ഹിജ്‌റ: ദൗത്യനിര്‍വഹണത്തിന്റെ പാഠങ്ങള്‍
സി.ടി സുഹൈബ്
സെപ്റ്റംബര്‍ 2019
പുതിയ ഹിജ്‌റ വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ് മുസ്‌ലിം ലോകം. ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന
പുതിയ ഹിജ്‌റ വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ് മുസ്‌ലിം ലോകം. ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ഹിജ്‌റയില്‍ എക്കാലത്തെയും മുസ്‌ലിം സമൂഹത്തിന് മഹിതമായ മാതൃകകള്‍ കണ്ടെടുക്കാനുണ്ട്. സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ പെട്ടെന്നുണ്ടായൊരു തീരുമാനത്തിനോ കല്‍പനക്കോ പുറത്തല്ല മദീനയിലേക്കുള്ള പലായനം സംഭവിക്കുന്നത്. മദീനയെന്ന ആശയം രൂപപ്പെടുന്നതിലും ആ ഭൂമിക മുസ്‌ലിം സമൂഹത്തിനനുഗുണമായി പരിവര്‍ത്തിപ്പിക്കുന്നതിലും മുന്‍കൂട്ടിയുള്ള ആസൂത്രണവും ഇടപെടലുകളും കാണാനാകും. മക്കയില്‍ നിര്‍വഹിക്കാനുള്ള ദൗത്യങ്ങള്‍ ഏതാണ്ട് അവസാനിച്ച സന്ദര്‍ഭത്തില്‍ കൂടുതല്‍ വളര്‍ച്ചയും വികാസവും സാധ്യമാകുന്ന മറ്റൊരു പ്രദേശത്തിന്റെ സാധ്യതയെക്കുറിച്ച അന്വേഷണങ്ങള്‍ സജീവമായിരുന്നു. അങ്ങനെയായിരുന്നു തീര്‍ഥാടനത്തിനെത്തുന്ന ഇതര ദേശങ്ങളിലെ വ്യക്തികളുമായും ഗോത്രനേതാക്കന്മാരുമായും സംഭാഷണങ്ങള്‍ ആരംഭിക്കുന്നത്. ഒടുവില്‍ മദീനക്കാരുമായി അഖബ ഉടമ്പടി നടക്കുന്നതോടെയാണ് പലായനത്തിന്റെ ഭൂമിക കൃത്യപ്പെടുന്നത്. ഉടമ്പടി ചെയ്ത് യാത്രതിരിക്കാനുള്ള സമയം നോക്കി ഇരിക്കുകയായിരുന്നില്ല, കയറിച്ചെല്ലുന്ന ഇടത്തെ ഇസ്‌ലാമിന് വളക്കൂറുള്ള മണ്ണാക്കി മാറ്റാനുള്ള ലക്ഷ്യം കൂടി റസൂലി(സ)നുണ്ടായിരുന്നു. ആ ദൗത്യമാണ് മുസ്അബുബ്‌നു ഉമൈറി(റ)ലൂടെ നിര്‍വഹിക്കപ്പെടുന്നത്. റസൂലും(സ) സംഘവും കയറിച്ചെല്ലുമ്പോള്‍ പാട്ടു പാടി സ്വീകരിക്കാന്‍ ഒരു സംഘം അവിടെ ഉണ്ടായിത്തീര്‍ന്നത് അദ്ദേഹത്തിന്റെ അക്ഷീണപരിശ്രമത്തിലൂടെയായിരുന്നല്ലോ.
