വിശ്വാസത്തിന്റെ മാധുര്യം

ശമീര്‍ബാബു കൊടുവള്ളി No image

ജീവിതത്തിന്റെ സുദൃഢമായ അവസ്ഥയാണ് വിശ്വാസം. വിശ്വാസത്തിന് ഈമാനെന്ന് അറബിഭാഷയില്‍ പറയുന്നു. ഈമാനെന്നാല്‍ സത്യപ്പെടുത്തല്‍ (തസ്വ്ദീഖ്). സ്വത്വം കൊണ്ടും സംസാരം കൊണ്ടും കര്‍മം കൊണ്ടും ദൈവത്തെയും ദൂതനെയും സത്യപ്പെടുത്തുകയും ഇരുവര്‍ക്കും വേണ്ടി സാക്ഷിയാവുകയും ചെയ്യുന്ന പ്രക്രിയയാണ് വിശ്വാസം. വിശ്വാസം രൂഢമൂലമാവുമ്പോള്‍ സ്വത്വം അനുഭൂതിദായകമായ പ്രശാന്തത അനുഭവിക്കുന്നു. ചുരുക്കത്തില്‍, വിശ്വാസമെന്നാല്‍ ഒരേസമയം സത്യപ്പെടുത്തലും സാക്ഷിയാവലും സമാധാനം പ്രാപിക്കലുമാണ്.  
വിശ്വാസങ്ങളില്‍ ഒന്നാമത്തേത് ദൈവത്തിലുള്ള വിശ്വാസമാണ്. അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹേ ഇല്ല എന്ന ആദര്‍ശത്തിലുള്ള ബോധ്യവും ബോധവുമാണത്. ദൈവം, അവന്റെ സത്ത, അസ്തിത്വം, സവിശേഷതകള്‍ എന്നിവയെല്ലാം ദൈവവിശ്വാസത്തിന്റെ ഭാഗമായി വരും. പ്രവാചകന്മാരിലുള്ള വിശ്വാസമാണ് രണ്ടാമത്തേത്. മാനവതയുടെ സന്മാര്‍ഗത്തിന് ദൈവം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ദൂതന്മാരാണ് ആദം, നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ, മുഹമ്മദ്(സ) എന്നിവര്‍. അവസാന ദൂതനായ മുഹമ്മദ് നബിയില്‍ സവിശേഷമായ വിശ്വാസം വേണം. വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസമാണ് മൂന്നാമതായി വരുന്നത്. ദൂതന്മാര്‍ക്ക് ദൈവം വേദഗ്രന്ഥങ്ങളും അവതരിപ്പിച്ചുകൊടുത്തിട്ടുണ്ട്. ഇബ്‌റാഹീമീ ഏടുകള്‍, സബൂര്‍, തൗറാത്ത്, ഇഞ്ചീല്‍, ഖുര്‍ആന്‍ എന്നീ വേദഗ്രന്ഥങ്ങള്‍. വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ് ആദിമ തനിമയില്‍ ഇപ്പോഴും നിലകൊള്ളുന്ന ഏക വേദഗ്രന്ഥം. മാലാഖമാരിലുള്ള വിശ്വാസമാണ് നാലാമത്തേത്. ദൈവം ഏല്‍പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ ചുമതലപ്പെട്ടവരാണ് മാലാഖമാര്‍. വെളിപാടു വാഹകനായ ജിബ്‌രീലാണ് മാലാഖമാരില്‍ പ്രധാനപ്പെട്ട മാലാഖ. പരലോകത്തിലുള്ള വിശ്വാസമാണ് അഞ്ചാമത്തേത്. ഒരു ദിനം ദൈവം മുഴുവന്‍ മനുഷ്യരെയും ഒരുമിച്ചുകൂട്ടുമെന്നും കര്‍മങ്ങളെ ആസ്പദമാക്കി സദ്‌വൃത്തര്‍ക്ക് സ്വര്‍ഗവും ദുര്‍വൃത്തര്‍ക്ക് നരകവും നല്‍കുമെന്നുമുള്ള വിശ്വാസമാണത്. ആറാമത്തെ വിശ്വാസം വിധിവിശ്വാസമാണ്. ദൈവത്തിന്റെ ഹിതപ്രകാരമാണ് പ്രപഞ്ചത്തില്‍ എന്തും സംഭവിക്കുന്നതെന്ന വിശ്വാസമാണ് വിധിവിശ്വാസം. ഖബ്ര്‍ജീവിതത്തിലുള്ള വിശ്വാസമാണ് ഏഴാമത്തെ വിശ്വാസം. മരണത്തിനുശേഷം പരലോകത്തിനുമുമ്പായി ഓരോ മനുഷ്യനും അനുഭവിക്കുന്ന ആത്മീയഘട്ടമാണ് ഖബ്ര്‍ജീവിതം.  
