അറിയാം, ഒരുങ്ങാം, വീടുനിര്‍മാണത്തിന്

എഞ്ചി. ജാസിം ആനമങ്ങാടന്‍ No image

നിത്വാഖാത് പ്രശ്‌നം രൂക്ഷമായപ്പോള്‍ മലബാര്‍ മേഖലയില്‍ കണ്ടുവന്നിരുന്ന കാഴ്ചയായിരുന്നു പകുതിപണികഴിപ്പിച്ച വീടുകള്‍ക്കു മേലെ 'വീടുകള്‍ വില്‍പനക്ക്' എന്നുള്ള ബോര്‍ഡുകള്‍. എപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്, ഒരു എഞ്ചിനീയറുടെ കണ്ണിലൂടെ നോക്കിയാല്‍ ഏതാണ്ട് 40 മുതല്‍ 45 ലക്ഷം രൂപ വരെ ചെലവാക്കിയ ഒരു വീടിന് അത് വില്‍ക്കാന്‍ വെച്ചാല്‍ എത്രരൂപ കിട്ടുമെന്ന്. അത് വിറ്റുകഴിഞ്ഞാല്‍ എന്തെങ്കിലും കുറച്ച് പണം കിട്ടുമെങ്കിലും ഒരാളുടെ ആയുസ്സും ആരോഗ്യവും ചെലവഴിച്ച് ഇത്രയും കാലം ഗള്‍ഫില്‍ കിടന്ന് ആധ്വാനിച്ചത് മുഴുവന്‍ വെറുതെ ആവില്ലേയെന്ന്.
വീടുണ്ടാക്കുമ്പോള്‍ നടത്തുന്ന അശാസ്ത്രീയമായ തീരുമാനങ്ങളാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നത്. വീടുണ്ടാക്കുമ്പോള്‍ എടുക്കേണ്ടതിന്റെ അനിവാര്യതെയെപ്പറ്റി എന്റെ എളിയ അനുഭവത്തില്‍നിന്നും ചിലത് ഇവിടെ സൂചിപ്പിക്കട്ടെ.
എന്റെ തുടര്‍പഠനത്തിന്റെ ഭാഗമായി വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (VTT) യില്‍ എത്തിയപ്പോഴാണ് വീടിനെപ്പറ്റിയുള്ള പുതിയ കാഴ്ചപ്പാടുകള്‍ നമ്മള്‍ മലയാളികളികള്‍, വിശിഷ്യാ മലബാര്‍ മേഖലയിലുള്ളവര്‍ അറിഞ്ഞിരിക്കണം എന്ന് മനസ്സിലാക്കിയത്. VTT യില്‍ എന്റെ കൂടെയുള്ള ഡല്‍ഹിക്കാരനായ ഐ.എ.എസ് ഓഫീസറുടെ മകന്‍ അവിടെയുള്ള ആളുകളുടെ സ്വപ്‌നഭവനവും അതിന്റെ പിന്നിലുള്ള യാഥാര്‍ഥ്യങ്ങളും പറഞ്ഞപ്പോഴാണ് വീടിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറിയത്. നമ്മള്‍ ഏതൊരു സൗകര്യവും വസ്തുവും വാങ്ങുമ്പോള്‍ അതിന് ഒരു വില നല്‍കിയിട്ടുണ്ടാകും. ഒരു പരിധിവരെ അത് വിറ്റാല്‍ തിരിച്ചുകിട്ടും എന്ന അവസ്ഥയുണ്ട്. ഒരു കാര്‍ 5 ലക്ഷം രൂപക്ക് വാങ്ങിയാല്‍ രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് അത് വില്‍ക്കുകയാണെങ്കില്‍ അതിന് മൂന്ന് - മൂന്നര ലക്ഷം രൂപ ലഭിക്കുന്ന പതിവുണ്ട്. പക്ഷേ, ഒരു വീടിന്റെ കാര്യത്തില്‍ ഇങ്ങനെ ലഭിക്കുകയില്ല എന്നുള്ളതാണ് സത്യം. 20 ലക്ഷം രൂപ ചെലവഴിച്ച് പാതിവഴിയില്‍ എത്തിനില്‍ക്കുന്ന ഒരു വീട് വിറ്റാല്‍ അതിന് വളരെ കുറഞ്ഞ സംഖ്യമാത്രമേ നമുക്ക് തിരിച്ച് കിട്ടൂ. പലപ്പോഴും കുടുംബ സ്ഥലത്ത് ആയിരിക്കും വീട് വെച്ചിരിക്കുന്നത്. വീടിനുള്ള വഴി ജ്യേഷ്ഠനും അനിയനും ഒന്നിച്ചുള്ളതാവും. അത് വില്‍ക്കുന്ന സമയത്ത് ഈ വഴി ഒരു പ്രശ്‌നമായിത്തീര്‍ന്നേക്കാം.
