പ്രകൃതിക്കു വേണ്ടി മാടിവിളിക്കുന്ന കവിതകള്‍
അത്തീഫ് കാളികാവ്
സെപ്റ്റംബര്‍ 2019
പരിസ്ഥിതിയെ ഇല്ലായ്മ ചെയ്യുന്നതിനെതിരെ കവിതയിലൂടെ കലഹിക്കുകയും പ്രകൃതിയെ ഒപ്പിയെടുത്ത് മാനോഹരമായ വാക്കുകളാല്‍ കോര്‍ത്തുവെച്ച കവിതകളെഴുതുകയും ചെയ്യുന്ന
പരിസ്ഥിതിയെ ഇല്ലായ്മ ചെയ്യുന്നതിനെതിരെ കവിതയിലൂടെ കലഹിക്കുകയും പ്രകൃതിയെ ഒപ്പിയെടുത്ത് മാനോഹരമായ വാക്കുകളാല്‍ കോര്‍ത്തുവെച്ച കവിതകളെഴുതുകയും ചെയ്യുന്ന പുതിയ എഴുത്തുകാരില്‍ ശ്രദ്ധേയയാണ് റീന പി.ജി
ഏകാന്തതയെന്ന വിഷയത്തെ അമൃതാക്കാനും പാഴും ശൂന്യവുമായ ആകാശത്ത് വിസ്മയങ്ങള്‍ തീര്‍ക്കാനും കാവ്യകലക്ക് കഴിയുമെന്ന് കണ്ടെത്തിയ കുമാരനാശാന്റെയും പരമാനന്ദത്തിന്റെ കൊടുമുടികളില്‍നിന്നോ ദുഃഖത്തിന്റെ അഗാധതലങ്ങളില്‍നിന്നോ കവിതയുടെ ശ്രവം ഉണ്ടാകണമെന്നു പറഞ്ഞ അബ്ദുല്‍ കലാമിന്റെയുമൊക്കെ വഴിയില്‍ ആധുനികോത്തര കവിത എഴുത്തുകാരുടെ പട്ടികയിലേക്ക് നടന്നടുക്കുന്ന കവയത്രിയായി റീന പി.ജി അടയാളപ്പെട്ടുകഴിഞ്ഞു.
പരിസ്ഥിതിയെ പ്രണയിക്കുന്നതും ഒപ്പം ജീവിതത്തിലെ നവരസങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതുമായ കവിതകള്‍ കലാകൈരളിക്ക് നല്‍കിക്കൊണ്ടിരിക്കുകയാണ് ഈ യുവ എഴുത്തുകാരി.
മലയാള കാവ്യശൈലിയെ പാടേ പരിവര്‍ത്തനം ചെയ്യുന്ന ആധുനികകാലത്ത് ഉള്ളില്‍ കുരുങ്ങുന്ന ബിംബങ്ങളിലൂടെ തന്റെ രോഷവും വിശ്വാസഭംഗവും ഇവര്‍ അടയാളപ്പെടുത്തുന്നു. ആധുനികോത്തര കവിതകളില്‍ തന്റേതായ ഒരിടവും ഇതിനോടകം റീന ഉണ്ടാക്കിയെടുത്തുകഴിഞ്ഞു.
മലയാളത്തിലെ മിക്ക ആനുകാലികങ്ങളിലൂടെയും നിരവധി കവിതകള്‍ ഇതിനോടകം റീനയുടേതായി കവിതാസ്വാദകരുടെ മുന്നിലെത്തി. ഇതിനു പുറമെ ഇംഗ്ലീഷില്‍ രണ്ട് കവിതകളും റീന പി.ജിയുടേതായി പ്രസിദ്ധീകരിച്ചു വന്നു. കൊല്‍ക്കത്തയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന കണ്ടംപററി ഇംഗ്ലീഷ് മാഗസിനില്‍ ഒയാസിസ്, ദി ഫാളിങ് ഓഫ് ഈഗോയിസം എന്നീ കവിതകളാണ് പ്രസീദ്ധീകരിച്ചു വന്നിട്ടുള്ളത്.
മലയാളത്തില്‍ റീന പി.ജിയുടെ കവിതാ സമാഹാരം 'ആകാശവേരുകള്‍' അടുത്തിടെ പുറത്തിറങ്ങി. കവി കല്‍പറ്റ നാരായണനാണ് പ്രകാശനം നിര്‍വഹിച്ചത്. നിരൂപകന്‍ സുനില്‍ സി.ഇയുടേതാണ് പുസ്തകത്തിന്റെ അവതാരിക.
