കുട്ടികളുടെ അവകാശം

ഡോ: എം ഷാജഹാന്‍ No image

സംഘടിതരും ദുര്‍ബലരുമായ കുട്ടികള്‍ അവരുടെ ന്യായമായ അവകാശം പോലും നിഷേധിക്കപ്പെട്ട് നിന്ദിതരായി നമ്മുടെ ഇടയില്‍ കഴിഞ്ഞുകൂടുന്നു. എന്നുമാത്രമല്ല, അധികാരത്തിന്റെയും ശാരീരികബലത്തിന്റെയും മുഷ്‌ക്കില്‍ നൂറ് ശതമാനവും അവരുടേതല്ലാത്ത കാര്യങ്ങളുടെ പേരില്‍, ശാരീരികവും ലൈംഗികവുമായ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. കടുത്ത പീഡനങ്ങളേറ്റുവാങ്ങി മരണത്തിലേക്ക് നടന്നുപോയ അതിഥി, മരണത്തോട് ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുന്ന ഷഫീഖ്,  ജിഷ്‌ന... അങ്ങനെ എത്രയോ കുരുന്നു ബാല്യങ്ങള്‍. അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകള്‍ കുട്ടികളുടെ അവകാശങ്ങളെപറ്റിയുള്ള ചര്‍ച്ചക്ക് വഴിവെക്കുകയാണെങ്കില്‍ അവര്‍ക്ക് രക്തസാക്ഷികളുടെ പദവി ലഭിക്കുമെന്നുറപ്പ്.  
പതിനെട്ടുവയസ്സിനു താഴെയുള്ളവരാണ് കുട്ടികള്‍ (കൂട്ടികള്‍ക്ക് കൂടി ബാധകമാകുന്ന ഏതെങ്കിലും നിയമപ്രകാരം അതിനുമുമ്പേ പ്രായപൂര്‍ത്തിയായതായി കണക്കാക്കപ്പെട്ടിട്ടില്ലെങ്കില്‍). മനുഷ്യന്‍ എന്ന നിലയിലുള്ള അവകാശങ്ങളും ഭരണഘടന നല്‍കുന്ന പൗരാവകാശങ്ങളും മുതിര്‍ന്നവര്‍ക്കു മാത്രമാണ് ബാധകം. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് അവകാശങ്ങള്‍ അറിയിക്കേണ്ടതുണ്ടെന്ന് ഒരു ബോധം വരുത്താന്‍ 1970-കളില്‍ തന്നെ ലോകവും പാകമായിരിക്കുന്നു. കോര്‍ണീലിയ യൂണിവേഴ്‌സിറ്റി, കുട്ടി ഒരു വ്യക്തി തന്നെയാണെന്നും വ്യക്തിയില്‍ കുറഞ്ഞ ഒന്നുമല്ലെന്നും അഭിപ്രായപ്പെട്ടു. കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള കൂട്ടായ ഒരു പൊതു നിയമസംഹിത ഐക്യരാഷ്ട്ര സഭ 1989 നവംബര്‍ 20-ാം തിയ്യതി അംഗീകരിച്ചു. ഇരുപത് രാജ്യങ്ങള്‍ ഈ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ ഇതു പ്രാബല്യത്തില്‍ വരുമെന്നും പ്രഖ്യാപിച്ചു.
1992 ഡിസംബര്‍ 11-ന് ഇന്ത്യ ഈ കൂട്ടായ്മയില്‍ ഒപ്പിട്ട് പങ്കാളിയായി. 1993 ആയപ്പോഴേക്കും 159 രാജ്യങ്ങള്‍ ഒപ്പിടുകയും 2002 ആയപ്പോള്‍ യു.എസ്.എയും സോമാലിയയും ഒഴികെ 190 രാജ്യങ്ങള്‍ പങ്കാളിയാവുകയും ചെയ്തു. ഈ പൊതുനിയമസംഹിതയിലെ അടിസ്ഥാനതത്വം കുട്ടികള്‍ക്ക് പ്രധാന്യം നല്‍കുക എന്നതാണ്. കുട്ടികള്‍ മറ്റു സ്വാധീനങ്ങള്‍ക്ക് വശംവദരാകാന്‍ ഏറെ ഇടയുണ്ടെന്നും അതുകൊണ്ട് തന്നെ പ്രത്യേകമായ ശ്രദ്ധയും പരിരക്ഷയും സഹായവും നല്‍കേണ്ടതുണ്ടെന്നും ഈ അവകാശ സംഹിത വിളംബരം ചെയ്യുന്നുണ്ട്. ഇതില്‍ നാല് അടിസ്ഥാന അവകാശങ്ങളാണുളളത്.
