കുഞ്ഞു ഡോക്ടര്‍

സിദ്ദീഖ് സി. സൈനുദ്ദീന്‍ No image

ഖത്തറിലെ വീല്‍ കോര്‍ണെല്‍ മെഡിക്കല്‍ കോളേജിന്റെ പത്തുവര്‍ഷത്തെ ചരിത്രത്തില്‍ അവിടെ നിന്നും മെഡിക്കല്‍ ബിരുദം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥിയാണ് ഇഖ്ബാല്‍ അല്‍-അസ്സാദ് എന്ന പെണ്‍കുട്ടി. കൊച്ചു കുട്ടിയായിരിക്കെ തന്നെക്കാള്‍ മുതിര്‍ന്ന ഉടപ്പിറപ്പുകള്‍ പഠിക്കുന്നത് അവള്‍ സശ്രദ്ധം നിരീക്ഷിക്കുമായിരുന്നു. അങ്ങനെ ആള്‍ജിബ്ര വശമാക്കി. വായനയും കണക്കിലെ കളികളും അഞ്ചുവയസ്സാകും മുമ്പേ അല്‍-അസ്സാദിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഹോബികളായിത്തീര്‍ന്നു. ഇരുപത്തിയഞ്ചാം വയസ്സില്‍ മെഡിക്കല്‍ ബിരുദം നേടിയ അല്‍-അസ്സാദുമായി നേച്വര്‍ മിഡില്‍ ഈസ്റ്റിനുവേണ്ടി മുഹമ്മദ് യഹ്‌യ നടത്തിയ അഭിമുഖമാണ് ചുവടെ.

¨മെഡിക്കല്‍ രംഗത്തേക്കുവരാന്‍ പ്രചോദനമായതെന്തായിരുന്നു?
എനിക്കു പന്ത്രണ്ടു വയസ്സായപ്പോള്‍ ഭാവിയില്‍ ഒരു ഡോക്ടറാവണമെന്ന തീരുമാനത്തില്‍ ഞാനെത്തിയിരുന്നു. ലബനാനില്‍ ജീവിച്ച ഫലസ്തീനി എന്ന നിലയില്‍ എന്റെയാളുകള്‍ ഒരുപാട് കഷ്ടപ്പാടുകള്‍ സഹിക്കുന്നത് ഞാന്‍ കണ്ടിരുന്നു. ലബനാനില്‍ ജീവിച്ച ഫലസ്തീനികള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് ഉണ്ടായിരുന്നില്ല. ഫലസ്തീനി ക്യാമ്പുകള്‍ സന്ദര്‍ശിച്ച ഞാനും എന്റെ കുടുംബങ്ങളും ഫലസ്തീനികള്‍ അനുഭവിക്കുന്ന വളരെ മോശപ്പെട്ട അവസ്ഥ കണ്ടു. പല മാതാപിതാക്കളും അവരുടെ മക്കള്‍ ദുരിതമനുഭവിക്കുന്നതുകണ്ടു. പക്ഷേ വേണ്ടത്ര കാശില്ലാത്തതിനാല്‍ അവര്‍ക്ക് മക്കളെ സഹായിക്കാനാവില്ലായിരുന്നു. ഈ ക്യാമ്പുകളുടെ സന്ദര്‍ശനം മെഡിക്കല്‍ പഠിച്ച് ഈ ആളുകളെ സഹായിക്കല്‍ എന്റെ ബാധ്യതയാണെന്ന തോന്നല്‍ എന്നിലുണ്ടാക്കി. ക്യാമ്പിലുള്ള പലര്‍ക്കും സ്വന്തം ചികിത്സാ ചെലവ് പോലും താങ്ങാനാവില്ലായിരുന്നു.

