സ്രഷ്ടാവായ അല്ലാഹുവും സൃഷ്ടിയായ മനുഷ്യനും തമ്മിലുള്ള രഹസ്യ ഭാഷണമാണ് പ്രാര്‍ഥന. പ്രാര്‍ഥന ഹൃദയത്തിന്റെ വികാരമാണ്. അടിമയും ഉടമയും തമ്മിലുള്ള ഗാഢമായ ബന്ധത്തിന്റെ പ്രതിഫലനമാണത്.
പ്രതീക്ഷാപൂര്‍വം നാഥനിലേക്ക് കൈകളുയര്‍ത്തി പ്രാര്‍ഥിക്കുന്ന വിശ്വാസികള്‍ക്ക് മഹത്തായ പ്രതിഫലങ്ങളാണ് ഇരുലോകത്തും പടച്ചതമ്പുരാന് വാഗ്ദാനം ചെയ്തിരിക്കുന്നത്. വിശ്വാസിയെ സംബന്ധിച്ചേടത്തോളം പ്രാര്‍ഥന ഒരു ആരാധന തന്നെയാണ്.
പ്രഭാതത്തില്‍ ഉണരുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെയുള്ള സകല കാര്യങ്ങളിലും പ്രത്യേകം പ്രാര്‍ഥനകള്‍ പ്രവാചകന് (സ) പഠിപ്പിച്ചു. പ്രവര്‍ത്തനങ്ങളെല്ലാം പ്രാര്‍ഥനകളില്‍ നിന്നാരംഭിക്കുമ്പോള്‍ ആ പ്രവൃത്തികള്‍ക്ക് അല്ലാഹുവിന്റെ പ്രത്യേക സഹായവും അനുഗ്രഹവും ലഭിക്കുന്നു.
വിശുദ്ധ ഖുര്‍ആനിലെ പ്രാരംഭ അധ്യായമായ 'അല്‍ ഫാത്തിഹ' തന്നെ ഒരു പ്രാര്‍ഥനയാകുന്നു. പ്രപഞ്ച നാഥനെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്ത ശേഷമാണ് നേര്‍വഴിക്ക് നടത്താനായി സ്രഷ്ടാവിനോട് പ്രാര്‍ഥിക്കുന്നത്. സൂറ മുഅവ്വിദതൈൻ എന്നറിയപ്പെടുന്ന ഖുര്‍ആനിലെ അവസാനത്തെ അധ്യായങ്ങളായ 'അന്നാസ്' 'അല്‍ ഫലഖ്' എന്നിവയും പ്രാര്‍ഥനകളാണ്.
നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട നിരവധി പ്രാര്‍ഥനകള്‍ ഖുര്‍ആനില്‍ വേറെയുമുണ്ട്. നിത്യവും തുടര്‍ച്ചയായി നമ്മള് നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന നമസ്കാരം ഒരു പ്രാര്‍ഥനയാണ്. നമസ്കാര ശേഷമുള്ള പ്രാര്‍ഥനകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പാതിരാവില്‍ ഉറക്കത്തില്‍നിന്നുണര്‍ന്ന് നമസ്കാരശേഷം നടത്തുന്ന പ്രാര്‍ഥനക്ക് വമ്പിച്ച പ്രതിഫലങ്ങളാണ്. ഏത് പ്രാര്‍ഥനയാണ് കൂടുതല്‍ കേള്ക്കപ്പെടുകയെന്ന് അബൂഉമാമ (റ) ഒരിക്കല്‍ പ്രവാചകന് (സ)യോടു ചോദിച്ചപ്പോള്‍ രാത്രിയുടെ അന്ത്യയാമത്തിലുള്ള പ്രാര്‍ഥനയും നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് ശേഷമുള്ള പ്രാര്‍ഥനകളുമാണ് അതെന്നായിരുന്നു പ്രവാചകന് (സ) പ്രതിവചിച്ചത്.
സൂറ അദ്ദാരിയാത്തില്‍ സ്വര്‍ഗാവകാശികളായ സത്യവിശ്വാസികളുടെ സവിശേഷതകളെ കുറിച്ച് അല്ലാഹു പറയുന്നുണ്ട്: 'തീര്‍ച്ചയായും ഭക്തിയോടെ ജീവിച്ചവര്‍ അരുവികളിലും ആരാമങ്ങളിലുമാണ്. രാത്രിയില്‍ വളരെ കുറച്ചേ അവര്‍ ഉറങ്ങിയിരുന്നുള്ളൂ. രാത്രിയുടെ അന്ത്യയാമങ്ങളില്‍ അവര്‍ പൊറുക്കലിനെ തേടുന്നവരായിരുന്നു.'
ഒരു ഹദീസില്‍ ഇപ്രകാരമുണ്ട്: 'എല്ലാ രാത്രിയും അല്ലാഹു ആകാശലോകത്തേക്കിറങ്ങി വരും. എന്നിട്ട് വിളിച്ചു ചോദിക്കും: എന്നോട് പ്രാര്ഥിക്കുന്നവര് ആരെങ്കിലുമുണ്ടോ, ഞാനവര്‍ക്ക് ഉത്തരം നല്‍കാം. എന്നോട് ചോദിക്കുന്നവര്‍ ആരെങ്കിലുമുണ്ടോ, ഞാനവര്‍ക്ക് ചോദിക്കുന്നത് നല്‍കാം. എന്നോട് പാപമോചനം നടത്തുന്നവര്‍ ആരെങ്കിലുമുണ്ടോ, ഞാനവര്‍ക്ക് പാപമോചനം നല്‍കാം.''