വിശ്വാസകാര്യങ്ങള്‍ എന്തൊക്കെയെന്ന് വിശുദ്ധ വേദവും തിരുചര്യയും സ്പഷ്ടമായി പഠിപ്പിച്ചുതന്നിട്ടുണ്ട്. വിശുദ്ധ വേദം പറയുന്നു: ''വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവത്തിലും അവന്റെ ദൂതനിലും ദൂതന് അവതീര്‍ണമായ വേദത്തിലും അതിനുമുമ്പ് ദൈവമവതരിപ്പിച്ച വേദങ്ങളിലും വിശ്വസിക്കുക. ദൈവത്തിലും അവന്റെ മാലാഖമാരിലും വേദങ്ങളിലും ദൂതന്മാരിലും പരലോകത്തിലും വിശ്വസിക്കാത്തവര്‍ ഉറപ്പായും ദുര്‍മാര്‍ഗത്തില്‍ ഏറെ ദൂരം പിന്നിട്ടിരിക്കുന്നു''(അന്നിസാഅ്: 136). ജിബ്‌രീല്‍ മാലാഖ വിശ്വാസത്തെ പ്രവാചകന് നിര്‍വചിച്ചുകൊടുക്കുന്നത് ഇപ്രകാരമാണ്: ''വിശ്വാസമെന്നാല്‍ ദൈവത്തിലും അവന്റെ മാലാഖമാരിലും വേദങ്ങളിലും ദൂതന്മാരിലും അവനെ അഭിമുഖീകരിക്കുന്നതിലും പുനരുത്ഥാനത്തിലും വിശ്വസിക്കലാകുന്നു'' (മുസ്‌ലിം). ചില പ്രവാചകവചനങ്ങള്‍ വിധിവിശ്വാസത്തെയും ഖബ്ര്‍വിശ്വാസത്തെയും വിശ്വാസകാര്യങ്ങളായി എണ്ണിയിട്ടുണ്ട്.  
മുസ്‌ലിമിന്റെ വിശ്വാസം ആരംഭിക്കുന്നത് വിജ്ഞാനത്തില്‍നിന്നാണ്. വിജ്ഞാനം വര്‍ധിക്കുംതോറും വിശ്വാസവും വര്‍ധിക്കുന്നു. വിജ്ഞാനം വര്‍ധിക്കുമ്പോള്‍ വിശ്വാസവും വര്‍ധിക്കുന്നു. പിന്നെപ്പിന്നെ വിശ്വാസം വിജ്ഞാനത്തിനും വിജ്ഞാനം വിശ്വാസത്തിനും വളക്കൂറാവുന്നു. അവസാനം വിശ്വാസം അഥവാ വിജ്ഞാനം ദൃഢബോധ്യമാ(യഖീന്‍)യിത്തീരുന്നു. ദൃഢബോധ്യത്തിന് മൂന്ന് അവസ്ഥകളുണ്ട്. ഒന്ന്, വൈജ്ഞാനികമായ ദൃഢബോധ്യം (ഇല്‍മുല്‍യഖീന്‍). യുക്തിപരമായ നിഗമനത്തിലൂടെ വിശ്വാസമുറക്കുന്ന അവസ്ഥയാണിത്. രണ്ട്, ദര്‍ശനപരമായ ദൃഢബോധ്യം (ഐനുല്‍ യഖീന്‍). വിശ്വാസമുറച്ചാല്‍ ഉള്‍ക്കാഴ്ചകൊണ്ട് ദൈവത്തെ അനുഭവിക്കുന്ന അവസ്ഥയാണിത്. യാഥാര്‍ഥ്യാധിഷ്ഠിത ദൃഢബോധ്യം (ഹഖുല്‍ യഖീന്‍). ദൈവവും ദൈവം പഠിപ്പിച്ച മറ്റു കാര്യങ്ങളും സത്യവും യഥാര്‍ഥവുമാണെന്ന് രൂഢമൂലമാകുന്ന അവസ്ഥയാണിത്. 
