ഓര്‍മയുടെ ഓളങ്ങളില്‍

റുക്‌സാന.പി /പുസ്തക പരിചയം No image

ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'ഓര്‍മയുടെ ഓളങ്ങളില്‍' എന്ന ആത്മകഥാവിവരണം വായനയുടെയും പഠനത്തിന്റെയും നവ്യാനുഭവമാണ് വായക്കാര്‍ക്ക് സമ്മാനിക്കുന്നത്. അനുഗ്രഹീതമായ സാഹിത്യവും പ്രശംസനീയാര്‍ഹമായ ഓര്‍മകളും അനുഭവവിവരണങ്ങളിലെ ലാളിത്യവും ഈ പുസ്തകത്തെ മനോഹരമാക്കുന്നു. അദ്ദേഹത്തിന്റെ ചെറുപ്പകാലവും, താണ്ടിയ ജീവിത വഴികളെക്കുറിച്ച മനോഹരമായ പറഞ്ഞുവെക്കലുകളും ഇതിന്റെ ആദ്യതാളുകളെ സമ്പുഷ്ഠമാക്കുന്നു. സാധാരണ ആത്മകഥയിലെ പോലെ ചെറുപ്പകാലത്തിലെ സന്തോഷവും തിക്താനുഭവങ്ങളും വേദനകളും വിവരിച്ച് പോവുകയല്ല ചെയ്യുന്നത്. മറിച്ച്, ആ തിക്താനുഭവങ്ങള്‍ ഉണ്ടാകാനുള്ള കാരണവും ഇസ്‌ലാം ആ വിഷയത്തിലൊക്കെയും നിഷ്‌കര്‍ഷിക്കുന്നതെന്തോ അതും കൂടിച്ചേര്‍ന്നുള്ള വിവരണത്തിലൂടെയാണ് ഓരോ അധ്യായവും വികസിക്കുന്നത്. ജീവിതത്തില്‍ അഭിമുഖീകരിച്ച കയ്പ്പുള്ള അനുഭവങ്ങള്‍ മതത്തിന്റെ പ്രശ്‌നമല്ല എന്ന് ഗ്രന്ഥകര്‍ത്താവ് വായനക്കാര്‍ക്ക് പഠനാര്‍ഹമായ തെളിവുകളിലൂടെ മസ്സിലാക്കിത്തരുന്നു. അതുകൊണ്ട് തന്നെയാവാം, ഈ ഗ്രന്ഥത്തിന്റെ അവതാരികയില്‍ പി.സുരേന്ദ്രന്‍ ഇങ്ങനെ കുറിച്ചത്, 'സാധാരണയായി മുസ്‌ലിം പണ്ഡിതരുടെയും പ്രഭാഷകരുടെയും ഒക്കെ എഴുത്തുകള്‍ പൊതുവെ സമൂഹവുമായി അകലം പാലിക്കുന്നത് കാണാം. മതവിഷയങ്ങള്‍ പൊതുസമൂഹത്തിന് മനസ്സിലാക്കാന്‍ സാധിക്കാത്തവിധം സങ്കീര്‍ണമായി അവതരിപ്പിക്കുന്നതാണ് പ്രശ്‌നം. എന്നാല്‍ ശൈഖ് സാഹിബിന്റെ ഈ പുസ്തകത്തില്‍ സങ്കീര്‍ണതയില്ല. എല്ലാവര്‍ക്കും വേണ്ടിയുള്ള പുസ്തകമാണ്.'
വളരെ നിസ്സാരമെന്ന് തോന്നി നാം തള്ളിക്കളയുന്ന കാര്യങ്ങള്‍ അതിന്റെ പ്രാധാന്യത്തെ, അനുഭവത്തെ മുന്‍നിര്‍ത്തി ഗൗരവപൂര്‍വം വായനക്കാരന് മനസ്സിലാക്കിത്തരുന്നു ശൈഖ് മുഹമ്മദ് കാരകുന്ന്. മക്കള്‍ക്ക് പേരിടുമ്പോള്‍ പ്രധാന ഭാഷകളിലെല്ലാം വലിയ പ്രയാസം കൂടാതെ എഴുതാനും വായിക്കാനും കഴിയുന്ന പേരുകള്‍ തെരഞ്ഞെടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പറയാന്‍ കാരണമായ സംഭവവും ഗ്രന്ഥകര്‍ത്താവ് ഇതില്‍ വിവരിക്കുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉമ്മയും ഉപ്പയും നല്‍കിയ ചേക്കു എന്ന പേരിനെ ചൊല്ലി അവഹേളിക്കപ്പെട്ടതും 'നിയ്യ് മാപ്ലയാണോടാ' എന്ന അധ്യാപകന്റെ ചോദ്യവുമായിരുന്നു അത്.
ആദ്യ അധ്യായങ്ങളില്‍ മനോഹരമായൊരു നോവല്‍ വായിക്കുന്ന ആസ്വാദനത്തോടെ പുരോഗമിക്കുന്നുണ്ടെങ്കിലും തുടര്‍ന്നുവരുന്ന അധ്യായങ്ങളില്‍ ഗ്രന്ഥകര്‍ത്താവ് ജീവിച്ചു കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ കേരളീയ മുസ്‌ലിം സംഘടനകളെക്കുറിച്ചും ഇസ്‌ലാമിക നവോത്ഥാനത്തെക്കുറിച്ചും ചരിത്രപരമായ വസ്തുതകള്‍ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പഠനാര്‍ഹമായ വിവരണങ്ങളാണ് ഉള്ളത്.
ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെടാന്‍ ഇടയാക്കിയ സാഹചര്യവും തന്റെ കലാലയ ജീവിതത്തിലെ ചര്‍ച്ചകളും സംവാദങ്ങളും ആ കാലത്ത് വ്യത്യസ്ത സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും വ്യത്യസ്ത വിഷയങ്ങളില്‍ എടുത്ത നിലപാടുകളും വാഗ്വാദങ്ങളുമെല്ലാം വായനക്കാരുടെ ചരിത്രവായനയെ ത്വരിതപ്പെടുത്തിക്കൊണ്ട് കടന്നുപോകുന്നുണ്ട്. ആദ്യത്തെ ഹജ്ജനുഭവവും അടിയന്തരാവസ്ഥക്കാലത്തെ സംഘര്‍ഷങ്ങളും ജമാഅത്തെ ഇസ്‌ലാമി നിരോധം, നേതാക്കളുടെ അറസ്റ്റ്, സൈനബുല്‍ ഗസ്സാലിയുമായുള്ള അഭിമുഖം, ഐ.പി.എച്ച്, വ്യത്യസ്ത പ്രസിദ്ധീകരണങ്ങളും പിറവിയും, ചിലതിന്റെ അസ്തമയങ്ങള്‍ ഇങ്ങനെ വ്യത്യസ്ത തലങ്ങളെ സ്പര്‍ശിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പ് തുടരുന്നത്.
സ്‌നേഹമയിയായ ഉമ്മയെയും പിതാവിനെയും കുറിച്ചുള്ള ഓര്‍മകളും നല്ലപാതിയെക്കുറിച്ചുള്ള പങ്കുവെക്കലുകളും മനോഹരമായ ഭാഷയിലാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. മാതാപിതാക്കള്‍ക്ക് ആശ്വാസമാകുംവിധം എന്തെങ്കിലും ജോലിയില്‍ ഏര്‍പെടാതെ ആണ്‍കുട്ടികള്‍ പഠിക്കാന്‍ പോകുന്നത് അപരാധമായാണ് അക്കാലത്ത് കണ്ടിരുന്നത് എന്ന് അദ്ദേഹം ഓര്‍ക്കുന്നു.
ദാരിദ്ര്യത്തിന്റെ കയ്പുനീര്‍ കുടിച്ചപ്പോള്‍ ഇച്ഛാശക്തിയോടെ നേടിയ വിദ്യാഭ്യാസവും കരുത്തു പകര്‍ന്നുതാങ്ങി നിര്‍ത്തിയ അധ്യാപകരെക്കുറിച്ചും ജീവിതത്തെ സ്വാധീനിച്ച മഹത്തുക്കളെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്.
പ്രസ്ഥാനമാര്‍ഗത്തില്‍ കര്‍മനിരതരായ യുവതലമുറക്ക് പലവിധത്തിലും വെളിച്ചം വീശുന്ന കൃതി ഇസ്‌ലാമിക പ്രസ്ഥാനം താണ്ടിയ വഴികളെയും ഏറ്റുവാങ്ങിയ വിമര്‍ശനങ്ങളെയും സ്വീകരിച്ച നിലപാടുകളെയും കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിത്തരുന്നു. അവതാരകന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇസ്‌ലാമിനെ ഒരു വിമോചന പ്രത്യയശാസ്ത്രം കൂടിയായി കണ്ടുകൊണ്ടുള്ള വായനകള്‍ ഈ ആത്മകഥക്ക് സവിശേഷമാനം നല്‍കുന്നു. പൗരോഹിത്യം കുഴിച്ചുമൂടിയ സത്യങ്ങള്‍ പുറത്തുകൊണ്ടുവരികയും ചെയ്യുന്നു. പോരാട്ടത്തിന്റെ വഴികള്‍ തുറക്കുന്നതിനോടൊപ്പം സംഘടനയെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ധാരണകള്‍ തിരുത്താന്‍ മതദര്‍ശനത്തെ പൊതുമണ്ഡലത്തില്‍ ഉദാരമായി അവതരിപ്പിക്കേണ്ടി വരുമെന്ന് പുസ്തകവായനയില്‍ കാണാം. ഇസ്‌ലാമിക് പബ്ലിഷിംങ് ഹൗസ് പുറത്തിറക്കിയ 'ഓര്‍മയുടെ ഓളങ്ങളില്‍' എന്ന ഈ ഗ്രന്ഥത്തിന് 342 പേജുകളാണ് ഉള്ളത്. ആമുഖത്തിനും അവതാരികക്കും ശേഷം 75 അധ്യായങ്ങളിലായി വ്യത്യസ്ത ഓര്‍മകള്‍ പങ്കുവെക്കുന്ന ഗ്രന്ഥത്തിന്റെ അവസാനത്തില്‍ ഗ്രന്ഥകര്‍ത്താവിന്റെ ഇതര ഗ്രന്ഥങ്ങളെക്കുറിച്ചും, വിവര്‍ത്തനം ചെയ്ത കൃതികളെക്കുറിച്ചും, ഇതര ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത അദ്ദേഹത്തിന്റെ മറ്റു ഗ്രന്ഥങ്ങളെക്കുറിച്ച പട്ടികയും നല്‍കിയിട്ടുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top