കഥകൊണ്ട് ബലപ്പെടുത്താവുന്ന ബന്ധങ്ങള്‍

ടി.മുഹമ്മദ് വേളം No image

രോ മനുഷ്യനെയും ജീവിക്കാന്‍ സഹായിക്കുന്ന സമ്പാദ്യങ്ങളാണ് ബന്ധങ്ങള്‍. പണം ഒരു സമ്പാദ്യമാണ്. പലപ്പോഴും അതിനേക്കാള്‍ ഉപകാരപ്പെടുന്ന സമ്പാദ്യമാണ് ബന്ധങ്ങള്‍. പണത്തിന് നല്‍കാന്‍ കഴിയുന്നതിനെക്കാള്‍ സന്തോഷം ബന്ധങ്ങള്‍ക്ക് നല്‍കാന്‍ കഴയും. ഭൗതികമായ നേട്ടങ്ങള്‍ പോലും ചിലപ്പോള്‍ പണത്തേക്കാള്‍ ബന്ധങ്ങള്‍ക്ക് പ്രധാനം ചെയ്യാന്‍ കഴിയും. ബന്ധങ്ങളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ക്കനുസരിച്ചാണ് ഒരാളുടെ സന്തോഷസന്താപങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് എന്നത് തര്‍ക്കമുണ്ടാവാനിടയില്ലാത്ത കാര്യമാണ്. ഒരാളുടെ ആത്മസംഘര്‍ഷങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്ന് ബന്ധങ്ങളിലെ സംഘര്‍ഷമാണ്. സത്യവിശ്വാസിയുടെ ഒരു വലിയ സവിശേഷത അവന്‍/അവള്‍ ബന്ധങ്ങള്‍ ചേര്‍ക്കുന്നവരാണ് എന്നതാണ്. ആരുമായൊക്കെയുള്ള ബന്ധങ്ങള്‍ എന്ന ചോദ്യത്തിന്റെ ഉത്തരം ആരുമായൊക്കെ നിങ്ങള്‍ ബന്ധപ്പെടുന്നുവോ അവരുമായൊക്കെ ഉള്ള ബന്ധങ്ങള്‍ എന്നാണ്.
ആരോടാണ് നിങ്ങള്‍ക്ക് കൂടുതല്‍ ബന്ധം. ജന്മം കൊണ്ടോ കര്‍മം കൊണ്ടോ ആരോടാണോ നിങ്ങള്‍ അടുത്തുനില്‍ക്കുന്നത് അവരോടാണ് നിങ്ങള്‍ക്ക് കൂടുതല്‍ ബന്ധങ്ങളുണ്ടാവേണ്ടത്. മാതാപിതാക്കള്‍, മക്കള്‍, ഇണകള്‍, സഹോദരീ സഹോദരന്മാര്‍, അടുത്ത ബന്ധുക്കള്‍, അയല്‍വാസികള്‍, സഹയാത്രികര്‍, സുഹൃത്തുക്കള്‍ അങ്ങനെ നമുക്കതിനെ പട്ടികപ്പെടുത്താനാവും.
ബന്ധങ്ങള്‍ വളര്‍ത്തുക എന്നത് ഒരു കലയാണ്. മറ്റൊരര്‍ഥത്തില്‍ അത് ഒരു കൃഷിയാണ്. മറ്റൊരാളുടെ മനസ്സില്‍ നമ്മുടെ സ്‌നേഹത്തിന്റെ വിത്തിട്ട് വളര്‍ത്തിയെടുക്കലാണ് അത്. നാം പരിചരിക്കുമ്പോഴാണ് അത് വളരുകയും വികസിക്കുകയും ചെയ്യുന്നത്. ചേര്‍ക്കുന്തോറും അടുക്കുന്നതും ചേര്‍ത്തില്ലെങ്കില്‍ അകലുന്നതുമാണ് ബന്ധങ്ങള്‍. ഒരാളോട് ബന്ധപ്പെടുംതോറും കൂടുതല്‍ ബന്ധപ്പെടാനുള്ള ആവശ്യവും ആഗ്രഹവും നമ്മിലുണ്ടാവുന്നു. ഒരിക്കല്‍ കണ്ടതുകൊണ്ടാണ് വീണ്ടും കാണണമെന്ന് തോന്നുന്നത്. കാണാതിരിക്കുമ്പോള്‍ കാണാനുള്ള ആഗ്രഹം കുറഞ്ഞുവരും. പ്രണയത്തില്‍ വിരഹത്തിന്റെ സ്ഥാനം നിഷേധിക്കുന്നില്ല. പക്ഷെ, വിരഹികളും ഏതോ തരത്തിലുള്ള ആശയവിനിമയം നിലനിര്‍ത്തുന്നുണ്ടാവും. ഒരു വിവരവുമില്ലാതെ തന്നെ താനിഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി എത്രയോ കാലം ജീവിച്ചവരുടെ അപൂര്‍വവും അസാധാരണവുമായ അനുഭവങ്ങളെ നിഷേധിക്കുന്നില്ല. മേല്‍പറഞ്ഞത് ബന്ധങ്ങളെക്കുറിച്ച സാധാരണ തത്വമാണ്. വളരെ അടുത്തവരും പ്രിയപ്പെട്ടവരുമായ ചിലരുടെ അഭാവങ്ങള്‍ നമ്മുടെ മനസ്സില്‍ ഭാവമായി നിലനിന്നുകൊണ്ടേയിരിക്കും. ബന്ധരാഹിത്യം ചിലരില്‍ ഇതുപോലും ഇല്ലാതാക്കും.