¨മെഡിക്കല്‍ സ്‌കൂളില്‍ ചേരാനുള്ള നിങ്ങളുടെ തീരുമാനത്തോട് വീട്ടുകാരുടെ പ്രതികരണം എങ്ങനെയായിരുന്നു?
എന്റെ ഉടപ്പിറപ്പുകളില്‍ ഏറ്റവും ഇളയത് ഞാനാണ്. എന്റെ മുതിര്‍ന്ന സഹോദരങ്ങളെ പഠിപ്പിക്കുമ്പോള്‍ കേവലം രണ്ടര വയസ്സുള്ള ഞാന്‍ പഠിക്കാന്‍ ഉത്സാഹം കാണിക്കുന്നത് പിതാവ് ശ്രദ്ധിച്ചിരുന്നു. പിതാവ് വിദ്യാഭ്യാസത്തിന്- പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ- ഏറ്റവും മുന്‍ഗണന നല്‍കിയിരുന്നു. ആണ്‍കുട്ടികള്‍ എങ്ങനെയെങ്കിലും ജോലി കണ്ടെത്തും, എന്നാല്‍ പെണ്‍കുട്ടികളുടെ ഭാവിയിലെ ആയുധം വിദ്യാഭ്യാസമാണെന്ന് പിതാവ് പലപ്പോഴും പറയുമായിരുന്നു. ഈ നിലപാടുമായാണ് ഞങ്ങള്‍ വളര്‍ന്നത്. ഞാന്‍ ആരെങ്കിലും ആകാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുവേണ്ട എല്ലാ പ്രോത്സാഹനങ്ങളും തരാമെന്ന് പിതാവ് വാഗ്ദാനം ചെയ്തു. മാതാപിതാക്കള്‍ എപ്പോഴുമെന്നെ സഹായിച്ചു.
അമേരിക്കന്‍ സ്‌കൂളിലല്ല, ലബനീസ് കരിക്കുലം പിന്തുടരുന്ന പ്രൈവറ്റ് സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. ആദ്യത്തെ രണ്ടുവര്‍ഷം ഫീസ് കൊടുത്തിരുന്നെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ ആ സ്‌കൂളിന്റെ പ്രിന്‍സിപാള്‍ എനിക്ക് ഫുള്‍ സ്‌കോളര്‍ഷിപ്പ് നല്‍കി. പലപ്പോഴും ഉയര്‍ന്ന ക്ലാസുകളിലേക്ക് എനിക്ക് സ്ഥാനക്കയറ്റം കിട്ടി. എപ്പോഴും എന്റെ ക്ലാസിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥി ഞാനായിരുന്നു. പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ ഞാന്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. അപ്പോള്‍ ലബനാനിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഖാലിദ് അബാനി ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥി എന്ന നിലയില്‍ എന്നെ ആദരിച്ചു. ഞാനൊരു ഡോക്ടറാവാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എനിക്കൊകു സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്തു. അടുത്ത ദിവസം അദ്ദേഹം ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എഡ്യുക്കേഷന്‍, സയന്‍സ് ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റിന്റെ ചെയര്‍പേഴ്‌സനായ ശൈഖ മോസയുമായി ബന്ധപ്പെട്ടു. വീല്‍ കോര്‍ണല്‍ മെഡിക്കല്‍ കോളേജില്‍ ഫുള്‍ സ്‌കോളര്‍ഷിപ്പോടെയുള്ള പഠനം അവരെനിക്കു വാഗ്ദാനം ചെയ്തു.

¨കോളേജില്‍ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥിയാണെന്നത് വെല്ലുവിളിയായോ?
ആദ്യമായി ഖത്തറിലെത്തിയ നാളുകളിലായിരുന്നു ബുദ്ധിമുട്ട്. ഒരു പരീക്ഷയും കൂടാതെയാണ് ഖത്തര്‍ ഫൗണ്ടേഷന്‍ എനിക്ക് ഫൂള്‍ സ്‌കോളര്‍ഷിപ്പ് നല്‍കിയത് എന്നതുകൊണ്ട് എനിക്ക് ഏറെ സമ്മര്‍ദ്ദം തോന്നിയിരുന്നു. അതുകൊണ്ട് തന്നെ ആളുകള്‍ എന്നിലര്‍പ്പിച്ച വിശ്വാസത്തിനൊത്തുയര്‍ന്ന് എന്റെ കഴിവുകള്‍ തെളിയിക്കാന്‍ ഞാനാഗ്രഹിച്ചു. ലബനീസ് വിദ്യാഭ്യാസ പദ്ധതി കോളേജ് പഠനത്തിന് വേണ്ട നല്ല അടിത്തറയിട്ട് തരുന്നുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്രവും ഗണിതവും എനിക്ക് നല്ല വശമുണ്ടായിരുന്നു. എപ്പോഴും എന്നേക്കാള്‍ മുതിര്‍ന്നവരായിരുന്നല്ലോ എന്റെ സഹപാഠികള്‍. അതുകൊണ്ടു തന്നെ മുതിര്‍ന്നവരോടൊപ്പം പഠിക്കുവാനും ജോലിചെയ്യാനും വേണ്ട പക്വത ഞാന്‍ നേടിയിരുന്നു. സ്‌കൂളിലും കോളേജിലും കൂട്ടുകാരോടൊത്ത് പഠിക്കുന്നതായിരുന്നു എന്റെ ശീലം. മറ്റുള്ളവരുമായുള്ള ഈ ഇടപെടല്‍ എന്റെ ചിന്താരീതി മെച്ചപ്പെടുന്നതിന് സഹായകമായി. അതിന്റെ ഫലമായി പ്രായവ്യത്യാസം ആളുകള്‍ ശ്രദ്ധിക്കുക പോലും ചെയ്യാതായി.

