ലോഞ്ചില്‍ നിന്ന് ഉടലെടുത്ത വിപ്ലവം

സക്കീര്‍ ഹുസൈന്‍ No image

മ്മൂട്ടി നായകനായ 'പത്തേമാരി' ഒരു വിഭാഗത്തിന് നീറ്റലുണ്ടാക്കിയെങ്കില്‍ അത് ഒരു കാലത്ത് അവര്‍ അനുഭവിച്ച യാതനകളുടെ നേര്‍ക്കാഴ്ച്ചയായതു കൊണ്ടാണ്. അഷ്ടിക്ക് വകയില്ലാതെയും ഉടുതുണിക്ക് മറുതുണിയില്ലാതെയും കഷ്ടപ്പെട്ട ഒരു കാലഘട്ടത്തിലെ സമൂഹം ജീവിത യാനത്തെ കരക്കടുപ്പിക്കാനുള്ള അവസാന മാര്‍ഗമായി കണ്ടത് ഗള്‍ഫിനെയായിരുന്നു. പിന്നീട് മലയാളിയുടെ സ്വപ്നഭൂമിയായി മാറിയ അറബിനാട്ടിലേക്ക് കടലിനോടും കാറ്റിനോടും കോളിനോടും മല്ലടിച്ച് അവര്‍ എത്തിപ്പെട്ടതിന്റെ നേര്‍ക്കാഴ്ച്ച ആ ചിത്രം കൃത്യമായി വരച്ചുകാട്ടുന്നുണ്ട്. ലോഞ്ചുകളില്‍ ഒളിച്ച് കടന്നും കരയെത്തും മുമ്പ് കടലില്‍ ചാടാന്‍ നിര്‍ബന്ധിതരായും കടല്‍ നീന്തിയെത്തി അറബി പൊലീസിന്റെ കണ്ണു വെട്ടിച്ചും അവര്‍ 'സ്വപ്നഭൂമി'യിലെത്തി. കഷ്ടപ്പാടുകളുടെ മാത്രം തോഴരായി, പകല്‍ ശരീരത്തെ കരിയിച്ചു കളയുന്ന കൊടും ചൂടിലും രാത്രി ശരിക്കൊന്ന് നടു നിവര്‍ത്താന്‍ ഇടമില്ലാതെ അരിഷ്ടിച്ച് ജീവിക്കുമ്പോഴും അവരുടെ ഉള്ളുരുകിയത് കുടുംബത്തെ കുറിച്ചുള്ള ഓര്‍മകളാലായിരുന്നു. 

അര മുറുക്കിയും കടപ്പെട്ടും അവര്‍ അയച്ച 'ഡ്രാഫ്റ്റ്' അവരെ 'ഗള്‍ഫു'കാരാക്കി. വീട്ടുകാരെയും. അന്നവര്‍ അനുഭവിച്ച തിക്താനുഭവങ്ങളാണ് സലീം അഹമ്മദ് സെല്ലുലോയിഡിലേക്ക് പകര്‍ത്തിയത്. അത് അന്നത്തെ അനുഭവങ്ങളുടെ പൊള്ളുന്ന ഓര്‍മകളിലേക്ക് അവരെ കൂട്ടികൊണ്ടുപോയെങ്കില്‍ അത് സ്വാഭാവികം മാത്രം. 'പത്തേമാരി' എന്ന സിനിമയുടെ അവലോകനമല്ല ഈ വരികള്‍ കൊണ്ട് ഉദ്ദേശിച്ചത്. അന്നത്തെ കാലത്തെ പുതു തലമുറയിലേക്കെത്തിക്കാന്‍ നടത്തിയ ശ്രമമായിരുന്നു 'പത്തേമാരി'. പിന്നീട് വിവാദമായ 'ലോഞ്ച് വേലായുധന്‍' എന്ന കഥാപാത്രം വെറും സാങ്കല്‍പികമല്ല. അതും മറ്റൊരു യാഥാര്‍ഥ്യമായിരുന്നു. അക്കാലത്തെ തലമുറയുടെ വിയര്‍പ്പില്‍ ഉയിര്‍കൊണ്ടത് അവരുടെ കുടുംബങ്ങള്‍ മാത്രമായിരുന്നില്ല; ഒരു നാട് കൂടിയായിരുന്നു. അവരുടെ വിയര്‍പ്പിലാണ് ആധുനിക കേരളം കെട്ടിപ്പടുത്തത് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. 

ഞാന്‍ പേര്‍ഷ്യയിലേക്ക് പോയ കാലത്ത്...

