പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോകത്തിന്റെ ഗതി മാറ്റിയ ആ സംഭവം: ന്യൂയോര്‍ക്ക് ലോകവ്യാപാര കേന്ദ്രത്തിന്റെ തകര്‍ച്ച. '9.11' ഭീകരാക്രമണം.
15 കൊല്ലം കഴിഞ്ഞു. ആര് എന്തുനേടി? ഏതോ ഭീകരര്‍ കൊന്ന 3000-ത്തോളം നിരപരാധികള്‍ക്കു പകരം അഫ്ഗാനിസ്ഥാനിലും
പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോകത്തിന്റെ ഗതി മാറ്റിയ ആ സംഭവം: ന്യൂയോര്‍ക്ക് ലോകവ്യാപാര കേന്ദ്രത്തിന്റെ തകര്‍ച്ച. '9.11' ഭീകരാക്രമണം.
15 കൊല്ലം കഴിഞ്ഞു. ആര് എന്തുനേടി? ഏതോ ഭീകരര്‍ കൊന്ന 3000-ത്തോളം നിരപരാധികള്‍ക്കു പകരം അഫ്ഗാനിസ്ഥാനിലും ഇറാഖിലും മറ്റും മറ്റുമായി ദശലക്ഷക്കണക്കിന് നിരപരാധികളെ സാമ്രാജ്യത്വ ഭീകരര്‍ കൊന്നു.
2001 സെപ്റ്റംബര്‍ 11ലെ ഭീകരതയെപ്പറ്റി ധാരാളം പേര് എഴുതുന്നു. കെട്ടിടത്തിനുള്ളില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ട പലരും അന്നത്തെ അനുഭവം ഓര്‍ത്തെടുക്കുന്നു. അമേരിക്കക്കാരി മാര്‍ഗരറ്റ് ലാസറസ് മകളെ സ്കൂളിലാക്കിയ ശേഷം വ്യാപാരകേന്ദ്രത്തിലെ ഓഫീസിലെത്തി. അരമണിക്കൂര്‍ കഴിഞ്ഞ്, കാലത്ത് എട്ടേമുക്കാലിന്, ഭയങ്കരമായ ഒരു ശബ്ദം കേട്ടു.
പിന്നെ പേടിപ്പിക്കുന്ന അന്തരീക്ഷത്തിലൂടെ കെട്ടിടത്തിന്റെ 27 നിലകള്‍ കോണി വഴി ഇറങ്ങി, കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിച്ച്, മകളെയും കൂട്ടി ഒടുക്കം വീട്ടിലെത്തിയ കഥ മാര്‍ഗരറ്റ് അനുസ്മരിച്ചു.
മാര്‍ഗരറ്റിനെപ്പോലെ മറ്റനേകം പേരും.
പക്ഷേ ഏറ്റവും വലിയ ദുരന്തം സഹിച്ചത് '9.11' ഭീകരരോ അവരുടെ ഇരകളോ അല്ല. കുറെ ഏഷ്യന്‍-മധ്യപൗരസ്ത്യ നാടുകളിലെ സാധാരണക്കാരായ പാവങ്ങളാണ്.
ആ ഭീകരനാളില് അഫ്ഗാനിസ്താനിലെ തന്റെ ജീവിതവും തുടര്‍ന്നുണ്ടായ പ്രത്യാഘാതങ്ങളും ഉള്ളുലക്കുന്ന ഭാഷയില്‍ ബിസ്മില്ലാ രജ്ജബര് ഓര്‍ത്തെടുത്തത് ഈയിടെ 'അല്‍ജസീറ' ചാനലില്‍ കാണിച്ചു.
ബിസ്മില്ലയുടെ പിതാവ് 1994ല്‍ മരിക്കുമ്പോള്‍ അവന്റെ പ്രായം 9. ഉപ്പ കാബൂളിലെ റെഡ്ക്രോസ് ആശുപത്രിയില്‍ ഡ്രൈവറായിരുന്നു- കുടുംബത്തിന്റെ ഏക ആശ്രയം. ആഭ്യന്തര യുദ്ധത്തിനിടെ ആശുപത്രിക്കുമേല്‍ വീണ റോക്കറ്റാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. ബിസ്മില്ലയും ഉമ്മയുമടക്കം ഏഴുപേരടങ്ങുന്ന കുടുംബം അനാഥമായി.
മൂത്ത സഹോദരി റസിയ സ്കൂളധ്യാപികയായി കുടുംബം പോറ്റി. വിവാഹം കഴിക്കാന്‍ പറഞ്ഞ ഉമ്മയോടവര്‍ പറഞ്ഞു- എന്റെ അനിയന്മാരും അനിയത്തിമാരും ഏറ്റവും മുന്തിയ വിദ്യാഭ്യാസം നേടിക്കഴിഞ്ഞാലേ ഞാന്‍ കല്യാണം കഴിക്കൂ.
പക്ഷേ 1996ല്‍ താലിബാന് ആധിപത്യം സ്ഥാപിച്ചതോടെ കാര്യങ്ങള്‍ കുഴഞ്ഞു. പെണ്ണുങ്ങള് ജോലി ചെയ്യാന്‍ പാടില്ലെന്ന് കല്പന. അപ്പോഴും റസിയ പാത്തും പതുങ്ങിയും ജോലിക്കുപോയി.
