മാതൃത്വത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന സ്വഫായും മര്‍വയും
ശൈഖ് മുഹമ്മദ് കാരകുന്ന്
2016 ഫെബ്രുവരി
ഒരു പെണ്ണിന്റെ നടത്തവും നിര്‍ത്തവും അതിശ്രേഷ്ഠമായ ആരാധനയായിത്തീരുക; അവരുടെ മാത്രം ആരാധനയല്ല; ലോകാവസാനമുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള ആരാധന.
ഈ മഹാ വിസ്മയമാണ് ഹാജറിന്റെ കാര്യത്തില്‍ സംഭവിച്ചത്. അവര്‍ ഉന്നത കുലജാതയായിരുന്നില്ല. പണവും
ഖുര്‍ആനിലെ സ്ത്രീ 13
ഒരു പെണ്ണിന്റെ നടത്തവും നിര്‍ത്തവും അതിശ്രേഷ്ഠമായ ആരാധനയായിത്തീരുക; അവരുടെ മാത്രം ആരാധനയല്ല; ലോകാവസാനമുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള ആരാധന.
ഈ മഹാ വിസ്മയമാണ് ഹാജറിന്റെ കാര്യത്തില്‍ സംഭവിച്ചത്. അവര്‍ ഉന്നത കുലജാതയായിരുന്നില്ല. പണവും പകിട്ടുമുള്ളവളായിരുന്നില്ല. കാഴ്ചക്കാരിലൊക്കെയും കൗതുകമുണര്‍ത്തുന്ന സുന്ദരിയുമായിരുന്നില്ല. കേവലം ഒരടിമപ്പെണ്ണായിരുന്നു. പലരുടെയും വിശദീകരണമനുസരിച്ച് കറുത്തവളും. ആധുനിക ഭൗതിക സമൂഹത്തിന്റെ മാനദണ്ഡമനുസരിച്ച് നാലു പോരായ്മകളുടെ പ്രതീകം; അടിമ, കറുത്തവള്‍, വിദേശി, പെണ്ണ്.
ഇബ്രാഹിം പ്രവാചകന്റെ പത്‌നി സാറയുടെ ദാസിയെന്നാണ് ബൈബിള്‍ ഹാജറിനെ പരിചയപ്പെടുത്തുന്നത്. ഏതായാലും തന്റെ ഭര്‍ത്താവ് കിടപ്പറ പങ്കിടുന്നതില്‍ സാറയില്‍ ഒട്ടും അലോസരമുണ്ടാക്കാത്ത വിധം വിനീതയായിരുന്നു അവര്‍. സാറ സാധാരണ ഗതിയില്‍ പ്രസവിക്കുന്ന പ്രായം പിന്നിട്ടു. എന്നിട്ടും അവര്‍ക്ക് ഒരു കുഞ്ഞിക്കാലു കാണാന്‍ കഴിഞ്ഞില്ല. ഇത് അവരില്‍ അതിയായ അസ്വസ്ഥതയുണ്ടാക്കി. അതിനാല്‍ അവര്‍ തന്റെ പ്രിയതമന്‍ ഇബ്രാഹിം പ്രവാചകനോടു പറഞ്ഞു: 'പ്രസവിക്കാന്‍ ദൈവം എനിക്ക് വരം നല്‍കിയിട്ടില്ല. അങ്ങ് എന്റെ ദാസിയെ സമീപിച്ചാലും. ഒരു പക്ഷേ, അവളിലൂടെ എനിക്ക് കുട്ടികളെ കിട്ടിയേക്കാം' (ഉല്‍പത്തി: 16: 2,3)
സാറ പ്രതീക്ഷിച്ച പോലെത്തന്നെ സംഭവിച്ചു. ഇബ്രാഹിം പ്രവാചകന്‍ ഹാജറിനെ കിടപ്പറയിലെ പങ്കാളിയാക്കി. അവര്‍ക്ക് ഒരു കുഞ്ഞും പിറന്നു; യശ്മായേല്‍.. ദൈവം വിളികേട്ടവന്‍ എന്നാണ് ആ പേരിന്റെ അര്‍ഥം. ഇബ്രാഹിം നബിയുടെയും ഹാജറിന്റെയും സാറയുടെയും വിളിക്ക് അല്ലാഹു നല്‍കിയ ഉത്തരമായിരുന്നു ഇസ്മായേല്‍.