ആദ്യക്കാലങ്ങളില്‍ ഗള്‍ഫ് പ്രവാസികള്‍ 'പേര്‍ഷ്യക്കാ'രായാണ് അറിയപ്പെട്ടിരുന്നത്. അന്ന് അവര്‍ 'ഗള്‍ഫി'ലേക്കായിരുന്നില്ല പോയിരുന്നത്. 'പേര്‍ഷ്യ'യിലേക്കായിരുന്നു. ആദ്യകാല ഗള്‍ഫുകാര്‍ ഇന്നും 'പേര്‍ഷ്യ'ക്കാരായി സംസാരിക്കുന്നത് കേള്‍ക്കാം. 'ഞാന്‍ പേര്‍ഷ്യക്ക് പോയ കാലത്ത്...' എന്നാവും അവര്‍ തുടങ്ങുക. പിന്നീട് പേര്‍ഷ്യ 'ദുബായി'ക്ക് വഴിമാറി. ഗള്‍ഫ് മൊത്തം 'ദുബായി'യായി മാറി. 'ദുബായിക്കാരുടെ വീട്' പ്രദേശത്തെ അടയാളപ്പെടുത്തി. അവരുടെ സാമൂഹിക ജീവിതത്തിലും മറ്റും മാറ്റങ്ങള്‍ വന്നു തുടങ്ങിയിരുന്നു. പിന്നീട് നാട്ടിലെ സാമ്പത്തികശേഷിയുള്ളവരായി അവര്‍ മാറി. അതനുസരിച്ചുള്ള മാറ്റം ചുറ്റുപാടുകളിലുമുണ്ടായി. നാടിന്റെ വികസനത്തിന് അത് പതുക്കെ വഴിവെക്കുകയും ചെയ്തു. 

ഇന്ന് കേരളത്തിന്റെ സാമൂഹി കവും രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങളില്‍ നിര്‍ണായക റോള്‍ വഹിക്കുന്ന പ്രമുഖ പ്രവാസികളുടെ തുടക്കം കൗതുകകരവും അവരുടെ ഉയര്‍ച്ചക്കു പിന്നിലെ വിയര്‍പ്പ് ആശ്ചര്യം ഉളവാക്കുന്നതുമാണ്. സംസ്ഥാനത്തെ പ്രമുഖ പ്രവാസി വ്യാപാരി 'പത്തേമാരി'യില്‍ വരച്ചുകാണിച്ച ലോഞ്ച് യാത്രയില്‍ അക്കരെ കടന്ന യാളാണ്. അദ്ദേഹം ഇപ്പോഴും വളരെ വിനീതനായി അതോര്‍ക്കുന്നു; ഉയരങ്ങള്‍ താണ്ടിയപ്പോഴും വന്ന വഴി മറക്കാതെ. പക്ഷെ, അദ്ദേഹം കൈപിടിച്ചുയര്‍ത്തിയവര്‍ 'ഏഴാം ആകാശത്തി'ല്‍ വിലസുമ്പോഴും കാണാമറയത്ത് നില്‍ക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ പോലുള്ളവരുടെ അധ്വാനഫലം കൂടിയാണ് ആധുനിക കേരളം എന്ന് പലരും അറിയുന്നില്ല. 

'മിനി ഗള്‍ഫ്' 

അറുപതുകളുടെ അവസാന ത്തിലാണ് തൊഴില്‍ തേടി മലയാളികള്‍ മണലാരണ്യത്തില്‍ അഭയം തേടാ ന്‍ തുടങ്ങിയത്. അതിനുമുമ്പ് മലേഷ്യയിലും സിലോണിലും ഇന്ന ത്തെ മ്യാന്‍മറായ അന്നത്തെ ബര്‍മയിലുമൊക്കെയായിരുന്നു. 'പേര്‍ഷ്യ'യിലേക്ക് പോയി തുടങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ ഒഴുക്കുണ്ടായത് തൃശൂര്‍ ജില്ലയിലെ ചാവക്കാട്ടു നിന്നായിരുന്നു. കാലക്രമേണ അതിന്റെ മാറ്റം ചാവക്കാട്ടും പരിസരപ്രദേശങ്ങളിലുമുണ്ടായി. അതോടെ 'മിനി ഗള്‍ഫ്' എന്ന് ചാവക്കാട് അറിയപ്പെട്ടു. 