വിശ്വാസം ഒരുതരം മാധുര്യവും അനുഭൂതിയുമാണ്. വിശ്വാസത്തിന്റെ മാധുര്യം അനുഭവിക്കുന്നത് മൂന്ന് തത്ത്വങ്ങളില്‍ സ്വത്വം സംതൃപ്തി കണ്ടെത്തുമ്പോഴാണ്. ദൈവം, ദൂതന്‍, ഇസ്‌ലാം എന്നിവയിലാണ് സംതൃപ്തി കണ്ടെത്തേണ്ടത്. ദൈവത്തെ നാഥനായും പ്രവാചകനെ ദൂതനായും ഇസ്‌ലാമിനെ സന്മാര്‍ഗമായും തൃപ്തിപ്പെട്ട് ജീവിതത്തെ പാകപ്പെടുത്തിയെടുക്കണം മുസ്‌ലിം.   
വിശ്വാസം സ്വത്വത്തിന് വേണ്ടുവോളം പ്രശാന്തത പകര്‍ന്നുനല്‍കുന്നു. നിര്‍ഭയത്വത്തിന്റെ മുഴുവന്‍ ജനാലകള്‍ തുറന്നിടുകയും ഭയത്തിന്റെ മുഴുവന്‍ വാതിലുകള്‍ കൊട്ടിയടക്കുകയും ചെയ്യുന്നു. ''വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തെ വികല ധാരണകളാല്‍ മലിനമാക്കാതിരിക്കുകയും ചെയ്തവര്‍ക്ക് നിര്‍ഭയത്വമുണ്ട്. അവരാണ് നേര്‍വഴി പ്രാപിച്ചവരും''(അല്‍അന്‍ആം: 82). മനുഷ്യന്‍ രണ്ടുതരത്തിലുള്ള ഭയം അനുഭവിക്കുന്നുണ്ട്. ഒന്ന്, ഉള്‍ഭയം. മനുഷ്യജീവിതത്തിന്റെ പ്രഹേളിക കെട്ടഴിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ഉള്‍ഭയം അനുഭവിക്കുന്നത്. ഞാന്‍ എവിടെനിന്ന് വന്നു, എന്റെ യാഥാര്‍ഥ്യമെന്താണ്, ഭൂമിയിലെ ധര്‍മമെന്താണ്, മരണാനന്തരം എവിടേക്ക് പോകണം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാതിരിക്കുമ്പോഴാണ് ജീവിതം പ്രഹേളികയാവുന്നത്. രണ്ട്, പുറംഭയം. ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ആത്മസംഘര്‍ഷങ്ങളെ നേരിടാന്‍ കഴിയാതെ വരുമ്പോഴാണ് പുറംഭയം ഉണ്ടാകുന്നത്. വിശ്വാസം ആന്തരികവും ബാഹ്യവുമായ മുഴുവന്‍ ഭയങ്ങളെയും ഇല്ലാതാക്കി ശാന്തിയും സമാധാനവും കൊണ്ടുവരുന്നു. ''എന്നാല്‍, ദൈവം വിശ്വാസത്തെ നിങ്ങള്‍ക്ക് ഏറെ പ്രിയങ്കരമാക്കിയിരിക്കുന്നു. അതിനെ നിങ്ങളുടെ സ്വത്വത്തിന് സൗന്ദര്യവുമാക്കിയിരിക്കുന്നു''(അല്‍ഹുജുറാത്ത്: 7). 