ഗള്‍ഫില്‍ പോയിട്ട് തീരെ നാട്ടില്‍വരാതെ അവിടെത്തന്നെ കഴിയുന്നവരുടെ കഥകള്‍ പലരും എഴുതിയിട്ടുണ്ട്. അവരും ആദ്യമൊക്കെ വീടിനെക്കുറിച്ച് ആഗ്രഹങ്ങളും ഉല്‍കണ്ഠകളും ഉള്ളവരായിരിക്കും. നാട്ടില്‍ പോകേണ്ട സമയത്ത് ഏതോ കാരണത്താല്‍ അവര്‍ക്ക് പോകാന്‍ കഴിഞ്ഞില്ല. ആദ്യമൊക്കെ നാട്ടില്‍ നിന്നു വരുന്നവരോട് വീട്ടിലെ വിവരമൊക്കെ താല്‍പര്യപൂര്‍വം തിരക്കും. കാലം കഴിയുംതോറും അതിലെ താല്‍പര്യം കുറഞ്ഞ് കുറഞ്ഞ് വരും. ഓര്‍മകള്‍ക്ക് നിറം മങ്ങും. ഒരിക്കല്‍ അറിയും ഉപ്പ മരിച്ചു. അന്നും പോയില്ലെങ്കില്‍ അന്നുപോകാത്തതിന്റെ കുറ്റബോധം, ആളുകളെ അഭിമുഖീകരിക്കാനുള്ള മടി, വീണ്ടും പോകുന്നതില്‍ നിന്ന് ആളെ തടയും. ബന്ധപ്പെടാതിരിക്കുമ്പോള്‍ ബന്ധങ്ങള്‍ നമ്മില്‍ ഒരു നൊമ്പരമല്ലാതായി മാറും. നാം നമ്മുടെ ലോകത്ത് കാര്യമായ അല്ലലില്ലാതെ ജീവിക്കും. രക്തബന്ധങ്ങള്‍ നിറം മങ്ങിപ്പോയ പഴയ ക്ലാസ് ഗ്രൂപ്പ് ഫോട്ടോ പോലെ ഒന്നുമാത്രമായിമാറും. നമ്മെ വേരുകളിലേക്ക് തിരിച്ചുവിളിക്കാനുള്ള ബന്ധങ്ങളുടെ ശേഷി ദിനംപ്രതി കുറഞ്ഞു കുറഞ്ഞു വരും. സ്വന്തം ഉമ്മ മരിച്ചത് ആരുടെയോ ഉമ്മ മരിച്ച ഭാവത്തോടെ നാം കേള്‍ക്കും. ഓര്‍മകള്‍ എവിടെയോ നിന്ന് നമ്മെ കൊളുത്തി വലിക്കുമെങ്കിലും വളരെ വേഗം നാമതിനെ മറികടക്കും. നാം നമ്മുടെ സാധാരണ ജീവിതത്തില്‍ സാധാരണമായി ജീവിക്കും. മദ്യപിക്കുന്നവരാണെങ്കില്‍ അന്ന് കുറേ അധികം മദ്യപിച്ചെന്നുവരും. പ്രാര്‍ഥിക്കുന്നവര്‍ കുറേ അധികം പ്രാര്‍ഥിച്ചെന്നുവരും. മരണങ്ങള്‍ അവരെ പിടിച്ചുകുലുക്കില്ല. വേരുകളിലേക്ക് മടക്കിക്കൊണ്ടുപോവില്ല. വീട്ടില്‍ ഇന്നലെ വിളിച്ചതുകൊണ്ടാണ് ഇന്നും വിളിക്കണമെന്ന് തോന്നുന്നത്. ഇന്നലെ വിളിച്ചില്ലെങ്കില്‍, ഇന്നും വിളിക്കണമെന്നു തോന്നിയപ്പോള്‍ വിളിക്കാതെ പോയാല്‍ അത്ര ശക്തിയില്‍ നാളെ നിങ്ങള്‍ക്ക് വിളിക്കണമെന്ന് തോന്നില്ല. അതിന്റെ പ്രലോഭനം ദിവസം കഴിയും തോറും കുറഞ്ഞു കുറഞ്ഞാണ് വരിക. പോവുന്നതുകൊണ്ടാണ് വീണ്ടും പോവണമെന്ന് തോന്നുന്നത്. പോവാതിരിക്കാന്‍ തുടങ്ങിയാല്‍ അതിന്റെ ആവര്‍ത്തനങ്ങളാണ് പിന്നീടുണ്ടാവുക. ബന്ധപ്പെടുമ്പോള്‍ അതിന്റെതും.
