പെരുന്നാള്‍ പിറ കാണുമ്പോള്‍ ആഹ്ലാദിക്കാത്ത സത്യവിശ്വാസികള്‍ ഉണ്ടാവില്ല. പ്രത്യേകിച്ച്, വ്രതാനുഷ്ഠാനത്തിനുശേഷം വന്നെത്തുന്ന ചെറിയ പെരുന്നാള്‍. സത്യവിശ്വാസികള്‍ക്ക് അനുവദിക്കപ്പെട്ട രണ്ട് ആഘോഷങ്ങള്‍ ബലി പെരുന്നാളും ചെറിയ പെരുന്നാളുമാണ്. ആഘോഷങ്ങളുടെ രൂപവും രീതിയും മാറിയ കാലഘട്ടത്തില്‍ അല്ലാഹു നിശ്ചയിച്ചു തന്ന ഈ ആഘോഷങ്ങളോട് എങ്ങനെ നീതി പാലിക്കാം എന്നത് ഗൗരവപ്പെട്ട ചര്‍ച്ച തന്നെയാണ്. നമസ്കാരശേഷം ഭക്ഷണവും ഉറക്കവും എന്നതിലേക്ക് പെരുന്നാള്‍ വരണ്ടുപോകുമ്പോള്‍ മങ്ങിപ്പോകുന്നത് ആഘോഷമാക്കണമെന്ന റബ്ബിന്റെ കല്പന കൂടിയാണ്. കൊല്ലത്തിലൊരിക്കല് നമ്മെ തേടിയെത്തുന്ന പുതുവസ്ത്രവും രുചിയുള്ള ഭക്ഷണവും എന്നതിനപ്പുറത്ത് ദിവസവും ആഘോഷമായി തീരുന്ന നാളുകളിലൂടെയാണ് നമ്മള് ജീവിക്കുന്നത്. കുടുംബത്തിന്റെയും പ്രദേശത്തിന്റെയും മാറ്റമനുസരിച്ച് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണം നല്കാനാവണം. പ്യൂപ്പയില്‍ നിന്ന് ചിത്രശലഭത്തിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണ് വ്രതാനുഷ്ഠാന സ്ഥലത്തിനു ശേഷമുള്ള ഒരു സത്യവിശ്വാസിയുടെ പെരുന്നാളിലേക്കുള്ള പ്രവേശനം എന്ന് പറഞ്ഞതുപോലെ വര്ണശബളമായിരിക്കണം അന്നത്തെ ദിനത്തിന്റെ സന്തോഷം. നമ്മുടെ ഹൃദയത്തില്‍ ഒരു നല്ല ഓര്മ പോലും സമ്മാനിക്കാതെ പെരുന്നാള്‍ കടന്നു പോകുന്നുവെന്ന് തോന്നാറുണ്ടോ? കുടുംബത്തിന്റെയും നാടിന്റെയും ആഘോഷമായി പെരുന്നാള്‍ മാറുന്നില്ലെങ്കില്‍ കൃത്യമായ പ്ലാനിങ്ങിലൂടെ മാറി ചിന്തിക്കേണ്ടുന്ന സമയമായി. ഹൃദയത്തില്‍ എന്നും തങ്ങിനില്ക്കുന്ന മനോഹരമായ ഓര്‍മയായി ഹൃദയശുദ്ധിയുടെ ദിനരാത്രങ്ങള്‍ക്ക് ശേഷമുള്ള പെരുന്നാള്‍ മാറട്ടെ… മനോഹരമാവട്ടെ ആഘോഷം.
നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി വാതോരാതെ സംസാരിക്കുന്ന കപടരെ പ്രതിപ്പട്ടികയില്‍ നിര്‍ത്തുന്ന എപ്സ്റ്റീന് ഫയല്‍ പോലെ ഭീകരവും അപകടകരവുമായ തെളിവിനെ കുറിച്ച് നാം സംസാരിച്ചുകൊണ്ടിരിക്കണം. ലോകത്തിന്റെ മൗനമാണ് എപ്പോഴും അക്രമികള്‍ക്ക് ആശ്വാസം എന്നത് ഇതിന്റെ വെളിച്ചത്തില്‍ പറയാനാവും. ചില ശക്തികള്‍ തമ്മില്‍ എങ്ങനെയാണ് യുദ്ധക്കരാറുകള്‍ ഉണ്ടായതെന്നും, ചില സന്ധിസംഭാഷണങ്ങളിലെ കരാറുകള്‍ എങ്ങനെയാണ് ഉരുത്തിരിഞ്ഞതെന്നും എപ്സ്റ്റീന് ഫയല്‍ പറയുന്നുണ്ട്. വംശഹത്യകള്‍ മൂര്ധന്യാവസ്ഥയില് എത്തിയപ്പോഴും ശബ്ദിക്കേണ്ടവര്‍ എങ്ങനെയാണ് നിശ്ശബ്ദരായതെന്നും ഇരുട്ടിന്റെ മറനീക്കി പുറത്തുവന്ന രേഖകളാണ് സംസാരിക്കുന്നത്. എല്ലാ അക്രമത്തിനും കൂട്ടുപിടിക്കാന്‍ ഉപയോഗിച്ചത് സ്ത്രീ ശരീരങ്ങള്‍ തന്നെ.സങ്കല്പ്പിക്കാന് പോലും ആവാത്ത വിധം ചെറുപ്രായത്തിലുള്ള പെണ്മക്കള്, കുഞ്ഞുങ്ങള്‍ ക്രൂരമായ പീഡനങ്ങള്‍ക്കും വേദനകള്‍ക്കും ഇരയാക്കപ്പെട്ടു. ഇനിയും ഇതില്‍ പലതും നമ്മള് അറിഞ്ഞെന്ന് വരില്ല. കാരണം സമ്പത്തും അധികാരവും ആരാധകരും സാങ്കേതികതയുടെ എല്ലാ മൂര്‍ത്തമായ പ്ലാറ്റ്ഫോമുകളും കൈപ്പിടിയിലുള്ളവരാണ് പ്രതിപക്ഷത്തുള്ളത്. ധാര്‍മികതയെക്കുറിച്ചും സ്ത്രീ -പുരുഷ ആദരവിനെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും സംസാരിക്കേണ്ട സമയം.
സ്രഷ്ടാവ് സമ്മാനിച്ച ജീവിതത്തിന്റെ മൂല്യവ്യവസ്ഥകളെ വിശുദ്ധ ഖുര്‍ആനിലൂടെ കഴുകിക്കളഞ്ഞ് പുതുമനുഷ്യനായി മാറാന്‍ നമുക്ക് സാധിക്കട്ടെ, ഹൃദ്യവും മനോഹരവുമായ പെരുന്നാള്‍ ആശംസകള്‍…
l
