ഇവിടെ ഇവര്‍ സനാഥരാണ്

വഹീദ ജാസ്മിന്‍ No image

പാല്‍പുഞ്ചിരി തൂകി പൂന്തിങ്കളായി നമ്മുടെയൊക്കെ വീട്ടുമുറ്റത്ത് പരിമളം പരത്തേണ്ട കുഞ്ഞു മക്കള്‍.

പൂമ്പാറ്റകളുടെയും പൂത്തുമ്പികളുടെയും പിന്നാലെ നടന്ന് ആഹ്ലാദത്തോടെ രക്ഷിതാക്കളുടെ കൈ പിടിച്ചു പിച്ചവെച്ചു നടക്കേണ്ട കുട്ടിക്കാലം..... എന്നാല്‍ ജീവിതത്തിന്റെ സുഖവും സൗകര്യങ്ങളും വാരിപ്പിടിക്കുവാനുള്ള യജ്ഞത്തിനിടയില്‍ സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞ് കണ്ണിലെ കരടായി മാറുന്നു. സമ്പത്തും ദുരഭിമാനവും അവരെ പൊതിയുമ്പോള്‍ ലോകം വെട്ടിപ്പിടിക്കാനുള്ള കൊതി മൂത്ത് അത്യാഗ്രഹിയായ മനുഷ്യന്‍ തന്റെ അസ്തിത്വത്തേയും മറന്നു പോകുന്നു. അവരെ തെരുവിലേക്ക് വലിച്ചെറിയുന്നു.

ഇതുപോലൊരു ഘട്ടത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം ജില്ലയിലെ കോഡൂരില്‍ 15 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഫൗണ്ട്‌ലിങ് ഹോം എന്ന സ്ഥാപനത്തിന്റെ പ്രസക്തി. 2000 ത്തില്‍ നിലവില്‍ വന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ(ബാലനീതി നിയമം) കീഴില്‍ തിരവനന്തപുരത്തും മലപ്പുറത്തുമാണ് ചൈല്‍ഡ് വെല്‍ഫെയര്‍ ഹോം സ്ഥാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളില്‍ നടത്തി വരുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമുകള്‍ സ്വകാര്യ ഏജന്‍സികള്‍ നടത്തി വരുന്നതാണ്. മലപ്പുറത്തെ സ്ഥാപനത്തില്‍ 200ലധികം അനാഥക്കുട്ടികള്‍ അഭയം തേടിയിട്ടുണ്ട്. 4 അമ്മമാരുടെ നിസ്വാര്‍ഥമായ പരിചരണം ഏറ്റുകൊണ്ട് വളരുന്ന ഇവിടത്തെ കുരുന്നുകള്‍ക്ക് അമ്മയുടെ മുലപ്പാല്‍ മാത്രമേ ലഭിക്കാതിരിക്കുന്നുള്ളൂ. ജനിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തങ്ങളുടെ കൈകളിലേക്ക് ആ കുരുന്നുകളെ നല്‍കിയിട്ട് കടന്നു പോയ ഹതഭാഗ്യരായ ചില അമ്മമ്മാരെ കുറിച്ചോര്‍ക്കുമ്പോള്‍ ഈ പോറ്റമ്മമാര്‍ ഗദ്ഗദകണ്ഠരാകുന്നു.

സമ്പന്ന വീട്ടിലെ അടുക്കള വേല ചെയ്തു കുടുംബനാഥനാല്‍ ഗര്‍ഭിണികളായവര്‍, ജന്മം നല്‍കിയ പിതാവിന്റെ കുഞ്ഞിനെ വരെ പ്രസവിക്കേണ്ടി വരുന്ന കുട്ടികള്‍, ഉന്നതകലാലയങ്ങളിലേക്കും ദൂരെ ദിക്കുകളിലേക്കും മറ്റും പഠന ആവശ്യത്തിനായി പോയി കെണിയില്‍ കുടുങ്ങുന്ന പെണ്‍കൊടിമാര്‍, താന്‍ പോലും അറിയാതെ മറ്റുള്ളവരാല്‍ പീഡിപ്പിക്കപ്പെട്ട് ചെയ്ത തെറ്റിന്റെ കാഠിന്യം ഉള്‍ക്കൊള്ളാനാവാതെ ഗര്‍ഭം പേറുന്ന മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടികള്‍....... മുന്നോട്ടുള്ള ജീവിതത്തിനിടയില്‍ സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകേണ്ടി വന്ന നിര്‍ഭാഗ്യവതികള്‍........... കൂടുതല്‍ സ്ത്രീകളും ഈ വിഭാഗത്തില്‍ പെടുന്നവരാണെങ്കിലും 20 ശതമാനത്തോളം സ്ത്രീകള്‍ അസാന്‍മാര്‍ഗിക ജീവിതം നയിക്കുന്നവരും സ്വന്തം കുഞ്ഞിനെ വലിച്ചെറിയാന്‍ മടികാണിക്കാത്തവരും ആണെന്നുള്ളതാണ് വസ്തുത. ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത അനുഭവ കഥകളാണ് സ്ഥാപന മേധാവികള്‍ക്ക് പറയാനുള്ളത്.

