പോരായ്മകള്‍ പരതുന്നതിനു പകരം നന്മകള്‍ തേടുക

ശൈഖ് മുഹമ്മദ് കാരകുന്ന് No image

പൂമ്പാറ്റ പരതുക പൂമ്പൊടിയാണ്. തേനീച്ച തേനും. എന്നാല്‍ വണ്ടിനു വേണ്ടത് മാലിന്യമാണ്. കഴുകന് ശവവും. ചിലര്‍ വണ്ടുകളെപ്പോലെയാണ്. അവര്‍ കണ്ണുതുറക്കുന്നത് കുറ്റങ്ങളും കുറവുകളും കാണാനാണ്. കാതുകള്‍ ഉപയോഗിക്കുന്നത് പോരായ്മകളും പാകപ്പിഴകളും കേള്‍ക്കാനാണ്. മറ്റുള്ളവരുടെ ദോഷമേ അവര്‍ കാണുകയുള്ളൂ. അത്തരക്കാരെ സംബന്ധിച്ചാണ് പ്രശസ്ത കവി സച്ചിദാനന്ദന്‍ പറഞ്ഞത്. 'ചിലര്‍ ശ്വസിക്കുന്നതു പോലും അന്തരീക്ഷത്തില്‍ ദുര്‍ഗന്ധമുണ്ടോ എന്നറിയാനാണ്'.

അത്തരക്കാര്‍ സ്വന്തം ജീവിതപങ്കാളിയില്‍ പോലും പരതുക പോരായ്മകളും കുറ്റങ്ങളും കുറവുകളുമായിരിക്കും. ഏതൊരാളും അന്വേഷിക്കുന്നതാണല്ലോ കണ്ടെത്തുക. ഏതൊന്നിന്റെ നേരെയും രണ്ടുതരം സമീപനം സ്വീകരിക്കാം. രചനാത്മകവും നിഷേധാത്മകവും. പാതി വെള്ളമുള്ള ഒരു ഗ്ലാസിനെ സംബന്ധിച്ച് അതില്‍ പാതിവെള്ളമുണ്ടെന്ന് നിരീക്ഷിക്കാം. അങ്ങനെ പറയുകയും ചെയ്യാം. അതേക്കുറിച്ചു തന്നെ അതില്‍ പാതിയേ വെള്ളമുള്ളൂവെന്നും പാതികാലിയാണെന്നും കണ്ടെത്താം. അതനുസരിച്ച് പ്രതികരിക്കുകയും ചെയ്യാം. തൊണ്ണൂറു മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥിയെക്കുറിച്ച് അവന്‍ തൊണ്ണൂറു മാര്‍ക്ക് വാങ്ങിയിരിക്കുന്നുവെന്നും തൊണ്ണൂറുമാര്‍ക്കേ കിട്ടിയിട്ടുള്ളൂവെന്നും അവന്‍ പത്ത് മാര്‍ക്ക് നഷ്ടപ്പെടുത്തിയെന്നും നിരീക്ഷിക്കുകയും പറയുകയും ചെയ്യാമല്ലോ.

വീട്ടിലേക്ക് കയറി വരുന്ന പുരുഷന് എവിടെയെങ്കിലും ചപ്പോ ചവറോ ഉണ്ടോ; കിടക്കവിരി ചുളിഞ്ഞിട്ടുണ്ടോ; വസ്ത്രം അലക്കിയിട്ടില്ലേ; ഷര്‍ട്ട് തേച്ചത് നന്നായിട്ടില്ലേ; ചെടികള്‍ നനച്ചിട്ടില്ലേ; കുട്ടികളുടെ പുസ്തകം അടുക്കിവെച്ചിട്ടില്ലേ; തന്നെ കണ്ടപ്പോള്‍ ചിരിച്ചില്ലേ എന്നിങ്ങനെ പോരായ്മകളും കുറവുകളും അന്വേഷിക്കാം. എല്ലാ വീഴ്ചകളും കണ്ടെത്തി കുറ്റപ്പെടുത്താം. ദേഷ്യപ്പെടാം. ആക്ഷേപിക്കാം. ഒച്ചവെക്കാം. എന്നാല്‍ ഇതെല്ലാം പകലന്തിയോളം പണിയെടുത്ത് ക്ഷീണിച്ച് പ്രിയതമനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബിനിയില്‍ ഉണ്ടാക്കുന്ന ആഘാതവും ദുഖവും വേദനയും എത്ര ശക്തമായിരിക്കുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. ഈ സമീപനം ആവര്‍ത്തിക്കപ്പെടുമ്പോള്‍ അത് കുടുംബിനിയില്‍ ഒരു തരം നിസ്സംഗതയും അറപ്പും അകല്‍ച്ചയും ഉണ്ടാക്കുന്നു. അങ്ങനെ ദമ്പതികള്‍ക്കിടയില്‍ സ്‌നേഹത്തിനുപകരം വെറുപ്പും വീട്ടില്‍ സന്തോഷത്തിനുപകരം ദുഖവും പൊട്ടിച്ചിരികള്‍ക്കുപകരം ശ്മശാനമൂകതയും തളം കെട്ടിനില്‍ക്കുന്നു.

