വിസ്മൃതമാവുന്ന പെണ്ണവകാഷങ്ങള്‍

അബൂയാസിര്‍ No image

മഹ്ര്‍ എന്ന അറബിപദത്തിനര്‍ഥം മുദ്ര എന്നാണ്. സ്ത്രീധനം എന്ന് പ്രയോഗാര്‍ഥവുമുണ്ട്. ഇസ്‌ലാമിക ശരീഅത്തിന്റെ സാങ്കേതിക ഭാഷയില്‍ വിവാഹബന്ധത്തിന്റെ മുദ്രയായി വരന്‍ വധുവിന് നല്‍കുന്ന ദ്രവ്യമാണ് മഹ്ര്‍. നല്‍കുന്നത് പുരുഷനായതിനാല്‍ പുരുഷധനമെന്നും, ലഭിക്കുന്നത് സ്ത്രീക്കായതിനാല്‍ സ്ത്രീധനമെന്നും ഇതിനെ വിളിക്കാം. 'വിവാഹമൂല്യ'മാണ് മലയാളത്തില്‍ സാധാരണ ഉപയോഗിക്കാറുള്ള വാക്ക്. വിവാഹ മുദ്രയായി ഇതര സമുദായങ്ങളിലുള്ള താലികെട്ട്, പുടവ കൊടുക്കല്‍ തുടങ്ങിയ സമ്പ്രദായങ്ങള്‍ പോലൊന്നാണ് ഇസ്‌ലാമില്‍ മഹ്ര്‍. എന്നാല്‍ താലികെട്ടും പുടവ കൊടുക്കലും മഹ്‌റില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഒരു വിവാഹ മുദ്ര എന്നതില്‍ കവിഞ്ഞ സാമ്പത്തിക പ്രാധാന്യമൊന്നും അവക്കില്ല. പുരുഷനാണവ നല്‍കുന്നതെങ്കിലും വരന്റെ നിര്‍ബന്ധ ബാധ്യതയായോ വധുവിന്റെ അവകാശമായോ നിയമം സ്ഥിരപ്പെടുത്തുന്നുമില്ല. താലിയുടെയും പുടവയുടെയും തരവും തോതും പുരുഷന് ഏകപക്ഷീയമായി തീരുമാനിക്കാം.
മഹ്‌റിന് വിവാഹമുദ്രയായതോടൊപ്പം സാമ്പത്തികമായ പ്രാധാന്യവുമുണ്ട്. താലിയോ പുടവയോ പോലെ പരിമിതമായ ദ്രവ്യമല്ല അത്. മഹ്‌റിന് നിര്‍ണിതമായ പരിധിയും പരിമിതിയുമില്ല. അതിന്റെ തരവും തോതും പുരുഷന്‍ ഏകപക്ഷീയമായിട്ടല്ല തീരുമാനിക്കേണ്ടത്. അത് പുരുഷന്റെ നിയമപരമായ ബാധ്യതയും സ്ത്രീയുടെ നിയമപരമായ അവകാശവുമാണ്. മഹ്ര്‍ എന്തെന്നും എങ്ങനെയെന്നും തീരുമാനിക്കേണ്ടത് ഉഭയസമ്മത പ്രകാരമാണ്. എത്ര വര്‍ധിച്ച തുകയും മഹ്‌റായി പുരുഷനോടാവശ്യപ്പെടാന്‍ സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ട്. ഉഭയസമ്മത പ്രകാരം നിശ്ചയിച്ച മഹ്ര്‍ വരന്‍ വധുവിന് കൈമാറിയിരിക്കണം. സ്ത്രീക്ക് കൈമാറപ്പെട്ട മഹ്‌റിന്റെ ഉടമസ്ഥത പൂര്‍ണമായും അവള്‍ക്കായിരിക്കും. ഭര്‍ത്താവിന് അത് തിരിച്ചുവാങ്ങാനോ സ്വതന്ത്രമായി ഉപയോഗിക്കാനോ അവകാശമില്ല.