1. അതിജീവനത്തിനുള്ള അവകാശം
ഇതുകൊണ്ടുദ്ദേശിക്കുന്നത്
¨ജീവിക്കാനും ജീവിച്ചിരിക്കാനുമുള്ള അവകാശം.
¨സാധ്യമായ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യത്തിനും പോഷണത്തിനുമുള്ള അവകാശം.
¨മതിയായ ജീവിതനിലവാരത്തിനുള്ള അവകാശം.
¨നല്ല അന്തരീക്ഷത്തിനുള്ള അവകാശം.
¨കുടുംബത്തിന്റെ കൂടെ ആയിരിക്കാനുള്ള അവകാശം എന്നിവയാണ്.
ഇന്ത്യയില്‍ 1000 കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 30 കുട്ടികളും ഒരു വയസ്സെത്തുന്നതിന് മുമ്പ് മരണമടയുന്നു (ജപ്പാന്‍, സിങ്കപ്പൂര്‍ എന്നീ വികസിത രാജ്യങ്ങളില്‍ ഈ കണക്ക് ആയിരത്തിന് രണ്ട് എന്നാണ്). ഇന്ത്യയില്‍ മരിക്കുന്ന കുഞ്ഞുങ്ങളില്‍ കൂടുതലും പെണ്‍കുഞ്ഞുങ്ങളാണ്. ഇന്ത്യന്‍ കുട്ടികള്‍ അമ്പത് ശതമാനത്തിലധികം പോഷണക്കുറവുള്ളവരാണ്. കൗമാരക്കാരായ ആണ്‍കുട്ടികളില്‍ അഞ്ചിലൊരാള്‍ പോഷണക്കുറവുള്ളവനും, പെണ്‍കുട്ടികളില്‍ രണ്ടിലൊരാള്‍ പോഷണക്കുറവുള്ളവളുമാണ്. രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളില്‍ 58 ശതമാനം കുത്തിവെപ്പുകള്‍ പൂര്‍ണമായി എടുക്കാത്തവരാണ്. 60 ശതമാനത്തിലധികം കുട്ടികളും വിളര്‍ച്ച കാണിക്കുന്നു. ആയിരത്തില്‍ 95 കുട്ടികള്‍ അഞ്ചാം ജന്മദിനത്തിലേക്കെത്തുന്നില്ല. ഇന്ത്യയിലെ ഓരോ ആറാമത്തെ പെണ്‍കുട്ടിയും മരിക്കുന്നത് ലിംഗവിവേചനം കൊണ്ടാണ്.
2. സംരക്ഷണത്തിനുള്ള അവകാശം
എല്ലാവിധത്തിലുമുള്ള ചൂഷണങ്ങള്‍, ദുരുപയോഗപ്പെടുത്തല്‍, മനുഷ്യോചിതമല്ലാത്തതും ചവിട്ടിത്താഴ്ത്തുന്നതുമായ പെരുമാറ്റം, അനാസ്ഥ എന്നിവയില്‍ നിന്നുള്ള പൂര്‍ണമായ മോചനമാണ് ഇത് ലക്ഷ്യംവെക്കുന്നത്.
¨ലൈംഗിക ചൂഷണത്തിന് സംരക്ഷണം
¨അടിയന്തരാവസ്ഥകളിലും സായുധ സംഘട്ടനങ്ങളിലും പ്രത്യേകമായ സുരക്ഷിതത്വത്തിനുള്ള അവകാശം.
¨കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്നതും വില്‍ക്കുന്നതും ഗവണ്‍മെന്റ് തടയണം.
¨നിയമലംഘനം നടത്തിയ കുട്ടിയോട് ക്രൂരത പാടില്ല.