ഇളം പ്രായത്തിലെ ഒറ്റപ്പെടലുകള്‍ മൂലം വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍. ഇവര്‍ക്ക് പട്ടിണിയും ഒറ്റപ്പെടലും മറികടക്കാന്‍ പുതിയ പ്രതീക്ഷയുടെ തളിര്‍ നാമ്പുകള്‍. വളര്‍ച്ചയുടെ വളരെ പ്രധാനപ്പെട്ടതായ ഈ ഘട്ടത്തില്‍ കുട്ടിക്കാലത്തിന് പ്രതീക്ഷ നല്‍കുന്ന ഒരു തുരുത്താണിത്. ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുന്ന കുരുന്നു സ്വപ്നങ്ങള്‍ക്ക് പുതിയ വര്‍ണങ്ങള്‍ ചാലിച്ചു കൊടുക്കാനും പ്രത്യാശയും പ്രതീക്ഷയും നല്‍കാനും ഈ സ്ഥാപനം മുന്നോട്ടു വരുന്നു. അമ്മത്തൊട്ടിലിലും ആശുപത്രി വരാന്തകളിലും ഉപേക്ഷിക്കപ്പെടുന്ന പിഞ്ചു കുഞ്ഞുങ്ങളെങ്കിലും ഇവര്‍ അനാഥരല്ല... സനാഥരാണ് തങ്ങളുടെ വീടും ഉത്തരവാദിത്വങ്ങളും മറന്നു തന്നെ ഈ മക്കളെ നെഞ്ചോട് ചേര്‍ക്കാന്‍ റാബിയ, നിര്‍മ്മല, ഹഫ്‌സത്, പ്രേമ എന്നിവരടങ്ങുന്ന സംഘം പ്രതിജ്ഞാബദ്ധരാണ്. ഏല്‍പിക്കപ്പെടുന്ന കുരുന്നുകളെ കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കുന്ന കാര്യത്തില്‍ ഇവര്‍ ജാഗരൂകരാണ്. ഒന്നിലേറെ കുട്ടികള്‍ക്ക് ഒരേ സമയം അസുഖം വരുമ്പോഴും മറ്റും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തും ഉറക്കമിളച്ചും പരിചരിക്കുന്ന ഇവരുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്.

പിഞ്ചുകുഞ്ഞുങ്ങള്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു, കുറ്റിക്കാട്ടില്‍ മരിച്ചു കിടക്കുന്നു, പട്ടി കടിച്ചു കൊന്നു എന്നിത്യാദി വാര്‍ത്തകളൊക്കെ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ തുലോം കുറവാണ്. കുട്ടികളെ ദത്തെടുക്കുവാന്‍ വരുന്ന ആളുകളുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകും വരെ ഉപേക്ഷിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്നതാണ് ഇവിടത്തെ പതിവു രീതികള്‍. സ്ഥാപനം സന്ദര്‍ശിക്കുവാനും മനസ്സിലാക്കുവാനും വരുന്ന ആളുകള്‍ക്ക് മുന്നില്‍ ഒരിക്കലും അവിടത്തെ കുഞ്ഞുങ്ങളെ പ്രദര്‍ശിപ്പിക്കാറില്ല. കുഞ്ഞിനെ ദത്തെടുക്കല്‍ പ്രക്രിയ്ക്ക് ഏറെ കടമ്പകള്‍ കടക്കേണ്ടി വരുന്നുണ്ടെങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് ദത്തെടുക്കല്‍ പ്രക്രിയക്ക് കൂടുതല്‍  ദമ്പതികള്‍ എത്തുന്നുണ്ടെന്നുള്ള അറിവ് സ്വാഗാതാര്‍ഹമാണ്. തങ്ങള്‍ക്കിഷ്ടമുള്ള കുട്ടിയെ തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഇവിടെ ലഭിക്കുകയില്ല. മറിച്ച് അപേക്ഷ നല്‍കിയ ദമ്പതികളുടെ കുടുംബ പശ്ചാത്തലവും സ്വഭാവ രീതികളും സാമൂഹിക പരിസ്ഥിതികളും ഒരു വിദഗ്ദ്ധ സമിതി പഠിച്ച് മനസ്സിലാക്കി അവര്‍ക്കിണങ്ങുന്ന ഒരു കുഞ്ഞിനെ സ്ഥാപനം തന്നെ തെരഞ്ഞെടുത്ത് നല്‍കുന്നതുമാണ് പതിവ്. ആ കുഞ്ഞിനെ മാനസികമായി ഉള്‍ക്കൊള്ളാന്‍ ദമ്പതികള്‍ താത്പര്യം കാണിക്കുന്നില്ലെങ്കില്‍ മുന്‍ഗണനാക്രമം അനുസരിച്ച് അടുത്ത ഊഴമെത്തുന്നതുവരെ അവര്‍ കാത്തിരുന്നേ മതിയാവൂ. ദമ്പതികളുടെ പ്രായം കൂടുന്നതിനനുസരിച്ച് പ്രായക്കൂടുതലുള്ള കുട്ടികളെയാണ് നല്‍കുന്നത്. അവര്‍ക്ക് ഈ കുരുന്നുകളെ പോറ്റി വളര്‍ത്തുവാനുള്ള ശാരീരിക മാനസിക ആരോഗ്യം കൂടി പരിഗണിച്ചാണ് കുഞ്ഞുങ്ങളുടെ സംരക്ഷണം ഏല്‍പിക്കുന്നത്.

കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള ക്രൂരതകളും അതിക്രമങ്ങളും വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതുപോലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ആശ്വാസത്തിന് വക നല്‍കുന്നു. ഏറ്റവും അധികം പരിലാളനയും ദയയും സ്‌നേഹവും അര്‍ഹിക്കുന്ന പ്രായത്തിലാണ് അവര്‍ ഏറ്റവും അവഗണനയും ചൂഷണവും ക്രൂരതയും നേരിടുന്നത്. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വിറ്റ് കാശാക്കുന്ന പാതകത്തില്‍ വരെ ഇത് എത്തി നില്‍ക്കുന്നു. ആര്‍ദ്രതക്കു പകരം ക്രൂരത ലഭിക്കുമ്പോള്‍ ഈ ഇളം മനസ്സുകള്‍ മുരടിക്കുന്നു.

ശാസ്ത്ര സാങ്കേതിക വിദ്യയിലും വിദ്യാഭ്യാസത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന നാം മാനുഷിക മൂല്യങ്ങളെ കോര്‍ത്തിണക്കി പ്രതിജ്ഞാ ബദ്ധരാവേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. മാനുഷിക മൂല്യങ്ങള്‍ അപ്രസക്തമാകുന്ന ഈ നൂറ്റാണ്ടില്‍ പരസ്പരം ബന്ധങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വിലയില്ലാതായി. വിദ്യാ സമ്പന്നര്‍ പോലും സമൂഹത്തിന്റെ ജീര്‍ണത കണ്ടിലെന്നു നടിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് അവരുടേതായ അവകാശങ്ങളുണ്ട്. മാന്യമായി ജീവിക്കാനും തൃപ്തികരമായ രീതിയില്‍ പോഷണവും ചികിത്സാ സൗകര്യവും നേടാനുമുള്ള അവകാശം ലൈംഗികവും അല്ലാത്തതുമായ ചൂഷണങ്ങളില്‍ നിന്നുള്ള സംരക്ഷണം ഇതൊക്കെ അവര്‍ക്ക് ലഭിച്ചേ തീരൂ. ഇന്ത്യയിലെ വന്‍

നഗരങ്ങളില്‍ ലക്ഷകണക്കിന് കുട്ടികള്‍ തെരുവിന്റെ സന്തന്തികളായുണ്ട്. നമ്മുടെ ചര്‍ച്ചകളിലോ സ്വപ്നങ്ങളിലോ അവര്‍ക്കൊന്നും ഒരു പങ്കുമില്ല.

കുഞ്ഞുങ്ങളുടെ പുഞ്ചിരി മുതിര്‍ന്നവര്‍ക്ക് ആശ്വാസത്തിന്റെ വസന്തമാണ്. ദൈവിക കാരുണ്യത്തിന്റെ ഏറ്റവും ഉദാത്തമായ ചിഹ്നമാണ് ഈ കുരുന്നു മുഖങ്ങള്‍. ജീവിത പരീക്ഷണങ്ങളുടെ ദുരിതം പേറുന്ന ഇവരുടെ നിഷ്‌കളങ്കതയും നിരപരാധിത്വവുമാണ് ഇങ്ങനെ ഉപേക്ഷിക്കപ്പെടാന്‍ കാരണമെങ്കില്‍ അവര്‍ക്ക് വേണ്ടത് നല്‍കാന്‍ സമൂഹവും പ്രതിജ്ഞാ ബദ്ധമാവേണ്ടതുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top