എന്നാല്‍ ഹാജര്‍ സാറയുടെ ദാസിയായി കഴിയേണ്ടവളായിരുന്നില്ല. ചരിത്രത്തില്‍ തുല്യതയില്ലാത്ത സ്ഥാനം നേടേണ്ടവരായിരുന്നു. പ്രവാചകന്മാരുടെ മാതാവാകേണ്ടവരും. പുത്രനെ പ്രസവിക്കുന്നതിലൊതുങ്ങുന്നതായിരുന്നില്ല അവരുടെ നിയോഗം. പുതിയ ഒരു പട്ടണത്തിന്റെയും സംസ്‌കാരത്തിന്റെയും നാഗരികതയുടെയും പിറവി അവരിലൂടെ നടക്കേണ്ടതുണ്ടായിരുന്നു. അതിന് സമാനതകളില്ലാത്ത ത്യാഗം അനിവാര്യമായിരുന്നു. അതിന്റെ പ്രഥമ പടി ഹിജ്‌റയായിരുന്നു. അങ്ങനെ ഹാജര്‍ പ്രിയതമനോടൊപ്പം ഹിജ്‌റ പോയി. മക്കയിലേക്കായിരുന്നു കൂടുമാറ്റം. മുപ്പതുനാളത്തെ ഒട്ടകയാത്രയുടെ ദൂരം താണ്ടിയാണ് അവരവിടെ എത്തിയത്. അന്ന് മക്ക ജലശൂന്യവും ഫലശൂന്യവും ജനശൂന്യവുമായിരുന്നു. അതിരുകളില്ലാത്ത വന്യവും വിശാലവുമായ താഴ്‌വര. ചുറ്റും പാറക്കല്ലുകള്‍ നിറഞ്ഞ ചത്ത കുന്നിന്‍ ചെരിവുകള്‍. പുഴ പോലും തിരിച്ചുവിട്ടാല്‍ വറ്റിപ്പോകുന്ന ചുട്ടുപഴുത്ത മണല്‍കാട്.
അവിടെയാണ് ഹാജറിന് തന്റെ കൊച്ചുകുഞ്ഞിനോടൊപ്പം തനിച്ചു കഴിയേണ്ടിയിരുന്നത്. അവരുടെ വശം അന്നപാനീയങ്ങളുണ്ടായിരുന്നില്ല. എല്ലാം സ്വന്തം സഅ്‌യി(അധ്വാനം)ലൂടെ നേടേണ്ടതുണ്ടായിരുന്നു. കൈവശമുള്ളതെല്ലാം തീരുകയും പിഞ്ചോമന വിശന്നും ദാഹിച്ചും കരയുകയും ചെയ്തപ്പോള്‍ ഹാജര്‍ വെള്ളം തേടിയുള്ള തന്റെ പ്രയാണമാരംഭിച്ചു. തൊട്ടടുത്തുണ്ടായിരുന്ന സ്വഫാ മലയുടെ മുകളില്‍ കയറി ചുറ്റും കണ്ണോടിച്ചു; എവിടെയെങ്കിലും വെള്ളമുണ്ടോയെന്ന്. വെള്ളമുള്ളതിന്റെ അടയാളമുണ്ടോയെന്ന്. കണ്ണെത്താവുന്ന ദൂരത്തോളം നോക്കിയിട്ടും ഒന്നും എവിടെയും കണ്ടില്ല. അതിനാല്‍, മെല്ലെ കുന്നിറങ്ങി മര്‍വായുടെ നേരെ ഓടി. അതിന്റെ മുകളില്‍ കയറിയും ചുറ്റും കണ്ണോടിച്ചു. നിരാശയായിരുന്നു ഫലം. അതിനാല്‍, വീണ്ടും സ്വഫായുടെ നേരെത്തന്നെ ഓടി അതിന്റെ മുകളില്‍ കയറി. ഏഴുതവണ ഇതാവര്‍ത്തിച്ചു. അവസാനം ഇസ്മാഈലിനെ കിടത്തിയ ഇടത്തേക്ക് തിരിച്ചുവന്നു. മനംതകര്‍ന്നും ശരീരംതളര്‍ന്നുമായിരുന്നു കുട്ടിയെ കിടത്തിയേടത്തേക്ക് മടങ്ങിയത്. തന്റെ കുഞ്ഞിന്റെ ശ്വാസം നിലച്ചിരിക്കുമോയെന്നുപോലും ഹാജര്‍ ആശങ്കിച്ചു. എന്നാല്‍, കുഞ്ഞിന്റെ അടുത്തെത്തിയപ്പോള്‍ അവര്‍ ആശ്ചര്യഭരിതയായി. കൊച്ചുമകന്‍ ഇസ്മാഈല്‍ കാലിട്ടടിച്ചിടത്തുനിന്ന് വെള്ളം പൊട്ടിയൊഴുകുന്നു. മരുഭൂമിയുടെ മാറ് തെളിനീര്‍ ചുരത്തുന്നു. ഹാജറിന്റെ സ്‌നേഹവും സമര്‍പ്പണവും സഅ്‌യും സൃഷ്ടിച്ച മഹാത്ഭുതം. വയറുനിറയെ കുടിച്ചാല്‍ ദാഹശമനത്തോടൊപ്പം ആത്മനിര്‍വൃതികൂടി നല്‍കുന്ന തീര്‍ഥജലം. അതുകണ്ട് ഹാജറിന്റെ കണ്ണുകളും നിറഞ്ഞു. കൃതജ്ഞതയുടെ കണ്ണീര്‍ കവിളുകളിലൂടെ ഒലിച്ചിറങ്ങി. മറ്റൊരു ഭാഷയില്‍ അവരുടെ ഹൃദയമുരുകി കണ്ണുകളിലൂടെ ഒഴുകിയപ്പോള്‍ അത് പരിത്യക്തരുടെ കണ്ണീരായി മാറുകയും മരുഭൂമി അതാവാഹിച്ച് തെളിനീരാക്കി ചുരത്തുകയുമായിരുന്നുവല്ലോ. ഹാജര്‍ കണ്ണീര്‍ നിയന്ത്രിച്ചു. വെള്ളം തടഞ്ഞുനിര്‍ത്തി. എന്നിട്ടും ഒഴുകിയപ്പോള്‍ വിളിച്ചു പറഞ്ഞു: 'സംസം.. അടങ്ങൂ..' അങ്ങനെ ആ മാതാവ് തന്റെ കുഞ്ഞിനെ മതിവരുവോളം കുടിപ്പിച്ചു. അവരും കുടിച്ചു. അന്ന് ഹാജറിനും കൊച്ചുകുഞ്ഞിനും ദാഹജലമായും പില്‍കാലക്കാര്‍ക്ക് തീര്‍ഥജലമായും മാറിയ മരുഭൂമിയിലെ മഹാത്ഭുതമായ ആ ജലപ്രവാഹത്തിന് 'സംസം' എന്ന പേരുകിട്ടിയത് അങ്ങനെയാണ്.
സ്വഫായില്‍നിന്ന് മര്‍വായിലേക്ക് 395 മീറ്റര്‍ ദൂരമുണ്ട്. ഹാജര്‍ ഏഴുതവണ അവക്കിടയിലോടി. വിശക്കുന്നവന്റെയും ദാഹിക്കുന്നവന്റെയും നെട്ടോട്ടമായിരുന്നു അത്. ഓമനമകന് കുടിവെള്ളം തേടി പാടുപെടുന്ന പരിഭ്രാന്തയായ ഒരുമ്മയുടെ വെപ്രാളം പൂണ്ട പാച്ചില്‍.
