മനുഷ്യന്‍ മണ്ണിലേക്ക് മടങ്ങേണ്ട കാലം

അമല്‍ No image

പ്രകൃതി മതമാണ് ഇസ്‌ലാം. മനുഷ്യപ്രകൃതിക്കും ഭൂമിക്കും അത് നല്‍കുന്ന പ്രാധാന്യം വളരെ വലുതാണ്. മണ്ണില്‍നിന്നും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍, മണ്ണിലേക്ക് തന്നെ മടക്കപ്പെടും. സൂറ: ത്വാഹ 55-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു. ''മണ്ണില്‍ നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്ക് തന്നെ നിങ്ങളെ നാം തിരിച്ചുകൊണ്ടുപോകും. അതില്‍ നിന്നു തന്നെ നിങ്ങളെ നാം മറ്റൊരിക്കല്‍ പുറത്തുകൊണ്ടുവരികയും ചെയ്യും.''

മണ്ണിനോടും മനുഷ്യനോടും ആദരവ് കാണിക്കാന്‍ ഇസ്‌ലാം അനുശാസിക്കുന്നു. നിങ്ങള്‍ മണ്ണില്‍ അഹങ്കരിച്ച് നടക്കരുത്. എന്ന് പറയുന്നതിലൂടെ ഇത് വ്യക്തമാക്കുന്നു.

വിശാലമായ ഭൂമിയില്‍ വിവിധതരം വൃക്ഷലതാദികളും ജന്തുവര്‍ഗങ്ങളും സൃഷ്ടിച്ചവന്‍ ഏകനായ അല്ലാഹുവാകുന്നു. മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമായ ഭക്ഷണം, വെള്ളം, വായു, വെളിച്ചം, കാറ്റ്, മഴ, നീര്‍ച്ചാലുകള്‍ തുടങ്ങിയ സകല സംവിധാനങ്ങളും ദൈവം ഭൂമിയില്‍ ഒരുക്കിവെച്ചിരിക്കുന്നു. ഒരു ചെറു വിത്തില്‍ നിന്നും പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന വന്‍വൃക്ഷങ്ങളുണ്ടാകുന്നു. ഒരേ വെള്ളത്തില്‍ വളരുന്ന ചെടികളില്‍ വിവിധ രുചികളുള്ള പഴങ്ങള്‍ ഉണ്ടാകുന്നു. ഒരേ സൂര്യപ്രകാശമേല്‍ക്കുന്ന സസ്യങ്ങളില്‍ പലനിറങ്ങളുള്ള പൂക്കളുണ്ടാകുന്നു. ഒരേ മണ്ണില്‍ വളരുന്ന വൃക്ഷങ്ങളില്‍ വ്യത്യസ്തമായ വലുപ്പം ഉണ്ടാകുന്നു. മുളപ്പിക്കുന്നതും, വളര്‍ത്തുന്നതും, നശിപ്പിക്കുന്നതുമെല്ലാം അല്ലാഹുവാണ്. മനുഷ്യന് ദൈവം ചൊരിയുന്ന കാരുണ്യത്തിന്റെ പ്രതിഫലനമാണ് ഭൂമിയില്‍ കാണുന്ന എണ്ണിയാല്‍ത്തീരാത്ത അത്ഭുത സംവിധാനങ്ങള്‍.

ഭൂമിയുടെ സന്തുലനം നിലനിര്‍ത്തുന്നതിനാവശ്യമായതെല്ലാം ദൈവം തമ്പുരാന്‍ ഭൂമിയില്‍ സൃഷ്ടിച്ചുവെച്ചിരിക്കുന്നു. എന്നാല്‍ ഈ സന്തുലനത്തെ തകര്‍ക്കാന്‍ സാധിക്കുന്ന ഏക സൃഷ്ടി മനുഷ്യനാണ്. ഭൂമിയുമായുള്ള അവന്റെ ഇടപെടലുകള്‍ വഴി അത് സാധ്യമാകുന്നു. കൂടിവരുന്ന പ്രകൃതി ദുരന്തങ്ങളും, രോഗങ്ങളും അതിന്റെ തെളിവുകളാണ്. വലിയ വലിയ ഫാക്ടറികളില്‍ നിന്നും പുറന്തള്ളപ്പെടുന്ന മാലിന്യങ്ങള്‍, അധികരിച്ചുവരുന്ന പ്ലാസ്റ്റിക് ഉപയോഗം, വനനശീകരണം, മാരകമായ കീടനാശിനി പ്രയോഗം എന്നിവ നമ്മുടെ മണ്ണിനെയും വായുവിനെയും ജലസ്‌ത്രോതസ്സുകളെയും മലിനമാക്കിയിരിക്കുന്നു. മനുഷ്യന്റെ ആര്‍ത്തിയും മടിയുമാണ് ഇതിന്റെ മൂലകാരണം. ഇങ്ങനെ ഭൂമിയെ നശിപ്പിച്ച് ് വയറ് നിറക്കാനായി ജോലിചെയ്ത് പണം സമ്പാദിക്കുന്ന മനുഷ്യന്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന വിഷം നിറച്ച ഭക്ഷണം കഴിക്കുന്നതില്‍ വിരോധാഭാസമില്ലാതില്ല. ഇരിക്കും കൊമ്പ് വെട്ടുന്നതിനോട് തുല്യമാണിത്. ഭക്ഷണ പദാര്‍ഥങ്ങളിലെ വിഷം വലിച്ചെടുക്കുന്ന കറിവേപ്പിലയാണത്രെ ഇന്ന് ഏറ്റവും കൂടുതല്‍ വിഷം അടങ്ങിയിട്ടുള്ളത്.