എങ്ങനെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താം. അതിന് പലവഴികള്‍ ഉണ്ട്. അതില്‍ പ്രസക്തമായി തോന്നിയ ഒരു വഴിയാണ് ഇവിടെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. ഒരു ബന്ധം ശക്തിപ്പെടുന്നത് അദ്ദേഹത്തോടും അദ്ദേഹത്തിന് നമ്മോടും ഒരു കഥ പറയാനുണ്ടാവുമ്പോഴാണ്. വാക്കുകള്‍ക്കതീതമായ വിനിമയശേഷികളെ നിഷേധിക്കാതെ തന്നെയാണ് ഇതുപറയുന്നത്. 'കണ്ണും കണ്ണും കഥകള്‍ കൈമാറും അനുരാഗമേ..' എന്ന പാട്ടുശകലത്തിലും കൈമാറുന്നത് കഥകള്‍ തന്നയാണ്. അനുരാഗമെന്നാല്‍ കഥകളുടെ കൈമാറലാണെന്ന് ഇവിടെ മധുരമനോഹരമായി ഉറപ്പിക്കുന്നു. നാവിനേക്കാള്‍ തീഷ്ണമായി ചിലപ്പോള്‍ കണ്ണുകള്‍ അത് ചെയ്യും. കൈമാറാന്‍ കഥകളില്ലാതെ ഒരു പ്രണയത്തിനും ഒരു ബന്ധത്തിനും നിലനില്‍ക്കാനാവില്ല എന്നു തോന്നുന്നു. കഥയെന്നത് കല്‍പിത കഥയല്ല. പറയാന്‍ ചിലതുണ്ടാവുക എന്നതാണ്. അതിന് തുടര്‍ച്ചകളുണ്ടാവും. ആ തുടര്‍ച്ച തന്നെയാണ് ബന്ധങ്ങളുടെയും തുടര്‍ച്ച. പലര്‍ക്കും ബന്ധങ്ങളുടെ അസംസ്‌കൃത വസ്തുക്കളായ കഥകള്‍ അപവാദങ്ങളും പരദൂഷണങ്ങളുമായിരിക്കും. ബന്ധച്ചരടായ കഥകളുടെ ധാര്‍മിക നിലവാരമനുസരിച്ചുതന്നെയായിരിക്കും ആ ബന്ധത്തിന്റെയും നിലവാരമിരിക്കുക.
സോഷ്യല്‍ മീഡിയയില്‍ ഒരു പുതിയ പോസ്റ്റുമായി വരുന്നയാള്‍ ഒരു പുതിയ കഥ പറയുകയാണ്. അയാള്‍ സൃഷ്ടിച്ചതോ സമ്പാദിച്ചതോ ആയ കഥ. അയാള്‍ സൗഹൃദങ്ങള്‍ സമ്പാദിക്കാനും നിലനിര്‍ത്താനും കോര്‍ക്കുന്ന ഇരയാണത്. എനിക്ക് നിന്നോടും നിനക്ക് എന്നോടും പുതുതായി ഒന്നും പറയാനില്ലെങ്കില്‍ നമ്മള്‍ തമ്മിലുള്ള ബന്ധം തീര്‍ന്നു. ഒന്നും പറയാനില്ലാത്തത് മൃതശരീരങ്ങള്‍ക്കാണ്. ജീവിച്ചിരിക്കുന്നവര്‍ക്കെല്ലാം ഒരുപാട് പറയാനുണ്ടാവും. ആ പറയുന്നതെല്ലാം ഓരോ കഥകളാണ്. ഇന്നലെ പറഞ്ഞ കഥകളുടെ തുടര്‍ച്ചകളാണ്.