അത് മനുഷ്യചരിത്രത്തിലെ മഹാസംഭവമായി മാറുകയായിരുന്നു. ഒരു കറുത്ത അടിമപ്പെണ്ണ് തന്റെ പിഞ്ചോമനക്ക് ദാഹജലം തേടി നടത്തിയ ഓട്ടം അല്ലാഹു തനിക്കുള്ള തന്റെ ദാസിയുടെ അതിശ്രേഷ്ഠമായ ഇബാദത്ത് (വഴക്കം) ആയി അംഗീകരിച്ചു. അതിന്റെ അനുകരണവും ആവര്‍ത്തനവും അതിപ്രധാനമായ ആരാധനാ കര്‍മമായി നിശ്ചയിച്ചു. അങ്ങനെ വെള്ളമെന്ന ഭൗതിക പദാര്‍ഥം പരതിയുള്ള പാച്ചില്‍ മനുഷ്യരാശിയുടെ മതകര്‍മമായി മാറി. ഒരു പെണ്ണിന്റെ ഓട്ടം കാലത്തിന്റെ ഓട്ടമായി. എന്നുമെന്നും പിന്തുടരപ്പെടുന്ന മനുഷ്യരാശിയുടെ പാച്ചിലായി. രാജാവിനും ചക്രവര്‍ത്തിക്കും പ്രധാനമന്ത്രിക്കും പ്രസിഡണ്ടിനും പണക്കാരനും പ്രമാണിക്കുമുള്‍പ്പെടെ ആര്‍ക്കും അതില്‍നിന്ന് മാറിനില്‍ക്കാനാവില്ല. ഹാജറിന്റെ കുതിപ്പും കിതപ്പും വേദനയും വേവലാതിയും കാലം ഏറ്റുവാങ്ങി തലമുറകള്‍ക്ക് നല്‍കുകയായിരുന്നു.
ഹാജര്‍ കയറിനിന്ന മലകള്‍ അല്ലാഹുവിന്റെ അടയാളങ്ങളായി മാറി. ഖുര്‍ആന്‍ പറയുന്നു: 'തീര്‍ച്ചയായും സ്വഫായും മര്‍വായും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍പെട്ടവയാണ്.' (2:158)
ഹാജര്‍ ആ കുന്നുകളില്‍ കയറിനിന്നത് ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനല്ല. പ്രാര്‍ഥനയും കീര്‍ത്തനവും നടത്താനുമല്ല. എന്നിട്ടും, ആ മലകളില്‍ കയറിനില്‍ക്കല്‍ ആരാധനയായി മാറി. കീര്‍ത്തനവും പ്രാര്‍ഥനയും അതിന്റെ ഭാഗമായി. അതുകൊണ്ടുതന്നെ അക്ഷരാര്‍ഥത്തിലിത് സ്‌ത്രൈണതക്കുള്ള ദൈവികാംഗീകാരമാണ്. മാതൃത്വത്തിന്റെ മഹത്വ വിളംബരം. പെണ്ണിന്റെ മാതൃത്വവികാരമാണല്ലോ ഹാജറിനെ സ്വഫാ, മര്‍വ മലകളില്‍ കയറാനും അവക്കിടയില്‍ ഓടാനും പ്രേരിപ്പിച്ചത്.
ഇത് ഇസ്‌ലാമിലെ സ്ത്രീയുടെ പദവിയെ സംബന്ധിച്ച് ഉന്നയിക്കപ്പെടാറുള്ള ചോദ്യത്തെ അപ്രസക്തമാക്കുക കൂടി ചെയ്യുന്നു. സ്ത്രീ ആരാധനാകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കാമോയെന്നതാണ് ആ ചോദ്യം. ഒരു പെണ്ണിന്റെ നിര്‍ത്തവും നടത്തവും ഇസ്‌ലാമിലെ അതിപ്രധാനമായ ആരാധനാ കര്‍മമായിരിക്കെ ഇത്തരമൊരു ചോദ്യം തീര്‍ത്തും നിരര്‍ഥകമത്രെ. ഇബ്രാഹിം പ്രവാചകനെയും മുഹമ്മദ് നബി തിരുമേനിയെയും കഴിച്ചാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ അനുധാവനം ചെയ്യപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്യുന്ന വ്യക്തി ഹാജര്‍ എന്ന സ്ത്രീയായിരിക്കെ ഇസ്‌ലാമിലെ പെണ്ണിന്റെ പദവിയെപ്പറ്റിയുള്ള ഏതു ചോദ്യവും അപ്രസക്തമായി മാറുന്നു.