ഇന്ത്യയില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് കുട്ടികള്‍ തട്ടിക്കൊണ്ടുപോകപ്പെടുന്നു. ഇവരെ പിന്നീട് വില്‍ക്കുകയും, യാചകവൃത്തി, ബാലവേല എന്നിവക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. ലൈംഗികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് ഇരയാവുന്ന കുട്ടികളാണ് മിക്കവരും. 5-15 വയസ്സിനിടയില്‍ പ്രായമുള്ള ഇരുപതുലക്ഷം കുട്ടികള്‍ ഇന്ത്യയില്‍ ലൈംഗിക വ്യാപാരത്തില്‍ പങ്കെടുക്കുന്നു. 15-18 വയസ്സുകാരുടെ കണക്ക് മുപ്പത്തിമൂന്നു ലക്ഷം വരും. ഇന്ത്യയിലെ ലൈംഗിക തൊഴിലാളികളില്‍ നാല്‍പതു ശതമാനവും കുട്ടികളാണ്. ഓരോ വര്‍ഷവും അഞ്ചുലക്ഷം കുട്ടികള്‍ ഈ തൊഴിലിലേക്ക് തള്ളിവിടപ്പെടുന്നു.
3. വളരാനുള്ള അവകാശം
¨വിദ്യാഭ്യാസത്തിനുള്ള അവകാശം
¨പിഞ്ചുകുഞ്ഞായിരിക്കുമ്പോള്‍ വളര്‍ച്ചക്കും പ്രത്യേകമായ ശ്രദ്ധക്കും സാമൂഹ്യ സുരക്ഷക്കും ആവശ്യമായ പിന്‍ബലം നല്‍കല്‍.
¨വിശ്രമാവസരങ്ങള്‍ക്കും വിനോദങ്ങള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള അവകാശം.
¨ആത്മാഭിമാനം, കഴിവുകളും വ്യക്തിത്വവും വികസിക്കാന്‍ എന്നിവ പ്രദാനം ചെയ്യുന്ന സ്‌കൂള്‍ അന്തരീക്ഷത്തിലുള്ള അവകാശം.
¨അപകടകരവും വികാസത്തിന് തടസ്സം നില്‍ക്കുന്നതുമായ ജോലികളില്‍നിന്നുള്ള സംരക്ഷണം.
¨സ്വന്തം കുടുംബത്തിലെ ഭാഷയും രീതികളും പഠിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനുമുള്ള അവകാശം.
ഇന്ത്യയില്‍ 2010 ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന നിയമപ്രകാരം 14 വയസ്സുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ, 6-18 വയസ്സിനിടയിലുള്ള 50 ശതമാനം കുട്ടികള്‍ ഇന്ത്യയില്‍ സ്‌കൂളില്‍ പോകുന്നവരാണ്.  മൂന്നും അഞ്ചും ക്ലാസുകള്‍ക്കിടയില്‍ വെച്ച് പകുതി കുട്ടികളും കൊഴിഞ്ഞു പോകുന്നു. കൊഴിഞ്ഞുപോക്കില്‍ പെണ്‍കുട്ടികളാണധികം. സ്‌കൂളില്‍ പോവാതെ വേലചെയ്യുന്ന കുട്ടികളുടെ കണക്ക് നാല് കോടിയാണ്. ഇങ്ങനെ ചെയ്യുന്നത് കുട്ടികളുടെ ഇഷ്ടപ്രകാരമല്ല എന്നത് പ്രത്യേകം പ്രസ്ഥാവ്യമാണ്. ബാലവേലക്കാരുടെ ഔദ്യോഗിക കണക്ക് 1.7 കോടിയാണ്.
4. പങ്കാളികളാകാനുള്ള അവകാശം
¨കുട്ടികളുടെ ഇഷ്ടങ്ങളെ മാനിക്കുക.
¨അഭിപ്രായാവിഷ്‌കാര സ്വാതന്ത്ര്യം.
¨ആവശ്യമായ വിവരങ്ങള്‍ അറിയാനുള്ള സൗകര്യം (ടെലിവിഷന്‍, റേഡിയോ, പുസ്തകങ്ങള്‍, പത്രം എന്നിവയില്‍ നിന്ന്).