വീട് വെക്കുമ്പോള്‍ ഇത് മുഴുവനായും പണിയാനുള്ള സാമ്പത്തിക സ്ഥിതി തനിക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ വീട് പണിയാവൂ.
സഹപാഠിയുമായി കൂടുതല്‍ സംസാരിച്ചപ്പോള്‍ മറ്റൊരു കാര്യം കൂടി മനസ്സിലായി. വിദേശ രാജ്യങ്ങളിലെ ആളുകള്‍, അവരുടെ കൈയ്യില്‍ 5 ലക്ഷം രൂപ ഉണ്ടെങ്കില്‍ ആ പണം ഏതെങ്കിലും ബിസിനസ്സില്‍ ഇറക്കി രണ്ടോ മൂന്നോ വര്‍ഷത്തിനുശേഷം അത് എട്ടോ ഒന്‍പതോ ലക്ഷം രൂപ ആയി വര്‍ധിച്ചതിനുശേഷം ആ പണംകൊണ്ടാണ് വീട് നിര്‍മിക്കുന്നത്. മലയാളി ചെയ്യുന്നത് തിരിച്ചാണ്. കൈയ്യില്‍ നാല് ലക്ഷം രൂപ ഉണ്ടെങ്കില്‍ അവന്‍ 40 ലക്ഷം കടം വാങ്ങിക്കൊണ്ട് അരക്കോടിയുടെ വീട് പണിയുന്നു. ജീവിതത്തിലെ 40-ാമത്തെയോ 45-ാമത്തെയോ വയസ്സില്‍ വീട് പണിതാല്‍ പിന്നീട് ആയുസ്സിന്റെ ബാക്കി 25 വര്‍ഷവും ഈ പലിശ അടച്ച് ജീവിക്കാനേ അവന് നിര്‍വാഹമുണ്ടാകൂ.

വീടുണ്ടാക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
1.ബജറ്റ് തയ്യാറാക്കുക.
വീട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ സ്വന്തമായി ഒരു ബജറ്റ് തയ്യാറാക്കുകയാണ് വേണ്ടത്. എത്രരൂപയാണ് ചെലവ് വരിക, പണിതീരാറാകുമ്പോഴേക്കും തന്റെ ശമ്പളത്തില്‍ നിന്നും മാസാമാസം ഇതിലേക്ക് എത്ര ഇറക്കാന്‍ കഴിയും എന്നും തീരുമാനിക്കുക. എത്രവര്‍ഷത്തെ തന്റെ സമ്പാദ്യം ഇതിനുവേണ്ടി ചെലവഴിക്കേണ്ടിവരും, ഇത്രയും ചെലവഴിക്കാന്‍ തനിക്കുണ്ടോ എന്നും തീരുമാനിക്കുകയാണ് വേണ്ടത്. ചെലവ് ഇത്ര എന്ന് പറയാനൊക്കില്ല. കാരണം, ഓരോരുത്തരുടെയും വരവ് ചിലവ് ആവശ്യം വ്യത്യസ്തമായിരിക്കും. അതുകൊണ്ട് അവന്‍ കുടുംബവുമൊത്ത് ചര്‍ച്ച ചെയ്ത് കൃത്യമായ ഒരു ബജറ്റ് ഉണ്ടാക്കുകയാണ് വേണ്ടത്.