2001 സെപ്റ്റംബര്‍ 11 - നല്ല ചൂടുള്ള ഒരു വേനല്‍പ്പകല്‍. ബിസ്മില്ല കൂട്ടുകാരോടൊപ്പം ഫുട്ബോള്‍ കളിക്കാന്‍ ഒരുങ്ങുന്നു. പെട്ടെന്ന് ഒരു കൂട്ടുകാരന് കൈയിലെ റേഡിയോസെറ്റ് ഉയര്‍ത്തി ഓടിവന്നു പറഞ്ഞു:''താലിബാന് ഇരട്ടക്കെട്ടിടം തകര്‍ത്തിരിക്കുന്നു.''
അവര്‍ ആ വൈകുന്നേരം മുഴുന്‍ റേഡിയോ ന്യൂസ് കേട്ടു.
ആക്രമണം നടത്തിയത് താലിബാനല്ല എന്ന് പിന്നീട് വാര്‍ത്ത വന്നു. ബോംബ്-റോക്കറ്റാക്രമണങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ അഫ്ഗാന്‍കാര്‍ക്ക് അതത്ര വലുതായി തോന്നിയില്ല. പക്ഷേ വാര്‍ത്ത മുഴുവന്‍ അമേരിക്കയിലെ ഭീതിയെപ്പറ്റിയായിരുന്നു.
2001 ഡിസംബറില്‍, അല്‍ഖാഇദക്കും താലിബാനുമെതിരെ യു.എന്‍ സേന രൂപവല്‍കരിക്കപ്പെട്ടു. പിന്നെ വന്നു അമേരിക്കയുടെ അധിനിവേശം. അതിനു പിന്നാലെ, 2004ല്‍ തെരഞ്ഞെടുപ്പും കര്‍സായി സര്‍ക്കാരും.
പക്ഷേ രാജ്യം അസ്ഥിരമായി തുടര്‍ന്നു. ആയിരങ്ങള്‍ ബിസ്മില്ലാക്ക് ചുറ്റും മരിച്ചുകൊണ്ടിരുന്നു. 2008ല്‍ അവന് ബിരുദം നേടിയപ്പോള്‍ റസിയയാണ് ഏറെ സന്തോഷിച്ചത്. 'പ്രതീക്ഷ കൈവിടരുത്' എന്നു മാത്രമായിരുന്നു അവരുടെ ഉപദേശം.
ഇന്നും അഫ്ഗാനിസ്താന് അസ്വസ്ഥം തന്നെ. ഇന്നും അവിടെ കെട്ടിടങ്ങള്‍ തകരുന്നു. മനുഷ്യര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു.
'ഞങ്ങള്‍ക്ക് എല്ലാദിവസവും 9.11 തന്നെ എന്ന് ബിസ്മില്ല.' അത് ഇറാഖികള്‍ക്കും സിറിയക്കാര്ക്കുമൊക്കെ പറയാവുന്നത്.
ഒന്നു തീര്‍ച്ച: ആ ഭീകരാക്രമണം കൊണ്ട് പലരും നേട്ടം കൊയ്തു. നഷ്ടം മാത്രം അനുഭവിച്ചത്, അതിന്റെ പേരില്‍ കുറ്റം ചാര്‍ത്തപ്പെട്ട രാജ്യങ്ങളിലെ ജനകോടികള്‍.
തന്നെയുമല്ല, തീര്‍ത്തും നിരപരാധികളായ മുസ്ലിംകളിലെ വ്യക്തികളും സമൂഹങ്ങളും അകാരണമായി വേട്ടയാടപ്പെടുന്നു. മുസ്ലിമെന്ന സ്വത്വം പോലും നഷ്ടപ്പെടുത്തേണ്ട സ്ഥിതി.
സാറാ ഹാവഡ് ഇപ്പോള്‍ ലോകമറിയുന്ന ജേര്‍ണലിസ്റ്റാണ്. പുതുക്കിപ്പണിത വ്യാപാര കേന്ദ്രത്തിലിരുന്നുകൊണ്ട് അവര്‍ ഇന്ന് എഴുതുന്നത് അങ്ങനെയൊരനുഭവത്തെപ്പറ്റിയാണ്. മുസ്ലിം മുദ്ര ഒളിപ്പുവെച്ചതിനെപ്പറ്റി, ഒടുവില്‍ ധൈര്യത്തോടെ അത് വീണ്ടെടുത്തതിനെപ്പറ്റി.
മാതാപിതാക്കളുടെ സ്വദേശം വെച്ചുപറഞ്ഞാല്‍ പകുതി ജപ്പാന്‍കാരിയും പകുതി മൊറോക്കൊക്കാരിയുമാണ് സാറ. ജനിച്ചത് അമേരിക്കയില്‍. മുസ്ലിമെങ്കിലും ഹിജാബ് ധരിക്കാത്തതുകൊണ്ട് ആ അംഗീകാരവും കിട്ടാത്തവള്‍.
