പെണ്ണിനോട് ചോദിക്കാത്ത വിവാഹപ്രായം

മ്മുടെ രാഷ്ട്രപിതാവ് ഒരിക്കല്‍ പറഞ്ഞു: 'ഞാന്‍ ഭരണാധികാരിയാവുകയാണെങ്കില്‍ ഖലീഫ ഉമറിന്റെ ഭരണമാണ് ഇഷ്ടപ്പെടുന്നതെ'ന്ന്. ഈ ഖലീഫ ഉമര്‍ ആരായിരുന്നുവെന്നതിന് ഉത്തരം തേടി അധികദൂരം അലയേണ്ടതില്ല. നീതിമാനും പ്രജാവത്സനുമായ, ജനക്ഷേമകാര്യത്തില്‍ വല്ല അപാകതയും തന്നില്‍നിന്നും വന്നുപോയിട്ടുണ്ടോ എന്നറിയാനായി  അതിന്റെ നേര്‍സാക്ഷ്യങ്ങള്‍ തേടി രാത്രികളില്‍ ഉറങ്ങാതെ തെരുവീഥികളില്‍ അലഞ്ഞ ഇസ്‌ലാമിലെ രണ്ടാമത്തെ ഭരണാധികാരി. ഇസ്‌ലാമിക ശരീഅത്ത് യഥാവിധി നടപ്പിലാക്കിയാണദ്ദേഹം നീതിമാനായത്. ശരീഅത്ത് ഊന്നിപ്പറഞ്ഞ പെണ്ണവകാശമായ 'മഹര്‍' വ്യവസ്ഥ അദ്ദേഹത്തിന്റെ കാലത്ത് അനിയന്ത്രിതമായപ്പോള്‍ അത് ലഘൂകരിക്കാന്‍ ശ്രമിച്ച മഹാനായ ആ ഭരണാധികാരിക്ക് അല്ലാഹുവിന്റെ റസൂല്‍ നല്‍കിയ അവകാശം എടുത്തുകളയാന്‍ താങ്കളാരാണെന്ന സദസ്സിലെ പെണ്‍ചോദ്യത്തിന് മുന്നില്‍ തീരുമാനം മാറ്റേണ്ടിവന്നു. ഒരുപാട് കാലം തങ്ങളുടെ കുടുംബത്തെ വിട്ടുനില്‍ക്കുന്ന ഭടന്മാരെക്കുറിച്ചോര്‍ത്തു അദ്ദേഹം. 'ഒരു സ്ത്രീക്ക് എത്രകാലം തന്റെ ഇണയില്‍ നിന്നകന്നുനില്‍ക്കാന്‍ പറ്റും' എന്ന ചോദ്യവുമായി ചെന്നത് സ്വന്തം മകളുടെ അടുത്തേക്കായിരുന്നു. നാല് മാസത്തിലധികം സാധ്യമല്ല ബാപ്പായെന്ന മറുപടിയാണ് അദ്ദേഹത്തിന് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് മാസത്തിലധികം വിട്ടുനില്‍ക്കാന്‍ പാടില്ലെന്ന തീരുമാനമദ്ദേഹം എടുത്തത്. സ്ത്രീയുടെ ജൈവിക മാനസിക അവസ്ഥകളെ അംഗീകരിക്കുകയും അവളിലെ അറിവിനെ ആദരിക്കുകയും ജനാധിപത്യബോധത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഇസ്‌ലാമിക ശരീഅത്തിന്റെ പിന്‍ബലത്തിലായിരുന്നു അദ്ദേഹം ഈ രണ്ടുകാര്യങ്ങളും ചെയ്തത്.
