കാനല്‍ ജലം 05

അഷ്‌റഫ് കാവില്‍ No image

ച്ചകഴിഞ്ഞ ഉടന്‍ തന്നെ മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം വീട്ടിലേക്ക് ഒരു ഓട്ടോപിടിച്ച് ചെന്നു.
പഴയ മട്ടിലുള്ള തറവാടുവീടാണ്. മുന്‍വശം ഈയടുത്തകാലത്ത് ഒന്നു നവീകരിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ടെങ്കിലും പഴമയുടെ ആ സൗന്ദര്യം നശിപ്പിക്കുകയാണ് ഫലത്തില്‍ ചെയ്തിട്ടുള്ളത്.
അന്‍സാറിന് ഒരു അനുജന്‍ കൂടിയുണ്ട്. അവന്‍ ഡിഗ്രിക്ക് പഠിക്കുന്നു. നന്നായി പ്രസംഗിക്കുമെന്നും പല സമ്മാനങ്ങളും വാങ്ങിയിട്ടുണ്ടെന്നും മുമ്പ് മകള്‍ പറഞ്ഞിട്ടുണ്ടായിരുന്നു.
അന്‍സാറിന്റെ ഉപ്പ നേരത്തേ മരിച്ചു. മൂത്ത മകനായത് കാരണം വീട്ടിലെ എല്ലാ ഉത്തരവാദിത്തങ്ങളും അവന്റെ തലയിലാണ്.
അതിനിടയിലാണ് ഇതേപോലുള്ള ചില്ലറ കുടുംബപ്രശ്‌നങ്ങള്‍. മനസ്സിനും ശരീരത്തിനും ഉന്മേഷം നല്‍കുന്നതും ആശ്വാസമേകുന്നതുമായ കുടുംബാന്തരീക്ഷമാണ് ഒരു കണക്കിന് എല്ലാ മനുഷ്യന്റെയും വിജയത്തിന് പിന്നിലെ പ്രധാനഘടകം. മറ്റൊന്ന് ഭക്തിയും. ഈ രണ്ടും വിജയത്തിന് നിദാനമത്രെ.
വീട്ടിലെത്തിയതും ഓട്ടോറിക്ഷക്കാരനെ പറഞ്ഞയച്ചു. ഓട്ടക്കാശിനേക്കാള്‍ അധികമാണ് വെയിറ്റിംഗ് ചാര്‍ജ്. ബെല്ലടിച്ചതും അന്‍സാറിന്റെ ഉമ്മ പുഞ്ചിരിയോടെ പുറത്തേക്ക് വന്നു. തികച്ചും സ്വാഭാവികമായ പെരുമാറ്റം. മക്കളെ കൂട്ടിക്കൊണ്ട് അവര്‍ അകത്തേക്ക് നടക്കുന്നു. ഇളയവന്റെ നെറ്റിയില്‍ മുത്തം കൊടുക്കുന്നു. കുട്ടികള്‍ക്കും അവരോടു നല്ല സ്‌നേഹമുള്ളതുപോലെ തോന്നി.
ചായ കുടിക്കുന്നതിനിടയില്‍ അവര്‍ ചോദിച്ചു:
'ലീവ് കുറെ നാളത്തേക്ക് ണ്ടോ'
'ഒരു ദീര്‍ഘകാല അവധിയിലാണ് പോന്നത്. നല്ല സുഖം പോരാ..'
'ഇന്നിനി പോണ്ട... കുറേ കാലത്തിന് ശേഷം വന്നതല്ലേ.. അന്‍സാറ് വന്നാ സന്തോഷാകും..'
'ഇളയവള്‍ക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട്. അതൊന്ന് പോയി അന്വേഷിക്കണം. പോയിട്ട് വേറേം ചില അത്യാവശ്യങ്ങളുണ്ട്..'
'കല്ല്യാണം ഉടനെണ്ടാവോ..'
'പറ്റിയത് കിട്ട്യാ... നിങ്ങളോടൊക്കെ സമ്മതമറിഞ്ഞിട്ട് നടത്തണംന്ന് തന്ന്യാണ്..'
ആ മറുപടി അവര്‍ക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നു തോന്നുന്നു.