മറിച്ച് നന്മയാണ് അന്വേഷിക്കുന്നതെങ്കില്‍ തന്റെ പ്രിയതമ പ്രഭാതം മുതല്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ഓര്‍ക്കുന്നു. അതിനുവേണ്ടി ചെലവഴിച്ച സമയവും അധ്വാനവും സഹിച്ച പ്രയാസങ്ങളും കണക്കുകൂട്ടുന്നു. താന്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പെ എഴുന്നേറ്റ് തനിക്കും കുട്ടികള്‍ക്കും ചായയും പലഹാരവുമുണ്ടാക്കുന്നു. കുട്ടികളെ കുളിപ്പിച്ച് വസ്ത്രം മാറ്റി സ്‌കൂളിലേക്കയക്കുന്നു. അകം തുടച്ചു വൃത്തിയാക്കുന്നു. മുറ്റം അടിച്ചുവാരുന്നു. തന്റെയും കുട്ടികളുടെയും വസ്ത്രം അലക്കി തേച്ചുവെക്കുന്നു. ആഹാരം പാകം ചെയ്യുന്നു. അതികാലത്ത് ആരംഭിച്ച ജോലി രാത്രി എല്ലാവരും ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകി വൃത്തിയാക്കി അടുക്കിവെക്കുന്നതുവരെ നീണ്ടുനില്‍ക്കുന്നു. എത്രയാണ് എന്നും എന്റെ പ്രിയപ്പെട്ടവള്‍ കഷ്ടപ്പെടുന്നത്. ഇങ്ങനെ ഓരോ ദിവസവും ചെയ്തുതീര്‍ത്ത കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് അവയുടെ പേരില്‍ അഭിനന്ദിച്ചും പ്രശംസിച്ചും നന്ദി പ്രകടിപ്പിച്ചും ജീവിതപങ്കാളിയോടുള്ള കടപ്പാട് പൂര്‍ത്തീകരിച്ചാല്‍ അത് അവരില്‍ എത്രമാത്രം സന്തോഷവും സംതൃപ്തിയുമുണ്ടാക്കും. അതോടെ അന്നനുഭവിച്ച എല്ലാ പ്രയാസങ്ങളും മറക്കും. ക്ഷീണം അലിഞ്ഞില്ലാതാകും. പ്രിയതമനോട് വല്ലാത്ത അടുപ്പവും ആദരവും സ്‌നേഹവും തോന്നും. അതോടെ ദമ്പതികള്‍ക്കിടയില്‍ ബന്ധം സുദൃഢവും ആനന്ദഭരിതവുമാകും. വീട് ശാന്തവും സന്തോഷവും കളിയാടുന്നതുമായി മാറും.

