്ന കോവിലുകളാകണം. നോക്കൂ, എത്ര സമ്യക്കും സമീകൃതവുമാണാ ദര്‍ശന പ്രയോഗം. ഇതാണ് പ്രവാചകന്റെ പ്രസ്ഥാനം. അല്ലാഹുവിന്റെ ദീന്‍.

കാല്‍നൂറ്റാണ്ടോളം മാത്രം നീളമാര്‍ന്ന തന്റെ നിയോഗജീവിതം കൊണ്ട് പ്രവാചകന്‍ അറേബ്യന്‍ സമൂഹത്തില്‍ ആവിഷ്‌കരിച്ചത് അതുല്യമായ നീതിരാഷ്ട്രമാണ്. ദുഷ്‌കരമായ ഈയൊരധ്വാനകാലത്ത് തന്നോടൊപ്പം ജീവിതം പങ്കിടാന്‍ കാലസൗഭാഗ്യം കിട്ടിയ അനുചരവൃന്ദം. ഇവര്‍ പ്രവാചകന്റെ സ്വഹാബികള്‍. തന്റെ കര്‍മ സപര്യയില്‍ ഊര്‍ജം നല്‍കിയും ജീവിതം നേദിച്ചും തന്റെ വാമത്തില്‍ കഴിഞ്ഞ പരശ്ശതം കുലീന ജീവിതങ്ങള്‍. സ്ത്രീകളും, പുരുഷാരവും, ബാല്യ കൗമാരങ്ങളും, ഉത്തമര്‍ണരും, അധമര്‍ണരും, വിത്തപ്രഭുക്കളും, സാധുജീവിതങ്ങളും. ഇതില്‍ പാദസ്മരണീയരാണ് പ്രവാചകന്റെ ഒന്നാം ഉത്തരാധികാരി അബൂബക്കറും അദ്ദേഹത്തിന്റെ പുത്രി ആഇശയും. 

ജന്മഗ്രാമമായ മക്കയില്‍  തന്നെ അബൂബക്കറും മുഹമ്മദും കൂട്ടുകാര്‍. ഒന്നിച്ചു കളിച്ചും സഞ്ചരിച്ചും ആലോചനകള്‍ പങ്കുവെച്ചും ദീര്‍ഘിച്ച സൗഹൃദം ഗാഢപ്പെട്ടവര്‍. ദൈവിക ദൗത്യമേറ്റ മുഹമ്മദിനെ ആദ്യമേ ആശ്ലേഷിക്കാന്‍ ആഞ്ഞ അബൂബക്കര്‍ മരണം വരെ ആ ദൗത്യത്തോടൊത്തു നിന്നു. സുഖത്തിലും സംഘര്‍ഷങ്ങള്‍ ഇരമ്പിയ നിയോഗ രൂക്ഷതയിലും ഈ ഉലയാത്ത സൗഹൃദത്തിന്റെ പശിമരാശിയിലാവണം അബൂബക്കറിന്റെ മകള്‍ ആഇശ നവോഡയായി പ്രവാചക ജീവിതത്തിലേക്ക് സഞ്ചരിച്ചു ചെന്നത്. ഇത് കേവലമൊരു പരിണയമല്ല. മറിച്ച് അല്ലാഹുവിന്റെ തീരുമാനം തന്നെയാണ്. പ്രവാചകന്‍ തന്റെ മധ്യവയസ്‌കതയും പിന്നിടാറായപ്പോഴാണ് ബാല്യത്തിന്റെ കുസൃതിയില്‍  രമിച്ചു നിന്ന ആഇശ പ്രവാചകന്റെ സ്വകാര്യ ജീവിതത്തിലേക്കെത്തുന്നത്.  അറേബ്യന്‍ ഗോത്രജീവിതത്തില്‍ അന്നത് തികച്ചും സംഗതമായിരുന്നു. ആഇശ പക്ഷേ പിന്നീടു പ്രവാചകന്റെ വീട്ടുകാരി മാത്രമായില്ല ആ മഹാജീവിതത്തിന്റെ വക്താവും വ്യാഖ്യാതാവുമായി. സന്തോഷത്തിലും സന്താപ യുദ്ധങ്ങളിലും ഇസ്‌ലാമിക കര്‍മസരണിയെ സഞ്ചിതമാക്കി. അവരുടെ ധിഷണാജന്യ ജീവിതമില്ലായിരുന്നുവെങ്കില്‍ പ്രവാചക ജീവിതത്തില്‍ തെളിയാത്ത മണ്ഡലങ്ങള്‍ ഉണ്ടാവുമായിരുന്നു. പ്രവാചകനുശേഷവും ദീര്‍ഘിച്ചുനിന്ന ആ ജീവിതം വ്യാഖ്യാനിച്ചതാണ് പ്രമാണപാഠങ്ങളില്‍ പലതും. അപ്പോഴും മതേതര പൊതുമണ്ഡലത്തില്‍ ഇരമ്പുന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് വാര്‍ദ്ധക്യത്തിലേക്കാഞ്ഞ പ്രവാചകന്‍ കിളുന്തു ബാലികയായ ആഇശയെ വേളി കഴിച്ചത്.  ആഇശ എങ്ങനെയാണാ ദാമ്പത്യ ജീവിതം ആസ്വദിച്ചത്. ഇതിനൊക്കെയുള്ള പ്രമാണബദ്ധമായ മറുപടിയാണ് സാലിഹ് നിസാമി പുതുപ്പൊന്നാനി എഴുതിയ 'മഹതി ആഇശ വിവാദങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍' എന്ന പുസ്തകം. കോട്ടക്കലിലെ അറേബ്യന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം പ്രൊഫ. ആലിക്കുട്ടി മുസ്‌ല്യാരുടെയും ശാന്തപുരം അസിസ്റ്റന്റ് റക്റ്റര്‍ ഇല്യാസ് മൗലവിയുടെയും പഠനത്തോടൊപ്പമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top