വിശുദ്ധ ഖുര്‍ആന്‍ പത്തോളം സ്ഥലങ്ങളില്‍ മഹ്‌റിന്റെ കാര്യം ഗൗരവപൂര്‍വം പ്രസ്താവിക്കുന്നുവെന്നതില്‍ നിന്നു തന്നെ ഇസ്‌ലാമിക ശരീഅത്ത് അതിനു കല്‍പിക്കുന്ന പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്. ഖുര്‍ആന്‍ വചനങ്ങളുടെ വെളിച്ചത്തില്‍ ഇസ്‌ലാമിക ധര്‍മശാസ്ത്ര പണ്ഡിതന്മാര്‍ മഹ്‌റിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുകയും സവിസ്തരമായ നിയമങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു. ഈ ചര്‍ച്ചകളില്‍ നിന്നും നിയമങ്ങളില്‍ നിന്നും വ്യക്തമാകുന്ന സംഗതി ഇതാണ്: വിവാഹ മുദ്ര എന്നതിനപ്പുറം സ്ത്രീ, ഒരു പുരുഷന്റെ ഭാര്യാ പദം ഏറ്റെടുക്കുന്നതിന്റെ വിലയും അവളുടെ സാമ്പത്തിക താല്‍പര്യം സംരക്ഷിക്കുന്നതിനുള്ള ഉപാധിയുമാണ് മഹ്ര്‍. നിക്കാഹ് ചെയ്ത് ദാമ്പത്യം പങ്കിട്ട ശേഷം പുരുഷന്‍ വിവാഹമോചനം ചെയ്താലും സ്ത്രീ അവള്‍ക്ക് നിശ്ചയിച്ച മഹ്‌റിന് അവകാശിയാകുന്നു. എത്ര വമ്പിച്ച സ്വത്ത് മഹ്‌റായി നല്‍കിയിട്ടുണ്ടെങ്കിലും, സ്ത്രീ സ്വമനസ്സാ വല്ലതും വിട്ടുകൊടുക്കുന്നുവെങ്കിലല്ലാതെ അയാള്‍ അതില്‍ നിന്ന് ഒന്നും തിരിച്ചുവാങ്ങാന്‍ പാടുള്ളതല്ല. നിക്കാഹിനു ശേഷം പരസ്പരം സ്പര്‍ശിക്കുകയോ കൂടെ പൊറുക്കുകയോ ചെയ്യുന്നതിന് മുമ്പാണ് വിവാഹമോചനം നടക്കുന്നതെങ്കില്‍ നിശ്ചയിക്കപ്പെട്ട മഹ്‌റിന്റെ പകുതിക്കേ ഭാര്യക്ക് അവകാശമുള്ളൂ. എന്നാല്‍ ഭര്‍ത്താവ് അത് മുഴുവന്‍ അവള്‍ക്ക് വിട്ടുകൊടുക്കുന്നതാണ് ഉചിതം. നിക്കാഹ് വേളയില്‍ മഹ്ര്‍ നിര്‍ണയിക്കപ്പെട്ടിട്ടില്ലാത്ത സ്ത്രീയാണ് ദാമ്പത്യം പങ്കിടുന്നതിന് മുമ്പ് മോചിപ്പിക്കപ്പെടുന്നതെങ്കില്‍ അവള്‍ക്ക് ന്യായമായ ആശ്വാസധനം നല്‍കേണ്ടതുണ്ട്. ഇതിന് മതാഅ് എന്ന് പറയുന്നു.
