പല്ലിന്റെ ശൗര്യം
എ.എം. ഖദീജ /കുറിപ്പ്
2016 ഫെബ്രുവരി
ഒരാളുടെ ശൗര്യം പല്ലിലാണെന്ന് പഴയ ശൈലികളും പദ്യങ്ങളും സാക്ഷ്യപ്പെടുത്തുന്നു. 'പാണ്ടന്‍ നായയുടെ പല്ലിന് ശൗര്യം പണ്ടത്തെപ്പോല്‍ ഫലിക്കുന്നില്ല' എന്നല്ലേ കുഞ്ചന്‍ നമ്പ്യാരുടെ പരിഹാസം. പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുക എന്നും പറയുമല്ലോ.
ഒരാളുടെ ശൗര്യം പല്ലിലാണെന്ന് പഴയ ശൈലികളും പദ്യങ്ങളും സാക്ഷ്യപ്പെടുത്തുന്നു. 'പാണ്ടന്‍ നായയുടെ പല്ലിന് ശൗര്യം പണ്ടത്തെപ്പോല്‍ ഫലിക്കുന്നില്ല' എന്നല്ലേ കുഞ്ചന്‍ നമ്പ്യാരുടെ പരിഹാസം. പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുക എന്നും പറയുമല്ലോ.
കുഞ്ഞിന് പാല്പല്ലുമുളക്കുന്നത് പണ്ട് ആഘോഷമായിരുന്നു. പല്ലിനെ താലോലിച്ച് തേച്ച് മിനുക്കി സംരക്ഷിക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടതാണ്. പാല്പല്ല് പുഴുപ്പല്ലാകാന് അധികനേരമൊന്നും വേണ്ട.
പുഴുപ്പല്ല്
കൃത്രിമ ആഹാരമായ ചോക്ലേറ്റ്, കുപ്പിയിലടച്ച പാനീയങ്ങള്‍, ജാമുകള്‍ എന്നിവ സ്ഥിരമായി കഴിച്ചാല്‍ ഏതുകുഞ്ഞും പുഴുപ്പല്ലനാകും.
പുഴുപ്പല്ല് വരാതിരിക്കാന്‍ ആദ്യം ചെയ്യേണ്ടത് കുഞ്ഞുങ്ങള്‍ ആഹാരം കഴിച്ച ഉടനെ വായ് കഴുകാന്‍ ശീലിക്കലാണ്. അതിനുശേഷം വെള്ളം കുടിച്ചാല്‍ മതി. (ഇത്, ഭക്ഷണത്തിനും - വെള്ളംകുടിക്കും ഇടയില്‍ ഒരു ഗ്യാപ് കിട്ടാന്‍ സഹായിക്കുന്നു. മേല്പറഞ്ഞ പല്ലിലൊട്ടുന്ന ആഹാരം കഴിക്കുന്നത് നിരുത്സാഹപ്പെടുത്താം. പകരം ഇഷ്ടമുള്ള പഴങ്ങള്‍ വാങ്ങിക്കൊടുക്കാം. രാവിലത്തേതിനേക്കാള്‍ ശ്രദ്ധയോടെ രാത്രി ബ്രഷ് ചെയ്യാന്‍ ശീലിപ്പിക്കുന്നത് പുഴുപ്പല്ല് ഉണ്ടാകുന്നത് തടയും. കുഞ്ഞുങ്ങളുള്ള വീട്ടില്‍ പോകുമ്പോള്‍ മിഠായിക്കു പകരം നേന്ത്രപ്പഴം, പേര, പപ്പായ എന്നിവ കരുതുന്നത് ആരോഗ്യകരമാണ്. പാല്‍പ്പല്ലു വല്ലാതെ പുഴുതിന്നാല് പറിച്ചുകളയുന്നതാണ് നല്ലത്. പുതിയത് വരാന്‍ ഇത് വേഗം കൂട്ടും. പുതിയ പല്ല് ജീവിതകാലം മഴുവന്‍ വേണ്ടതിനാല്‍ ജാം, ബിസ്കറ്റ് ബേക്കറിയിലെ ലഡു, ജിലേബി ഒക്കെ നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ വേണം. എന്നാല്‍ പല്ലു വേദനിക്കാതെ കഴിക്കാം. പല്ലുവേദന വന്നവരോട് ചോദിക്കുക. അതിന്റെ ഗൗരവം മനസ്സിലാവും.
പല്ലിന്റെ ആരോഗ്യത്തിന് മോണയുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്.
മോണയുടെ ആരോഗ്യത്തിന്
1. ഗുണനിലവാരമുള്ള ബ്രഷും പേസ്റ്റും ഉപയോഗിക്കണം. മോണ മുറിയുന്ന ഹാര്‍ഡ് ബ്രഷ് ഉപയോഗിക്കരുത്. സോഫ്റ്റ് ആയ അറ്റം മെലിഞ്ഞ ബോട്ട് ആകൃതിയിലുള്ളതാണ് നല്ലത്.