2. എത്രവര്‍ഷത്തിനുള്ളില്‍ വീടുപണി പൂര്‍ത്തിയാക്കും
  അമിതമായ വേഗതയില്‍ പണി എടുപ്പിക്കുകയാണെങ്കില്‍ കൂടുതല്‍ പൈസ ചെലവാകുന്നതിനിടയാകുന്നു. ബലക്ഷയത്തിനും സാധ്യതയുണ്ട്. ഇനി കാലതാമസം എടുത്ത് വീടുണ്ടാക്കുകയാണെങ്കില്‍ അത് സാധനങ്ങളുടെ വില വര്‍ധനവും മറ്റും കാരണം ഉദ്ദേശിച്ച ബജറ്റില്‍ ഒതുങ്ങിക്കൊള്ളണമെന്നില്ല. കാലം കൂടുതല്‍ കഴിയും തോറും നമുക്ക് ഓരോ പുതിയ സാധനങ്ങള്‍ വാങ്ങിവെക്കാന്‍ തോന്നുകയും പാഴ്‌ചെലവ് ഉണ്ടാവാന്‍ ഇടയാക്കുകയും ചെയ്‌തേക്കാം. അതിനാല്‍ ഇത്രവര്‍ഷത്തിനുള്ളില്‍ വീട് പണി പൂര്‍ത്തിയാക്കും എന്ന വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് വീടുപണിക്കിറങ്ങേണ്ടത്.
3. ഏത് സ്ഥലത്ത് വീട് വെക്കണം
 കുടുംബപരമായി സ്ഥലമുള്ളവര്‍ക്കും ആദ്യമേ സ്ഥലമുളളവര്‍ക്കും ഇതൊരു വലിയ തലവേദനയാകാറില്ല. എന്നാല്‍, പുതിയ സ്ഥലം കണ്ടെത്തി വീട് വെക്കുന്നവര്‍ക്ക് ഇത് വലിയ പ്രശ്‌നം തന്നെയാണ്. വീടിന്റെ അത്ര സംഖ്യയോ അല്ലെങ്കില്‍ അതിനടുത്ത ഒരു സംഖ്യയോ ഇതിന് മുടക്കേണ്ടിയിരിക്കുന്നു. അതിനാല്‍ സ്ഥലത്തിന് എത്ര ബജറ്റുണ്ട് എന്നുള്ളത് ആദ്യമേ കണ്ടെത്തേണ്ടതാണ്. അതിന് ശേഷമാണ് വീടുണ്ടാക്കാന്‍ എത്ര വേണ്ടിവരുമെന്ന് തീരുമാനിക്കേണ്ടത്.
4 സ്ഥലം എടുക്കുമ്പോള്‍
 നമ്മുടെ ജോലിക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമുള്ള സൗകര്യമനുസരിച്ചാണ് സ്ഥലം എടുക്കേണ്ടത്. അയല്‍വാസികള്‍, കുടുംബക്കാര്‍, വിദ്യാഭ്യാസം, യാത്ര, പ്രാര്‍ഥനാ സൗകര്യം തുടങ്ങിയ ഘടകങ്ങള്‍ കൂടി ഇതില്‍ പരിഗണിക്കാവുന്നതാണ്. ഇവ ചെലവ് വരുത്താന്‍ കാരണമായേക്കാം. വെള്ളവും വെളിച്ചവും ഇല്ലാതെ കുറഞ്ഞ വിലയിലുള്ള സ്ഥലം വാങ്ങിയാല്‍ അതും ബുദ്ധിമുട്ടാകും. അപ്പോള്‍ കൃത്യമായ പ്ലാനോട് കൂടി വ്യക്തമായ സ്ഥലം കണ്ടെത്തുകയാണ് ആദ്യം വേണ്ടത്.
5. മലിനീകരണം
വീട് വെക്കുന്ന സ്ഥലത്ത് ശബ്ദമലിനീകരണമോ പരിസരമലിനീകരണമോ ഉണ്ടാക്കുന്ന സംഗതികളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തുക. വലിയ ശബ്ദമുണ്ടാക്കുന്ന ഫാക്ടറികളില്‍ നിന്നുണ്ടാവുന്ന തുടര്‍ച്ചയായ ശബ്ദം സ്ഥിരമായി നമ്മുടെ സ്വസ്ഥതയെ നശിപ്പിക്കുമെന്നതിനാല്‍ അത്തരം സ്ഥലങ്ങള്‍ ഒഴിവാക്കുക. വീടിന് ഭീഷണിയാകുന്ന വലിയ ക്വാറികള്‍ പോലുള്ള സ്ഥലങ്ങള്‍ ഒഴിവാക്കുന്നത് നന്നാകും. പൊടിശല്യമുള്ള റോഡ് സൈഡിലും മറ്റും വീടുവെക്കാന്‍ താല്‍പര്യമില്ലാത്തവര്‍ അത് പ്രത്യേകം ശ്രദ്ധിക്കുക.
