തിരമാലയെ തോല്‍പിച്ച സ്വപ്നങ്ങള്‍

സര്‍ഫ്രാസ് ഇസ്ഹാഖ് No image

വരണ്ട മണ്ണില്‍ പച്ചപ്പു തേടി കടല്‍ കടന്ന പ്രവാസികള്‍ എന്നും നമുക്ക് പ്രിയപ്പെട്ടവരാണ്. മണലില്‍ ചുട്ടുപൊള്ളിയ പാദങ്ങള്‍ വലിച്ചെടുത്ത് പൊന്നുമോളുടെ പുഞ്ചിരിതൂകുന്ന മുഖമോര്‍ത്ത് സ്വപ്‌നങ്ങള്‍ ജീവിതമാക്കി മാറ്റിയ അറേബ്യന്‍ മലയാളികളുടെ നേര്‍ചിത്രങ്ങളാണ് പ്രവാസി എഴുത്തുകളില്‍ തെളിയുന്നത്.

മലയാളത്തിലെ പ്രവാസ സാഹിത്യത്തിന് വര്‍ഷങ്ങളുടെ പാരമ്പര്യമൊന്നുമില്ല. എന്നാല്‍ കുറഞ്ഞകാലം കൊണ്ട് ജനപ്രീതി നേടിയവയാണ് എല്ലാ പ്രവാസ സാഹിത്യങ്ങളും. ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളെ അതുപോലെ പകര്‍ത്തിയവയാണ് മിക്ക പ്രവാസ കൃതികളും. അതില്‍ നാടുവിട്ട് പണം തേടിപ്പോയവന്റെ സ്വപ്‌നങ്ങളുണ്ട്. ഇടക്കുവെച്ച് കാലിടറി വീണവന്റെ നിലവിളിയുണ്ട്. സമ്പാദിച്ചവന്റെ അട്ടഹാസമുണ്ട്. 

തീവ്രാനുഭവങ്ങളുടെ തുറന്നെഴുത്തുള്ള 'ആടുജീവിതം' തന്നെയാണ് പ്രവാസത്തെക്കുറിച്ചുള്ള കൃതികളില്‍ ഏറ്റവും ശ്രദ്ധേയമായത്. മരുപ്പച്ച തേടി മരുഭൂമിയിലലയുന്ന പ്രവാസികളില്‍ മിക്കവരും നരകയാതന അനുഭവിക്കുന്നവരാണ്. കിനാവുകണ്ട നാടിന്റെ യാഥാര്‍ഥ്യം പലരെയും നടുക്കിക്കളഞ്ഞു. കടല്‍ കടന്നവന്റെ ജീവിത സാക്ഷ്യമായിരുന്നു അവ. 'ആടുജീവിതം' പ്രതീക്ഷ നശിച്ച് ഉണങ്ങിയ ചണ്ടിച്ചപ്പുകള്‍ക്കിടയില്‍, പ്രതീക്ഷയുടെ പച്ച പുല്‍നാമ്പുകള്‍ തേടുന്ന പ്രവാസിയുടെ ജീവിതത്തെ ആടിനോടുപമിച്ച ബെന്യാമിന്‍ മലയാളി വായനക്കാരുടെ കണ്ണുനിറച്ചു. തന്റെ പ്രവാസ ജീവിത കാലഘട്ടത്തിലെ ഏതാനും അനുഭവങ്ങള്‍ ഭംഗിയായി അടുക്കിവെച്ചെഴുതിയ ബെന്യാമിന്‍ ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയത് 'ആടുജീവിത'ത്തിലൂടെയാണ്.

കുന്നോളം സ്വപ്‌നം കണ്ട് പോകുന്നവന്, കുന്നിക്കുരുവോളമേ കിട്ടുകയുള്ളൂ, വിരലിലെണ്ണാവുന്ന ഭാഗ്യവാന്‍മാരെ രക്ഷപ്പെടൂ. പ്രവാസലോകത്ത് ആയിരങ്ങള്‍ അടിമപ്പണി ചെയ്യേണ്ടി വരുന്നുമുണ്ട്. പ്രവാസത്തിന്റെ മറുവശം കണ്ടെങ്കിലും മലയാളികള്‍ക്കിപ്പോഴും, കടല്‍ കടക്കുന്നത് അനിവാര്യം തന്നെയാണ്.

'ആടുജീവിത'ത്തിലെ നജീബൂമാര്‍ ഒരുപാടുണ്ട് ഗള്‍ഫുനാടുകളില്‍. അതിനു തെളിവാണ് 2014-ല്‍ 'ആടുജീവിത'ത്തിന്റെ മലയാളം പതിപ്പുകള്‍ സൗദി സര്‍ക്കാര്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. പിന്നീട് ദുബൈയിലും 'ആടുജീവിതം' നിരോധിക്കുകയുണ്ടായി. അറബ് തര്‍ജമയുടെ പ്രസാധകരായിരുന്ന ആഷാഖ് ബുക്ക് സ്റ്റോറിന് ഭീഷണിയും ഉണ്ടായിരുന്നു. ഇതെല്ലാമറിയുമ്പോഴാണ് ബെന്യാമിന്റെ തുറന്നെഴുത്തിന്റെ ശക്തി നമുക്ക് ബോധ്യപ്പെടുന്നത്. 