2. മോണരോഗം വരാതിരിക്കാന്‍ രാവിലെ കഴിയുന്നത്ര നേരത്തെ കുളിക്കണം. കുളിച്ച ഉടനെ വെയില് കൊള്ളുന്നത് മോണക്ക് നീരിറക്കം ഉണ്ടാക്കും.
3. രണ്ടുനേരം ബ്രഷ് ചെയ്താല്‍ മാത്രം പോരാ. ചൂണ്ടുവിരല്‍ കൊണ്ട് മോണ ഉഴിഞ്ഞ് ചോരയോട്ടമുള്ളതാക്കണം. മോണയുടെ ഉറപ്പിന് മസാജിങ്ങ് ഫലപ്രദമാണ്.
4. നേന്ത്രപ്പഴം, ആപ്പിള്‍, സബര്ജല്, പേരക്ക പോലുള്ള പഴങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. പേരക്ക മോണരോഗത്തെ ചെറുക്കും. ഒരു വീട്ടില്‍ ഒരു പേരയെങ്കിലും പേരിന് ഉണ്ടാവട്ടെ.
5. മേല്പറഞ്ഞതൊക്കെ ശ്രദ്ധിച്ചാലും കടുത്ത മനപ്രയാസങ്ങളും മാനസ്സിക സംഘര്‍ഷങ്ങളും ഉള്ളിലൊതുക്കുന്നവര്ക്ക് മോണരോഗം വിടാതെ ഉണ്ടാകും. രണ്ടുനേരം ബ്രഷിങ്ങും മസ്സാജിങ്ങും നിഷ്ഫലമാക്കി. പല്ലുകള്‍ ഇളകുന്ന മോണരോഗികളും നമുക്കിടയില്‍ ഉണ്ട്.
മോണയുടെ ആരോഗ്യത്തിന് നീര്‍ക്കെട്ടും മാനസിക സംഘര്‍ഷവും ഒഴിവാക്കി, ശീലങ്ങള്‍ മെച്ചപ്പെടുത്തണം. പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ പ്രയത്നിക്കുക. ട്രസ്സ് കുറക്കുന്ന നടപ്പും വിനോദങ്ങളും കണ്ടെത്താം. പല്ലിന്റെ ആരോഗ്യത്തിന് കാല്‍സ്യം അടങ്ങിയ ആഹാരം കഴിക്കണം.
രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ ഒരു ദന്തഡോക്ടറെ കണ്ട് പരിശോധിപ്പിച്ചാല്‍ ക്ലിനിക്കല്‍ ക്ലീനിങ്ങ് ചെയ്യുമ്പോള്‍ മോണക്ക് ആരോഗ്യം കിട്ടും. മീന്‍ കഴിച്ചാല്‍ കാത്സ്യം ലഭിക്കും. ഇലക്കറികളും കഴിക്കാം. പോരെങ്കില്‍ (മുലയൂട്ടുന്ന അമ്മമാര്‍) പാലോ കാല്‍സ്യം ഗുളികയോ കഴിക്കേണ്ടതാണ്. ഗര്‍ഭിണികളും പല്ല് വൃത്തിയാക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പല്ലുകള്‍ക്ക് ദ്വാരമുണ്ടെങ്കില് അടക്കണം.
ഉറക്കക്കുറവും (അടുത്തടുത്ത പ്രസവവും) പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. രാത്രി നന്നായി ഉറങ്ങുക. പകല്‍ പ്രത്യേകിച്ചു രാവിലെ ആറിനു ശേഷവും വൈകീട്ട് നാലിന് ശേഷവും ഉറങ്ങാതിരിക്കുക എന്നതും നീര്ദോഷങ്ങളില്നിന്നും മോണയെ രക്ഷിക്കും.
പല്ലിന് നിറം വര്‍ധിപ്പിക്കാന്‍, രാത്രി പേയ്സ്റ്റ് ഉപയോഗിക്കുന്നവര്‍ രാവിലെ കരിപ്പൊടിയും മാവിലയും ഉപയോഗിച്ചാല്‍ മതി. വല്ലാത്ത മഞ്ഞനിറത്തിന് നേര്‍ത്തരീതിയില്‍ ബേയ്ക്കിങ്ങ് (അപ്പക്കാരം) ഉപയോഗിക്കാം. ആപ്പിള്‍ കഴിക്കുന്നത് പല്ലിന് നിറം നല്‍കും. ചായയും കാപ്പിയും കഴിച്ച ഉടനേ വായ് കഴുകുന്നതു പല്ല് കറുക്കാതിരിക്കും. പരസ്യത്തില്‍ കാണുന്നത്ര പേയ്സ്റ്റ് പല്ലുതേക്കാന്‍ ആവശ്യമില്ല. ഒരു കുന്നിക്കുരുവോളമോ മഞ്ചാടിക്കുരുവോളമോ മതി. സ്ഥിരമായി പേയ്സ്റ്റ് വയറ്റിലെത്തുന്നത് രോഗമുണ്ടാക്കും.