'ഓരോ പ്രതികൂലാവസ്ഥയിലും ഓരോ പരാജയത്തിലും ഓരോ ഹൃദയവേദനയിലും തത്തുല്യമായതോ അതിനേക്കാള്‍ മികച്ചതോ ആയ നേട്ടങ്ങളുടെ വിത്ത് ഉള്‍ച്ചേര്‍ന്നിരിക്കുന്നു'എന്ന നെപ്പോളിയന്റെ പ്രസിദ്ധമായ വാക്കുകള്‍ അന്വര്‍ഥമാക്കുകയാണ് ശാലിന്‍ എലിസ് എബി. തളര്‍ത്തിക്കളഞ്ഞ അപ്രതീക്ഷിതാനുഭവങ്ങളെ പ്രതീക്ഷാ നിര്‍ഭരമായ ജീവിതത്തിലേക്കുള്ള ഊര്‍ജമാക്കി സംരംഭക, സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശാലിന്റെ ജീവിതം SCERT ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളുടെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തന്റെ സഞ്ചാരപഥങ്ങളില്‍ കണ്ടുമുട്ടിയ കാഴ്ചകള്‍ ബിസിനസ് ഐഡിയകളാക്കി രൂപപ്പെടുത്തുകയും സാമൂഹ്യപ്രതിബദ്ധതയോടെ നടപ്പാക്കുകയും ചെയ്തുകൊണ്ട് തന്നിലെ അമ്മയും സംരംഭകയും സാമൂഹ്യപ്രവര്‍ത്തകയും വ്യത്യസ്തങ്ങളല്ലെന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. എറണാകുളം സ്വദേശിയാണ്. എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദമെടുത്തതിനു ശേഷം എയര്‍ലൈന്‍സില്‍ ജോലിയില്‍ പ്രവേശിച്ചു. വിവാഹശേഷം രണ്ടാമത്തെ കുഞ്ഞ് പിറന്ന് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കാന്‍സര്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഗര്‍ഭപാത്രം നീക്കി. മരുന്നുകള്‍ തുടര്‍ന്നു.
2013-ല്‍ വെല്ലൂര്‍ സിഎംസിയില്‍ ചികിത്സയുടെ രണ്ടാം ഘട്ടമായ ഒരു സര്‍ജറിക്ക് തയ്യാറെടുക്കവെ (prophylactic mastectomy) വീട്ടുകാരോട് കാര്യങ്ങള്‍ ധരിപ്പിച്ച് മടങ്ങി വരാം എന്ന് പറഞ്ഞു സ്വദേശത്തേക്ക് മടങ്ങിയ ഭര്‍ത്താവ് പിന്നീട് തിരികെ വന്നില്ല. തന്റേതല്ലാത്ത നാട്ടില്‍ 15-ഉം 11-ഉം വയസ്സ് മാത്രം പ്രായമുള്ള മക്കളുമായി തനിച്ചായി പോയതിന്റെ മാനസികാഘാതം ശാലിനെ എത്തിച്ചത് തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ സൈക്യാട്രി വിഭാഗത്തിലാണ്. മക്കള്‍ അമ്മയുടെ കരം പിടിച്ച് കൂടെ നിന്നു. ശാലിന്‍ പറയുന്നത് പിന്നീട് മൂവരും ഒരുമിച്ച് വളര്‍ന്നു എന്നാണ്. അങ്ങനെ രൂപപ്പെട്ട സ്‌നേഹ വാത്സല്യങ്ങളുടെ ഇഴുകിച്ചേരലിന്റെ പ്രതീകമാണ് ശാലിന്‍ എലിസ് എബി എന്ന പേര്. എലിസ് മകളുടെ പേരാണ്. എബി മകന്റേതും. അന്നത്തെ കൗമാരക്കാരി ഫാം.ഡി ബിരുദമെടുത്ത് ഇന്ന് ഡോക്ടര്‍ എലിസാണ്. മകന്‍ മെക്കാനിക്കൽ ബിരുദധാരിയാണ്.