സാഹചര്യം ആവശ്യപ്പെടുന്നുവെങ്കില്‍ മഹ്ര്‍ റൊക്കമായി നല്‍കാതെയും ഇന്നതെന്ന് നിര്‍ണയിക്കാതെയും നിക്കാഹ് നടത്താവുന്നതാണ്. നിശ്ചിത മഹ്ര്‍ ഭാര്യക്ക് ഏല്‍പിച്ചുകൊടുക്കുന്നതുവരെ അത് ഭര്‍ത്താവില്‍ നിന്ന് അവള്‍ക്ക് തിരിച്ചുകിട്ടേണ്ട കടമായി അവശേഷിക്കും. നിക്കാഹ് വേളയില്‍ മഹ്ര്‍ നല്‍കേണ്ടത് ഇന്നതാണെന്ന് നിര്‍ണയിച്ചിട്ടില്ലെങ്കില്‍, യോഗ്യതകളിലും സാമൂഹിക സാമ്പത്തിക നിലവാരങ്ങളിലും ആ സ്ത്രീക്ക് തുല്യകളായ മറ്റു സ്ത്രീകള്‍ക്ക് ലഭിക്കുന്ന മിതമായ മഹ്ര്‍ നല്‍കാന്‍ വരന്‍ ബാധ്യസ്ഥനാകുന്നു. മഹ്ര്‍ കൈമാറുന്നതിനു മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടാല്‍ അയാളുടെ ദായധനത്തില്‍ നിന്ന് അവള്‍ക്കത് ഈടാക്കാവുന്നതാണ്. അതില്ലെങ്കില്‍ അയാളുടെ അനന്തരാവകാശികള്‍ നല്‍കണം. സ്ത്രീ മരിച്ചാല്‍ അവളുടെ ദായധനത്തില്‍ ഭര്‍ത്താവില്‍നിന്ന് ലഭിച്ച മഹ്‌റും ഉള്‍പ്പെടുന്നു. അവളുടെ അനന്തരാവകാശികള്‍ക്ക് അതിലും അവകാശമുണ്ടായിരിക്കും.
വരന്‍ വധുവിന് മഹ്ര്‍ നല്‍കുക എന്നത് വെറുമൊരു ചടങ്ങല്ലെന്നും ശരീഅത്ത് അതുവഴി ലക്ഷ്യമാക്കുന്നത് സ്ത്രീയുടെ ശാക്തീകരണമാണെന്നുമാകുന്നു ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. ആ നിലയില്‍ തന്നെയായിരുന്നു പൂര്‍വകാലങ്ങളില്‍ അത് കൈകാര്യം ചെയ്യപ്പെട്ടിരുന്നതും. വധുവിന്റെ യോഗ്യതകള്‍, ജീവിത നിലവാരം, സാമൂഹിക പദവി എന്നിവയായിരുന്നു മഹ്ര്‍ നിര്‍ണയത്തിനാധാരം. സ്ത്രീധന സമ്പ്രദായമില്ലാത്ത പല മുസ്‌ലിം സമൂഹങ്ങളിലും ഇന്നും അതു തന്നെയാണവസ്ഥ. യുവതികള്‍ അഥവാ അവര്‍ക്കു വേണ്ടി രക്ഷിതാക്കള്‍ ദുര്‍വഹമായ മഹ്ര്‍ ആവശ്യപ്പെടുന്നതിനാല്‍ അറബ് നാടുകളിലും മറ്റും പുര നിറഞ്ഞു നില്‍ക്കാറുള്ളത് പുരുഷന്മാരാണ്. മുസ്‌ലിം സമൂഹത്തില്‍ മഹ്ര്‍ അമിതമായി വര്‍ധിച്ചുവരുന്നുവെന്ന് തോന്നിയ രണ്ടാം ഖലീഫ ഉമര്‍(റ) അതിന് പരിധി നിശ്ചിയിച്ചുകൊണ്ട് നിയമം കൊണ്ടുവരാന്‍ ശ്രമിക്കുകയുണ്ടായി. സ്ത്രീ ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അദ്ദേഹം ആ നടപടിയില്‍ നിന്ന് പിന്മാറുകയായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ 4:20 സൂക്തം തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള അവകാശത്തിന്റെ ലംഘനമാണതെന്നായിരുന്നു അവരുന്നയിച്ച വാദം. വധുവിന് സ്വര്‍ണത്തിന്റെ ഒരു കൂമ്പാരം തന്നെ നല്‍കിയിട്ടുണ്ടെങ്കിലും വരന്‍ അതില്‍ നിന്ന് യാതൊന്നും തിരിച്ചുവാങ്ങാന്‍ പാടില്ലെന്നാണ് പ്രസ്തുത സൂക്തം അനുശാസിക്കുന്നത്.