വിശ്വാസം സ്വഭാവസംസ്‌കരണത്തിന് പ്രചോദനമായി വര്‍ത്തിക്കുന്നുണ്ട്. സംസ്‌കരണത്തിന് വിശ്വാസം കാരണമാവുന്നില്ലെങ്കില്‍ പ്രസ്തുത വിശ്വാസം കൊണ്ട്  പ്രയോജനമില്ല. വിശ്വാസികള്‍ ജീവിതത്തില്‍ സല്‍സ്വഭാവം ഉറപ്പുവരുത്തുന്നവരാണ്. സല്‍സ്വഭാവം അവരുടെ ജീവിതത്തിന്റെ അടയാളമാണ്. ''നിശ്ചയം വിശ്വാസികള്‍ വിജയിച്ചിരിക്കുന്നു. അവര്‍ തങ്ങളുടെ നമസ്‌കാരങ്ങളില്‍ ഭക്തി പുലര്‍ത്തുന്നവരാകുന്നു. അനാവശ്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്നവരാണ്. സകാത്ത് നല്‍കുന്നവരാണവര്‍. തങ്ങളുടെ ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കുന്നവരും. തങ്ങളുടെ ഇണകളും അധീനതയിലുള്ള സ്ത്രീകളുമായി മാത്രമേ അവര്‍ വേഴ്ചകളിലേര്‍പ്പെടുകയുള്ളൂ. അവരുമായുള്ള ബന്ധം ആക്ഷേപാര്‍ഹമല്ല. എന്നാല്‍, അതിനപ്പുറം ആഗ്രഹിക്കുന്നവര്‍ അതിക്രമകാരികളാണ്. തങ്ങളുടെ ബാധ്യതകളും കരാറുകളും പൂര്‍ത്തീകരിക്കുന്നവരാണ് വിശ്വാസികള്‍. നമസ്‌കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണ്. അവര്‍ തന്നെയാണ് അനന്തരാവകാശികള്‍. പറുദീസ അനന്തരമെടുക്കുന്നവര്‍. അവരതില്‍ നിത്യവാസികളായിരിക്കും''(അല്‍മുഅ്മിനൂന്‍: 1-11). വിശ്വാസവും സംസ്‌കരണവും തമ്മിലുള്ള ഇഴയടുപ്പം പ്രവാചകന്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: ''വിശ്വാസികളില്‍ വിശ്വാസം പൂര്‍ത്തിയായവര്‍ സ്വഭാവത്തിന്റെ കാര്യത്തില്‍ ഏറ്റവും മികവ് പുലര്‍ത്തുന്നവരത്രെ''(തിര്‍മിദി). 
സല്‍ക്കര്‍മത്തിലൂടെയാണ് വിശ്വാസം പ്രകടമാവുന്നത്. അല്‍അമലുസ്സ്വാലിഹെന്നാണ് സല്‍ക്കര്‍മത്തിന് ഇസ്‌ലാം പ്രയോഗിച്ചിരിക്കുന്ന പദം. വിശുദ്ധ വേദത്തില്‍ ഒരുപാടിടങ്ങളില്‍ വിശ്വാസത്തെയും സല്‍ക്കര്‍മത്തെയും ഒപ്പത്തിനൊപ്പം പ്രതിപാദിച്ചിട്ടുണ്ട്.  
