(പൂര്‍ണ്ണചന്ദ്രനുദിച്ചേ....36)
റസൂലിനൊപ്പം ഇറങ്ങിത്തിരിച്ചത് പതിനായിരം പടയാളികള്‍. റസൂല്‍ ഉന്നം വെക്കുന്നത് എന്താണെന്ന് യസ് രിബുകാര്‍ക്ക് മനസ്സിലാവുന്നില്ല. നീഖുല്‍ ഉഖാബ് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷ്യം എന്താണെന്ന് അവര്‍ക്ക് ശരിക്കും മനസ്സിലായി. യസ് രിബില്‍നിന്ന് മക്കയിലേക്കുള്ള വഴിയില്‍ മക്കയോട് ചേര്‍ന്ന സ്ഥലമാണത്. അപ്പോള്‍ പിന്നെ ലക്ഷ്യം മക്കയല്ലാതെ മറ്റെന്ത്! അനുയായികളോട് നീഖുല്‍ ഉഖാബില്‍ തമ്പടിക്കാനും റസൂല്‍ ആജ്ഞാപിക്കുന്നുണ്ട്.
റസൂലിന്റെ നീക്കങ്ങള്‍ അപ്പപ്പോള്‍ യസ് രിബില്‍ എത്തുന്നുണ്ടായിരുന്നു. ആബാലവൃദ്ധം ജനങ്ങള്‍ വലിയ ആഹ്ലാദത്തിലാണ്. കുട്ടികള്‍ ബൈത്തുകള്‍ ചൊല്ലാന്‍ തുടങ്ങിയിരുന്നു.
അബ്ദുല്ലാഹിബ്‌നു ഉബയ്യ് അപ്പുറത്ത് ഇരിപ്പുണ്ട്. ഭാര്യ അങ്ങോട്ടു ചെന്നു.
''വിവരങ്ങള്‍ കേട്ടില്ലേ?''
വിളറിവിങ്ങിയ മുഖം അയാള്‍ അവള്‍ക്ക് നേരെ തിരിച്ചു. കണ്ണുകളുടെ നോട്ടം എവിടെയും ഉറക്കുന്നുണ്ടായിരുന്നില്ല. അയാള്‍ ചോദിച്ചു:
''എന്ത് വിവരങ്ങള്‍?''
''മുഹമ്മദ് പോയത് മക്ക കീഴടക്കാനാണ്.''
അയാള്‍ അട്ടഹസിച്ചു നോക്കി. പക്ഷേ, ഒരു ചിലമ്പിയ ശബ്ദമേ പുറത്ത് വന്നുള്ളൂ.
''മക്ക കീഴടക്കാനോ? നിനക്ക് ഭ്രാന്തുണ്ടോ പെണ്ണേ?''
''ഉറപ്പുള്ള കാര്യമാണ് ഞാന്‍ പറയുന്നത്. അദ്ദേഹവും അനുയായികളും മക്കയുടെ വിളുമ്പില്‍ എത്തിയിരിക്കുന്നു. മിന്നലാക്രമണമല്ലേ, മക്കക്കാര്‍ക്ക് പ്രതിരോധിക്കാന്‍ സമയം കിട്ടുകയില്ല. എങ്കിലല്ലേ രക്തച്ചൊരിച്ചില്‍ ഉണ്ടാവുകയുള്ളൂ. പോരാട്ടം കൂടാതെ മക്ക വിമോചിപ്പിക്കാനാണ് റസൂല്‍ ഉദ്ദേശിക്കുന്നത്.''
കുറച്ച് നേരം ഇബ്‌നു ഉബയ്യ് ചിന്തയിലാണ്ടു. സ്വയമറിയാതെ നിഷേധാര്‍ഥത്തില്‍ തലയാട്ടി തുടങ്ങി. അപമാനത്താലെന്ന പോലെ മുഖം കുനിഞ്ഞു പോയിരുന്നു.