നാല്‍പ്പതോളം കവിതകളാണ് പുസ്തകത്തിലുള്ളത്. ഒലീവ് ആണ് പ്രസാധകര്‍. റീന പി.ജിയുടെ കാവ്യ സമാഹാരത്തെ കുറിച്ച് സുനില്‍ സി.ഇയുടെ നിരൂപണം എറെ അര്‍ഥവത്താണ്.
കവിത സാമൂഹികവിമര്‍ശനമായി മാറുന്നത് ഇത്തരം ഇടങ്ങളിലേക്ക് കവിയുടെ കണ്ണുകള്‍ പാഞ്ഞടുക്കുമ്പോഴാണ്. ഇവിടെ യുക്തിചിന്തയുടെ മഹാഗോപുരങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലാതാകുമെന്നതും കവിയുടെ വൈകാരിക നന്മകള്‍ക്ക് പലതും ചെയ്യാനാകുമെന്നതും ചില കവിതകളെങ്കിലും സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രകൃതിയോടുള്ള അതിരുകടന്ന ആസക്തിയാണ് റീനയെക്കൊണ്ട് 'ആകാശവേരുകള്‍' എന്ന ശീര്‍ഷകം എഴുതിക്കുന്നത്.
കവിയുടെ ഭാവനകള്‍ തമ്മിലുരസി തെറിച്ചുപോകാന്‍ അനുവദിക്കാത്തത് ചില പ്രകൃതിവായനകള്‍ തന്നെയാണ്. അപ്പോഴും ചില കവിതകള്‍ വെറുമൊരു സാങ്കല്‍പിക ശക്തിയായി നില്‍ക്കാന്‍ വിസമ്മതിക്കുന്നതാണ് നാം കാണുന്നത്. പച്ചരാശി കലര്‍ന്ന കിരണങ്ങള്‍
ആകാശത്തും സ്വപ്‌നം കാണുന്ന ഒരാള്‍ക്കേ 'ആകാശവേരുകള്‍' എന്ന് കവിതക്ക് പേരിടാനാവൂ.
പാരിസ്ഥിതികാവബോധങ്ങള്‍ പകരുന്ന ഒരുപാട് കവിതകള്‍ റീന പി.ജിയുടേതായുണ്ട്. 'പുഴ ജല്‍പനങ്ങള്‍', 'കര പ്രസവിച്ച കുടല്‍', 'നിലാവ് സൂര്യനെ പ്രണയിക്കവേ', 'നഷ്ടമീ തണല്‍വൃക്ഷങ്ങള്‍', 'കൃഷി' ഒക്കെ പരിസ്ഥിതിയെക്കുറിച്ചുള്ള സങ്കീര്‍ത്തനങ്ങളാണ്. ഒരുപക്ഷേ ഈ കവിതകളിലൊക്കെയും പ്രതിഷേധം ഇരമ്പിമറിയുകയാണ്. 'പെരുക്കങ്ങള്‍' എന്ന കവിതയിലും 'കാറ്റെടുത്തതില്‍ ചിലത്' എന്ന കവിതയിലും പ്രകൃതിയെക്കുറിച്ചുള്ള സന്ദേഹങ്ങളാണുള്ളത്. ഭൂമിയിലെ ഒരു പച്ചിലക്കും പഴുത്തിലക്കും അവയുടെ ലക്ഷ്യം കാലേക്കൂട്ടി നിശ്ചയിക്കാനോ, കാറ്റെത്തുംമുമ്പ് സ്വതന്ത്രമാകാനോ സാധിക്കില്ലെന്ന് റീന എഴുതുമ്പോള്‍ അത് കവിതയിലെ പാരിസ്ഥിതിക ദര്‍ശനമായി രൂപാന്തരപ്പെടുന്നു.
രാഷ്ട്രീയ -സാമ്പത്തിക -സാമൂഹിക അരാജകത്വത്തിന്റെ കറുത്ത കാലത്ത് സ്ത്രീത്വത്തിനെതിരെ ഉയരുന്ന അവഹേളനങ്ങള്‍ക്ക് നേരെയാണ് കവിതയിലൂടെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ നടത്തുന്നതെന്ന് പറയുമ്പോള്‍ തന്റെ കവിത എന്താണെന്ന് റീന പുറംലോകത്തോട് പറയുകയാണ്.
മലപ്പുറം ജില്ലയിലെ അടയ്ക്കാകുണ്ട് ക്രസന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഫിസിക്കല്‍ സയന്‍സ് അധ്യാപികയാണ് റീന. പൂക്കോട്ടുംപാടത്താണ് താമസം. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ വേലായുധനാണ് ഭാര്‍ത്താവ്. മക്കള്‍: ആദിത്യ, ദുര്‍ഗ്ഗനന്ദ.