കുട്ടികളോടുള്ള ആശയവിനിമയത്തിനും ബന്ധത്തിനും ഏറ്റവും നല്ല വഴി കല്‍പിത കഥകള്‍ തന്നെയാണ്. മലയാളത്തിലെ പ്രമുഖ നിരൂപകന്‍ കുട്ടികൃഷ്ണമാരാര്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായ മഹാഭാരത നിരൂപണഗ്രന്ഥം 'ഭാരതപര്യടനം' സമര്‍പ്പിക്കുന്നത് ഇങ്ങനെയാണ്. 'എനിക്ക് പേര്‍ത്തും പേര്‍ത്തും കഥകള്‍ പറഞ്ഞ് തന്ന് എന്റെ ഭാവനാ ശക്തിയെ വികസിപ്പിച്ച അമ്മക്ക്...' തന്റെ കുട്ടിക്ക് ഒരു കഥയും പറഞ്ഞുകൊടുക്കാത്ത രക്ഷിതാവ് രക്ഷിതാവാണോ എന്നാലോചിക്കണം. ഒരു കുട്ടിയോട് പിന്നീട് അവന്/അവള്‍ക്ക് ഓര്‍ക്കാന്‍ കഴിയുന്ന ഒരാശയ വിനിമയവും നിങ്ങള്‍ നടത്തിയിട്ടില്ല എന്നാണതിന്റെ അര്‍ഥം. കഥ പറഞ്ഞുകൊടുക്കുന്നതിനു പകരം കഥാപുസ്തകം വാങ്ങിക്കൊടുത്താല്‍ മതിയാവില്ല. കഥാപുസ്തകം വാങ്ങി കുട്ടിക്ക് കൊടുക്കുകയല്ല; നമ്മള്‍ വായിക്കുകയാണ് വേണ്ടത്. കുട്ടികള്‍ക്ക് വേണ്ടത് പുസ്തകമല്ല, ജീവനുളളവര്‍ പറയുന്ന ജീവനുളള കഥകളാണ്. അത് കേള്‍ക്കുന്ന കുട്ടി കഥകളുള്ള പുസ്തകത്തിലേക്ക് താനേ എത്തിക്കൊള്ളും. ഒരു കുട്ടിയെ ഗര്‍ഭം ധരിക്കുമ്പോള്‍ തന്നെ ആ കുട്ടിയോട് പറയാനുള്ള കഥകള്‍ നാം ശേഖരിക്കണം. അവന്‍/അവള്‍ കേട്ട കഥകളാണ് അവരുടെ മനസ്സിന്റെ ആഹാരങ്ങള്‍. എനിക്കൊരു കഥ പറഞ്ഞുതാ എന്നു പറയാത്ത ഏതെങ്കിലും കുട്ടികളെ കണ്ടിട്ടുണ്ടോ? കഥക്കു മുന്നില്‍ നിശബ്ദരാവാത്ത വികൃതിയെ കേട്ടിട്ടുണ്ടോ?