''മുഹമ്മദിന്റെ ഈ പദ്ധതി വിജയിച്ചാല്‍ അത് എല്ലാറ്റിന്റെയും അവസാനമായിരിക്കും.''
''ഇപ്പോഴും ആ വിജയത്തില്‍ സംശയിക്കുകയാണോ, അബ്ദുല്ലാ? വിമോചകനായി അങ്ങോട്ട് കടന്നു ചെല്ലാന്‍ ദൈവത്തിന്റെ കല്‍പ്പനയുണ്ട്. ചെയ്ത കരാറുകളൊക്കെ ലംഘിച്ച് മക്കക്കാര്‍ എല്ലാം നാശമാക്കിയല്ലോ.''
ഇബ്‌നു ഉബയ്യിന്റെ വിളര്‍ത്ത മുഖത്ത് അല്‍പ്പം രക്തയോട്ടമുണ്ടായതു പോലെ തോന്നി. ''നീ വിചാരിച്ചതു പോലെ അത് അത്ര എളുപ്പമൊന്നുമല്ല. മക്കയുടെ കവാടങ്ങള്‍ വലിച്ചു തുറക്കണമെങ്കില്‍ അവിടെയുള്ള പടയാളികളൊക്കെ പിടഞ്ഞു വീഴണം. അവരുടെ ശൗര്യവും പകയും എനിക്ക് നന്നായിട്ടറിയാം. അത്തരമൊരു പോരാട്ടത്തെ മറികടക്കാന്‍ മുഹമ്മദിനും സൈന്യത്തിനും ആവുകയില്ല. ഇതുവരെ ഖുറൈശികള്‍ പോരാടിയത് മുഹമ്മദിന്റെ വീട്ടുമുറ്റത്തേക്ക് അങ്ങോട്ട് ചെന്നിട്ടാണല്ലോ. ഇത്തവണ മുസ് ലിംകള്‍ ഖുറൈശികളുടെ താവളത്തിലേക്ക് ചെല്ലുകയാണ്. അപ്പോള്‍ കളി മാറും. അറബികള്‍ മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത പോരാട്ടമായിരിക്കും അത്. ചരിത്രത്തില്‍ അതൊരു സംഭവം തന്നെയായിരിക്കും. കവികളും പാട്ടെഴുത്തുകാരും കാഥികരുമൊക്കെ ആ സംഭവത്തെ പേര്‍ത്തും പേര്‍ത്തും ആഖ്യാനിച്ചുകൊണ്ടിരിക്കും.''
ഭാര്യ അമ്പരപ്പോടെയാണ് അയാളുടെ വര്‍ത്തമാനം കേട്ടുകൊണ്ടിരുന്നത്.
''എനിക്കൊരു സന്തോഷം വരുമ്പോള്‍ അതെങ്ങനെ തല്ലിക്കെടുത്താമെന്നാണ് നിങ്ങള്‍ നോക്കുക. എന്റെ പ്രതീക്ഷകളെ നുള്ളിക്കളയുകയും ചെയ്യും. നോക്കൂ അബ്ദുല്ലാ, പേടിച്ച് അഭയം ചോദിച്ച് നിന്ദ്യനായി ഇന്നലയല്ലേ അബൂസുഫ് യാന്‍ ഇവിടെ യസ് രിബില്‍ വന്നത്, എന്താണ് അതിന്റെ അര്‍ഥം? ഒറ്റ അര്‍ഥമേയുള്ളൂ: ഖുറൈശികള്‍ അത്യന്തം ദുര്‍ബലരായിക്കഴിഞ്ഞിരിക്കുന്നു. ചെറുത്തുനില്‍ക്കാനൊന്നും ഇനിയവര്‍ക്ക് ആവതില്ല.''
