മലയാളത്തിലെ ബാലസാഹിത്യ ശാഖ ഇന്ന് ഏറെ സമ്പന്നമാണ്. ഇസ്ലാമിക ബാലസാഹിത്യ ശാഖയും തീരെ ദരിദ്രമല്ല. കുട്ടികളില്‍ മൂല്യബോധവും ധര്‍മചിന്തയും സൃഷ്ടിക്കാന്‍ ഉപകരിക്കുന്ന കുറേയധികം രചനകള്‍ ഇന്ന് ലഭ്യമാണ്. ഈ ഗണത്തില്‍ പെടുന്ന ഒരു കൃതിയാണ് ഈയിടെ പ്രസിദ്ധീകൃതമായ 'ഗസ്സ ചുവന്ന പൂക്കളുടെ നാട്' എന്ന ബാലസാഹിത്യ കൃതി. ഇതിനകം അര ഡസനിലേറെ ബാലസാഹിത്യ കൃതികള്‍ കൈരളിക്ക് സംഭാവന നല്കിയ എ.എ ജലീല്‍ കരുനാഗപ്പള്ളിയുടെ ഏറ്റവും പുതിയ കൃതിയാണിത്.
കുട്ടികളില്‍ ധീരതയുടെയും ത്യാഗത്തിന്റെയും പാഠങ്ങളും അതോടൊപ്പം സ്നേഹം, കാരുണ്യം മുതലായ ആര്ദ്രമൂല്യങ്ങളും സന്നിവേശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ രചിക്കപ്പെട്ടവയാണ് ഇദ്ദേഹത്തിന്റെ മിക്ക ബാലസാഹിത്യ കൃതികളും. നാല്പത്തിയെട്ട് പേജ് മാത്രമുള്ള ഈ കൊച്ചു കൃതിയില്‍ എട്ട് അധ്യായങ്ങളുണ്ട്.
'പോരാളികളുടെ പറുദീസ'യായി ഗണിക്കപ്പെടുന്ന ഗസ്സയുടെ മണ്ണില്‍ വിമോചന പോരാട്ടത്തിലേര്‍പ്പെട്ടു വീരമൃത്യു വരിച്ച ഏതാനും കുട്ടികളും പ്രായം ചെന്നവരും സ്വര്‍ഗത്തിലിരുന്ന് പുതിയ കാലത്തെ ഗസ്സയുടെ വര്‍ത്തമാനങ്ങളില്‍ പുളകം കൊള്ളുന്നതാണ് 'ഗസ്സ ചുവന്ന പൂക്കളുടെ നാട്' എന്ന ആദ്യ അധ്യായത്തിന്റെ പ്രമേയം. ഒഴുക്കോടെ വിരസതയില്ലാതെ വായിച്ചുപോകാവുന്ന മനോഹരമായ ശൈലിയാണ് പുസ്തകത്തിന്റേത്. ഇളം മനസ്സുകളില്‍ നന്മയുടെ വിത്ത് പാകാന്‍ ഈ കൃതി ഉപകരിക്കും. മലര്‍വാടി ബുക്സ് പ്രസാധനം നിര്‍വഹിച്ച ഇതിന്റെ വിതരണം ഏറ്റെടുത്തിട്ടുള്ളത് ഐ.പി.എച്ച് ബുക്സാണ്.
