അര്‍ധ വിരാമം

സറീന മസ്ഊദ് No image

ല്ലാ ആത്മാവും മരണത്തെ പുല്‍കുമെന്നത് ദൈവനിശ്ചയമാണെങ്കിലും സൗദയുടെ മരണം മനസ്സ് നിറയെ തീരാദുഃഖമാണ് സൃഷ്ടിച്ചത്. ഇരുപത് വര്‍ഷത്തെ പരിചയമാണ് അവരുമായുള്ളത്. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായി ഹോസ്റ്റലില്‍ ചേര്‍ന്ന് പഠിക്കുമ്പോള്‍ സൗദ അവിടെ ആറാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. ജൂനിയര്‍ വിദ്യാര്‍ഥിനികളായ ഞങ്ങള്‍ക്ക് അവര്‍ വിസ്മയമായിരുന്നു. നല്ല നേതൃപാടവം, കാര്യങ്ങള്‍ നന്നായി മനസ്സിലാക്കാനുള്ള കഴിവ്, വിദ്യാര്‍ഥിനികളുമായി സമര്‍ഥമായ ഇടപെടല്‍, അനുജത്തിമാരെപ്പോലെ ഞങ്ങളെ സ്‌നേഹിച്ച് പ്രാസ്ഥാനിക താല്‍പര്യങ്ങള്‍ക്കനുസരിച്ച് വളര്‍ത്തിയെടുക്കാനുള്ള ശ്രമം, പ്രാസ്ഥാനിക പ്രതിബദ്ധത, ഏതു പ്രയാസമുള്ള കാര്യവും ഏറ്റെടുക്കാനുള്ള സന്നദ്ധത, ഏതൊരു വിഷയത്തെയും അനുവാചകരെ സ്വാധീനിക്കുന്ന രൂപത്തില്‍ സമര്‍ത്ഥിക്കാനുള്ള കഴിവ്- ഇതെല്ലാം ഒത്തിണങ്ങിയ ലക്ഷണമൊത്ത പ്രവര്‍ത്തകയായിരുന്നു അവര്‍. ഇതെന്നില്‍ വിസ്മയമുണര്‍ത്തി. അധികം താമസിയാതെ ജി.ഐ.ഒവിന്റെ നേതൃരംഗത്താണ് അവരെ പിന്നെ കാണുന്നത്. ജി.ഐ.ഒവിന്റെ പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ അവസരം കൈവന്നപ്പോള്‍  വനിതാ നേതാവ് എന്ന നിലയില്‍ സൗദയുടെ മുഴുവന്‍ നന്മകളും അനുഭവിക്കാന്‍ അവസരമുണ്ടായി. നാലുവര്‍ഷം സംസ്ഥാനസമിതിയില്‍ ഒന്നിച്ചുണ്ടായിരുന്നപ്പോഴും അവര്‍ ജി.ഐ.ഒവിന്റെ പ്രസിഡണ്ടായിരുന്ന കാലയളവില്‍ ഞാനവരുടെ സെ്രകട്ടറിയായിരുന്നപ്പോഴും ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന ബന്ധം ഇന്നും ഹൃദയഹാരിയായി അനുഭവപ്പെടുന്നു. വ്യക്തിപരമായ കാര്യങ്ങള്‍, കുടുംബകാര്യങ്ങള്‍ എല്ലാം താല്‍പര്യപൂര്‍വം അന്വേഷിക്കുമായിരുന്നു. വിവാഹിതരായിട്ടും കുട്ടികളുണ്ടാവാന്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്ന സന്ദര്‍ഭത്തില്‍ എന്നെ സമാധാനിപ്പിക്കുവാനും ആശ്വസിപ്പിക്കുവാനും അവരെപ്പോഴും ശ്രദ്ധിച്ചിരുന്നു.