പക്ഷേ, മറ്റൊരു കാര്യം വളരെയേറെ ആശ്ചര്യപ്പെടുത്തി. മകള്‍ പറഞ്ഞ കാര്യത്തെ അവര്‍ പരാമര്‍ശിക്കുന്നതേയില്ല. അങ്ങനെ എന്തെങ്കിലും പ്രശ്‌നം നിലനില്‍ക്കുന്നതായിപോലും തോന്നില്ല അവരുടെ പെരുമാറ്റം കണ്ടാല്‍...
ഒന്നുകില്‍ ഇവര്‍ സമര്‍ഥമായി അഭിനയിക്കുകയാണ്. ഒന്നുമില്ല എന്ന് ഭാവിക്കുകയാണ്. അതല്ലെങ്കില്‍, ഇതെല്ലാം മോള്‍ക്ക് തോന്നുന്നത് തന്നെയാണ്. എന്തെങ്കിലും കോംപ്ലക്‌സ്.
ഇറങ്ങാന്‍ നേരത്ത്, ഒന്നും ചോദിക്കാതിരിക്കാന്‍ തോന്നിയില്ല.
'മോള്‍ക്ക് എന്തോ വിഷമം ഉള്ളതുപോലെ തോന്നി. ചോദിച്ചിട്ട് അവളൊന്നും പറയുന്നില്ല.. ഇനി നിങ്ങള്‍ക്കറിയാവുന്ന എന്തെങ്കിലും പ്രശ്‌നങ്ങള്‍..'
'എന്ത് വെഷമം..?'
'അല്ല, നിങ്ങളുടെ അടുത്താണല്ലോ അവള്‍ എപ്പോഴും ഉണ്ടാകുന്നത്. അങ്ങനെ വല്ല വിഷമങ്ങളും..'
'ഒരു വിഷമവും ന്റെ അറിവില് ഇല്ല. ഇവിടുത്തെ കാര്യങ്ങളെല്ലാം ചെയ്യുന്നതും നോക്കുന്നതും ഓളാണല്ലോ. നിക്ക് വയസ്സായി. പഴയതുപോലെ കണ്ണെത്തുന്നിടത്ത് കാലെത്തുന്നില്ല. ഞങ്ങള് തമ്മില്‍ ഒരു പ്രശ്‌നോം ഇല്ല.
പിന്നെ, എപ്പോഴെങ്കിലും എന്തെങ്കിലും കുറ്റങ്ങള്‍ കണ്ടാല്‍ അത് തിരുത്താന്‍ വേണ്ടി ഒന്നു ഗുണദോശിച്ചൂന്ന് വരും. അതിന് പെണങ്ങ്യാ... പിന്നെ എന്ത് ചെയ്യും?'
ഇത്രയും കേട്ടതോടെ കാര്യം മനസ്സിലായി. ഇവിടെ വാദി പ്രതിയാവുകയാണ്. മകള്‍ക്ക് വേറെ വീടുവെച്ച് ഒറ്റക്ക് പോകാനുള്ള ആഗ്രഹമാണ്. ഭാര്യ അതിനെക്കുറിച്ച് മുമ്പൊരിക്കല്‍ ചെറിയ സൂചന തന്നിരുന്നു. അപ്പോള്‍ അതാണ് പ്രശ്‌നം. സ്വന്തമായി വീട് വെച്ച് മാറിപ്പോവുക. പ്രായമായ അമ്മായിയമ്മയെയും അനുജനെയും തനിച്ചാക്കുക.
എത്ര ലാഘവത്തോടെയാണ് ഇപ്പോഴത്തെ കുട്ടികള്‍ ജീവിതത്തെ നോക്കിക്കാണുന്നത്. സ്വന്തം സുഖത്തിന് മറ്റൊരാളെ പിണക്കാനും, വെറുക്കാനും തയ്യാറാവുകയാണ്. പ്രായവും അവശതകളും ഏറിവന്ന് തങ്ങള്‍ക്കും ഒരു വാര്‍ധക്യം വരാനിരിക്കുന്നു എന്ന ചിന്ത അവരുടെ മനസ്സില്‍ കടന്നു വരാത്തത് എന്തുകൊണ്ടായിരിക്കും... ചിന്ത ഒരു പുകച്ചിലായി മനസ്സില്‍ നിറഞ്ഞ് വിമ്മിട്ടപ്പെടുത്തുകയാണ്.
തിരിച്ചുപോകാനായി ഓട്ടോയില്‍ കയറിയിരുന്നപ്പോള്‍ വല്ലാത്ത ഒരസ്വസ്ഥത അനുഭവപ്പെട്ടു. കൈകാലുകള്‍ കുഴയുന്നതുപോലെ. മനസ്സിലേക്ക് ചൂടുള്ളതെന്തോ ആരോ കോരിയൊഴിച്ചാലെന്നപോലെ ഒരസ്വസ്ഥത.
ഓട്ടോറിക്ഷാ ഡ്രൈവറോട് പതിയെ പറഞ്ഞു: 'അടുത്തുള്ള ഏതെങ്കിലും ആശുപത്രീല് വിട് മോനേ..' പരിശോധന ഒന്നില്‍ നിന്ന് വീണ്ടും തുടങ്ങും എന്ന് ശരിക്കറിയാവുന്നത് കാരണം, ഡോക്ടറോട് മുഖവുരയായി ചില കാര്യങ്ങളൊക്കെ പറഞ്ഞു. 'ഒരാഴ്ചമുമ്പ് എല്ലാ ടെസ്റ്റുകളും നടത്തിയതാണ്. അതിന്റെ വിശദമായ വിവരങ്ങള്‍ അടങ്ങിയ കേസ് ഫയല്‍ വീട്ടിലുണ്ട്.'
ഡോക്ടര്‍ പുഞ്ചിരിയോടെ തലയാട്ടി.
'തല്‍ക്കാലം രണ്ട് തരം ഗുളികകള്‍ തരാം. മെന്റല്‍ ഷോക്കുകൊണ്ട് ഉണ്ടായതാണ്. ജീവിതത്തെക്കുറിച്ച് പോസിറ്റീവായി ചിന്തിക്കുകയേ നിര്‍വാഹമുള്ളൂ... രണ്ട് ദിവസത്തിനകം മെഡിക്കല്‍ റിപ്പോര്‍ട്ടുമായി വരണം.'
അക്കാര്യം സമ്മതിച്ചു.
ഗുളിക കഴിച്ചപ്പോള്‍ ഒരല്‍പം ആശ്വാസം തോന്നി. രണ്ട് ദിവസത്തിനകം, വീണ്ടും ഡോക്ടറുടെ അടുത്തെത്തി. ഡോക്ടര്‍ കുറെ സമയം മുഖത്തുനിന്ന് ദൃഷ്ടി മാറ്റിയതേയില്ല.
'പൂര്‍ണ വിശ്രമമാണ് ഇതില്‍ വിശദീകരിച്ച ചികിത്സ. എന്നുവെച്ചാല്‍ മാനസിക പ്രസന്നത എപ്പോഴും നിലനിര്‍ത്തണം എന്നുതന്നെയാണ്. മാത്രമല്ല, മനഃശാസ്ത്രജ്ഞനുമായിട്ടുള്ള കൗണ്‍സലിംങ്ങ് നിര്‍ബന്ധമാണെന്നും കുറിച്ചിട്ടുണ്ടല്ലോ.'
ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ ഊഹിച്ചത് തന്നെയായിരുന്നു.
പക്ഷേ, എന്തു ചെയ്യും? മകളുടെ കല്യാണം, മകന്റെ പഠനം, മറ്റുള്ളവരുടെ ആവലാതികള്‍, ഇതൊക്കെ ആര് പരിഹരിക്കും.
ഡോക്ടറോട് എല്ലാറ്റിനും 'യെസ്' പറഞ്ഞു. എത്രയും പെട്ടെന്ന് വീട്ടിലെത്താനായിരുന്നു തിടുക്കം. വീട്ടിലെത്തിയതും മൂന്നു നാലുപേര്‍ തന്നെ കാത്തിട്ടെന്ന വണ്ണം ഇരിക്കുന്നുണ്ടായിരുന്നു.
സ്ഥലക്കച്ചവടക്കാരന്‍ മരക്കാര്‍കുട്ടിയെ അടുത്തെത്തിയപ്പോഴാണ് മനസ്സിലായത്.
'റോഡിനടുത്തുതന്നെ ആയതുകൊണ്ടാണ് ഇത്രേം വലിയ ഒരു സംഖ്യ ചോദിക്കുന്നതെന്നറിയാം. ന്നാലും ഒന്നും കുറക്കില്ലാന്ന് പറഞ്ഞാല്‍... ഒരു കച്ചോടാകുമ്പം..'
'കച്ചവടമാണ്.. ഞാന്‍ അത്യാവശ്യക്കാരനുമാണ്. പക്ഷേ, സെന്റിന് മൂന്നരലക്ഷം കുറവായിട്ടാണ് ഇപ്പഴും തോന്നുന്നത്...'