അല്ലാഹുവിന്റെ ദീനിനെ അവന്‍ തന്നെ കാത്തുകൊള്ളും എന്ന ദൃഢബോധ്യം പക്ഷേ മനുഷ്യസാധ്യമായ മുന്നൊരുക്കങ്ങളും ആസൂത്രണങ്ങളും ചെയ്യുന്നതില്‍നിന്ന് പിറകോട്ട് വലിക്കുന്നതാകരുതെന്ന വലിയ പാഠം പകര്‍ന്നു നല്‍കുന്നുണ്ട് ഹിജ്‌റ. ഹിജ്‌റയുടെ കല്‍പന വന്നപ്പോള്‍ എല്ലാവരും കൂട്ടമായങ്ങ് ഇറങ്ങിത്തിരിക്കുകയല്ല ചെയ്തത്, മറിച്ച് രഹസ്യമായും ഒറ്റക്കും ചെറുസംഘങ്ങളായും പല ഘട്ടങ്ങളിലായിട്ടാണ് നിഷേധികളുടെ കണ്ണ് വെട്ടിച്ച് അവര്‍ പലായനം ചെയ്യുന്നത്. തങ്ങളോട് കായികമായി ഏറ്റുമുട്ടാന്‍ തയാറായി തടയാനാരും വരില്ലെന്ന് ആത്മധൈര്യമുള്ള ചിലര്‍ മാത്രമാണ് പരസ്യ പ്രഖ്യാപനം നടത്തി മദീനയിലേക്ക് യാത്ര തിരിക്കുന്നത്. റസൂല്‍ (സ) അബൂബക്ര്‍ സിദ്ദീഖി(റ)ന്റെ കൂടെ യാത്ര പുറപ്പെടുന്നത് കൃത്യമായ ആസൂത്രണത്തോടെയും പദ്ധതികളിലൂടെയുമായിരുന്നു. കൊല്ലാന്‍ കാത്തിരുന്നവരെ കബളിപ്പിക്കാനും പിടികൂടാന്‍ പിന്തുടര്‍ന്നെത്തുന്നവരുടെ കണ്ണില്‍ പെടാതിരിക്കാനും ഒളിച്ചിരിക്കുമ്പോള്‍ ഭക്ഷണം ലഭ്യമാക്കാനുമെല്ലാം കൃത്യമായ പദ്ധതികളുണ്ടായിരുന്നു.
പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ദൗത്യനിര്‍വഹണത്തിന്റെ പാതയില്‍ കൃത്യമായ പദ്ധതികളും അജണ്ടകളും മുസ്‌ലിം സമുദായത്തിനുണ്ടാകണം. സാധ്യമായ മുഴുവന്‍ പരിശ്രമങ്ങളും ആസൂത്രണങ്ങളും നടത്തുകയും കൂടെ അല്ലാഹുവിന്റെ സഹായമെത്തുകയും ചെയ്യുമ്പോഴാണ് അസാധ്യതകള്‍ സാധ്യതകളായി മാറുന്നത്.
ഫസായെ ബദ്ര്‍ പൈദാ കര്‍
ഫരിഷ്‌തെ തേരെ ജസ്‌റത് കൊ
(ബദ്‌റിന്റെ മൈതാനങ്ങളിലേക്ക് ഇറങ്ങി നില്‍ക്കുമ്പോഴാണ് സഹായത്തിനായി ആകാശ ലോകത്തു നിന്നുള്ള മാലാഖമാര്‍ നിനക്ക് കൂട്ടിനിറങ്ങുക) - മൗലാനാ സഫര്‍ അലിഖാന്‍.
ത്യാഗവും സമര്‍പ്പണവുമായിരുന്നു ഹിജ്‌റയുടെ ഇന്ധനം. അല്ലാഹുവിന്റെ ദീനിന്റെ വളര്‍ച്ചക്കും വിജയത്തിനും വേണ്ടി നാടും വീടും സമ്പത്തും ജീവിത പരിസരങ്ങളുമെല്ലാം വിട്ടേച്ച് പോകാനുള്ള സന്നദ്ധതയാണ് ചരിത്രത്തില്‍ ഹിജ്‌റയെ അവിസ്മരണീയമാക്കിയ പ്രധാന ഘടകം. അത്രയും കാലം വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയതെല്ലാം ഒരു ദിവസം പിന്നിലുപേക്ഷിച്ച് നടന്നകലുമ്പോള്‍ പ്രയാസങ്ങളുണ്ടായിരിക്കും. പക്ഷേ, ആ പ്രയാസങ്ങളെ മറികടക്കുന്ന അനുഭൂതി അവരുടെ മനസ്സിനനുഭവിച്ചിരുന്നു. ഈമാനിന്റെ മാധുര്യം നുകര്‍ന്നാണ് ഓരോ സ്വഹാബിയും മദീനയിലെത്തിയത്. വിപ്ലവങ്ങള്‍ക്കും നവോത്ഥാനങ്ങള്‍ക്കും ത്യാഗനിര്‍ഭരമായ സമര്‍പ്പിത ജീവിതം അനിവാര്യമാണെന്ന യാഥാര്‍ഥ്യം ഊട്ടിയുറപ്പിക്കുന്നുണ്ട് ഹിജ്‌റ.