ഗള്‍ഫ് സ്വപ്നഭൂമിയായി രൂപം കൊണ്ട കാലത്ത് കടല്‍ കടന്ന പ്രവാസി വ്യാപാരിയാണ് തൃശൂര്‍ വടക്കേക്കാട് സ്വദേശി കെ.വി. ഹംസ. 1975-ല്‍ 19-ാം വയസ്സിലാണ് അദ്ദേഹം ദുബൈ റാസല്‍ഖൈമയില്‍ എത്തിയത്. ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടാനായി മലയാളി കണ്ടെത്തിയ മാര്‍ഗമായിരുന്നു ഗള്‍ഫ് എന്ന് ഹംസ പറയുന്നു. 1960-കളൂടെ അവസാനത്തിലാണ് വിസ അനുവദിച്ചു തുടങ്ങിയത്. അതിനുമുമ്പ് ചരക്കു കൊണ്ടുപോകുന്ന ലോഞ്ചുകളില്‍ നിയമം ലംഘിച്ച് മലയാളികള്‍ അക്കരെ കടന്നു. കള്ള ലോഞ്ച് എന്നാണ് അത് അറിയപ്പെട്ടത്. ചേറ്റുവയില്‍ നിന്നും ബേപ്പൂരില്‍ നിന്നുമൊക്കെ ആളുകള്‍ ലോഞ്ചില്‍ കടല്‍ കടന്നു. ചേറ്റുവയിലെ ലോഞ്ച് വേലായുധനായിരുന്നു അന്ന് ഭൂരിഭാഗം മലയാളികളെയും അറബ് നാട്ടിലെത്തിച്ചത്.

വിസ അനുവദിച്ചു തുടങ്ങിയതോടെ തൊഴില്‍ തേടി ഗള്‍ഫിലേക്ക് പ്രയാണം വ്യാപകമായി. പത്താം ക്ലാസ് വരെ എത്തിയാല്‍ ഗള്‍ഫിലേക്ക് പോവുക എന്നതായിരുന്നു അന്നത്തെ ശരാശരി മലയാളി കൗമാരക്കാരന്റെ ലക്ഷ്യം. പാസ്‌പോര്‍ട്ട് ലഭിക്കാന്‍ അന്ന് ആളുകള്‍ വയസ്സു കൂട്ടി പറഞ്ഞിരുന്നു. 18 വയസ്സ് പൂര്‍ത്തിയായാലേ പാസ്‌പോര്‍ട്ട് കിട്ടൂ. കടലിനക്കരെ അന്ന് എന്തു പണിയുമെടുക്കുമെന്ന മാനസികാവസ്ഥയിലായിരുന്നു ഗള്‍ഫിലെത്തുന്നവര്‍. 'അന്ന് ഗള്‍ഫ് എന്നല്ല പേര്‍ഷ്യ എന്നാണ് പറയുക. റാസല്‍ഖൈമ തുറമുഖത്ത് സിമന്റ് കട്ടകള്‍ പൊടിക്കുന്ന ജോലിയി ലായിരുന്നു ഞാന്‍. അന്നത്തെ ഒരു ദുബൈ ദിര്‍ഹത്തിന്റെ നാട്ടിലെ മൂല്യം ഒന്നരരണ്ടു രൂപയായിരുന്നു. ഒരു നാളികേരത്തിന് നാട്ടില്‍ അന്ന് 35 പൈസയായിരുന്നു വില. പിന്നീട് അന്നത്തെ ഗള്‍ഫുകാരുടെ അധ്വാനഫലമായി നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം അനേകം സ്ഥാപനങ്ങള്‍ ഉടലെടുത്തു. നിരവധി ആശുപത്രികളും മറ്റുമുണ്ടായി. നാടിന്റെ മുഖഛായ മാറി. സാമൂഹിക ജീവിതത്തിലും മാറ്റം വന്നു. ഇന്നത്തെ തലമുറ വളരെ സുഖമാണ് അനുഭവിക്കുന്നത്. എന്നാല്‍, മുന്‍തലമുറകള്‍ കനല്‍വഴികളിലൂടെയാണ് കടന്നുപോയത്' ഹംസ പറഞ്ഞു. 