¨ബിരുദം ലഭിച്ച നിങ്ങളുടെ അടുത്ത പരിപാടി എന്താണ്?
ഓഹിയോയിലെ ക്ലെവ്‌ലാന്‍ഡിലുള്ള ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ മൂന്നു വര്‍ഷത്തെ റസിഡന്‍സിക്കു വേണ്ടി ഉടനെ പോവുകയാണ് ഞാന്‍. അതു കഴിഞ്ഞ ശേഷം വീണ്ടും മൂന്നുവര്‍ഷമെടുക്കുന്ന പീഡിയാട്രിക് കാര്‍ഡിയോളജിയില്‍ ഫെല്ലോഷിപ്പിനായി അപേക്ഷിക്കാനാണ് പ്ലാന്‍. പിന്നീട് മിഡിലീസ്റ്റില്‍ തിരികെ വന്ന് ഖത്തറിലും ലബനാനിലുമായി ജോലി ചെയ്യാനാണ് ആഗ്രഹം. കഴിഞ്ഞ ആറു വര്‍ഷമായി എന്നെ സ്‌പോണ്‍സര്‍ ചെയ്യുന്ന ഖത്തറിനോട് കടപ്പാടുണ്ടല്ലോ. ഫലസ്തീന്‍ ജനതയെ സഹായിക്കാനായി ലബനാനിലേക്ക് തിരികെ പോകാനും ആഗ്രഹമുണ്ട്. ഒരു ഡോക്ടറാവാന്‍ എനിക്കുള്ള പ്രധാന പ്രചോദനം അവരായിരുന്നല്ലോ. അവരുടെ ജീവിതത്തിന് ഒരു മാറ്റമുണ്ടാക്കണം എന്ന എന്റെ ബാല്യകാല സ്വപ്നം യാഥാര്‍ഥ്യമാക്കാനും ഞാനാഗ്രഹിക്കുന്നു.

¨എന്തുകൊണ്ടാണ് പീഡിയാട്രിക്ക് തെരഞ്ഞെടുത്തത്?
എന്തുകൊണ്ടാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. ഞാനതിഷ്ടപ്പെടുന്നു. മെഡിക്കല്‍ പഠനത്തിന്റെ മൂന്നാം വര്‍ഷത്തില്‍ കൊച്ചുകുട്ടികളെ സഹായിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ യഥാര്‍ഥത്തില്‍ സന്തോഷിച്ചിരുന്നു. ലബനാനിലെ ക്യാമ്പുകളില്‍ ജീവിക്കുന്ന ഫലസ്തീനി കുട്ടികളുടെ കഷ്ടപ്പാടുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ പീഡിയാട്രിക്‌സ് എടുക്കാന്‍ അതും ഒരു കാരണമാണ്.

¨നിങ്ങള്‍ക്ക് ഗവേഷണത്തിലേര്‍പ്പെടാന്‍ താല്‍പര്യമുണ്ടോ?
തീര്‍ച്ചയായും. ഞാന്‍ ഗവേഷണം നടത്താന്‍ ആഗ്രഹിക്കുന്നു. രണ്ടാം വര്‍ഷത്തിലെ വേനല്‍കാലത്ത് ഞാന്‍ ഗവേഷണത്തിലേര്‍പ്പെട്ടിരുന്നു. ഞാനിഷ്ടപ്പെട്ടു, ഞാനത് പ്രസിദ്ധീകരിക്കുകയും മറ്റു രണ്ട് പഠനങ്ങളിലും കൂടി ഏര്‍പ്പെടുകയും ചെയ്തു. പുതിയതായി എന്തെങ്കിലും കണ്ടുപിടിക്കുക എന്ന ആശയം സത്യമായും ഞാനിഷ്ടപ്പെടുന്നു.
ഭാവിയില്‍ അക്കാദമിക് ഹെല്‍ത്ത് സെന്ററില്‍ ചേര്‍ന്ന് ഒരേ സമയം രോഗികളെ ശുശ്രൂഷിക്കാനും ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കാനും കഴിയുമെന്ന് ഞാനാശിക്കുന്നു.

¨മെഡിക്കല്‍ രംഗത്തേക്കു വരാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികളോട് എന്തുപദേശമാണ് നല്‍കാനുള്ളത്?
കഠിനമായി പരിശ്രമിക്കാനും ഖത്തറിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും മാത്രം ഞാനുപദേശിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള യൂണിവേഴ്‌സിറ്റികള്‍ മിഡിലീസ്റ്റില്‍ ഉണ്ടെന്നത് വിസ്മയകരമാണ്. ജീവിതത്തിലെ ഏറ്റവും പ്രധാന സമയമാണ് വിദ്യാര്‍ഥികളുടേത്. നേട്ടങ്ങള്‍ കൈവരിക്കാന്‍ അവര്‍ ശ്രമിക്കണം. നല്ല കൂട്ടുകാരുണ്ടെങ്കില്‍ ഇരു ലോകത്തും ഉന്നത നേട്ടങ്ങള്‍ കൈവരിക്കുക എന്നത് യഥാര്‍ഥത്തില്‍ അത്ര പ്രയാസകരമല്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top