ദാമ്പത്യ ബന്ധം ഭദ്രമാക്കുന്ന ഘടകം കൂടിയാണ് ന്യായമായ മഹ്ര്‍. തന്റെ സമ്പത്തിന്റെ ഗണ്യമായ ഒരു ഭാഗം മഹ്ര്‍ നല്‍കി പരിണയിച്ച സ്ത്രീയെ ഒഴിവാക്കിയാല്‍ അവള്‍ക്ക് കൊടുത്തതെല്ലാം നഷ്ടപ്പെടുമെന്നതിനാല്‍ അത്ര പെട്ടെന്നൊന്നും പുരുഷന്‍ വിവാഹമോചനത്തിനൊരുമ്പെടുകയില്ല. മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യണമെങ്കില്‍ അയാള്‍ അത്രയും ധനം വേറെ ചെലവഴിക്കേണ്ടിവരും. വിവാഹമുക്തക്കാവട്ടെ പുനര്‍ വിവാഹത്തില്‍ വീണ്ടും മഹ്ര്‍ ലഭിക്കുകയും ചെയ്യുന്നു. മഹ്ര്‍ തുഛമായ സാമ്പത്തിക മൂല്യം മാത്രമുള്ള ചടങ്ങായി മാറുമ്പോള്‍ ഈ ലക്ഷ്യം പാഴാവുകയാണ്. ഒപ്പം സ്ത്രീധന സമ്പ്രദായവും കൂടി ചേരുമ്പോള്‍ വിവാഹവും വിവാഹമോചനവും പുരുഷന് വമ്പിച്ച ലാഭം കിട്ടുന്ന കച്ചവടമായിത്തീരുന്നു. ആയിരമോ രണ്ടായിരമോ മഹ്ര്‍ കൊടുത്ത് ഒന്നോ രണ്ടോ ലക്ഷം സ്ത്രീധനം വാങ്ങുക. ആ തുക മുടിഞ്ഞാല്‍ അവളെ ഒഴിവാക്കി ഇതേ രീതിയില്‍ വേറൊരുവളെ കെട്ടുക. ഇതര മതസ്ഥരായ ചില വിരുതന്മാരും ഇപ്പോള്‍ മുസ്‌ലിം പേര് സ്വീകരിച്ച് ഈ കച്ചവടത്തിലേര്‍പ്പെട്ടിരിക്കുകയാണ്. സ്ത്രീധന സമ്പ്രദായം നിര്‍മാര്‍ജനം ചെയ്യപ്പെടുകയും ദാമ്പത്യബന്ധവും സ്ത്രീയുടെ സാമ്പത്തിക താല്‍പര്യവും സുരക്ഷിതമാകാന്‍ പര്യാപ്തമായ ധനം മഹ്ര്‍ നല്‍കുന്ന സമ്പ്രദായം വളര്‍ന്നുവരികയും ചെയ്യുന്നതിലൂടെ മാത്രമേ ഈ ദുരാചാരം അവസാനിക്കൂ.