ദേശാടനക്കിളിയെപ്പോലെ ഇരിക്കാനിഷ്ടപ്പെട്ട പ്രിയ കഥാകാരന്‍ ബാബു ഭരദ്വാജ് പ്രവാസത്തെക്കുറിച്ചെഴുതിയ രണ്ടു കൃതികളിലും കടല്‍ കടന്ന മലയാളിയുടെ കണ്ണീരുപ്പുണ്ട്. 'പ്രവാസത്തിന്റെ മുറിവുകള്‍'' അതി തീക്ഷ്ണമായ ആഗ്നേയാസ്ത്രമാണെങ്കില്‍ അദ്ദേഹത്തിന്റെ തന്നെ 'പ്രവാസിയുടെ കുറിപ്പുകള്‍' മറുനാട്ടിലെ ജീവിതങ്ങളുടെ സൂക്ഷ്മമായ നിരീക്ഷണമാണ്. താന്‍ സഞ്ചരിച്ച നാടുകളുടെ ആത്മാവ് കവര്‍ന്നെടുക്കുന്ന ബാബു ഭരദ്വരാജ് അവ പ്രത്യേകം സൂക്ഷിച്ചുവെക്കുകയും ചെയ്തിരുന്നു. സമയമാവുമ്പോള്‍ ആ ആത്മാക്കളെ സ്വതന്ത്രരാക്കുകയും ജീവിതത്തിന്റെ അഭ്രപാളികളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഈ സമ്പന്നമായ നാടുകളില്‍ താന്‍ വായിച്ചതിന്റെ, അറിഞ്ഞതിന്റെ വെളിച്ചത്തില്‍ താന്‍ കണ്ട മഹത്തായ രണ്ട് പ്രവാസ കൃതികളാണ് ബാബു ഭരദ്വാജിന്റെ പ്രവാസത്തിന്റെ മുറിവുകള്‍.

ബാബു ഭരദ്വാജ് എഴുതിയ പ്രവാസ കൃതികളും, ബെന്യാമിന്റെ ആടുജീവിതവും കാലത്തെ അതിജീവിച്ചവയാണ്. വിദേശത്തുനിന്ന് പുറന്തള്ളപ്പെടുന്ന ലക്ഷക്കണക്കിനാളുകള്‍ ഇന്ന് നാട്ടിലേക്കൊഴുകുമ്പോഴാണ് ഇവിടുന്നവര്‍ കൊതിച്ച ജോലിയല്ല അവര്‍ക്ക് ലഭിച്ചതെന്നറിയുന്നത്. ഒട്ടകത്തെയും ആടിനെയും പ്രാവിനേയും നോക്കി തന്റെ യൗവനം ഹോമിച്ച മലയാളികള്‍, ബെന്യാമിനും, ബാബു ഭരദ്വരാജും എഴുതിയ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്നു.

ജീവിതവുമായി വിശിഷ്യാ മലയാളികളുമായി ഏറെ ബന്ധമുള്ള പ്രവാസത്തെക്കുറിച്ചുള്ള എഴുത്തുകള്‍ അതിന്റെ ചോരമണക്കുന്ന അധ്യായങ്ങള്‍. സത്യത്തില്‍, കണ്ണില്‍ നിന്നും അറിയാതെ ജലമുതിരുന്ന നേരെഴുത്താണ് ഓരോ പ്രവാസ കൃതികളും.

അക്കരപ്പച്ച തേടിയ ജീവിതങ്ങളുടെ സാക്ഷ്യപത്രമാണ് ഓരോ പ്രവാസ കൃതികളും. നാമുള്ള കാലത്തോളം പ്രവാസ സാഹിത്യങ്ങള്‍ നിലനില്‍ക്കുക തന്നെ ചെയ്യും. കൃഷ്ണദാസിന്റെ ദുബായ്, പുഴ, റഷീദ പാറക്കലിന്റെ തക്കാളി കൃഷിക്കാരന്റെ സ്വപ്‌നങ്ങള്‍, മയ്യഴിയുടെ കഥാകാരന്‍ എം. മുകുന്ദന്റെ മയ്യഴിയുടെ പ്രവാസം എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടവയാണ്. ജീവിതത്തിനിടക്ക് മനസ്സുകൊണ്ടെങ്കിലും പ്രവാസിയാവാത്ത മലയാളികളില്ലെന്ന് എം.മുകുന്ദന്‍ പറഞ്ഞത് നാമിതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. 

അന്യന്റെ നൊമ്പരം കടമെടുത്തെഴുതുന്നവരാണ് മിക്ക എഴുത്തുകാരും. ഇവിടെയും കാര്യം മറിച്ചല്ല. പ്രവാസത്തെക്കുറിച്ചെഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പഠിച്ചപ്പോള്‍, മറുനാട്ടില്‍ തങ്ങള്‍ കണ്ട ജീവിതങ്ങളാണ് തങ്ങളുടെ കൃതികളില്‍ ജീവിച്ചതെന്ന് എഴുത്തുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തില്‍ നേരിട്ടുകണ്ട യാതനകളും, പറഞ്ഞുകേട്ട യാതനകളും, ഭാവനയുടെ അതിപ്രസരമില്ലാതെ പച്ചയായി തുറന്നുകാട്ടാനായി എന്നതാണ് ഓരോ പ്രവാസ കൃതിയുടെയും വിജയം. ജീവിതം പച്ചപിടിപ്പിക്കാന്‍ കടല്‍ കടന്നിട്ടുള്ള യാത്രകള്‍ ഇനിയും തുടരും. തിരമാലകളെ പോലും മുറിച്ചുനീന്തുന്ന സ്വപ്‌ന സഞ്ചാരികള്‍ക്ക്, ഈ എളിയവന്റെ ആശംകള്‍. 


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top