കപടന്മാരുടെ സാമ്രാട്ടായ ഇബ്‌നു ഉബയ്യിന്റെ മുഖത്ത് ഇടുക്കവും കലിയും പടര്‍ന്നു. ഭാര്യ സത്യം മനസ്സിലാക്കുന്നു എന്നത് അയാള്‍ക്ക് സഹിക്കാനാവുന്നില്ല. ആ പറച്ചിലില്‍ ഒരു സത്യസന്ധതയുണ്ട്. മുസ് ലിംകള്‍ വിജയക്കൊടി നാട്ടിയായിരിക്കും തിരിച്ചു വരിക എന്ന് ചിലപ്പോള്‍ അയാള്‍ക്കും തോന്നാറുണ്ട്. ആ തോന്നല്‍ വരുമ്പോള്‍ അയാളുടെ സമനില തെറ്റും. ഭാര്യ എന്തു പറഞ്ഞാലും അത് മണ്ടത്തരവും ബുദ്ധിയില്ലായ്മയും ആയേ അയാള്‍ കാണുകയുള്ളൂ. ഒടുവില്‍ അയാള്‍ ശബ്ദമുയര്‍ത്തി ഇങ്ങനെ പറഞ്ഞു: 'ഈ അബൂസുഫ് യാനില്ലേ, അയാള്‍ സമര്‍ഥമായ ഒരു കളി കളിച്ചതാണെങ്കിലോ? അതായത്, മക്കാ പരിസരത്ത് ഒരു കെണിയൊരുക്കുക, മുഹമ്മദിനെയും കൂട്ടരെയും അതിലേക്ക് തെളിച്ചുകൊണ്ടുപോവുക, എന്നിട്ട് ആ കെണിയില്‍ അവരെയങ്ങ് തീര്‍ക്കുക. ഈ മക്കക്കാരെ എനിക്ക് നന്നായിട്ടറിയാം. അവരുടെ നാഗരത്തെ കീഴടക്കാന്‍ ഇന്നു വരെ ഒരാളെയും അവര്‍ അനുവദിച്ചിട്ടില്ല. അബ്‌റഹത്ത് ആനകളുമായി വന്ന സംഭവം നീ മറന്നിട്ടില്ലല്ലോ? അയാളും സൈന്യവും തോറ്റമ്പിപ്പോയി.''
ഭാര്യ കൂടുതല്‍ അസ്വസ്ഥയായി. ഇയാളിപ്പറയുന്നത് കേട്ടാല്‍ അതാണല്ലോ ശരിയും യുക്തിസഹവും എന്നൊക്കെ തോന്നിപ്പോവും ചിലപ്പോള്‍. അങ്ങനെ തോന്നുമ്പോള്‍, രണ്ട് കാര്യങ്ങള്‍ തനിക്ക് അവഗണിക്കാന്‍ പറ്റില്ല എന്നവള്‍ തിരുത്തും. ഒന്ന്: വിവരണം യുക്തിസഹമെങ്കിലും അത് സത്യസന്ധമല്ല എന്ന് അവളുടെ മനസ്സ് പറയുന്നു. രണ്ട്: കഴിഞ്ഞ എല്ലാ സംഭവങ്ങളും അയാളുടെ അഭിപ്രായം തെറ്റായിരുന്നു എന്ന് തെളിയിച്ചിട്ടുണ്ട്. അയാള്‍ പ്രവചിച്ചതിന് നേരെ വിരുദ്ധമാണ് സംഭവിച്ചതൊക്കെയും. അതിനാല്‍ അവള്‍ പറഞ്ഞു:
'നമ്മളിക്കാര്യത്തില്‍ തര്‍ക്കിക്കണ്ട, അബ്ദുല്ലാ. ഞാന്‍ നിങ്ങളെ എതിര്‍ക്കുന്നുമില്ല, അനുകൂലിക്കുന്നുമില്ല. സംഭവിക്കുന്നത് എന്താണെന്ന് നോക്കാം. അധികം വൈകാതെ എല്ലാം അറിയാമല്ലോ.''