ഏറ്റം കൂടിയ മഹ്ര്‍ ആവശ്യപ്പെടാനെന്ന പോലെ ഏറ്റം കുറഞ്ഞ മഹ്ര്‍ ആവശ്യപ്പെടാനും സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ട്. നിശ്ചിത മഹ്ര്‍ ഭാഗികമായോ പൂര്‍ണമായോ ഭര്‍ത്താവിന് വിട്ടുകൊടുക്കാനും സ്വാതന്ത്ര്യമുണ്ട്. തനിക്കനുയോജ്യനും യോഗ്യനുമായ ഭര്‍ത്താവിനെ ലഭിക്കുകയും ജീവിതം ഭദ്രമാവുകയുമാണ് പ്രധാനം. വന്‍തുക മഹ്ര്‍ ലഭിച്ചതുകൊണ്ടു മാത്രം ദാമ്പത്യം സുഖകരമാകണമെന്നില്ല. മഹ്ര്‍ കുറഞ്ഞുപോയതുകൊണ്ട് ദുഃഖകരമാകണമെന്നുമില്ല. ആയിരക്കണക്കില്‍ ദീനാറുകളും വന്‍ തോട്ടങ്ങളും മഹ്ര്‍ നല്‍കി കല്യാണം കഴിച്ചവര്‍ പ്രവാചക ശിഷ്യന്മാരുടെ കൂട്ടത്തിലുണ്ടായിരുന്നു. വളരെ തുഛമായ ദ്രവ്യം കൊടുത്ത് കല്യാണം കഴിച്ചവരുമുണ്ടായിരുന്നു. നാലാം ഖലീഫ അലി(റ) പ്രവാചക പുത്രിയെ വിവാഹം ചെയ്തത് വെറുമൊരു മോതിരം മഹ്ര്‍ നല്‍കിയാണ്. അദ്ദേഹം ധരിച്ചിരുന്ന പടയങ്കിയാണ് നല്‍കിയതെന്നും പ്രസ്താവമുണ്ട്. അതേ അന്നദ്ദേഹത്തിനു സാധിക്കുമായിരുന്നുള്ളൂ. സ്ത്രീകള്‍ ദുര്‍വഹമായ മഹ്ര്‍ ആവശ്യപ്പെടുന്നത് നിരോധിച്ചിട്ടില്ലെങ്കിലും പ്രവാചകനും അദ്ദേഹത്തിനു ശേഷം ഖലീഫ ഉമറും നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീധനം
വിവാഹ ഇടപാടിന്റെ നിര്‍ണായക ഘടകമെന്ന നിലയില്‍ വധുവിന്റെ കുടുംബം വരന് നല്‍കുന്ന സമ്പത്താണ് സ്ത്രീധനം. നിഷിദ്ധമായ ജാഹിലിയ്യാ ദുരാചാരമാണിത്. ഇസ്‌ലാമിക നിയമ പ്രകാരം വിവാഹത്തിന്റെ നിര്‍ണായകമായ സാമ്പത്തിക ഘടകമായിരിക്കേണ്ടത് മഹ്ര്‍ ആണ്. അതാകട്ടെ വരന്റെ ബാധ്യതയും വധുവിന്റെ അവകാശവുമാകുന്നു. വിവാഹ വിഷയത്തില്‍ വധുവിന്റെ ഭാഗത്ത് യാതൊരു സാമ്പത്തിക ബാധ്യതയും ശരീഅത്ത് ചുമത്തുന്നില്ല. ശരീഅത്ത് അനുശാസിച്ച മഹ്‌റിന്റെ നേര്‍ വിപരീതമാണ് 'സ്ത്രീധനം'. പത്തു ലക്ഷം രൂപയും നൂറു പവന്റെ ആഭരണവും പറഞ്ഞുറപ്പിച്ച് കല്യാണം നിശ്ചയിച്ച ശേഷം അരപ്പവന്‍ മഹ്ര്‍ നല്‍കി നിക്കാഹ് നടത്തുന്ന വരന്‍ ഇസ്‌ലാമിന്റെ വിവാഹ നിയമത്തെ ഏറ്റം വഷളായ രീതിയില്‍ ധിക്കരിക്കുകയാണ്. അയാള്‍ വിവാഹമൂല്യമായി വധുവിന് ഒന്നും കൊടുക്കുന്നില്ലെന്നു മാത്രമല്ല പത്തു ലക്ഷം രൂപയും തൊണ്ണൂറ്റി ഒമ്പതര പവനും അവളില്‍ നിന്ന് ഇങ്ങോട്ട് വാങ്ങുകയും ചെയ്യുന്നു. ഇസ്‌ലാമിക വിവാഹമൂല്യ നിയമം അട്ടിമറിക്കപ്പെടുന്നുവെന്നത് അവഗണിച്ച് സ്ത്രീധനം ദാമ്പത്യ ബന്ധങ്ങളില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കുഴപ്പങ്ങളും പ്രായമായ പെണ്‍കുട്ടികളെ കെട്ടിച്ചയക്കാന്‍ രക്ഷിതാക്കള്‍ നേരിടുന്ന യാതനകളും മാത്രം പരിഗണിച്ചാലും ഈ ജാഹിലിയ്യത്ത് നിരോധിക്കപ്പെടേണ്ടതു തന്നെയാണ്.