ഗള്‍ഫിന്റെ പുരോഗതി

കേരളത്തിന്റെ വികസനത്തിലും പുരോഗതിയിലും മാത്രമല്ല, ഗള്‍ഫിന്റെ മുഖഛായ മാറ്റുന്നതിലും മലയാളികളുടെ പങ്ക് വളരെ വലുതാണെന്ന് മുന്‍ പ്രവാസി കൂടിയായ കേരള പ്രവാസി സംഘം സംസ്ഥാന ജന. സെക്രട്ടറി കെ.വി. അബ്ദുല്‍ഖാദര്‍ എം്.എല്‍.എ പറയുന്നു. 1950-കളുടെ അവസാനത്തിലും 1960-കളുടെ തുടക്കത്തിലുമാണ് ഗള്‍ഫിലേക്കുള്ള വാതില്‍ തുറന്നത്. സിലോണിലും റങ്കൂണിലും ഇന്തോനേഷ്യയിലും സ്വദേശിവത്ക്കരണവും മറ്റും മൂലം ജോലി സാധ്യതകള്‍ അടഞ്ഞതോടെയാണ് ശ്രദ്ധ ഗള്‍ഫിലേക്ക് പതിയുന്നത്. നിയമവിധേയമില്ലാതെ ലോഞ്ചുകളില്‍ ആളുകള്‍ ഗള്‍ഫിലേക്ക് കടന്നു. അക്കാലത്ത് വന്‍തോതില്‍ അക്കരെയെത്തിയ പ്രദേശം എന്ന നിലയിലാണ് ചാവക്കാട് ശ്രദ്ധിക്കപ്പെടുന്നത്. 

ഗള്‍ഫില്‍ വികസനം കടന്നു വന്നിരുന്നില്ല അന്ന്. ഇന്നത്തെ ഗള്‍ഫിന്റെ പിന്നില്‍ മലയാളികളുടെ നല്ല വിയര്‍പ്പുണ്ട്. ഗള്‍ഫ് മുന്നേറ്റ കാലത്ത് മലയാളികള്‍ വന്‍തോതില്‍ അവിടെയെത്തി. വിദ്യാസമ്പന്നരായിരുന്നില്ലെങ്കിലും അറബികളുടെ വിശ്വാസമാര്‍ജിക്കാനായി എന്നതായിരുന്നു മലയാളികളുടെ വിജയം. അവരുടെ മനസ്സുകളില്‍ കേരളീയര്‍ കുടിയേറി. അതിന്റെ പ്രതിഫലനം നമ്മുടെ നാട്ടിന്‍പുറത്തു കണ്ടു. കുടിലുകളുടെ സ്ഥാനത്ത് മാളികകള്‍ ഉയര്‍ന്നു. വലിയ തോതില്‍ സാമ്പത്തിക മാറ്റമുണ്ടായി. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്നു. പ്രതിവര്‍ഷം ആയിരം കോടിയിലേറെ രൂപയാണ് ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് ഒഴുകുന്നത്. 

സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടനയുടെ നട്ടെല്ലായി കേരളം മാറി. പ്രവാസികളുടെ വരുമാനം കുറയുകയെന്നാല്‍ കേരളത്തിന്റെ നട്ടെല്ല് ഒടിയുക എന്നാണര്‍ഥം. കഴിഞ്ഞ ആറ് പതിറ്റാണ്ടായി സംസ്ഥാനത്ത് കാര്‍ഷിക, വ്യാവസാ യിക മുന്നേറ്റമുണ്ടായിട്ടില്ല. ഈ മുന്നേറ്റമുണ്ടാക്കിയ മറ്റു സംസ്ഥാ നങ്ങളേക്കാള്‍ ഉയര്‍ച്ച കേരളമുണ്ടാ ക്കിയെങ്കില്‍ അതിന് ഏക കാരണം ഗള്‍ഫ് മലയാളികളാണ്. മുക്കുവന്മാരും സാധാരണക്കാരുമായിരുന്നു ചാവക്കാട്ടെ ആദ്യകാല ജനത. ദാരിദ്ര്യം സമ്പാദ്യമായി ഉണ്ടായിരുന്നവര്‍. വിദ്യാഭ്യാസപരമായി വളരെ പിന്നിലായിരുന്നു. മണലാരണ്യത്തില്‍ അവര്‍ ഒഴുക്കിയ വിയര്‍പ്പിന്റെ ഫലമായി പൊതുവെ നാട്ടില്‍ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായി. മറ്റു സ്ഥാപനങ്ങളും. പുതു തലമുറ വിദ്യാഭ്യാസപരമായി വളരെ ഉന്നതിയിലാണ്. അതിന് കാരണഭൂതരായത് മുന്‍ തലമുറ യാണ്. ചാവക്കാട് മാത്രമല്ല, സം സ്ഥാനമൊട്ടാകെ ഈ കാഴ്ച്ച കാണാനാവും. വിദ്യാഭ്യാസപരമായും സാമൂഹികമായും ഉന്നതികള്‍ താണ്ടുമ്പോഴും പുതു തലമുറക്ക് ഗള്‍ഫ് പുത്തന്‍ ആവേശമാവുന്നുവെന്നതാണ് കൗതുകകരമായ വസ്തുത- അബ്ദുല്‍ ഖാദര്‍ പറഞ്ഞു. 


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top