പ്രാര്‍ഥിക്കുമ്പോള്‍ ചില മര്യാദകള്‍ പാലിക്കപ്പെടേണ്ടതുണ്ട്. വിനയത്തോടെയും ആത്മാര്‍ഥതയോടും മനഃസാന്നിധ്യത്തോടും കൂടിയാണ് പ്രാര്‍ഥിക്കേണ്ടത്. ആദ്യമായി സര്‍വശക്തന്റെ മഹത്വമംഗീകരിക്കുകയും അവന് സ്തുതികളര്‍പ്പിക്കുകയും ചെയ്യണം. ജീവിതത്തിനിടയില്‍ വന്നുപോയ തെറ്റുകുറ്റങ്ങളേറ്റു പറഞ്ഞു പശ്ചാത്തപിക്കണം. നമ്മുടെ എന്താവശ്യങ്ങളും അവന് മുമ്പില്‍ സമര്‍പ്പിക്കാം. നമ്മുടെ പ്രതീക്ഷകള്‍, സങ്കടങ്ങള്‍, സ്വപ്നങ്ങള്‍, ആശങ്കകള്‍ തുടങ്ങിയവയെല്ലാം അല്ലാഹുവുമായി പങ്ക് വെക്കാം.
പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രാര്‍ഥിക്കുമ്പോള്‍ ധൃതിപ്പെടാന്‍ പാടില്ല. പ്രാര്‍ഥനകള്‍ക്കൊന്നും ഉത്തരം ലഭിക്കുന്നില്ലല്ലോ എന്ന നിരാശയും പാടില്ല. പ്രവാചകന് (സ) പറയുകയുണ്ടായി: ''ഉത്തരം ലഭിക്കാന്‍ വ്യഗ്രത കാണിക്കാത്ത കാലത്തോളം നിങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് അല്ലാഹുവില്‍ സ്വീകാര്യതയുണ്ടാകും.''
ഹൃദയം അശ്രദ്ധമായോ മറ്റു കാര്യങ്ങളില്‍ മുഴുകിയോ ഉള്ള പ്രാര്‍ഥന സ്വീകാര്യമല്ല. തെറ്റ് ചെയ്തുകൊണ്ടേയിരിക്കുന്ന അവസരത്തിലുള്ള പ്രാര്‍ഥനയും കുടുംബബന്ധം മുറിച്ചവരുടെ പ്രാര്‍ഥനയും നിഷ്ഫലമാണ്.
ചില പ്രാര്‍ഥനകള്‍ അല്ലാഹു തട്ടിമാറ്റുകയില്ലെന്ന് പ്രവാചകന് (സ) അറിയിക്കുകയുണ്ടായി. അതിലൊന്ന് മര്‍ദിതന്റെ പ്രാര്‍ഥനയാണ്. മര്‍ദിതനും അല്ലാഹുവിനുമിടയില്‍ യാതൊരു മറയുമില്ല. മക്കള്‍ക്ക് വേണ്ടിയുള്ള മാതാപിതാക്കളുടെ പ്രാര്‍ഥന, ഒരാള്‍ തന്റെ സഹോദരന് വേണ്ടി അയാളുടെ അഭാവത്തില്‍ നടത്തുന്ന പ്രാര്‍ഥന, യാത്രക്കാരന്റെ പ്രാര്‍ഥന തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്ന പ്രാര്‍ഥനകളാണ്.
ചില പ്രാര്‍ഥനകള്‍ക്ക് അല്ലാഹു പെട്ടെന്ന് ഉത്തരം നല്കുകയില്ല. എന്നാല്‍ ആ പ്രാര്‍ഥനയുടെ ഫലമായി മറ്റു വിപത്തുകളില്‍നിന്ന് അല്ലാഹു നമ്മെ രക്ഷപ്പെടുത്തുന്നു.
ചില പ്രാര്‍ഥനകളുടെ പ്രതിഫലം അല്ലാഹു പരലോകത്തേക്ക് മാറ്റിവെക്കുന്നു. ഇങ്ങനെ പ്രാര്‍ഥന വിശ്വാസിക്ക് ഇഹലോകത്ത് പ്രതിഫലം നേടിത്തരുന്നതോടൊപ്പം പരലോകമോക്ഷത്തിനുള്ള വഴികൂടിയാകുന്നു.
ബദര്‍ യുദ്ധവേളയില്‍ ഖുറൈശികളുടെ വന്‍ സൈന്യത്തെ മുസ് ലിംകളുടെ ചെറു സൈന്യം പരാജയപ്പെടുത്തിയത് പ്രാര്‍ഥനയും അല്ലാഹുവിന്റെ സഹായവും ഒരുമിച്ചപ്പോഴായിരുന്നു.
പ്രതിസന്ധികളില്‍ പതറാതെ അതിജീവിക്കാന്‍ പ്രാര്‍ഥന വിശ്വാസിക്ക് പ്രാപ്തി നല്കുന്നു.
l