5. പൊളിച്ച് പോകാന്‍ സാധ്യതയുള്ള സ്ഥലമല്ലെന്ന് ഉറപ്പുവരുത്തുക.
 വീട് വെച്ചശേഷം അവിടെ റോഡ്, റെയില്‍, വിമാനത്താവള വികസനം എന്നിവ വന്നുകഴിഞ്ഞാല്‍ നമ്മുടെ കിടപ്പാടം നഷ്ടപ്പെടുമെന്ന യാഥാര്‍ഥ്യം മറക്കാതിരിക്കുക.
6. പ്ലാന്‍
നിര്‍മാണത്തിന് മുമ്പ് കൃത്യമായ പ്ലാന്‍ വിദഗ്ധനായ ഒരു എഞ്ചിനീയറെക്കൊണ്ട് തന്നെ തയ്യാറാക്കുകയും ഈ പ്ലാനിങ്ങിന് ഓരോ ഘട്ടത്തിലും കൃത്യമായി അനുഭവസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുക. കൂടാതെ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ കുട്ടികളെയും വീട്ടിലെ മറ്റംഗങ്ങളെയും അത് കാണിച്ച് അവരുടെ അഭിപ്രായം കൂടി ആരായുക. അവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് മാത്രമേ തീരുമാനങ്ങള്‍ എടുക്കാവൂ. പ്ലാന്‍ വരച്ചതിന് ശേഷം ഒരു കാരണവശാലും അതിന് മാറ്റം വരുത്തരുത്. അപ്പോള്‍ നിര്‍ബന്ധബുദ്ധിയോടെ സമയമെടുത്ത് പഠിച്ച് വിവിധ വീടുകള്‍ കണ്ടശേഷം മാത്രം പ്ലാനിലേക്ക് ഒരുങ്ങുക. പ്ലാന്‍ ചെയ്തതിന് ശേഷം ഒരു ചെറിയ മാറ്റംവരുത്തിയാലും അത് മുഴുവന്‍ പ്ലാനിനേയും ബാധിക്കുമെന്നതിനാല്‍ അത് ബജറ്റ് വര്‍ധനക്കും സൗകര്യം ചുരുക്കുന്നതിനും കാരണമാകും.
7. വീടിന്റെ വലുപ്പം
 എത്ര സ്‌ക്വയര്‍ ഫീറ്റില്‍ ആണ് വീട് വേണ്ടത് എന്ന് ആദ്യമേ തീരുമാനിക്കുക. ഇത് കൂടുതലാകുന്ന പക്ഷം തുടര്‍ന്നുകൊണ്ട് പോകുന്നത് ബുദ്ധിമുട്ടായിരിക്കും. 3000 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വീടുവെക്കുമ്പോള്‍ ആഢംബര നികുതി നല്‍കേണ്ടിവരും എന്നതിനാല്‍ പരമാവധി അതില്‍ താഴെയാക്കാന്‍ ശ്രദ്ധിക്കുക.
8. ഈഗോ
പ്രധാനമായും ശ്രദ്ധിക്കേണ്ടത് വീടെന്നുള്ളത് ഈഗോ പ്രകടിപ്പിക്കുവാനുള്ള സ്ഥലമല്ല. നമുക്ക് സ്വസ്ഥമായി ഇരിക്കാനുള്ള ഒരു ആലയമാണ്. മറ്റുള്ളവര്‍ അത്ര വലിയ വീടുണ്ടാക്കി എന്നുള്ളതുകൊണ്ട് അതിലും വലിയ വീടുണ്ടാക്കണം എന്നല്ല ചിന്തിക്കേണ്ടത്. മറിച്ച്, തന്റെ ആവശ്യം എന്താണോ അതിനനുസരിച്ച് വീടുണ്ടാക്കുകയാണ് ചെയ്യേണ്ടത്. കുറേ മക്കളുള്ളവര്‍ കുറെ ബെഡ്‌റൂമുണ്ടാക്കി എന്ന് കരുതി ഒരാള്‍ മാത്രമുള്ളവന്‍ അങ്ങനെ കുറെ ബെഡ്‌റൂം ഉണ്ടാക്കേണ്ട ആവശ്യമില്ലാ എന്നോര്‍ക്കുക.