അല്ലാഹുവിന്റെ വഴിയില്‍ എല്ലാം ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചവരെ ഉള്ളതെല്ലാം പകുത്തു നല്‍കി പുതിയ ജീവിതത്തിലേക്ക് ചേര്‍ത്തുപിടിച്ച് മദീന നിവാസികള്‍ 'അന്‍സ്വാരി'കളായിത്തീര്‍ന്ന സാഹോദര്യത്തിന്റെ മാതൃകയാണ് ഹിജ്‌റയുടെ മറ്റൊരു സൗന്ദര്യം. ഗോത്രപക്ഷപാതിത്വങ്ങളും പ്രദേശപരമായ വിവേചനങ്ങളും വേലികെട്ടി വേര്‍തിരിച്ച മനസ്സുകളെ ചേര്‍ത്തുവെച്ച ആദര്‍ശസാഹോദര്യത്തിന്റെ മഹനീയ മാതൃക. അവിടെ ലോകത്തുടനീളം പടര്‍ന്നു പന്തലിച്ച മാനവിക ചരിത്രത്തിലെ അതുല്യമായൊരു സംസ്‌കാരത്തിന്റെയും നാഗരികതയുടെയും അടിത്തറ കെട്ടിയുയര്‍ത്തപ്പെട്ടു.
മുസ്‌ലിം സമൂഹത്തിന്റെ ഉത്തരവാദിത്തത്തെയും ദൗത്യത്തെയും കുറിച്ച കൃത്യമായ ചില പാഠങ്ങള്‍ ഹിജ്‌റ വരച്ചുവെക്കുന്നുണ്ട്. എന്നാല്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങളില്‍നിന്നും ഓടിയകലാനുള്ള ന്യായമായി ഹിജ്‌റയെ കാണുന്ന ചില പ്രവണതകള്‍ മുസ്‌ലിം സമൂഹത്തിനിടയില്‍ ചെറുതായിട്ടാണെങ്കിലും രൂപപ്പെടുന്നുണ്ട്. പ്രതിസന്ധികളും പ്രശ്‌നങ്ങലും നിറഞ്ഞ അന്തരീക്ഷത്തില്‍നിന്നും സമൂഹത്തില്‍നിന്നും സ്വസ്ഥമായ സ്ഥലത്തേക്ക് ഓടിപ്പോകലല്ല ഹിജ്‌റ എന്നത്. മറിച്ച് നിര്‍വഹിക്കാനുള്ള ബാധ്യതകളും ദൗത്യവും ഏത് പ്രതികൂല സാഹചര്യങ്ങളിലും മുന്നോട്ട് കൊണ്ടുപോവുകയും ഏറക്കുറെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ ഇനിയും അവിടെ മുന്നോട്ട് പോകാന്‍ സാധ്യതകളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് കൂടുതല്‍ വികാസക്ഷമതയുള്ള സാഹചര്യങ്ങള്‍ അന്വേഷിക്കേണ്ടത്. മക്കയില്‍ മുന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടാകാത്തത് മാത്രമല്ല ഹിജ്‌റയിലേക്കെത്തിക്കുന്നത്. അവിടെ ഇസ്‌ലാമിക പ്രബോധനത്തിന്റെ പൂര്‍ത്തീകരണം കൂടി സംഭവിച്ചുകഴിഞ്ഞിരുന്നു. അതിനാല്‍ പുതിയ ഇടവും ഭൂമികയും ഇസ്‌ലാമിക ദൗത്യനിര്‍വഹണത്തിന്റെ പൂര്‍ത്തീകരണത്തിനാവശ്യമായിരുന്നു. നാം ജീവിക്കുന്ന സമൂഹത്തില്‍നിന്നും ദൗത്യനിര്‍വഹണം പൂര്‍ത്തിയാക്കാത്ത പലായനങ്ങള്‍ ഒളിച്ചോട്ടമാണ്.