കൂടുകയും കുറയുകയും ചെയ്യുന്ന പ്രതിഭാസമാണ് വിശ്വാസം. വിശ്വാസം ദുര്‍ബലമായാല്‍ സ്വത്വം ദുര്‍ബലമാവും. ജീവിതം മൊത്തത്തില്‍ ദുര്‍ബലമായിപ്പോവും. സന്തുഷ്ടിയും നിത്യജീവനും വിശ്വാസിക്കുള്ളതാണെന്ന് സൊരാഷ്ട്രിയന്‍ മതഗ്രന്ഥമായ യാസ്‌നയില്‍ കാണാം. എന്നാല്‍, വിശ്വാസം ക്ഷയിക്കുന്നതോടെ സന്തുഷ്ടിയും നിത്യജീവനും ഇല്ലാതാവും. വിശ്വാസം കുറഞ്ഞുപോകുന്നതിനെ മുന്‍നിര്‍ത്തി  നിതാന്ത ജാഗ്രത ഉണ്ടാവണമെന്ന് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വസ്ത്രം നുരുമ്പിപ്പോകുന്നതുപോലെയും ഇരുമ്പ് തുരുമ്പിക്കുന്നതുപോലെയും വിശ്വാസം ക്ഷയോന്മുഖമായിത്തീരുമെന്ന് അവിടുന്ന് അരുളുകയുണ്ടായി. വിശ്വാസം ക്ഷയോന്മുഖമാകുമ്പോള്‍ അതിന്റെ തിളക്കവും തെളിമയും തിരികെകൊണ്ടുവരാനുള്ള മാര്‍ഗം അതിനെ നവീകരിക്കുക എന്നതുമാത്രമാണ്. വിശ്വാസ നവീകരണത്തിന് ധാരാളം മാര്‍ഗങ്ങളുണ്ട്. ആദര്‍ശവചനം ഉരുവിടല്‍, വിശുദ്ധ വേദത്തിന്റെ പാരായണം, പ്രാര്‍ഥന, ദൈവസ്മരണ, മരണത്തെക്കുറിച്ചുള്ള ഓര്‍മ തുടങ്ങിയവ വിശ്വാസത്തിന്റെ നവീകരണത്തിന് പ്രവാചകന്‍ പഠിപ്പിച്ചുതന്ന മാര്‍ഗങ്ങളാണ്. 
വിശ്വാസത്തിന് തിളക്കം വര്‍ധിപ്പിച്ച് അതിന്റെ പൂര്‍ണത പ്രാപിക്കാന്‍ തിടുക്കം കൂട്ടുന്നവരായിരുന്നു പൂര്‍വസൂരികള്‍. ചിലരൊക്കെ വിശ്വാസത്തിന്റെ കാര്യത്തില്‍ പൂര്‍ണത നേടിയവരായിരുന്നു. വിശ്വാസം കൊണ്ട് ദൈവം പ്രകാശപൂരിതമാക്കിയ ദാസനെന്നായിരുന്നു വിശ്വാസദാര്‍ഢ്യത്താല്‍ അദൃശ്യകാര്യങ്ങള്‍ ദര്‍ശിക്കുന്ന ഹാരിസക്ക് പ്രവാചകന്‍ നല്‍കിയ വിശേഷണം. ഉമര്‍(റ) തന്റെ അനുചരന്മാരോട് ഇപ്രകാരം പറയാറുണ്ടായിരുന്നു: 'നിങ്ങള്‍ വരുവിന്‍, നമുക്ക് വിശ്വാസം വര്‍ധിപ്പിക്കാം'. ഇബ്‌നു മസ്ഊദ്(റ) ഇപ്രകാരം പറയുകയുണ്ടായി: 'നിങ്ങള്‍ നമ്മോടൊപ്പമിരിക്കൂ, നമുക്ക് വിശ്വാസം വര്‍ധിപ്പിക്കാം'. ഇബ്‌നു മസ്ഊദി(റ)ന്റെ പ്രാര്‍ഥനയിലെ പ്രധാനപ്പെട്ട ഒരിനം 'ദൈവമേ, എനിക്ക് വിശ്വാസം വര്‍ധിപ്പിച്ചുതരേണമേ' എന്ന പ്രാര്‍ഥനയായിരുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top