മുഖം വീര്‍പ്പിച്ച് അവള്‍ കടന്നുപോയി. അയാള്‍ ഒറ്റക്കായി. ചുറ്റും നോക്കിക്കൊണ്ടിരുന്നു. എവിടെയും നോട്ടമുറക്കാതെ കണ്ണുകള്‍ ആകാശത്തേക്കുയര്‍ന്നു. എല്ലും തോലുമായ കൈവിരലുകള്‍ കൊണ്ട് വിരിപ്പില്‍ പരതിക്കൊണ്ടിരുന്നു. അയാള്‍ നോക്കുന്നത് ഒരു പ്രകാശ കിരണമെങ്കിലും ഉണ്ടോ എന്നാണ്. എല്ലായിടത്തും വെളിച്ചം പ്രസരിച്ചുകൊണ്ട് സൂര്യന്‍ ജ്വലിച്ചു നില്‍ക്കുന്നുണ്ട്. മുകളില്‍ കാര്‍മേഘമേതുമില്ലാത്ത തെളിഞ്ഞ നീലാകാശം. അന്തരീക്ഷം ശാന്തം, നിശ്ശബ്ദം. ചക്രവാളത്തിലേക്ക് നോക്കിയാല്‍ നിര്‍ഭയത്വം മനസ്സില്‍ പെയ്തിറങ്ങുന്നതായി തോന്നും. പക്ഷേ, അബ്ദുല്ലാഹിബ്‌നു ഉബയ്യ് ഒരു തരി വെളിച്ചത്തിനായി പരതുകയാണ്. സമാധാനത്തിന്റെ ഒരു നിമിഷം കിട്ടിയാല്‍ മതി അയാള്‍ക്ക്; അല്ലെങ്കില്‍ ആ വൃദ്ധ ഹൃദയത്തിന് ഉണര്‍വേകുന്ന പ്രതീക്ഷയുടെ ഒരു കിരണം... ഓരോരോ ചിത്രങ്ങള്‍ മനസ്സില്‍ നിറയുകയാണ്. തലയും താഴ്ത്തി അപമാനിതരായി വരുന്ന ഖുറൈശിക്കൂട്ടം അധികാരത്താക്കോല്‍ മുഹമ്മദിനെ ഏല്‍പ്പിക്കുന്നു.... പശ്ചാത്താപ വിവശനായി അബൂസുഫ് യാന്‍.... ലജ്ജിച്ച് തലതാഴ്ത്തി വന്ന്, 'അല്ലാഹുവല്ലാതെ ദൈവമില്ല, മുഹമ്മദ് അവന്റെ ദൂതനാകുന്നു' എന്ന് സാക്ഷ്യപ്പെടുത്തുന്ന ഇക് രിമതുബ്‌നു അബീജഹല്‍... ഇതൊക്കെ കാണുമ്പോള്‍ അബൂജഹല്‍ ഖബ്‌റില്‍ കിടന്ന് എരിപൊരി കൊള്ളുമോ? അതല്ല, മരിച്ചവര്‍ ഒന്നും കാണുകയും കേള്‍ക്കുകയും ചെയ്യില്ല എന്നാണോ? ഹംസയുടെ കരള്‍ ചവച്ചു തുപ്പിയ ഹിന്ദ് ഉണ്ടല്ലോ, അവളുടെ നില എന്താവും? വഹ്ശി, ഹുവൈരിസ്... ഇവരെല്ലാവരും മുഹമ്മദിന് വഴിപ്പെടാന്‍ പോവുകയാണോ?