മകള്‍ മതവിദ്വേഷത്തിനിരയാകരുതെന്ന ചിന്തയിലായിരുന്നു മാതാപിതാക്കള്‍. 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിനു പിന്നാലെ, ഭീകരര്‍ മുസ്ലിംകളാണെന്ന വാര്‍ത്ത പരന്നപ്പോള്‍ അവര്‍ ഒന്നുകൂടി പരുങ്ങി.
ഒരു വര്‍ഷത്തിനുള്ളില്‍ അവരെല്ലാം മുസ്ലിം ചുവയുള്ള കുടുംബപ്പേര് നിയമാനുസൃതം മാറ്റി, 'ഹാവഡ്' എന്നാക്കി. സാറ എഴുതുന്നു. '12 വര്‍ഷം ഞാന്‍ ഇങ്ങനെ എന്റെ സ്വത്വം മറച്ചുവെച്ചു. എന്നെ, എന്റെ കുട്ടിക്കാലത്തെ, എനിക്കു ഞാന്‍ തന്നെ നിഷേധിച്ചു.'
വിദ്വേഷത്തിന്റെ കനലുകള്‍ ചുറ്റുമുണ്ടായിരുന്നു. പേരുമാറ്റത്തിനുമുമ്പ് സാറ തന്റെ ഏറ്റവുമടുത്ത കൂട്ടുകാരനോട് താന്‍ മുസ്ലിമാണെന്ന് വെളിപ്പെടുത്തി. നിറഞ്ഞ ഹാളില്‍ അവന് അവളുടെ നേരെ വിരല്‍ ചൂണ്ടി എല്ലാവരും കേള്‍ക്കെ 'ടെററിസ്റ്റ്' എന്ന് വിളിച്ചു.
ആറാം ക്ലാസില്‍ വെച്ച് അധ്യാപിക കുട്ടികള്‍ക്ക് കൊടുത്ത ചര്‍ച്ചാവിഷയം 'ഇസ്ലാം എന്ന തിന്മ'യായിരുന്നു. കുട്ടികള്‍ വട്ടംകൂടിയിരുന്ന് ഇസ്ലാമിന്റെ ദോഷങ്ങളെപ്പറ്റി മാറിമാറിപ്പറയണം. അമുസ്ലിം കുട്ടികളെ കൊല്ലണമെന്നാണ് മുസ്ലിം കുട്ടികള്‍ക്ക് കിട്ടുന്ന ഉപദേശമെന്ന് ടീച്ചര്‍തന്നെ പറഞ്ഞുകൊടുത്തു.
അങ്ങനെയല്ലെന്നറിഞ്ഞിട്ടും സാറ മിണ്ടാതെ അതില്‍ പങ്കെടുക്കുകയാണ് ചെയ്തത്.
ഈ ഒളിച്ചുകളി വൈകാതെ സാറക്ക് മടുത്തു. അവള് കാര്യങ്ങളെപ്പറ്റി എഴുതാന്‍ പഠിച്ചു. അതിനുള്ള ധൈര്യം ആര്‍ജിച്ചു.
ഇന്ന് സംഗതിവശാല്‍ സാറക്ക് വേള്‍ഡ് ട്രേഡ് സെന്ററിലാണ് ജോലി. ''ഇന്ന് ഞാനെഴുതുന്നു എന്റെ മുസ്ലിം സ്വത്വത്തെച്ചൊല്ലി മൗനംപാലിച്ച, ലജ്ജ തോന്നിയ, 12 വര്‍ഷങ്ങള്‍ക്കെല്ലാം പരിഹാരമായി ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നു.''
'എനിക്കുവേണ്ടി മാത്രമല്ല, എന്റെ കുടുംബക്കാര്‍ക്ക് വേണ്ടി.' ട്രേഡ് സെന്റര്‍ ആക്രണത്തില്‍ കൊല്ലപ്പെട്ടയാളുടെ മരുമകളും എന്റെ സുഹൃത്തുമായ റൈഹാന്‍ ഫാറൂഖിക്കുവേണ്ടി.
'ഇങ്ങനെ മുസ്ലിം സ്വത്വം വെളിപ്പെടുത്തി എഴുതരുതേയെന്ന് ഇപ്പോഴും ഉപദേശിക്കുന്ന ഉമ്മാക്കുവേണ്ടി.'
2015 സെപ്റ്റംബര്‍ 11നാണ് സാറ ട്രേഡ് സെന്ററില്‍ ജോലിക്കു കയറിയത്. ഇക്കൊല്ലം അവര്‍ എഴുതി: ''സെപ്റ്റംബര്‍ 11 എന്നെ ഒരുപാട് മാറ്റി. ഇപ്പോള്‍ എനിക്ക് ഭയമില്ല. ഞാനെന്റെ സ്വത്വം, എന്റെ വിശ്വാസം, മറച്ചുവെക്കുന്നില്ല. വണ്‍വേള്‍ഡ് ട്രേഡ് സെന്ററിന്റെ 83-ാം നിലയിലിരുന്ന് ഓരോ ദിവസവും ഞാന്‍ എഴുതുന്നു - അപാര അഭിമാനത്തോടെ'.