എന്റെ മൂത്തമകന്‍ നാദിര്‍ ഹസീന്‍ മസ്ഊദിന് ഓട്ടിസം ബാധിച്ചതിനാല്‍ പ്രാസ്ഥാനിക രംഗത്ത് പഴയതുപോലെ സജീവ സാന്നിധ്യം നിലനിര്‍ത്താന്‍ എനിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍, എപ്പോഴും കാര്യങ്ങള്‍ അന്വേഷിക്കുകയും ബന്ധം നിലനിര്‍ത്താന്‍ പ്രത്യേകം താല്‍പര്യം കാണിക്കുകയും ചെയ്തിരുന്നു.
കേരളീയ പൊതുസമൂഹത്തില്‍ മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഇസ്‌ലാമിക ദര്‍ശനത്തിന്റെ പിന്‍ബലത്തില്‍ സമര്‍ഥമായി അവതരിപ്പിക്കാന്‍ കഴിവുള്ള അപൂര്‍വ പ്രതിഭകളില്‍ ഒരാളായിരുന്നു സൗദ. ഇസ്‌ലാമിന്റെ വിശ്വാസവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുസ്‌ലിം വനിതകള്‍ക്ക് ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധിക്കുമെന്ന് ജീവിതത്തിലൂടെ തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പ്രധാന അധ്യാപികയായി ഔദ്യോഗിക ജീവിതം നയിക്കുമ്പോള്‍ത്തന്നെ താന്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനം ഏല്‍പ്പിക്കുന്ന ഏതു ചുമതലയും ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ ശുഷ്‌കാന്തി പുലര്‍ത്തിയിരുന്നു. പ്രസ്ഥാനപ്രവര്‍ത്തകനായ ഇണയുടെ പൂര്‍ണസഹകരണമുള്ളതിനാല്‍ ഒന്നാംതരം കുടുംബിനിയാകാന്‍ ഔദ്യോഗിക കൃത്യനിര്‍വഹണമോ പ്രാസ്ഥാനിക ചുമതലകളോ തടസ്സമായിരുന്നില്ല.    
ജീവിതത്തിന്റെ അര്‍ധഭാഗം പിന്നിടുമ്പോള്‍ തന്നെ അവിടെ വിരാമം കുറിക്കേണ്ടി വന്ന സൗദത്ത ഒരു സ്ത്രീ അവളുടെ ആയുസ്സില്‍ ചെയ്തുതീര്‍ക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടാണ് നമ്മെ വിട്ടുപിരിഞ്ഞത്. രോഗം ബാധിച്ച് പ്രയാസം നേരിടുമ്പോള്‍ അവര്‍ കാണിച്ച അസാധാരണമായ കരുത്ത് ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ മതിപ്പ് ഉണ്ടാക്കുന്നതിന് കാരണമായിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിം സമൂഹത്തിന് സൗദത്തായുടെ മരണം വലിയ നഷ്ടമാണ്. പ്രസ്ഥാനത്തിനകത്തുള്ള സഹോദരിമാര്‍ക്കെന്നും അതൊരു നൊമ്പരമാണ്. എല്ലാവര്‍ക്കും അവരെക്കുറിച്ച് ഓര്‍ത്തെടുക്കാന്‍ ധാരാളം മധുരസ്മരണകളുണ്ട്. ധന്യമായൊരു ജീവിതത്തിനേ ഇങ്ങനെയൊന്ന് സമ്മാനിക്കാന്‍ കഴിയുകയുള്ളൂ. സ്വന്തം വളര്‍ച്ചയില്‍ കൊതിതീരാത്ത കുടുംബത്തെയും പ്രസ്ഥാനത്തെയും ദുഃഖത്തിലാഴ്ത്തിയാണ് അകാലത്തില്‍ അവര്‍ നമ്മെ പിരിഞ്ഞത്. ഒരു സ്ത്രീ മരണപ്പെട്ടാല്‍ അവളുടെ ഭര്‍ത്താവ് നല്‍കുന്ന നന്മയുടെ സാക്ഷ്യപത്രം അവരുടെ പരലോകം ധന്യമായി എന്നതിന്റെ പ്രത്യക്ഷ സാക്ഷ്യമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top