പ്രിയ കുട്ടികളേ, നിങ്ങള്‍ വളരാനും നിങ്ങള്‍ക്ക് ഐശ്വര്യമുണ്ടാകാനും മുതിര്‍ന്നവര്‍ ആഗ്രഹിക്കുന്നു. പക്ഷേ, നിങ്ങള്‍ക്ക് വീട്ടിലും കുടുംബത്തിലും എന്തെല്ലാം ലഭിക്കണം, നിങ്ങളെ എങ്ങനെ നയിക്കണം എന്നിവയില്‍ ആവശ്യമായ ശ്രദ്ധ പുലര്‍ത്താന്‍ അവര്‍ക്ക് സമയം കാണുകയില്ല. അവര്‍ പലപ്പോഴും തിരക്കുകളിലും പ്രയാസങ്ങളിലുമായിരിക്കും; ചിലപ്പോള്‍, കുറച്ചു കഴിയട്ടെ എന്നു വിചാരിക്കുകയും ചെയ്യും.
ശാരീരിക വളര്‍ച്ചക്കും ആരോഗ്യ സംരക്ഷണത്തിനും ഭക്ഷണം അത്യാവശ്യമാണല്ലോ. അതുപോലെ മാനസിക വളര്‍ച്ചക്ക് പുസ്തക വായന അത്യന്താപേക്ഷിതമാണ്. വളര്‍ച്ച ആഗ്രഹിക്കുന്ന കുട്ടികള്‍ ഇക്കാര്യം മറന്നുകൂടാ. വായന ഒരു ശീലമാക്കാന്‍ നിങ്ങള്‍ക്ക് സഹായകമാകുന്ന കാര്യം പറയാം.
'ചൊട്ടയിലെ ശീലം ചുടല വരെ' എന്നു പറയാറില്ലേ. ചെറിയ പ്രായത്തിലേ വായനയിലേക്കു നീങ്ങണം. വീട്ടില്‍ മുതിര്‍ന്നവര്‍ വായിക്കുന്ന പത്രങ്ങള്‍, ആഴ്ചപ്പതിപ്പുകള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍ എന്നിവ കാണാറില്ലേ. അവയിലെ ചിത്രങ്ങളും മറ്റും കുട്ടികള്‍ ശ്രദ്ധിക്കുമല്ലോ. ചിത്രങ്ങള്‍ കാണുമ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കാനുള്ള പ്രേരണയുണ്ടാവും. ഇതെന്താണ്, അതെന്താണ്, അയാള്‍ എന്തു ചെയ്യുന്നു, അതെന്താ അങ്ങനെ- ഇത്തരം ചോദ്യങ്ങള്‍ നിങ്ങളില്‍ നിന്നുണ്ടാവുമ്പോള്‍ അവയ്ക്കു തൃപ്തികരമായ ഉത്തരങ്ങള്‍ രക്ഷിതാക്കള്‍ നല്‍കും. ഇതാണ് വായനയുടെ ആദ്യ പടി.
എഴുതാനും വരക്കാനുമുള്ള പെന്സിലുകളും പേനകളും കൈയില്‍ കരുതണം. സ്ലേറ്റിലും കടലാസ്സിലും ഇഷ്ടമുള്ളതു വരക്കുക. പല രൂപങ്ങളും വരക്കാം. പല ആകൃതികളില്‍ ചിലതെല്ലാം എഴുതാം. ഈ കഴിവ് പ്രയോജനപ്പെടുത്തിയാല്‍ അക്ഷരങ്ങള്‍ എഴുതാന്‍ ശീലിക്കാം. പിന്നെപ്പിന്നെ ചെറിയ ചെറിയ വാക്കുകള്‍ എഴുതാനും പഠിക്കാനാകും. കുറച്ചു കഴിഞ്ഞാല്‍ കൊച്ചു കൊച്ചു വാക്യങ്ങള്‍ എഴുതിത്തുടങ്ങാം. വായനയുടെയും എഴുത്തിന്റെയും വിശാല ലോകത്തേക്ക് മെല്ലെ മെല്ലെ പ്രവേശിക്കാം. നിങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ മുതിര്‍ന്നവര്‍ ചുറ്റുമുണ്ടാകും. എന്‍.വി കൃഷ്ണവാരിയര്‍ ഒരു കവിതയില്‍ ഇങ്ങനെ ചൂണ്ടിക്കാണിച്ചു:
പുസ്തകങ്ങളിലെന്തൊക്കെയുണ്ട്?
പുസ്തകങ്ങളില്‍ വിസ്മയമുണ്ട്
പുസ്തകങ്ങളിലാനന്ദമുണ്ട്
പുസ്തകങ്ങളില്‍ വിജ്ഞാനമുണ്ട്.
നോവല്‍, കഥ, കവിത, നാടകം, ജീവചരിത്രം, ആത്മകഥ, നിരൂപണം എന്നീ ഗ്രന്ഥങ്ങള്‍ ക്രമേണ വായിക്കുന്നതോടെ വിപുലമായ ലോകപരിചയവും ഭാഷാശേഷിയും ചിന്താശേഷിയും നിങ്ങള്‍ക്ക് ഉണ്ടാകുമെന്നതില്‍ സംശയമില്ല.
l
