ബദര്‍ പാടിയ കവിത

റസാഖ് പള്ളിക്കര No image

ത്തറിലെ വിശാലമായ അല്‍ഖോര്‍ മരുഭൂമിയിലായിരുന്ന ബദര്‍ എന്ന ബദറുദ്ദീന് ജോലി തരപ്പെട്ടിരുന്നത്. ആവശ്യത്തിന് വെള്ളവും വെളിച്ചവുമില്ലാതെ നേരാംവണ്ണം ഭക്ഷണം പോലും ലഭ്യമാകാതെ അവന്‍ അവിടെയങ്ങനെ ജീവിച്ചു പോന്നു. ആകെ അവനവിടെ കൂട്ടിനുണ്ടായിരുന്നത് ഒരു പറ്റം ആടുകള്‍. അവയെ തീറ്റിച്ചും കറന്നും ഇടക്കിടെ സൂപ്പാക്കിയും ആ ജീവിതത്തോട് അവന്‍ പൊരുത്തപ്പെട്ട് കഴിഞ്ഞിരുന്നു.

ചുമരുകള്‍ക്ക് കുമ്മായം പോലും തേക്കാത്ത ആ ഒറ്റ മുറിയില്‍ ആകെയുണ്ടായിരുന്ന ആഡംബരം പഴക്കം ചെന്നൊരു റേഡിയോ മാത്രമായിരുന്നു. അത് ഓണ്‍ ചെയ്യുമ്പോള്‍ മലയാളമൊഴിച്ചുളള സകല കൊച്ചുവര്‍ത്തമാനങ്ങളും പാട്ടുകളും സദാസമയവും ആര്‍ക്കോ വേണ്ടി നിലക്കാതെ പ്രവൃത്തിക്കുകയും ചെയ്തിരുന്നു.

സഹികെടുമ്പോള്‍ ബദര്‍ ആടുകളോട് ചോദിക്കും ''നെനക്ക് വല്ലതും പിടികിട്ട്യോ'' അപ്പോള്‍ ആടുകള്‍ കൂട്ടത്തോടെ -

ബേ.. എന്ന് ശബ്ദമുണ്ടാക്കി അവന്റെയരികില്‍ വെറുതെയങ്ങനെ

തൊട്ടുരുമ്മി നില്‍ക്കുകയും ചെയ്യുമായിരുന്നു.

എന്നും നന്നെ രാവിലെ അവന്‍ ആട്ടിന്‍പറ്റത്തോടൊപ്പം മരുഭൂമിയിലേക്കിറങ്ങും. അവിടവിടെ മുളച്ചുപൊന്തുന്ന ഒരു തരം മുള്‍ച്ചെടികളും പുല്‍പ്പടര്‍പ്പുകയും ഞൊട്ടി നുണഞ്ഞ് അവ വയറ് നിറക്കുമ്പോള്‍ ബദര്‍ കയ്യില്‍ കരുതിവെക്കുന്ന പത്രമാസികകള്‍ നിവര്‍ത്തും. പിന്നെ നേരം ഇരുട്ടുന്നതുവരെ വായനയാണ്. അപ്പോഴേക്കും പല പത്രറിപ്പോര്‍ട്ടുകളും വാര്‍ത്തകളും അവന് മനപാഠമാവുകയും ചെയ്തിരുന്നു.

ആഴ്ചയില്‍ ഒരിക്കലാണ് ബദര്‍ ദോഹപട്ടണത്തിലേക്ക് പോവുക. അന്ന് സുഹൃത്തുകളില്‍ നിന്നും ശേഖരിക്കുന്ന മാസങ്ങള്‍ പഴക്കമുള്ള പത്രങ്ങളും മാസികകളും ശേഖരിച്ചാണ് തിരിച്ചുവരാറ്. മരുഭൂമി അവന് നല്‍കിയ വരദാനമായിരുന്നു വായന. അതിലൂടെയാണ് അവന്‍ ആ ജീവിതത്തെ തന്നെ അതിജീവിച്ചിരുന്നത്.

ഒരു വരവിന് അവന് കൈയില്‍ കിട്ടിയത് കടമ്മനിട്ടക്കവിതാ സമാഹാരമായിരുന്നു. അദ്ദേഹത്തിന്റെ ആലാപനം എപ്പോഴോ ഒരിക്കല്‍ കാസറ്റിലൂടെ അവന്‍ കേള്‍ക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ആ ശബ്ദവും താളവും അവനെ വല്ലാതെ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഒട്ടകങ്ങള്‍ മേയുന്ന മരുഭൂമിയെ വന്‍ സദസ്സായി സങ്കല്‍പ്പിച്ച് അവന്‍ പാടാന്‍ തുടങ്ങി. കടമ്മനിട്ടയുടെ അതെ ശബ്ദത്തില്‍ താളത്തില്‍;

''നെഞ്ചെത്തൊരു പന്തം കുത്തി

നില്‍പ്പൂ കാട്ടാളന്‍

അലകടലില്‍ വേര് പറിക്കാന്‍

കുതറി കാട്ടാളന്‍' ബദര്‍ പാടി തകര്‍ക്കുകയാണ്.

അപ്പോഴാണ് അവനും ആടുകള്‍ക്കുമുള്ള ഒരാഴ്ചത്തേക്കുള്ള ഭക്ഷണവുമായി അറബി അവിടേക്ക് വന്നത്. പരിസരബോധം മറന്നുകൊണ്ടുളള അവന്റെ ആ അട്ടഹാസവും ഭാവവും കണ്ടപ്പോള്‍

അറബി ശരിക്കും അമ്പരന്നു പോയി. എത്ര വിളിച്ചിട്ടും അവന്‍ വിളികേള്‍ക്കുന്നില്ല.