മരക്കാര്‍ വളിച്ച ചിരിയോടെ എഴുന്നേറ്റു. സ്വകാര്യം പറയാനായി അല്‍പം മാറ്റിനിര്‍ത്തി.
ഒക്കെ പതിവു ജാഢകളാണ്. അടുത്തേക്കും അകലത്തേക്കും കൊണ്ടുപോവുക, എന്തെങ്കിലും മുട്ടുന്യായങ്ങള്‍ പറഞ്ഞ് മനസ്സിളക്കാന്‍ ശ്രമിക്കുക..
മരക്കാര്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു. 'മൂന്നുമാസം, ആറുമാസം അവധി പറഞ്ഞ് ഒഴിയുന്ന തരക്കാരല്ല ഇവര്‍. റൊക്കം പണവുമായിട്ടാണ് വന്നിട്ടുള്ളത്.'
'എവിടെയുള്ളവരാ... മുമ്പ് കണ്ട് പരിചയം തോന്നുന്നില്ലല്ലോ.'
'പെരിന്തല്‍മണ്ണക്കടുത്താ... വല്യകുടുംബക്കാരാ... കൂട്ടുകുടുംബം വകയിലുള്ള ഏക്കര്‍ കണക്കിന് സ്വത്ത് വിറ്റവകയില്‍ കോടികള്‍ കയ്യിലുണ്ട്. സ്ഥലക്കച്ചവടം നടത്താനായി ഇറങ്ങീന്ന് മാത്രം..'
'മൂന്നേ പത്താണ് അവര്‍ പറഞ്ഞ വില. ഞാനത് ഒരു ഇരുപതായി ഉയര്‍ത്തിയിട്ടുണ്ട്. നമുക്ക് ഒന്നുകൂടി പറഞ്ഞ് മൂന്നേകാലാക്കാം. അതില്‍ കൂടുതല്‍ അവര് മുന്നോട്ടുണ്ട്ന്ന് തോന്ന്ണില്ല.'
'മൂന്നരലക്ഷം എന്ന സംഖ്യ എനിക്ക് വലുതായി തോന്നുന്നില്ല. വേണമെങ്കില്‍ ഒരു അഞ്ചുറുപ്പിക സെന്റിന്റെ മോളില്‍ കൊറക്കാം. പറ്റില്ലെങ്കില്‍ നമുക്ക് പിരിയാം...'
മൂന്നേ മുപ്പത്തിയഞ്ചിന് കച്ചവടമുറപ്പിച്ചപ്പോള്‍ സമയം ഉച്ചകഴി
ഞ്ഞിരുന്നു. അഡ്വാന്‍സ് ആയി അവര്‍ തന്ന സംഖ്യ മൊത്തം തുകയുടെ പകുതിയിലധികമായിരുന്നു. അന്തംവിട്ടുനിന്നുപോയി.
ശരിക്കും ആലോചിച്ചപ്പോള്‍, അതൊരു നല്ല തീരുമാനം തന്നെയായിരുന്നു. ഇത്രയും വലിയ സംഖ്യക്ക് ആ സ്ഥലം ഏറ്റെടുക്കാന്‍ നാട്ടില്‍ നിന്നും ഒരാള്‍ വരാനുള്ള സാധ്യത കുറവാണ്. മാത്രമല്ല, സ്ഥലക്കച്ചവടം ഇപ്പോള്‍ അത്ര നീങ്ങുന്ന ബിസിനസ്സുമല്ല.
മകളുടെ കല്ല്യാണത്തിന് ഇനി ഒന്നരമാസം മാത്രം.
എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കടയുണ്ടാക്കാനായി വാങ്ങിയ ഏഴരസെന്റ് സ്ഥലം. അതിനേക്കുറിച്ച് ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടിയിരുന്നു. വയ്യാതാകുന്ന കാലത്ത് ഒരു മുറുക്കാന്‍ കടയെങ്കിലും പണികഴിപ്പിച്ച്, മറ്റുള്ളവര്‍ക്ക് ഭാരമാകാതെ ജീവിക്കാനുള്ള കേന്ദ്രമായി കണക്കാക്കിയിരുന്ന സ്ഥലം.