മനുഷ്യന്‍ പ്രകൃതിയിലേക്ക് മടങ്ങേണ്ട സമയമാണിത്. മണ്ണിനേയും അതിലൂടെ മനുഷ്യകുലത്തെയും സംരക്ഷിക്കേണ്ട കാലമാണിത്. ബിഗ് ബജറ്റ് ബിസിനസ്സ് സംരംഭങ്ങള്‍ക്കായി പണം ചെലവഴിക്കുന്ന മനുഷ്യന്‍ ദീര്‍ഘവീക്ഷണത്തോടുകൂടി കാര്‍ഷിക പുനരുദ്ധാനത്തിനായി ഇറങ്ങേണ്ടിയിരിക്കുന്നു. വസ്ത്രവും പാര്‍പ്പിടവും ജോലിയും കൊണ്ട് മാത്രം ജീവിക്കുക സാധ്യമല്ലല്ലോ. മനുഷ്യന് ദൈവം നല്‍കിയ ഏറ്റവും വലിയ അനുഗ്രഹം ആരോഗ്യമാണ്. ആരോഗ്യം സംരക്ഷിക്കുന്നതിലെ ഏറ്റവും മുഖ്യഘടകം ഭക്ഷണശീലവും. കാലം പുരോഗമിക്കും തോറും ആരോഗ്യം കുറഞ്ഞുവരുമ്പോള്‍ നാം പുരോഗതിയിലേക്കോ അതോ അേധാഗതിയിലേക്കോ പോകുന്നത് എന്ന് പുനരാലോചിക്കേണ്ടിയിരിക്കുന്നു.

വിശുദ്ധ ഖുര്‍ആനിലെ 26-ാം അധ്യായമായ അശ്ശൂഅറാഇല്‍ വിവിധ പ്രവാചകന്മാരുടെ ചരിത്രങ്ങള്‍ പറയുന്ന കൂട്ടത്തില്‍ അല്ലാഹു ഹൂദ് നബിയുടെ സമൂഹമായ ആദ്‌വര്‍ഗത്തെകുറിച്ചും പറയുന്നു. കാലികള്‍, സന്താനങ്ങള്‍, തോട്ടങ്ങള്‍, ഉറവിടങ്ങള്‍ തുടങ്ങിയ വിവിധങ്ങളായ ദൈവീകാനുഗ്രഹങ്ങള്‍ ലഭിച്ചവരായിരുന്നു അവര്‍. പക്ഷേ സ്വന്തം പ്രതാപത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രകടനമായി മാത്രം യാതൊരു ഉപയോഗവുമില്ലാത്ത ഗംഭീര സൗധങ്ങള്‍ അവര്‍ നിര്‍മ്മിച്ചുകൂട്ടി. അവര്‍ക്ക് അനന്തകാലം വസിക്കണമെന്നപോലെ ഗംഭീരമായ കൊട്ടാരങ്ങളും പണിതു. താഴേക്കിടയിലുള്ളവരെ നിഷ്ഠൂരമായി ദ്രോഹിച്ചു. ഒടുവില്‍ പ്രവാചക സന്ദേശം ധിക്കരിച്ച അവരെ എട്ടു പകലും ഏഴുരാവും നീണ്ട സര്‍വ്വനാശകമായ ഒരു കൊടുങ്കാറ്റ് പിടികൂടുകയും ഫലസംപുഷ്ടമായ ആ നാട് ഒരു മണലാരണ്യമായി മാറുകയും ചെയ്തു.

അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ വിസ്മരിച്ച് മണ്ണിനെയും ഭൂമിയെയും ദ്രോഹിക്കുന്ന രീതിയിലുള്ള വികസനങ്ങള്‍ നമ്മുടെ ചുറ്റുപാടും നടപ്പാക്കുന്ന ആധുനിക സാഹചര്യത്തില്‍ അംബര ചുംബികളായ വീടുകളും കെട്ടിടങ്ങളും നാട്ടില്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ ആദ് വര്‍ഗത്തിന്റെ ചരിത്രം നാം പുനര്‍വായിക്കേണ്ടിയിരിക്കുന്നു. മണ്ണിലേക്കും പ്രകൃതിയിലേക്കും മടങ്ങിയില്ലെങ്കില്‍ വിനാശകരമായ ഒരു ദുരന്തം നമുക്ക് വൈകാതെ പ്രതീക്ഷിക്കാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top