ഇതിവിടെ ഓര്‍മിപ്പിക്കേണ്ടി വന്നത്, മുസ്‌ലിം വ്യക്തിനിയമ പരിരക്ഷയുടെ പേരില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കണമെന്ന വാദവും അതിനെത്തുടര്‍ന്നുള്ള ചര്‍ച്ചകളുടെ പോക്കും കണ്ടിട്ടാണ്. ഇത്തരമൊരാലോചന നടക്കുന്നിടത്തുപോലും പെണ്‍സാന്നിധ്യമില്ലാതിരിക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിച്ചത്. ഉമറിന്റെ അടുത്തേക്ക് പോയി അഭിപ്രായം പറഞ്ഞ പെണ്ണിനെപോലെ ഏതെങ്കിലുമൊരു പെണ്ണ് പതിനാറില്‍ കെട്ടിക്കാത്തതിനാല്‍ പ്രയാസം പറയുകയോ ഉമര്‍ ഇങ്ങോട്ടുവന്ന് ചോദിച്ചതുപോലെ അവളുടെ കാര്യത്തില്‍ അഭിപ്രായങ്ങള്‍ ചോദിക്കാന്‍ ഇങ്ങോട്ട് വന്നതായോ കേട്ടിട്ടില്ല. സമുദായത്തില്‍ അതിന് പാകപ്പെട്ടൊരു പെണ്ണില്ലാതെ പോയതാണെങ്കില്‍ അതിനുത്തരവാദിയും അവള്‍ക്കതിന് അര്‍ഹതയില്ല എന്നാണെങ്കില്‍ അതിനുത്തരം പറയേണ്ടതും സമുദായ നേതൃത്വം തന്നെയാണ്. വേണ്ടിടത്തും വേണ്ടാത്തിടത്തും ഫത്‌വകള്‍ കൊടുത്ത് സമുദായത്തെ സമ്മര്‍ദ്ദത്തിലാക്കുന്നവരാണിതിനുത്തരവാദികള്‍. പെണ്ണായ ആയിശ(റ) ഉദ്ധരിച്ച 2000-ത്തിലധികം ഹദീസുകള്‍ അവലംബമാക്കുന്ന സമുദായ നേതൃത്വത്തിന്‍ കീഴില്‍നിന്നും എന്തുകൊണ്ട് ആയിശമാരെ വളര്‍ത്തിയെടുത്തില്ല എന്നതിനുത്തരം നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണ്.
ഇസ്‌ലാമില്‍ വിവാഹത്തിന് പ്രത്യേക പ്രായപരിധി നിലവിലില്ല എന്നും അതുകൊണ്ട് പതിനെട്ടിന് മുന്നേയുള്ള വിവാഹം ഇസ്‌ലാമിക വ്യക്തിനിയമമനുസരിച്ച് അനുവദനീയമാകുമെന്നും ചില പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ കഴിക്കേണ്ടി വരുന്നവരെ ശിക്ഷിക്കുന്നത് വ്യക്തിനിയമത്തിലേക്കുള്ള കടന്നുകയറ്റമാണെന്നുമാണ് വാദം.
യഥാര്‍ഥത്തില്‍ മുസ്‌ലിം പെണ്ണിന്റെ മനസ്സറിയാതെയുള്ള പറച്ചിലാണിത്. കഴിഞ്ഞുപോയതിന് നിയമപരിരക്ഷ കൊടുക്കാന്‍ പ്രത്യേക സര്‍ക്കുലര്‍ വന്നിരിക്കേ ഇനിയും പ്രത്യേക സാഹചര്യം ഉണ്ടാക്കാന്‍ പോവുന്നതിനു പകരം പതിനെട്ട് വയസ്സു വരെ കാത്തിരിക്കാന്‍ വേണ്ട ബോധവത്ക്കരണമായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്നും ഉണ്ടാവേണ്ടിയിരുന്നത്.