മക്കയിലെ പ്രബോധന ദൗത്യത്തിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനമായിരുന്നു സൂറത്തുല്‍ കാഫിറൂനിന്റെ അവതരണം. മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി എഴുതുന്നു: ''ഈ അധ്യായത്തില്‍ അവരുമായി അന്തിമവും ഖണ്ഡിതവുമായ ബന്ധവിഛേദനം നടത്തിയിരിക്കുന്നു. പ്രവാചകന്മാര്‍ സ്വന്തം ജനതയുമായി ബന്ധം വിഛേദിക്കുന്നത് ഒരു നിശ്ചിത ദൈവിക നടപടിപ്രകാരമായിരിക്കുമെന്നത് മുന്‍ അധ്യായങ്ങളില്‍ വിവരിച്ചതാണ്. നാമൊന്ന് എന്ന നിലയില്‍ ഉന്നത മാനുഷിക നിലവാരം പുലര്‍ത്തി പെരുമാറിയിട്ടും സ്വന്തം ജനതയുടെ നേതാക്കന്മാരും പ്രമാണിമാരും അവരുടെ ദൈവദൂതന്മാരെ പൂര്‍ണ നിരാശയിലാഴ്ത്തുകയും പ്രവാചകന്മാരോടും ദൈവിക സന്ദേശത്തോടുള്ള ശത്രുതയിലും പിടിവാശിയിലും ഉറച്ചുനില്‍ക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്ന ഒരു ഘട്ടത്തിലാണ് സ്വന്തം ജനതയുമായി എല്ലാ ബന്ധങ്ങളും വിഛേദിച്ച് നാട്ടില്‍നിന്നും പലായനം ചെയ്യാനുള്ള ഉത്തരവ് ലഭിക്കുന്നത്. ദൈവിക പ്രവാചകന്മാര്‍ തങ്ങളുടെ ജനതയുടെ മുമ്പാകെ ന്യായവാദ പൂര്‍ത്തീകരണം സാക്ഷാല്‍ക്കരിച്ചതിനു ശേഷം മാത്രമേ പലായനവും ഇതര പോരാട്ട മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുള്ളൂ'' (തദബ്ബുറെ ഖുര്‍ആന്‍. 'സൂറത്തുല്‍ കാഫിറൂന്‍' ആമുഖത്തില്‍നിന്നും).
ബഹുദൈവ വിശ്വാസങ്ങളും ഭൗതികാശയങ്ങളും സാമ്പത്തിക ചൂഷണങ്ങളും ജാതിവ്യവസ്ഥയും സാമൂഹിക തിന്മകളും വ്യാപിച്ചു കിടക്കുന്ന നമ്മുടെ രാജ്യത്ത് മുസ്‌ലിം സമൂഹത്തിന് നിര്‍വഹിക്കാന്‍ ഏറെ ഉത്തരവാദിത്തങ്ങളുണ്ട്. ഈ ജനതക്ക് മുമ്പാകെ ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും തെറ്റിദ്ധാരണകളകറ്റുകയും ചെയ്യേണ്ടതുണ്ട്. സത്യം, നീതി, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങി ഇസ്‌ലാം മുന്നോട്ടു വെക്കുന്ന മൂല്യങ്ങളെല്ലാം പ്രസക്തമായൊരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. കോടിക്കണക്കിന് മനുഷ്യരിന്നും ഇസ്‌ലാമാകുന്ന സത്യത്തെ മനസ്സിലാക്കാനും അറിയാനും സാഹചര്യം ലഭിച്ചിട്ടില്ലാത്തവരായി രാജ്യത്തുണ്ട്. ഇസ്‌ലാമിക ദൗത്യനിര്‍വഹണത്തിന്റെ മാര്‍ഗത്തില്‍ ഇനിയുമേറെ ചെയ്യാനുണ്ടെന്നിരിക്കെ പ്രതികൂല സാഹചര്യങ്ങളാണെന്ന ന്യായം പറഞ്ഞ് നാടു വിട്ട് പോകണമെന്ന് പറയുന്നത് തികച്ചും ഇസ്‌ലാമിനെ കുറിച്ചും അതിന്റെ സാമൂഹിക ഉത്തരവാദിത്തങ്ങളെക്കുറിച്ചുമുള്ള അറിവില്ലായ്മ കൂടിയാണ്. ഹിജ്‌റ പ്രചോദനമാണ്; നാടു വിട്ട് പോകാനല്ല, ജീവിക്കുന്ന നാട്ടില്‍ കൃത്യമായ ലക്ഷ്യബോധത്തോടെയും ആസൂത്രണത്തോടെയും പ്രവര്‍ത്തിക്കാനുള്ള പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും പാഠങ്ങളാണ്.