നമ്മുടെ മക്കളുമായും നാം ബന്ധപ്പെടുന്ന മറ്റു കുട്ടികളുമായും നല്ല ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കല്‍പിത കഥകള്‍ മാത്രമല്ല നാം പ്രയോജനപ്പെടുത്തേണ്ടത്. അവരുടെ യഥാര്‍ഥ ജീവിതവും കൂടിയാണ്. അവരുടെ കുഞ്ഞു ജീവിതത്തിലെ കഥകളെയും കഥാപാത്രങ്ങളെയും നാം അറിയണം. അവരുടെ അധ്യാപകര്‍ ക്ലാസ്സധ്യാപകര്‍, അടുത്ത കൂട്ടുകാര്‍, സഹപാഠികള്‍ മുതിര്‍ന്നവരുടെ ലോകത്തിന് വളരെ നിസ്സാരമായ, അവര്‍ക്കിടയിലെ കൊച്ചുകൊച്ചു സംഭവങ്ങള്‍ എന്നിവ നാം ചോദിക്കുകയും അറിയുകയും വേണം. അപ്പോള്‍ നമുക്കവരോട് ചോദിക്കാനും നമുക്കവരോട് പറയാനും ഒരുപാട് കഥകള്‍ ഉണ്ടാകും. നോവല്‍ മാത്രമല്ല, യഥാര്‍ഥ ജീവിതവും ഒരു തുടര്‍ക്കഥയാണ്. ഇങ്ങനെ ചോദിക്കാനും പറയാനും ഇല്ലെങ്കില്‍ കുട്ടികളോടുള്ള മുതിര്‍ന്നവരുടെ ആശയവിനിമയങ്ങള്‍ വെറും ഔപചാരികതയോ ശാസനയോ മാത്രമായി ഊഷരമാകും. പ്രവാചകന്‍ മറ്റെല്ലാ നന്മകളിലുമെന്ന പോലെ ഇക്കാര്യത്തിലും മനുഷ്യരാശിക്ക് മാതൃകയാണ്. അബൂത്വല്‍ഹയുടെയും ഉമ്മുസുലൈമിന്റെയും പുത്രന്‍ അബൂ ഉമൈറിന് കുഞ്ഞായിരുന്ന സമയത്ത് ഒരു കിളി ഉണ്ടായിരുന്നു. അനസുബ്‌നു മാലികിന് ഒപ്പം അവരുടെ വീട്ടില്‍ എത്തുന്ന പ്രവാചകന്‍ അവന്റെ കളിയില്‍ പങ്കുചേരും. അവനെ കാണുമ്പോഴെല്ലാം ചിരിച്ചുകൊണ്ട് ചോദിക്കും, ''കിളി എന്തുചെയ്യുന്നു''?  അബൂ ഉമൈര്‍ അതിനെ വേഗം തിരുസന്നിധിയില്‍ എത്തിക്കും. കിളിയെ കളിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ പ്രവാചകനോട് നിരവധി കഥകള്‍ പറയും. പ്രവാചകന്‍ അതെല്ലാം ശ്രദ്ധാപൂര്‍വം കേള്‍ക്കും. 'അതിനെ വേദനിപ്പിക്കരുത്, കരുണ കാണിക്കണം' എന്നുപദേശിക്കും.
മുതിര്‍ന്നവര്‍ക്ക് ജീവിക്കാന്‍ സാങ്കല്‍പിക കഥകള്‍ മാത്രം മാതിയാവില്ല. അവര്‍ കാര്യത്തിന്റെ ലോകത്ത് ജീവിക്കുന്നവരാണ്. വിനിമയം ചെയ്യുമ്പോള്‍ എല്ലാ കാര്യവും ഒരു കഥയാണ്. കാര്യത്തിനും ഭാഷയില്‍ കഥ എന്നുതന്നെയാണല്ലോ പറയുന്നത്. കാര്യഗൗവരമില്ലാത്തവരെ ഒരു കഥയുമില്ലാത്തവര്‍ എന്നാണല്ലോ നാം വിളിക്കുന്നത്. അപ്പോള്‍ ഒരു ദിവസം അല്ലെങ്കില്‍ കണ്ടുമുട്ടുമ്പോള്‍ ഉപ്പയോടും ഉമ്മയോടും പറയാന്‍, മക്കളോട് പറയാന്‍, ഇണയോട് പറയാന്‍ പലതരം കഥകള്‍/ സംഭവങ്ങള്‍, മൂര്‍ത്ത വിചാരങ്ങള്‍ നാം കണ്ടെത്തണം. അത് ഓരോരുത്തരോടും അവതരിപ്പിക്കാനുള്ള മനോഹരശൈലി നാം ആവിഷ്‌ക്കരിക്കണം. ആസൂത്രണം ചെയ്യണം. ഇത് സ്വാഭാവികമായി മാത്രമല്ല, ബോധപൂര്‍വമായിത്തന്നെ നാം ആസൂത്രണം ചെയ്യേണ്ട ഒന്നാണ്. അങ്ങനെ പറയാന്‍ തുടങ്ങുമ്പോള്‍ നാം സംഭവങ്ങള്‍ ശേഖരിക്കും, ഓര്‍ത്തുവെക്കും. അപ്പോള്‍ നമുക്ക് പറയാന്‍ കഥകളുണ്ടാവും.