''ഇവനെന്തുപറ്റി, ഹിന്തിക്ക് വട്ടായോ?''

അറബി അങ്ങനെയും ചിന്തിക്കാതിരുന്നില്ല. കൂടുതല്‍ സമയം അവിടെ നില്‍ക്കാതെ ഉടനെ അറബി തിരിച്ചുപോയി. ഒരു ആംബുലന്‍സുമായിട്ട് വന്നു. ഒച്ചയും ബഹളവും കേട്ട് ബദര്‍ പരിസരബോധം വീണ്ടെടുത്തെങ്കിലും അറബിയും കൂട്ടരും അവനെ വിടാനുള്ള ഭാവത്തിലല്ലായിരുന്നു.

ആംബുലന്‍സില്‍ നിന്നും രണ്ട് ഫിലിപ്പീനികള്‍ സ്‌ട്രെച്ചറുമായി ഇറങ്ങി വന്നു. അവന്‍ കുതറി മാറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അറിയാവുന്ന ഭാഷകളിലെല്ലാം അവന്‍ പറഞ്ഞെങ്കിലും, അതാരും ശ്രദ്ധിക്കുക പോലും ചെയ്തിരുന്നില്ല.

അപ്പോഴേക്കും അവര്‍ അവനെ ബലമായി സ്‌ട്രെച്ചറില്‍ കിടത്തി കൈകാലുകള്‍ ബെല്‍റ്റിട്ട് ബന്ധിച്ചിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് സൈറണ്‍ മുഴങ്ങി ഭ്രാന്താശുപത്രി ലക്ഷ്യമാക്കി പറന്നു. തനിക്ക് ഭ്രാന്തില്ലെന്ന് അവന്‍ കേണ് പറഞ്ഞുനോക്കിയെങ്കിലും അതൊന്നും അപ്പോള്‍ അവിടെ വിലപ്പോയില്ല.

''ഉസ്‌ക്രൂത്ത്'' അതായിരുന്നു അറബിയുടെ അന്ത്യശാസനം.

'ന്റെ മക്കളെ എന്നെ വിടൂ, എനിക്ക് ഭ്രാന്തില്ല''

എല്ലാ ഭ്രാന്തന്മാരും ഇങ്ങനെയെ പറയൂ എന്നായി അറബി. ഒടുവില്‍ ആംബുലന്‍സ് ഭ്രാന്താശുപത്രിയിലെത്തി. കറുത്തിരുണ്ട രണ്ട് സോമാലി അറ്റന്റര്‍മാര്‍ അവനെ എതിരേല്‍ക്കാന്‍ കാത്തിരുന്നു. ഇങ്ങനെ എത്ര വട്ടന്മാരെ കണ്ടതാണ് എന്ന മട്ടില്‍ അവര്‍ അവനെ പൊക്കിയെടുത്ത് ഡോക്ടറുടെ മുറിയിലെത്തിച്ചു. അപ്പോഴെക്കും അവന്‍ തളര്‍ന്നിരുന്നു. ഒച്ചയൊക്കെ അടഞ്ഞ് ആകെ പരവശനായിരുന്നു. ഡോക്ടറോട് കാര്യമൊക്കെ പറഞ്ഞ് തടിയൂരാമെന്നവന്‍ നിനച്ചെങ്കിലും അതിനും സാധിക്കാതായി. മിസ്‌രി ഡോക്ടര്‍ അവനോട് കൂടുതലൊന്നും ചോദിക്കാതെ നാഡിമിടിപ്പ് മാത്രം പരിശോധിച്ച് നേഴ്‌സിനോട് പറയുന്നത് മാത്രം അവന്‍ ശ്രദ്ധിച്ചു.

'''ഷോക്ക് മൂന്നെണ്ണമെങ്കിലും വേണ്ടി വരും'' ഇതുകൂടി കേട്ടപ്പോള്‍ അവന് ശരിക്കും ഭ്രാന്തനായതു പോലെ തോന്നി. ഇനി എന്താണ് വഴി? അവനറിയാതെ അവന്റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി. അവന്‍ കരളുരുകി പ്രാര്‍ഥിക്കാനും തുടങ്ങി. നിമിഷങ്ങള്‍ കഴിഞ്ഞില്ല.

പിന്നീട് അവിടേക്ക് വന്നത് മലയാളിയായ ഒരു നേഴ്‌സായിരുന്നു.

അവരെ കണ്ടപ്പോള്‍ അവന് ജീവന്‍ തിരിച്ചു കിട്ടിയത് പോലെ തോന്നി. അവരോട് അവനെല്ലാം കരഞ്ഞു പറഞ്ഞു. എല്ലാം മനസ്സിലാക്കിയ നഴ്‌സ് ഒടുവില്‍ നടന്ന സംഭവമെല്ലാം അറബിയെ ബോധ്യപ്പെടുത്തി.

എല്ലാം കട്ട ശേഷം അറബിയുടെ മനസ്സലിഞ്ഞു. ആട് ജീവിതത്തില്‍ നിന്നും അതോടെ അവന് മോചനവും ഉറപ്പായി. ഇപ്പോള്‍ ബദറിനെ വിളിച്ചാല്‍ അവന്റെ റിംങ് ടോണ്‍ ഉടന്‍ പറയും, ''കാട്ടാളന്‍ ഞാന്‍ കാട്ടുകിഴങ്ങിന്‍ മൂട്ടില്‍ മുളച്ചു മുതിര്‍ന്നോന്‍...'

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top