¨ചിന്തക്കും മനസ്സാക്ഷിക്കും ആത്മബോധത്തിനും മതത്തിനും ഉള്ള സ്വാതന്ത്ര്യം.
¨ഒന്നിച്ചുകൂടാനും സംഘടിക്കാനും ഗ്രൂപ്പുകളിലും സംഘടനകളിലും ചേരാനും (സ്വന്തത്തിനോ മറ്റുള്ളവര്‍ക്കോ അപായം വരാത്ത തരത്തില്‍) ഉള്ള അവകാശം.
കുട്ടിയെ ബാധിക്കുന്ന ഏത് കാര്യത്തിലും ഏത് നടപടിയും തങ്ങള്‍ക്കുള്ള അഭിപ്രായവും ഇഷ്ടവും പ്രകടിപ്പിക്കാനും ആ അഭിപ്രായം കണക്കിലെടുപ്പിക്കാനും കുട്ടികള്‍ക്കവകാശമുണ്ട്. സ്വകാര്യത, കുടുംബം, വീട്, ആശയ വിനിമയം എന്നിവയില്‍ ഇടപെടലുകളുണ്ടാവാതെ സംരക്ഷിക്കപ്പെടാനുള്ള അവകാശം കുട്ടിക്കുണ്ട്. വ്യവഹാരം, അപവാദം തുടങ്ങിയവയില്‍ നിന്ന് സംരക്ഷിക്കപ്പെടാനും കുട്ടികളുടെ സാംസ്‌കാരിക പൈതൃകത്തെ മാനിക്കുന്നതും അറിവുനല്‍കുന്നതുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ട്. ഇതിനെ പ്രോത്സാഹിപ്പിക്കാനും ദോഷകരമായ കാര്യങ്ങളില്‍ നിന്ന് സംരക്ഷിക്കാനും രാഷ്ട്രം മുന്‍കൈ എടുക്കണം.
കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പും സ്ത്രീശിശു വികസന മന്ത്രാലയവും സംയുക്തമായി നടപ്പിലാക്കിയ ചൈല്‍ഡ് ലൈന്‍ എന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ (1098) ഈ വിഷയത്തില്‍ ഒരു നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കാം.
തെരുവ് കുട്ടികള്‍, അസംഘടിത തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന കുട്ടികള്‍, വീട്ടുജോലിക്കു നില്‍ക്കുന്ന പെണ്‍കുട്ടികള്‍, ലൈംഗിക-മാനസിക പീഡനമനുഭവിക്കുന്ന കുട്ടികള്‍, ലൈംഗിക തൊഴിലുമായി ബന്ധപ്പെട്ട കുട്ടികള്‍, ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കാത്ത കുട്ടികള്‍, കാണാതായ/ഓടിപ്പോയ കുട്ടികള്‍, അഭയാര്‍ഥി കുട്ടികള്‍, വികലാംഗര്‍, നിയമപ്രശ്‌നങ്ങളുള്ള കുട്ടികള്‍ എന്നിങ്ങനെ സഹായമാവശ്യമുള്ള ഏതു കുട്ടിക്കും ഇരുപത്തിനാലു മണിക്കൂറും വിളിക്കാവുന്ന ഒരു സഹായ നമ്പറാണിത്. 291 നഗരങ്ങളില്‍ ഇത് നടപ്പിലാക്കിക്കഴിഞ്ഞു. ഓരോ വിളിക്കും നേരിട്ട് ഉടനടിയോ അതുമല്ലെങ്കില്‍ ഉപദേശം, സാന്ത്വനം എന്നിവ വഴിയോ കുട്ടികള്‍ക്ക് സഹായമെത്തിക്കും. ഇക്കഴിഞ്ഞ മാര്‍ച്ച് വരെ ഈ നമ്പറിലേക്ക് വന്ന വിളികളുടെ എണ്ണം രണ്ടേമുക്കാല്‍ കോടിയോളം വരുമെന്ന് കേട്ടാല്‍ തന്നെ ഈ ഹെല്‍പ്പ് ലൈനിന്റെ പ്രാധാന്യം വ്യക്തമാണ്.     

       

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top