അഞ്ചു വര്‍ഷക്കാലം ട്രാവല്‍ ഏജന്‍സി, ഹോട്ടല്‍, ട്യൂഷന്‍, ട്രാന്‍സ് ലേഷന്‍ തുടങ്ങി വീട്ടുജോലി വരെ ചെയ്തു. തിരുവനന്തപുരത്തെ പ്രശസ്തമായ ഹോട്ടലില്‍ നിന്ന് ജോലി വിട്ടിറങ്ങുമ്പോള്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ട്രെയ്‌നി എന്ന നിലയ്ക്കുള്ള സര്‍ട്ടിഫിക്കറ്റും വാങ്ങിയായിരുന്നു പടിയിറക്കം.
സര്‍ക്കാര്‍ പ്രോജക്ടുകള്‍ സ്ത്രീകളിലേക്ക് എത്തിക്കുകയും ട്രെയിനിങ് നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2018-ല്‍ രൂപപ്പെടുത്തിയ പ്ലാറ്റ്‌ഫോമാണ് 'ക്രിയാ കൈപുണ്യം.' അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി ഒരു കടമുറി വാടകയ്‌ക്കെടുത്തു. അതിനായി ബാങ്കില്‍നിന്ന് ലോണെടുത്തു. മൂന്നുമാസം കഴിയുമ്പോഴേക്കും അവിടെ പോലീസെത്തി. താന്‍ വഞ്ചിക്കപ്പെട്ടു എന്ന് അപ്പോഴാണ് ശാലിന്‍ മനസ്സിലാക്കുന്നത്. സബ് ലീസ് ചെയ്യപ്പെട്ട കെട്ടിടമായിരുന്നു അത്. ജീവിതച്ചെലവിനൊപ്പം ലോണിന്റെ തിരിച്ചടവും ഭാരമായി. മാനസിക സമ്മര്‍ദമേറിയപ്പോള്‍ ഹൃദയസംബന്ധമായ അസുഖം പിടിപെട്ടു...ജീവിതം നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയേക്കുമെന്ന ആശങ്ക വര്‍ധിച്ചു.
ഓഖിയും പ്രളയവും ദുരന്തം വിതച്ചപ്പോള്‍ 'ഒപ്പമുണ്ട് ട്രിവാന്‍ഡ്രം'എന്ന ബാനറില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായി. അങ്ങനെ സൗഹൃദങ്ങള്‍ വിപുലമായി. സുഹൃത്തുക്കളില്‍ ചിലര്‍ നിര്‍ബന്ധിച്ചപ്പോള്‍ 2019-ല്‍ വയനാട്ടിലെ ഒരു വൈദ്യന്റെ അടുക്കല്‍ ട്രൈബല്‍ ആയുര്‍വേദ ചികിത്സ തേടി. ഒരു വര്‍ഷത്തോളം വയനാട്ടിലെ 'പീസ് വില്ലേജി'ല്‍ അന്തേവാസിയായി. ജീവിതപ്പെരുവഴിയില്‍ ഒറ്റപ്പെട്ടുപോയവരുടെ നീറുന്ന കഥകള്‍ മനസ്സിനെ മഥിച്ചു. ഉറച്ച തീരുമാനങ്ങളും തെളിച്ചമുള്ള സ്വപ്നങ്ങളുമായി തിരുവനന്തപുരത്ത് മടങ്ങിയെത്തി.
പല പദ്ധതികളെയും കുറിച്ച പഠനങ്ങള്‍ക്കൊടുവില്‍ ലൈവ് ഐസ്‌ക്രീം ഷോപ്പ് തുടങ്ങാന്‍ തീരുമാനമെടുത്തു. പ്രോജക്ട് നടപ്പാക്കാന്‍ 18 ലക്ഷം രൂപ ആവശ്യമായിരുന്നു. 15 ലക്ഷം രൂപ ബാങ്ക്‌ലോണ്‍ കിട്ടി. മൂന്നുലക്ഷം രൂപ സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങി. ആവശ്യമായ മെഷിനറിയും, പാലും പഞ്ചസാരയും ഇല്ലാത്ത ഐസ്‌ക്രീം പൗഡറും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് വരുത്തി. ശാലിന്‍സ് ക്രിയാ ഐഫ്രൂട്ട് എന്ന പേരില്‍ സ്ഥാപനത്തിന്റെ ഉദ്ഘാടനം 2020 മാര്‍ച്ച് 23-ന് നടത്താന്‍ നിശ്ചയിച്ചു. സ്വപ്നസാക്ഷാത്കാരത്തിന്റ സുന്ദര നിമിഷങ്ങളെ കുറിച്ച പ്രതീക്ഷകള്‍ ചിറകടിക്കവെ വെള്ളിടി കണക്കെ കോവിഡ് വന്നു. ഐസ്‌ക്രീമിനായി വരുത്തിയ പൊടിയും മറ്റും ഡേറ്റ് എക്‌സ്പയേഡ് ആയി. വീട്ടില്‍ പട്ടിണിയായി.
കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയപ്പോള്‍ 'ശാലിന്‍സ് ക്രിയ ഐ ഫ്രൂട്ട്' പ്രവര്‍ത്തനമാരംഭിച്ചു. താങ്ങാവുന്ന നിരക്കില്‍ ഉച്ചയൂണ് ലഭ്യമാക്കിയാല്‍ കുട്ടികള്‍ക്ക് ഉപകാരവും തനിക്ക് വരുമാനവും ആകുമല്ലോ എന്ന ചിന്തയില്‍ നിന്നാണ് 'എന്റെ ചോറ്റുപാത്രം' എന്ന സംരംഭം പിറക്കുന്നത്. 35 രൂപയ്ക്ക് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കിക്കൊണ്ടായിരുന്നു തുടക്കം. ചോറ്റുപാത്രത്തിന് ആവശ്യക്കാര്‍ ഏറെയുണ്ടായി. 140 ഓളം പേര്‍ 'എന്റെ ചോറ്റുപാത്രം' പദ്ധതിയുടെ ഉപഭോക്താക്കളാണിന്ന്. 39 രൂപയ്ക്ക് വിദ്യാര്‍ഥികള്‍ക്കും, 49 രൂപയ്ക്ക് മുതിര്‍ന്നവര്‍ക്കും ഇപ്പോള്‍ ചോറ്റുപാത്രത്തില്‍ ഭക്ഷണം നിറയുന്നു.
ഐ ഫ്രൂട്ട് എന്ന സ്ഥാപനത്തില്‍ 'ശാലിന്‍സ് വാര്‍ഡ്രോബ് 'എന്ന മറ്റൊരു സംരംഭവും പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിതം വഴിമുട്ടിയതിന്റെ ദൈന്യതയില്‍ ഗുജറാത്തില്‍ നിന്നു വന്ന ഫോണ്‍കോളാണ് വാര്‍ഡ്രോബ് എന്ന ആശയത്തിന് പിന്നിലെ പ്രേരകം. കേരളത്തിന് പുറത്ത് എട്ടോളം സംസ്ഥാനങ്ങളില്‍നിന്നുള്ള ഖാദി തുണിത്തരങ്ങള്‍ പ്രമോട്ട് ചെയ്യുന്ന സംരംഭമാണത്.
ഓട്ടിസ്റ്റിക്കായ കുട്ടികളുടെ സിംഗിള്‍ പാരന്റ് ആയ അമ്മമാര്‍ക്കായി പിക്ക്ള്‍ യൂണിറ്റ്, സ്വയംതൊഴില്‍ ചെയ്യാന്‍ താല്പര്യമുള്ള സ്ത്രീകള്‍ക്കായി 'തുന്നല്‍ക്കാരി' പ്രോജക്ട്, ട്രാന്‍സ് കമ്യൂണിറ്റിയുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, സംരംഭകരായ വ്യക്തികളുടെ ബ്രാന്‍ഡിനെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ 'വണ്‍ റുപ്പീ ബ്രാന്‍ഡിംഗ്' അങ്ങനെ സോഷ്യല്‍ ഓണ്ട്രപ്രണര്‍ എന്നതില്‍ നിന്ന് സീരിയല്‍ ഓണ്ട്രപ്രണറായി പ്രയാണം തുടരുകയാണ് ശാലിന്‍.