പുരുഷന് സ്ത്രീയെ വിവാഹമോചനം ചെയ്യണമെങ്കില്‍ ഒരുപാട് കടമ്പകള്‍ ഇസ്‌ലാമിലുണ്ട്. തന്റെ ഇണയോട് പൊരുത്തപ്പെടാനായില്ലെങ്കില്‍ അവനില്‍ നിന്നൊഴിവാകാന്‍ ഇസ്‌ലാമിലെ പെണ്ണിന് എളുപ്പമാണ്. എന്നാല്‍ നിലവിലെ മുസ്‌ലിം വ്യക്തിനിയമത്തില്‍ തലകുത്തനെയാണ് കാര്യങ്ങള്‍. ഇതൊക്കെയും ചര്‍ച്ചക്കെടുത്ത് സമുദായത്തിന് ഗുണപരമായ രീതിയില്‍ കാര്യങ്ങള്‍ നീക്കുന്നതിനുപകരം പതിനാറില്‍തന്നെ കെട്ടിക്കാത്തതാണ് മുസ്‌ലിം പെണ്ണിന്റെ വലിയൊരു പ്രശ്‌നമെന്ന രീതിയില്‍ പൊതുസമൂഹത്തെക്കൊണ്ട് പറയിപ്പിക്കാനാണ് ശ്രമിക്കുന്നത്.
വിവാഹത്തിലൂടെ ലക്ഷ്യംവെക്കുന്നത് മാതൃകാകുടുംബത്തെയാണെങ്കില്‍ തലമുറകള്‍ വളര്‍ന്നുവരുന്ന മടിത്തട്ടുകള്‍ കനമുള്ളതാകണം. വിവരവും വിജ്ഞാനവും കരസ്ഥമാക്കിയ, സാമ്പത്തിക ക്രയവിക്രിയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അതിനെക്കുറിച്ച് വിവരമുള്ള പെണ്ണിന് മാത്രമേ സാധ്യമാകൂ. ശിക്ഷണങ്ങള്‍ നല്‍കാന്‍ ഒരുപാടാളില്ലാത്ത അണുകുടുംബവ്യവസ്ഥയില്‍ പ്രത്യേകിച്ചും. വിവാഹത്തിനു ശേഷവും അതാകാമെന്നാണെങ്കില്‍ ഞങ്ങള്‍ക്ക് തിരക്കില്ലെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞുകഴിഞ്ഞു.
ഇനി ബോധവത്ക്കരിക്കേണ്ടത് ആണ്‍കുട്ടികളെയാണ്. ചുളിവുകള്‍ വീഴാത്ത പെണ്‍ശരീര തേട്ടത്തിനപ്പുറം തന്റെ അഭാവത്തില്‍ സാമ്പത്തിക വിനിമയങ്ങള്‍ നടത്താന്‍ പറ്റുന്ന, ആധുനിക വിനിമയ മാര്‍ഗങ്ങളിലൂടെ മക്കള്‍ വഴിതെറ്റുന്നതില്‍ പങ്കപ്പെടാതെ വിവരസാങ്കേതികതയുടെ ഉള്ളിലിറങ്ങിച്ചെന്ന്  നല്ലതും ചീത്തയും കണ്ടുപിടിക്കാന്‍ കഴിയുന്ന, മതവും മതേതരത്വവും പഠിപ്പിക്കാന്‍ അറിയുന്ന, ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള പെണ്ണിനെ ഇണയാക്കാനുള്ള ത്രാണിയുണ്ടാക്കാന്‍. അതിന് സമുദായ നേതൃത്വം ശുഷ്‌കാന്തി കാണിക്കണം. സ്ത്രീധനവും സൗന്ദര്യവും വയസ്സിളപ്പവുമാണ് വിവാഹത്തിലെ ആധുനികദീനെന്ന് വാശിപിടിക്കുന്ന പുരുഷപക്ഷത്തെ പ്രമാണങ്ങളിലൂടെ ഖണ്ഡിക്കാനുള്ള പക്വത സ്ത്രീസമൂഹവും നേടണം. അതിന,് തൊഴില്‍ ലക്ഷ്യം വെച്ച് നേടുന്ന ആധുനിക വിദ്യാഭ്യാസത്തോടൊപ്പം പ്രവാചകന്‍ കാണിച്ചുതന്ന മത വിദ്യാഭ്യാസം പഠിക്കാന്‍ സ്ത്രീയും തയ്യാറാകണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top