സ്ത്രീയുടെ ഭാഗത്തുനിന്നും ഇവ്വിധം രണ്ടു സ്വഭാവത്തിലുള്ള സമീപനമുണ്ടാകാം. തന്റെ പങ്കാളി വീട്ടിലെത്തുമ്പോള്‍ പലതും പറഞ്ഞും ചോദിച്ചും പ്രയാസപ്പെടുത്താം. എന്താ ഇത്ര വൈകിയത്? എന്തേ ഫോണ്‍ ചെയ്യാതിരുന്നത്? കുട്ടികള്‍ക്കൊന്നും വാങ്ങാതെ വെറും കൈയോടെയാണോ വന്നത്? ഇങ്ങനെ കുറ്റങ്ങളും കുറവുകളും വീഴ്ചകളും പോരായ്മകളും എടുത്തുപറഞ്ഞ് സൈ്വര്യം കെടുത്താം. ഫലമെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 

ഇതില്‍ നിന്ന് വ്യത്യസ്തമായി തന്റെ പ്രിയതമന്‍ പ്രഭാതം മുതല്‍ രാത്രിവരെ തനിക്കും കുട്ടികള്‍ക്കും വേണ്ടി എന്തെല്ലാം ചെയ്തുവെന്ന് ആലോചിച്ച് അദ്ദേഹത്തിന്റെ സേവനവും ത്യാഗവും ഓര്‍ക്കാം. എവിടെയൊക്കെ കയറിയിറങ്ങി. ആരെയൊക്കെ കണ്ട്, എന്തെല്ലാം ചെയ്താണ് തന്നെയും കുട്ടികളെയും പോറ്റുന്നതെന്ന് ചിന്തിക്കാം. താന്‍ ഉച്ചയൂണ് കഴിച്ച് ഒന്നുറങ്ങി. എന്റെ പ്രിയപ്പെട്ടവന് അതിനൊന്നും അവസരം കിട്ടിയില്ലല്ലോ എന്നോര്‍ത്ത് അനുകമ്പ തോന്നാം. അങ്ങനെ നന്ദിയും സന്തോഷവും പ്രകടിപ്പിച്ച് സ്‌നേഹപൂര്‍വം സമീപിച്ചാല്‍ അതുണ്ടാക്കുന്ന സദ്ഫലം സങ്കല്‍പാതീതമായിരിക്കും.

അന്വേഷിക്കുന്നതാണല്ലോ ഏവരും കണ്ടെത്തുക. എന്തിനെക്കുറിച്ചാണോ ചിന്തിക്കുക; അതിലാണ് എത്തിച്ചേരുക. ജീവിതപങ്കാളിയുടെ നന്മ പരതുന്നവര്‍ കണ്ടെത്തുക അവരിലെ നല്ലകാര്യങ്ങളും സദ്‌വൃത്തികളുമായിരിക്കും. മറിച്ച് തിന്മയാണ് തേടുന്നതെങ്കില്‍ മനസ്സിനെ മടുപ്പിക്കുകയും വെറുപ്പിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങളായിരിക്കും.

നന്ദിപ്രകടനവും പ്രശംസയും അഭിനന്ദനവുമാണ് ഏവര്‍ക്കും പ്രചോദനവും കര്‍മപ്രേരകവുമാവുക. രചനാത്മക സമീപനമാണ് പ്രവര്‍ത്തനോര്‍ജം ഉല്‍പാദിപ്പിക്കുക; നിഷേധാത്മക സമീപനമല്ല. അത് നിരാശയും ആലസ്യവുമാണുണ്ടാക്കുക. അതിനാല്‍ ദമ്പതികള്‍ തന്റെ ഇണ ഓരോ ദിവസവും ചെയ്തു തീര്‍ക്കുന്ന ജോലികളെക്കുറിച്ചും സദ്കൃത്യങ്ങളെ സംബന്ധിച്ചുമാണ് ചിന്തിക്കേണ്ടത്. ചെയ്യാതെ വിട്ടുപോയവയെക്കുറിച്ചും സംഭവിച്ച വീഴ്ചകളെ സംബന്ധിച്ചുമല്ല. അഭിനന്ദവും നന്ദിപ്രകടനവും സന്തോഷം രേഖപ്പെടുത്തലുമാണുണ്ടാകേണ്ടത്. കുറ്റപ്പെടുത്തലും ആക്ഷേപവിമര്‍ശനവുമല്ല. എങ്കില്‍ ദാമ്പത്യം ആഹ്ലാദഭരിതമാവുകതന്നെ ചെയ്യും. വീട് ശാന്തി കേന്ദ്രവും.

 

 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top