കണ്ണും കണ്ണും കഥകള്‍ കൈമാറുന്ന അനുരാഗത്തിന്റെ ആദ്യനാളുകളില്‍ ദമ്പതികളില്‍ ഇത് സ്വാഭാവികമായ, ഒരനര്‍ഗള പ്രവാഹമായി സംഭവിക്കും. ജീവിതത്തിന്റെ വസന്തങ്ങള്‍ പൊഴിയുമ്പോള്‍ ഇലപൊഴിയുന്ന കാലത്ത് ഒന്നും പറയാനില്ലാത്തത് പോലെ തോന്നും. അത്രയൊന്നും എത്തുന്നതിനു മുമ്പുതന്നെ ഈ പ്രവണത പ്രകടമാവും. അപ്പോഴും പറയാന്‍ കഥകള്‍ കണ്ടെത്തി ദമ്പതികള്‍ ഇതിനെ മറികടക്കണം. അത് മക്കളെക്കുറിച്ചാവാം. രണ്ടുപേരുടെയും ബന്ധുക്കളെക്കുറിച്ചാവാം. മറ്റൊരാള്‍ കേട്ടാല്‍ നിസ്സാരമായ ഒരു കാര്യമാവാം. പരസ്പരം ഒന്നും പറയാനില്ലാത്തവരുടെ ബന്ധങ്ങള്‍ എത്ര ദരിദ്രമാണ്. ഒരു പോസ്റ്റ് കാര്‍ഡില്‍ എനിക്ക് ഇവിടെ സുഖമാണ്. നിനക്കും അവിടെ സുഖമാണെന്ന് കരുതുന്നു എന്നുമാത്രമെഴുതിയ കത്ത് വായിച്ച പോസ്റ്റ്മാന്‍ പിന്നെ ഇത് കൊണ്ടുപോയ്‌ക്കൊടുക്കുന്ന എനിക്കാണോ അസുഖം എന്നു ചോദിച്ച കഥ പോലെ. സഹോദരിയോട് ഒന്നും പറയാനില്ലാതിരിക്കുമ്പോള്‍ നിന്റെ ഭര്‍ത്താവിന്റെ ഇന്ന ബന്ധുവിനെ ഞാന്‍ ഇന്നലെ കണ്ടിരുന്നു/ അവിടെ ഞാന്‍ പോയിരുന്നു എന്നുപറയുമ്പോള്‍ നിങ്ങള്‍ക്കിടയില്‍ ഒരു ഊഷ്മളത ഉയിരെടുക്കും. ബന്ധങ്ങള്‍ നിര്‍ജീവമാവുന്നു എന്നു തോന്നുമ്പോള്‍ പറയാന്‍ പുതിയ കഥകള്‍ കണ്ടെത്തുക. കഥയോളം മനുഷ്യനെ അതിജീവിക്കാന്‍ സഹായിക്കുന്ന മറ്റൊന്നുമില്ല. നിങ്ങള്‍ ബന്ധം വളര്‍ത്തണമെന്നാഗ്രഹിക്കുന്ന ഓരോരുത്തരോടും പറയാനുള്ള കഥകള്‍ ശേഖരിക്കുക. ബന്ധങ്ങള്‍ക്ക് ഏത് സമ്മാനത്തേക്കാളും വിലപ്പെട്ട പോഷകമാണ് കഥകള്‍. ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്റെ കഥ തീര്‍ന്നു എന്നും കൊലവിളിയായി കഥകഴിക്കുമെന്നും പറയുന്നവരാണ് മലയാളികള്‍. ജീവനോടെ ഇരിക്കെത്തന്നെ കഥ കഴിഞ്ഞുപോകാതിരിക്കാന്‍ നാം കഥകള്‍ കണ്ടെത്തിക്കൊണ്ടേയിരിക്കുക. പ്രിയപ്പെട്ടവരോട് പ്രിയമുണ്ടാകേണ്ടവരോട് പറഞ്ഞുകൊണ്ടിരിക്കുക.
നമ്മള്‍ എപ്പോഴും സംസാരത്തില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ധാരാളം സംസാരിക്കുന്നവരാണ്. സംസാരിക്കാതിരിക്കുക എന്നതിന്റെ പുണ്യത്തോളമെത്തുന്ന സദാചാരബോധമാണത്. ഭക്ഷണ മര്യാദകള്‍ പാലിക്കുക എന്നത് പോലെത്തന്നെ പ്രധാനമാണ് ശരീരത്തിന്റെ പോഷണത്തി
നുവേണ്ടി ഭക്ഷണം കഴിക്കുക എന്നത്. സംസാര മര്യാദകള്‍ പാലിക്കുക എന്നതു പോലെത്തന്നെ പ്രധാനമാണ് ബന്ധങ്ങള്‍ക്ക് കരുത്തേകാനായി സംസാരിക്കുക എന്നതും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top