ജിഹാസ്
വിവാഹ വേളയിലോ അതിനു മുമ്പോ ശേഷമോ പിതാവ് പുത്രിക്ക് നല്‍കുന്ന എല്ലാ ദ്രവ്യങ്ങളും സ്ത്രീധനമാകുന്നില്ല. പിതാവിന് പുത്രിയോടുള്ള സ്‌നേഹവാത്സല്യങ്ങളുടെ പേരില്‍ വസ്ത്രങ്ങളോ ആഭരണങ്ങളോ മറ്റു വസ്തുവഹകളോ എപ്പോള്‍ വേണമെങ്കിലും നല്‍കാവുന്നതാണ്. മകളും ഭര്‍ത്താവും സാമ്പത്തിക ക്ലേശമനുഭവിക്കുമ്പോള്‍, കഴിവുള്ള ഭാര്യാ പിതാവ് അവരെ സഹായിക്കേണ്ടത് കുടുംബപരമായ താല്‍പര്യമാകുന്നു. മകളെ ഭര്‍തൃഗൃഹത്തിലേക്ക് പറഞ്ഞയക്കുമ്പോള്‍ ഭാര്യ വീട്ടുകാര്‍ അവര്‍ക്കാവശ്യമായ ചില സാമഗ്രികള്‍ ഒരുക്കി കൊടുക്കുക എന്നത് പണ്ടു മുതലേയുള്ള സമ്പ്രദായമാണ്. പണ്ടെന്ന പോലെ ഇന്നും അത് സ്ത്രീധനമായി കണക്കാക്കപ്പെടുന്നില്ല. സ്ത്രീധന സമ്പ്രദായം പാലിക്കുന്ന സമുദായങ്ങളില്‍ സ്ത്രീധനത്തിന് പുറമെയുള്ള സമ്മാനമാണിത്. ശരീഅത്തിന്റെ ഭാഷയില്‍ ഇതിന് 'ജിഹാസ്' എന്നാണ് പറയുക. പ്രവാചകന്‍(സ) ഫാത്വിമയെ അലിയുടെ ഗൃഹത്തിലേക്ക് അയക്കുമ്പോള്‍ പായ, തലയണ പോലുള്ള ചില വസ്തുക്കള്‍ കൊടുത്തുവിട്ടിരുന്നു. അതിനെ ആധാരമാക്കി ജിഹാസ് ഒരു സുന്നത്ത് (നബിചര്യ) ആണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രവാചകന്‍ ഫാത്വിമക്ക് ജിഹാസ് നല്‍കിയതിനെ ഇക്കാലത്ത് ചിലര്‍ സ്ത്രീധനം എന്ന അനാചാരത്തിന് പ്രമാണമായി ഉന്നയിക്കുന്നുണ്ട്. വാസ്തവത്തില്‍ അലി-ഫാത്വിമ വിവാഹം സ്ത്രീധനത്തിനെതിരായ തെളിവാകുന്നു. വിവാഹത്തിന്റെ വ്യവസ്ഥയായി അലി(റ) സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. പ്രവാചകന്‍ കൊടുത്തിട്ടുമില്ല. പ്രത്യുത ഫാത്വിമക്ക് മഹ്ര്‍ നല്‍കണമെന്ന് അലിയോട് കല്‍പിക്കുകയാണ് തിരുമേനി ചെയ്തത്. അലി(റ)യുടെ കൈയില്‍ പണമൊന്നുമുണ്ടായിരുന്നില്ല. അക്കാര്യം പ്രവാചകനെ അറിയിച്ചപ്പോള്‍ കൈവശമുള്ള മോതിരം, അല്ലെങ്കില്‍ പടയങ്കി മഹ്‌റായി കൊടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