ഇപ്പോള്‍ വഴിമുട്ടിയ അവസ്ഥയില്‍ മറ്റ് പോംവഴികളൊന്നുമില്ല. നാളെ ഉണ്ടാകും എന്ന പ്രതീക്ഷക്കും വകയില്ല. അപ്പോള്‍ അതുതന്നെ ശരി.
സാബിറയോട് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് മക്കളെ കെട്ടിച്ചവരോട് സമ്മതം വാങ്ങണമെന്നാണ്.
ഒരു നാട്ടുമര്യാദ എന്ന നിലക്ക് അവരോട് ചോദിക്കണം പോലും. എത്ര ആലോചിച്ചിട്ടും അതിന്റെ ആവശ്യം മനസ്സിലായില്ല. അധ്വാനിച്ച് മിച്ചംവന്ന പണത്തിന് മുമ്പെപ്പോഴോ വാങ്ങിയ സ്ഥലം. ഒരത്യാവശ്യത്തിന് അത് കൈമാറുന്നതില്‍ മറ്റാരുടെയെങ്കിലും സമ്മതമെന്തിനാണ്?
എങ്കിലും, ഇനി ചോദിച്ചില്ലെന്ന കുറ്റം വേണ്ട. അന്‍സാര്‍ ഇക്കാര്യമറിഞ്ഞതും മറിച്ചൊന്നും പറയാതെ സമ്മതം മൂളി. ''ഇതിന് ഞങ്ങളുടെ സമ്മതമെന്തിനാണുപ്പാ'' എന്ന് ഒഴുക്കന്‍ മട്ടിലുള്ള ചോദ്യവും.
രണ്ടാമത്തെ മകളുടെ ഭര്‍ത്താവ് വിദേശത്താണുള്ളത്. അവനെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ കുറേ സമയത്തേക്ക് മറുപടിയൊന്നുമുണ്ടായില്ല.
അവസാനം അവന്‍ പറഞ്ഞത് ഇങ്ങനെയാണ്. 'ഉപ്പയോട് ചോദിച്ച് സമ്മതം വാങ്ങണം.'
പള്ളിക്കമ്മിറ്റി പ്രസിഡണ്ടും പൊതുകാര്യപ്രസക്തനുമൊക്കെയാണ് അവന്റെ ഉപ്പ.
അദ്ദേഹത്തെ നേരിട്ട് കണ്ട് കാര്യം ഉണര്‍ത്തിക്കാമെന്നു കരുതി രാവിലെ പുറപ്പെട്ടു.
തന്നോട് ഏറ്റവും കൂടുതല്‍ സ്‌നേഹമുള്ളത് രണ്ടാമത്തെ മകള്‍ക്കാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങനെ ചിന്തിച്ചുകൂടാത്തതാണ്. എന്നിട്ടും മനസ്സിന്റെ ബാലിശമായ ചില കണക്കുകൂട്ടലുകള്‍ അങ്ങനെ മനസ്സിലാക്കി വെച്ചിരിക്കുന്നു.
ഉള്ളതില്‍ തൃപ്തിപ്പെടുന്ന അവളുടെ സ്വഭാവമാണ് പ്ലസ്‌പോയിന്റ്. അവളുടെ ഭര്‍ത്താവിന് പെട്ടെന്ന് മനസ്സിലാകില്ലെങ്കിലും ഒരു കാലിന് അല്‍പം നീളക്കുറവുണ്ട്. ചെരുപ്പുകളുടെ അഡ്ജസ്റ്റ്‌മെന്റില്‍ മുടന്ത് ആളുകളറിയാതെ അവന്‍ മറച്ചുവെക്കുന്നുവെന്ന് മാത്രം.
ഈ വിവരം അവളോട് പറഞ്ഞപ്പോള്‍ 'ഉപ്പാക്ക് ബോധിച്ച ആളല്ലേ - നിക്കിത് മതി ഉപ്പാ' എന്ന് പതര്‍ച്ചയില്ലാതെ പറഞ്ഞ് അവള്‍ വിസ്മയിപ്പിച്ചുകളഞ്ഞിട്ടുണ്ട്.
അവളെ വിളിക്കുമ്പോള്‍ മനസ്സിന് ഒരു കുളിരാണ്. എന്തെങ്കിലും ആവലാതികള്‍, ആവശ്യങ്ങള്‍, പരിഭവങ്ങള്‍ ഇതൊന്നും അവള്‍ പറയാറില്ല.
