കുട്ടികള്‍ക്ക് നല്ല ശിക്ഷണം നല്‍കുകയാണെന്ന ഭാവേന ചില രക്ഷിതാക്കള്‍ അവരോട് കടുത്ത പാതകങ്ങള്‍ ചെയ്യാറുണ്ട്. അവയിലൊന്ന് തങ്ങള്‍ക്ക് പകരം അവര്‍ക്ക് ശിക്ഷണം നല്കാന് മൊബൈല്‍ സ്ക്രീനിനെയോ ടി.വി സ്ക്രീനിനെയോ ഏല്പിക്കലാണ്. പിതാവിനും മാതാവിനുമിടയിലുള്ള സംഘട്ടനത്തിന് ബലിയാടായി കുട്ടിക്ക് ശരിയായ ശിക്ഷണം നഷ്ടപ്പെടലാണ് രണ്ടാമത്തേത്. കുട്ടിക്ക് ഏറ്റവും മാതൃകാപരമായ ശിക്ഷണം ലഭിക്കണമെന്ന ആഗ്രഹത്താല്‍ അവനെ പീഡിപ്പിക്കലാണ് മൂന്നാമത്തേത്. ബാല്യകാലത്തെ സ്വന്തം പരാജയം അവന്റെ മേല്‍ അടിച്ചേല്പിക്കലാണ് നാലാമത്തേത്. അഞ്ചാമത്തേത് ശിക്ഷണത്തില്‍ വിശ്വാസപരമായ ശിക്ഷണത്തിന്റെ അവഗണനയാണ്. ഇവ ഓരോന്നും വിശദീകരിക്കാം:
കുട്ടികളെ മൊബൈല്‍ സ്ക്രീനിനെ ഏല്പിക്കുന്ന രക്ഷിതാക്കളുടെ ന്യായം അവരുടെ ജോലിത്തിരക്കാണ്. ഈ ജോലിത്തിരക്കിനിടയില്‍ കുട്ടികളെ ശ്രദ്ധിക്കാന്‍ തങ്ങള്‍ക്ക് സമയം കിട്ടുന്നില്ലെന്ന് അവര്‍ കൈമലര്‍ത്തുന്നു. അതല്ലെങ്കില്‍ അവരുടെ സ്വാര്‍ഥ ചിന്തയായിരിക്കും ഇതിന് കാരണം. ജീവിതവും ദിവസങ്ങളും തങ്ങള്‍ക്കുള്ളതാണെന്നും തങ്ങളുടെ സന്തതികള്‍ക്ക് അതില്‍ ഒരവകാശവുമില്ലെന്നുമാണ് അവര്‍ കരുതുന്നത്. കുട്ടികള്‍ ദൈവം തങ്ങളെ ഏല്പിച്ച അനാമത്താണെന്ന നിലക്കല്ല അവരോട് ഈ രക്ഷിതാക്കള്‍ പെരുമാറുന്നത്. ആ അനാമത്ത് പാഴാക്കിക്കളയരുതെന്നോ അതില്‍ വീഴ്ച അരുതെന്നോ ഉള്ള ഒരു ചിന്തയും അവര്‍ക്കില്ല. അതിനാല്‍ കുട്ടികളുടെ ശിക്ഷണത്തിന് വലുതായൊന്നും പ്രയത്നിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. അല്ലെങ്കില്‍ ആ ഉത്തരവാദിത്വം കൈയൊഴിഞ്ഞ് അവരെ ബേബി കെയറിലോ വേലക്കാരികളെയോ കിന്റര്ഗാര്ട്ടനുകളെയോ ഏല്പിക്കുന്നു.
കുടുംബത്തില്‍ വല്ല സംഘര്‍ഷമോ ഭിന്നതകളോ ഉടലെടുക്കുമ്പോള്‍ അതിന് കുട്ടികളെ ബലിയാടാക്കുന്നതാണ് രണ്ടാമത്തെ പാതകം. അത്തരം സന്ദര്‍ഭത്തില്‍ മാതാവ് കുട്ടിയെ പഠിപ്പിക്കുന്ന മൂല്യങ്ങളെയും സ്വഭാവരീതികളെയും റദ്ദ് ചെയ്യാനായിരിക്കും പിതാവിന്റെ ശ്രമം. മറുവശത്ത് പിതാവ് കുട്ടിക്ക് നല്കുന്ന സദുപദേശങ്ങള്‍ നിരാകരിക്കാന്‍ മാതാവും ശ്രമിക്കും. കുട്ടികള്‍ നിത്യ മാനസിക സംഘര്‍ഷത്തില്‍ പെടുക എന്നതായിരിക്കും ഇതിന്റെ ദുരന്തം. ശരി ഏതാണെന്ന് മനസ്സിലാക്കാന്‍ കഴിയാതെ കുട്ടി അരക്ഷിതാവസ്ഥയില്‍ പെടുന്നു.