അലി(റ)യുടെ സാമ്പത്തിക സ്ഥിതി അക്കാലത്ത് തീരെ ശോചനീയമായിരുന്നു. ആ മോതിരത്തിനും പടയങ്കിക്കും പുറമെ ഒരാട്ടിന്‍ തുകലും ഒരു പായയും ഒരു യമനി വിരിപ്പുമായിരുന്നു അദ്ദേഹത്തിന്റെ ആകെ സ്വത്ത്. വീടുപോലും സ്വന്തമായി ഉണ്ടായിരുന്നില്ല. വാടകക്കെടുത്ത വീട്ടിലേക്കാണദ്ദേഹം ഫാത്വിമയെ കൂട്ടിക്കൊണ്ടുപോയത്. ഈ സാഹചര്യത്തില്‍ പ്രവാചകന്‍ അവര്‍ക്കു വേണ്ട അത്യാവശ്യ വീട്ടുപകരണങ്ങള്‍ ഒരുക്കി കൊടുക്കുകയായിരുന്നു.
പ്രവാചകന്‍(സ) ഒരുക്കി കൊടുത്ത വസ്തുക്കളുടെ ലിസ്റ്റ് ഒരു ഹദീസില്‍ പറയുന്നത് ഇപ്രകാരമാണ്: വിരിപ്പ്-1, തോല്‍ പാത്രം-1, പുല്ലു നിറച്ച തലയണ-1. മറ്റൊരു നിവേദനത്തിലെ ലിസ്റ്റ് ഇങ്ങനെയാണ്: മെത്ത-1, ഈന്തപ്പനയോല നിറച്ച തുകല്‍ തലയണ-1, കലം 1, തോല്‍ പാത്രം-1, മണ്‍ പാത്രം-2. വസ്ത്രം-2. പണമോ സ്വര്‍ണമോ വെള്ളിയോ ഭൂമിയോ ഒന്നും ഒരു ലിസ്റ്റിലും ഇല്ല. സ്ത്രീധന പ്രേമികളായ ചില സമകാലീനരല്ലാതെ പൂര്‍വ സൂരികളിലാരും പ്രവാചകന്റെ ഈ നടപടിയെ സ്ത്രീധനം നല്‍കലായി പരിഗണിച്ചിട്ടുമില്ല. ചില പണ്ഡിതന്മാര്‍ ജിഹാസിനെ പൊതു സുന്നത്തായി പോലും കണക്കാക്കുന്നില്ല എന്നതാണ് വസ്തുത. ജാമാതാക്കള്‍ ദാരിദ്ര്യത്താല്‍ ക്ലേശിക്കുമ്പോള്‍ ഭാര്യാ കുടുംബം അയാളെ സഹായിക്കുന്നതിനേ പ്രവാചകന്റെ നടപടി തെളിവാകുന്നുള്ളൂ എന്നാണവരുടെ നിലപാട്. കാരണം, സമ്പന്നനായിരുന്ന ഉസ്മാന് (റ) മറ്റൊരു പുത്രിയെ വിവാഹം ചെയ്തു കൊടുത്തപ്പോള്‍ തിരുമേനി ജിഹാസ് നല്‍കിയതായി കാണുന്നില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top