'ഉപ്പാക്ക് വയ്യായ്ക ഒന്നൂ ല്ലല്ലോ സുഖല്ലേ...' എന്നും പറഞ്ഞാണ് നിറുത്തുക. പുറം കൈകൊണ്ട് കണ്ണിരൊപ്പും ആ സ്‌നേഹാന്വേഷണങ്ങള്‍ കേള്‍ക്കുമ്പോള്‍.
റോഡരികിലല്ല, അവളുടെ വീട്. വാഹനമിറങ്ങി അല്‍പദൂരം നടക്കണം. ഒരു പാടം മുറിച്ച് കടക്കണം. നടന്ന് പോവുകയല്ലാതെ മറ്റ് വഴികളില്ല. മഴക്കാലത്ത് കുളയട്ടകള്‍ നിറഞ്ഞിട്ടുണ്ടാകും. പാടം കടക്കുമ്പോഴേക്കും ഒന്നു രണ്ട് അട്ടകള്‍കൂടി നമ്മുടെ കൂടെയുണ്ടാകും.
ഒതുക്കുകള്‍ കയറിച്ചെല്ലുമ്പോള്‍ അവള്‍, ഉമ്മറം കഴുകി വെടിപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു. ഒരു സ്റ്റൂളിന്റെ മുകളില്‍ കയറിനിന്ന് ചുവരിന്റെ മേല്‍ഭാഗത്തുള്ള ഏതോ കറുത്ത പാട് ഉരച്ചു കഴുകുന്നതില്‍ വ്യാപൃതയാണവള്‍...
'മോളേ' എന്ന വിളികേട്ടതും അവളുടെ കണ്ണുകള്‍ ആനന്ദത്താല്‍ വിടരുന്നത് കണ്ടു.
അവള്‍ ചടപടാ ഒതുക്കുകളിറങ്ങി വന്ന് കൈകവര്‍ന്നു. 'ഇപ്പാക്ക് ഇങ്ങട്ടുള്ള വഴിയൊക്കെ അറിയാം... ല്ലേ' അവള്‍ പുഞ്ചിരിയോടെ പരിഭവങ്ങള്‍ നിരത്തി.
മകന് വാങ്ങിയ ചോക്ക്‌ലേറ്റ് അവളുടെ കൈയിലേക്ക് കൊടുത്തു. 'മോനെവിടെ?'
'ഇപ്പം ഉറങ്ങി... ഇത്രം നേരം വാശിപിടിച്ച് കരയായിരുന്നു.'
'എന്തിന്?'
'ചെളി വെള്ളത്തില്‍ ഇറങ്ങിക്കളിക്കാന്‍ സമ്മതിക്കാത്തതിന്.'
'ചെളീലും പൊടീലുമൊക്കെ അവനിത്തിരി കളിച്ചോട്ടെടീ. പ്രായം അതല്ലേ.. ഇരിക്കട്ടെ, പണ്ട് നിന്റെ സ്ഥിതി എങ്ങിന്യായിരുന്നു..'
അവള്‍ നാണത്തോടെ മുഖം താഴ്ത്തി.
അപ്പോഴേക്കും അകത്ത് നിന്നും അവളുടെ അമ്മായിയമ്മയും ജ്യേഷ്ഠന്റെ ഭാര്യയും പുറത്തേക്ക് വന്നു.
'കയറിരിക്കീന്‍..'
അകത്ത്, പാത്രങ്ങളുടെ ഒച്ചയുണര്‍ന്നു. ചായയും, പുഴുങ്ങിയ പിലാത്തിച്ചേമ്പും, നല്ല കാന്താരിച്ചമ്മന്തിയും റെഡി.
പച്ച വെളിച്ചെണ്ണയൊഴിച്ച് പാകമാക്കിയ കാന്താരിച്ചമ്മന്തിയില്‍ ഒരു കഷ്ണം ചേമ്പ് മുക്കി അവള്‍ തന്നെ ഉപ്പയുടെ വായിലേക്ക് വെച്ച് കൊടുത്തു.
'ഉപ്പാക്ക് എറ്റവും പിടിച്ച തീറ്റവസ്തു ഇതാണെന്ന് ഞാന്‍ പറഞ്ഞിട്ട് അവര്‍ക്കൊക്കെ സംശയം..'
'നല്ല കട്യാ... മോള് തന്നത്.. പരിഭവത്തോടെ അമ്മായിയമ്മ പറഞ്ഞു.'
'ഇതിനേക്കാള്‍ നല്ല ഭക്ഷണം ഏതു നാട്ടില്‍ കിട്ടും.'