കുട്ടിയെ മാതൃകാ ശിക്ഷണത്തിന്റെ പ്രതീകമാക്കാനുള്ള രക്ഷിതാക്കളുടെ അത്യാഗ്രഹമാണ് മൂന്നാമത്തെ പാതകം. എല്ലാം അനുസരിക്കുന്ന വിനീത വിധേയനാക്കാനാണ് ഇതിലൂടെ രക്ഷിതാക്കള്‍ മോഹിക്കുന്നത്. അതാകട്ടെ മക്കളെ സംബന്ധിച്ചേടത്തോളം സുസാധ്യമായ കാര്യമല്ലതാനും. എന്തുകൊണ്ടെന്നാല്‍ കുട്ടികള്‍ക്ക് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ തെറ്റ് പറ്റാതിരിക്കില്ല. അത് വെളിപ്പെടാനും ചിലപ്പോള്‍ അവന് ഇഷ്ടപ്പെടുന്നു. മറ്റു ചിലപ്പോള്‍ ഇതര അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി പറയുന്നതും അവന് ഇഷ്ടമായി ഭവിക്കാം. അപ്പോള്‍ ഇമ്മട്ടിലുള്ള മാതൃകാ ശിക്ഷണം കുട്ടികളുടെ വ്യക്തിത്വത്തെ ദുര്‍ബലപ്പെടുത്തും. അവന്റെ ആത്മവിശ്വാസത്തിന് ഇളക്കം തട്ടിക്കും. കുട്ടിയെ കാപട്യം പഠിപ്പിക്കുന്നതിന് തുല്യമാണിത്. അവന് മാതാപിതാക്കളുടെ മുന്നില്‍ അവര്‍ ആഗ്രഹിക്കുന്നപോലെ അഭിനയിക്കും. ഒറ്റക്കാകുമ്പോള്‍, അല്ലെങ്കില്‍ സ്വന്തം സ്നേഹിതന്മാരുടെ കൂടെയാകുമ്പോള്‍ അവന് തന്റെ തനിനിറം പുറത്തെടുക്കുകയും ചെയ്യും. അന്ധമായ അനുസരണം രക്ഷിതാക്കള്‍ അഭിലഷിക്കാതിരിക്കലാണ് അഭികാമ്യം. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഇഛാശക്തിയും അവനില്‍ വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. കാരണം, അന്ധമായ അനുസരണത്തിനുള്ള ശിക്ഷണത്തിന്റെ അര്‍ഥം ബുദ്ധിയെയും ചിന്താ ശക്തിയെയും റദ്ദ് ചെയ്യുക എന്നതാണ്. സ്വയം തെരഞ്ഞെടുക്കാനുള്ള കഴിവ് അവനില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക എന്നതാണ് ഈ വിഷയത്തില്‍ ശരിയായ സമീപനം. അവന്റെ മുന്നില്‍ രണ്ട് ചോയ്സുകള്‍ വരുമ്പോള്‍ ഏത് തെരഞ്ഞെടുക്കണമെന്ന് അവന് സ്വയം തീരുമാനമെടുക്കാന്‍ പഠിക്കും. മേധാശക്തി ഉപയോഗിക്കാന്‍ അവനെ പരിശീലിപ്പിക്കുകയാണ് ഇതിലൂടെ നാം. ശരിയായ ചിന്തയിലൂടെ ഭാവിയിലെ വെല്ലുവിളികള്‍ നേരിടാനും അന്യൂനമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും ഇതിലൂടെ കുട്ടിക്ക് സാധിക്കുന്നു.