9. പോര്‍ച്ച്
നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ഒരു വിരോധാഭാസമാണ് പണമില്ലാതെ കഷ്ടപ്പെട്ട് വീട് പണിയുന്നവര്‍ പോലും കാര്‍പോര്‍ച്ചിനും മറ്റും സ്ഥലം കണ്ടെത്തും എന്നുള്ളത്. വീട് പണിക്ക് തന്നെ കഷ്ടപ്പെടുന്നവര്‍ കാര്‍പോര്‍ച്ചിന് സ്ഥലം കാണുക എന്നത് യഥാര്‍ഥത്തില്‍ വിഡ്ഢിത്തമാണ്. അങ്ങനെ ഒരാഗ്രഹമുണ്ടെങ്കില്‍ കാര്‍ വാങ്ങുന്ന സമയത്ത് കാര്‍ പോര്‍ച്ചിനെപ്പറ്റിയും മറ്റും ചിന്തിക്കുന്നതാകും ബുദ്ധി.
10. പ്രത്യേക ശ്രദ്ധക്ക്
  പലരും ചെയ്യുന്ന മറ്റൊരു പണിയുണ്ട്, വീട് വെക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ രണ്ട് നിലയുടെയും പണി ഒരുമിച്ച് പൂര്‍ത്തിയാക്കും. എന്നാല്‍, വീട്ടില്‍ ഒരുകുട്ടി മാത്രമായിരിക്കും ഉണ്ടാകുക. രണ്ടോ മൂന്നോ മക്കളായിട്ട് അവരുടെ കല്ല്യാണശേഷം മാത്രമായിരിക്കും മുകളിലെ നിലയുടെ ആവശ്യം വരിക. ഈ മുകളിലെ നില പണിയാന്‍ വേണ്ടി മാത്രം വീടുണ്ടാക്കിയ അത്രയും പണം വീണ്ടും ചിലവാക്കേണ്ടിയും വരും. ഇതുകൊണ്ടുള്ള നഷ്ടം വലുതാണ്. ഇതൊരു ഇരുപത് വര്‍ഷത്തേക്ക് ഉപയോഗിക്കുന്നില്ല. ശരാശരി നാല്‍പ്പതോ നാല്‍പ്പത്തഞ്ചോ ലക്ഷം രൂപ 20 വര്‍ഷത്തേക്ക് ഒരു ബിസിനസ്സില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഏതാണ്ട് പത്തോ പതിനഞ്ചോ ലക്ഷം രൂപ സാമ്പത്തിക വളര്‍ച്ച ഉണ്ടാകേണ്ടിടത്താണ് സ്ഥിരനിക്ഷേപമായി യാതൊരു സമ്പത്തിക വളര്‍ച്ചയുമില്ലാത്ത വീടുകള്‍ പണിയുന്നത്. ഇത് ഫലത്തില്‍ വലിയ ബുദ്ധിമുട്ടാണുണ്ടാക്കുക. നേരെ മറിച്ച് ആവശ്യത്തിനനുസരിച്ച് വീടുണ്ടാക്കിയ ശേഷം സാമ്പത്തിക സുസ്ഥിരത വെച്ചശേഷം അവരവരുടെ അന്നത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച് രണ്ടാം മേല്‍ക്കൂര എടുക്കുകയാണെങ്കില്‍ ഇത്രയും സമയത്തേക്കുള്ള അതിന്റെ മെയിന്റനന്‍സ് കുറക്കാന്‍ കഴിയും. പത്തോ ഇരുപതോ വര്‍ഷത്തിനു ശേഷമാണ് രണ്ടാം നില എടുപ്പിക്കുന്നതെങ്കില്‍ അന്നത്തെ ഏറ്റവും പുതിയ ഡിസൈനും മോഡലും അനുസരിച്ച് നമുക്ക് വീടുണ്ടാക്കാന്‍ കഴിയും. അപ്പോള്‍ പഴയ വീട് എന്ന ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സ് മാറ്റാം എന്ന ഗുണവും കൂടി ഇതിലുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top