അല്‍പസമയത്തിനകം മകളുടെ അമ്മായിയപ്പന്‍ വന്നുചേര്‍ന്നു. ഖാദര്‍ ഹാജി.
ഗൗരവപ്രകൃതക്കാരനാണെന്ന് ഒറ്റ നോട്ടത്തില്‍ വിളിച്ചോതുന്ന മുഖം. ഇരുനിറത്തില്‍ ചടച്ചുയര്‍ന്ന ശരീരം. വെളുത്തു നീണ്ട താടിയില്‍ മൈലാഞ്ചി തേച്ച് ചുവപ്പിച്ചിട്ടുണ്ട്. തീക്ഷ്ണമായ കണ്ണുകള്‍.
'എപ്പം വന്നു..'
'കുറച്ചു നേരായി.'
'ങ്ങ് ആ... കല്ല്യാണക്കാര്യൊക്കെ എവിടം വരെയായി.'
'കുറച്ചു പേരോടുകൂടി പറയാനുണ്ട്. സമയം കിട്ടണ്ടേ. ദൂരെയുള്ളവരെ ഫോണ്‍ചെയ്ത് വിവരമറിയിച്ചിട്ടുണ്ട്. അടുത്ത വീട്ടുകാരുടെ വീട്ടില്‍ത്തന്നെ ചെന്ന് പറയണമത്രെ.'
'ആര് പറഞ്ഞതാ ഇതൊക്കെ.. എല്ലാരേം ഫോണില്‍ വിളിച്ച് അറീച്ചാ മതി. സൗകര്യങ്ങള്‍ നല്ലരീതിയില്‍ ഉപയോഗപ്പെടുത്തുന്നതില്‍ എന്താ തെറ്റ്.'
'ന്നാലും... സംബന്ധവീടുകളില്‍ നേരിട്ട് ചെന്നില്ലെങ്കില്‍ അത് മോശമാകില്ലേ...'
അല്‍പനിമിഷങ്ങള്‍ ഇരുവരും മൗനത്തിലായി. ആ തക്കം നോക്കി കാര്യമവതരിപ്പിച്ചു.
'പള്ളിമുക്കിലെ ആ മസാലക്കടയുടെ അരികിലായി ഒരു ഏഴരസെന്റ് ഉണ്ടായിരുന്നു. കല്ല്യാണം നടത്തണമെങ്കില്‍ അത് വിക്കാതെ പറ്റൂല.'
'അതിനെന്താ.. പറ്റിയ വിലകിട്ട്യാ സ്ഥലം കൊടുക്കാലോ. ഇപ്പം അതല്ലേ പണം വാരുന്ന ബിസിനസ്സ്.'
ആ മറുപടി തനിക്കുള്ള പച്ചക്കൊടിയാണെന്ന് കരുതിയാണ് സമാധാനത്തോടെ മടങ്ങിയത്.
പക്ഷേ, മൂന്നാമത്തെ ദിവസം കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യം വന്നു.
ഖാദര്‍ഹാജി പറഞ്ഞ് വിട്ട മൂന്നു നാലുപേര്‍ വീട്ടില്‍ വന്നു.
അവരുടെ ആഗമനോദ്ദേശ്യം അറിഞ്ഞപ്പോഴാണ് ഞെട്ടിത്തരിച്ചുപോയത്.
കൂട്ടുസ്വത്തായി കണക്കാക്കപ്പെടുന്ന മൊതല് വിറ്റാ അതിന്റെ ന്യായമായ ഭാഗം മകള്‍ക്ക് കൊടുക്കണം. എന്ന് വെച്ചാ കിട്ടുന്ന തുകയില്‍ ഒരു പങ്ക് റൊക്കം പണമായി കിട്ടണമെന്നര്‍ഥം.
ഇത് കേട്ടപ്പോള്‍ ശരിക്കും വിയര്‍ത്തുപോയി. 'എറങ്ങീനെടാ...'' എന്ന് അലറാന്‍ തുനിഞ്ഞതാണ്. ജീവിതാനുഭവങ്ങളും ലോകപരിചയവും സംയമനം പാലിക്കാന്‍ നിര്‍ബന്ധിച്ചു.
ഒറ്റവാക്കുകൊണ്ട് തന്റെ മകളെ അനാഥയാക്കുന്നത് ശരിയല്ലല്ലോ.!
(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top