മാതാവിനോ പിതാവിനോ സ്വന്തം ശൈശവത്തിലുണ്ടായ പരാജയങ്ങള്‍ക്ക് കുട്ടിയെ ബലിയാടാക്കുക എന്നതാണ് നാലാമത്തെ പാതകം. രക്ഷിതാക്കളില്‍ ഏതെങ്കിലുമൊരാള്‍ക്ക് ശിഥിലമായ കുടുംബപശ്ചാത്തലമായിരിക്കാം ഉണ്ടായിട്ടുണ്ടാവുക. അല്ലെങ്കില്‍ കര്‍ക്കശമായ കുടുംബ പശ്ചാത്തലത്തിലാകാം അവന് വളര്‍ന്നിട്ടുണ്ടാവുക. അത്തരക്കാര്‍ കുട്ടിയെ വളര്‍ത്താന്‍ ശ്രമിക്കുക അവന്റെ സ്വന്തം ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് പകരം തങ്ങള്‍ക്ക് സ്വന്തം ബാല്യത്തിലുണ്ടായ കയ്പുകള്‍ പരിഗണിച്ചുകൊണ്ടായിരിക്കും. പിതാവ് സ്വന്തം ബാല്യത്തില്‍ അഭിമുഖീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ അതിന്റെ നേര്‍പകര്‍പ്പായി കുട്ടിയെ വളര്‍ത്താന്‍ ശ്രമിക്കും. മാതാവ് കര്‍ക്കശമായ സ്വന്തം ബാല്യത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടിയെ അധിക ഭീതിയോടെ സമീപിക്കും. അങ്ങനെ വഹിപ്പാന്‍ കഴിയാത്ത ഭാരം വഹിക്കാന്‍ കുട്ടി നിര്‍ബന്ധിതമാകും. തങ്ങള്‍ അഭിമുഖീകരിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കുട്ടിയെ പ്രാപ്തമാക്കാനാണ് അവര്‍ ഇതിലൂടെ ശ്രമിക്കുന്നത്. ഇത് കുട്ടിയുടെ മനസ്സില്‍ തന്റെ ഉദ്ദേശ്യത്തിനും രക്ഷിതാക്കളുടെ ഉദ്ദേശ്യത്തിനുമിടയില് നിരന്തര സംഘര്‍ഷമുണ്ടാക്കാനാണ് നിമിത്തമാവുക.
മക്കളെ വളര്‍ത്തുമ്പോള്‍ അവരില്‍ ഈമാന്റെ, ആദര്‍ശ വിശ്വാസത്തിന്റെ ഘടകത്തിന് വേണ്ടത്ര പരിഗണന നല്‍കാതിരിക്കുക എന്നതാണ് അഞ്ചാമത്തെ പാതകം. കുട്ടിക്ക് സ്വര്‍ഗത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച് ദൈവസംതൃപ്തി നേടണമെന്ന് കൂടി ആഗ്രഹിക്കുന്നതിന് പകരം ഈ രക്ഷിതാക്കള്‍ ആഗ്രഹിക്കുക അവന് സ്കൂളില്‍ കൂടുതല്‍ മാര്‍ക്ക് നേടി വിജയിക്കണമെന്നാണ്. അപ്പോള്‍ പരലോകത്തെ പരീക്ഷയേക്കാള്‍ ഇഹലോകത്തെ പരീക്ഷക്കായിരിക്കും കൂടുതല്‍ പ്രാധാന്യം. കുട്ടി സ്കൂളില്‍ മികവ് നേടുന്നതിനെ ഇവര്‍ ആഘോഷിക്കും. നിസ്കാര നിഷ്ഠ, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക, അതിലുള്ള താല്പര്യം ഇത്യാദി സ്വഭാവ ഗുണങ്ങള്‍ ആഘോഷിക്കാനല്ല അവര്‍ സമയം കണ്ടെത്തുക. ഉദ്യോഗം നേടിയെടുക്കാനുള്ള വഴി തേടുകയും സ്വര്‍ഗത്തിലേക്കുള്ള വഴി അറിയാതിരിക്കുകയും ചെയ്യുന്ന ഒരു തലമുറയുടെ സൃഷ്ടിയായിരിക്കും ഇതിന്റെ ഫലം. അവര്‍ അധ്യാപകനെ പേടിക്കും. ക്ലാസില്‍ താഴോട്ട് പോകുന്നതില്‍ ഉല്ക്കണ്ഠാകുലരാകും. എന്നാല്‍, ദൈവത്തെ പേടിക്കുകയില്ല. പരലോകത്ത് പരാജയം സംഭവിക്കുന്നതിനെ കുറിച്ച് അവര്‍ക്ക് ഒരു ഉല്ക്കണ്ഠയുമുണ്ടാവുകയില്ല. ജനങ്ങളുടെ മതിപ്പ് നേടിയെടുക്കാനാകും അവരുടെ ശ്രമം. അവര്‍ക്ക് ദൈവത്തിന്റെ പ്രീതിയില്‍ താല്പര്യമുണ്ടാവില്ല. ഇതൊക്കെ കുട്ടികളോട് നാം ചെയ്യുന്ന മഹാ പാതകങ്ങളാണ്.
വിവ: വി.എ കബീര്‍