ഓര്‍മകളിലെ ജീവിത വര്‍ണങ്ങള്‍
- തയ്യിബ കബീര്‍
ജീവിതത്തെ അനുഭവങ്ങളിലൂടെയും ഓര്‍മകളിലൂടെയും അന്വേഷിക്കുന്ന ഒരു ആത്മസാക്ഷ്യ പുസ്തകമാണ് 'ഓര്‍മകളിലെ ജീവിത വര്‍ണങ്ങള്‍.' ഓരോ അധ്യായങ്ങളിലൂടെയും കടന്നുപോകുമ്പോള്‍, എഴുത്തുകാരന്റെ വ്യക്തിജീവിത അനുഭവങ്ങള്‍, ജീവിതത്തില്‍ നേരിടേണ്ടിവന്ന വെല്ലുവിളികള്‍, പൂര്‍ണമായും അത് അനുഭവിച്ചു മറുകരയില്‍ എത്തുമ്പോഴുള്ള ആനന്ദം, സന്തോഷങ്ങളും ദുഃഖങ്ങളും നിറഞ്ഞ ദിനങ്ങള്‍... നന്മയുടെ പ്രകാശം മനസ്സിന് ഉണ്ടെങ്കില്‍ ഇരുട്ടിനും തോല്‍പ്പിക്കാന്‍ പറ്റില്ല എന്ന് ഓര്‍മിപ്പിക്കും വിധമുള്ള വിദ്യാഭ്യാസ കാലഘട്ടം, വളരെ സൂക്ഷ്മതയോടെ വായനക്കാര്‍ക്കും അനുഭവിക്കാന്‍ പറ്റും. ലളിതമായ ഭാഷാശൈലി, അനുഭവങ്ങളുടെ ആഴം, ഓര്‍മകളുടെ ഭാവുകത്വം ഒക്കെ കൃതിയെ ശദ്ധേയമാക്കുന്നു. ഓരോ മനുഷ്യനും വലുപ്പം നല്കുന്നതില് വായനയുടെ പങ്ക് ഏറെയാണെന്ന് ഈ പുസ്തകം വായിച്ചാല്‍ ബോധ്യമാവും. മനുഷ്യര്‍ ഓരോ പാഠവും സ്വായത്തമാക്കുന്നത് അവരുടെ അനുഭവത്തില്‍ നിന്നാണെന്ന് റൂസ്സോയുടെയും വിക്ടര്‍ ഹ്യൂഗോയുടെയും ഇഖ്ബാലിന്റെയും വാക്കുകളും, ഭഗവത്ഗീതയിലെ വരികളും ഉദ്ധരിച്ച് ഹൃദയത്തിന്റെ ഭാഷയില്‍ എഴുതി വായനക്കാരന്റെ മനസ്സിനെ തൊട്ടുണര്‍ത്തുന്നു. പ്രമുഖ വ്യക്തിത്വങ്ങളെ ഇന്റര്‍വ്യൂ ചെയ്യുന്ന ഭാഗങ്ങളും, പി.എച്ച്.ഡി നേടാനുള്ള പരിശ്രമങ്ങളും വായനക്കാരില്‍ ഏറെ കൗതുകമുണര്‍ത്തും. സമൂഹത്തില്‍ ശബ്ദമില്ലാത്തവരുടെ, സങ്കടങ്ങളും ആധികളും ആകുലതകളും നിറഞ്ഞ ജീവിതങ്ങള്‍ക്ക് കൈതാങ്ങ് നല്‍കാനുള്ള എഴുത്തുകാരന്റെ സന്മനസ്സും, സാഹചര്യം അറിഞ്ഞും ബോധ്യപ്പെട്ടും സര്‍ക്കാര്‍ സര്‍വീസില്‍ ഇരുന്നുകൊണ്ടും വിരമിച്ചപ്പോഴും അവരോടുള്ള പെരുമാറ്റവും വായനക്കാരന്റെ ഓര്‍മയില്‍നിന്ന് ഒരിക്കലും മാഞ്ഞു പോവുകയില്ല. പല ദേശസഞ്ചാരങ്ങളെയും അത്യന്തം രസകരമായി അവതരിപ്പിച്ചിട്ടുണ്ട്; ചൈനയും കാനഡയും കാണുന്നത്, വിവിധ സംസ്കാരങ്ങളുടെ ജീവിതം എങ്ങനെ വേറിട്ടു നില്ക്കുന്നു എന്ന് കുറിക്കുന്ന അടയാളങ്ങളായാണ്. സര്‍ക്കാര്‍ സര്‍വീസിലിരിക്കുന്ന ഒരാള്‍ക്ക് ഏതെല്ലാം സേവന മേഖലകളാണ് തുറന്നു കിടക്കുന്നതെന്ന് ഈ കൃതി പറഞ്ഞു തരും. അതു പോലെ ജനസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് അത്യാവശ്യമായ പല വിവരങ്ങളും ഇതില്‍ നിന്നു ലഭ്യമാണ്. സത്യസന്ധരായ ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ തന്നെ വകുപ്പുകള്‍ എങ്ങനെയെല്ലാമാണ് ശല്യപ്പെടുത്തുന്നത് എന്നതിന്റെ അനുഭവ സാക്ഷ്യങ്ങളും കൃതിയുടെ സവിശേഷതയാണ്. ഒരു വായനക്കാരി എന്ന നിലയില്‍ ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ ടി.വി കൊച്ചുബാവയുടെ കഥാപാത്രത്തിന്റെ ഒരു ചോദ്യമാണ് ഉള്ളില്‍ കടന്നുവന്നത്. 'നീ ജനിച്ചു, ജീവിച്ചു, മരിച്ചു പക്ഷേ, എന്ത് അത്ഭുതമാണ് ചെയ്തത്'?'