രക്തം വീണ് ചുവന്ന ഈ മണ്ണില്‍ ശാന്തിയും സമാധാനവും കളിയാടുമെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും? കുടിപ്പകയൊക്കെ അത്ര പെട്ടെന്ന് കുഴിച്ച് മൂടാനൊക്കുമോ? ഒരു ഒട്ടകത്തെ വീഴ്ത്തിയതിന് വര്‍ഷങ്ങളോളം യുദ്ധം ചെയ്ത ഗോത്രങ്ങളാണിവിടെയുള്ളത്. അതും വന്‍ ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍. കുഞ്ഞുങ്ങള്‍ ഉമ്മമാരില്‍നിന്ന് കുടിപ്പകയുടെയും വെറുപ്പിന്റെയും മുലപ്പാലാണ് ഈമ്പിക്കുടിക്കുന്നത്. ബദ്‌റും ഉഹുദും ഖന്‍ദഖുമൊക്കെ ഈ അറബികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവുമോ? ഖുറൈളക്ക് സംഭവിച്ചത്, ബനുന്നളീറിന് സംഭവിച്ചത്.. ഈ ഓര്‍മകള്‍ തേഞ്ഞു മാഞ്ഞ് പോവുമെന്നോ?
ജൂതന്മാര്‍ തോല്‍ക്കുന്നു, ഖുറൈശികള്‍ തോല്‍ക്കുന്നു. അതിനര്‍ഥം ഞാനും തോല്‍ക്കുന്നു എന്നാണ്. എന്നെ ചുറ്റിപ്പറ്റിയാണ് യുദ്ധങ്ങള്‍ നടക്കേണ്ടിയിരുന്നത്. എന്റെ നഷ്ടപ്പെട്ടുപോയ സിംഹാസനവും കിരീടവും തിരിച്ചു പിടിക്കുന്നതിന് വേണ്ടി. പക്ഷേ, ഇപ്പോള്‍ എന്റെ കിരീട നഷ്ടമൊന്നും ആരും വകവെക്കുന്നേയില്ല. എന്നെ അവര്‍ എഴുതിത്തള്ളിയിരിക്കുന്നു. സങ്കടപ്പെടുത്തുന്ന കാര്യമാണിത്. അവര്‍ എന്നെ മറന്നു, എന്റെ കിരീടത്തെ മറന്നു.
ചിന്തയില്‍ നിന്നുണര്‍ന്ന് അബ്ദുല്ലാഹിബ്‌നു ഉബയ്യ്, ഞരമ്പുകള്‍ പൊന്തി നില്‍ക്കുന്ന വിറച്ചു കൊണ്ടേയിരിക്കുന്ന തന്റെ കൈ ഉയര്‍ത്തി അതിലേക്ക് സൂക്ഷിച്ചു നോക്കി. അയാള്‍ ഭയന്നിട്ടെന്ന വണ്ണം വിളിച്ചു പറഞ്ഞു: 'ഇല്ല, എന്നെ ഇനി ഒന്നിനും കൊള്ളില്ല.'' പെട്ടെന്ന് തന്നെ അയാളിലേക്ക് ഒരു ഉണര്‍വ് വന്നു. പിന്നെ സ്വരം വെല്ലുവിളിയുടേതായി: ''ഇല്ല, മുഹമ്മദിന് മേല്‍ ഖുറൈശികള്‍ വിജയം നേടും. ജീവിതം പുതുതായി തളിര്‍ത്ത് പൂക്കും. ആ വിജയികള്‍ എനിക്കെന്റെ പൂര്‍വ പ്രതാപം തിരിച്ചു നല്‍കും. കിരീടം ചൂടിയാല്‍ ഞാന്‍ ആദ്യം ചെയ്യുക, എന്റെ മോന്‍ ആ അബ്ദുല്ലയില്ലേ, അവന്റെ തലയോട്ടി പൊളിക്കും. എന്റെയീ ഭാര്യയുടെ മുഖത്തേക്ക് ഒരു തുപ്പ് കൊടുക്കും. വേറെ ഒരു പെണ്ണിനെ കെട്ടും. അങ്ങനെ എല്ലാം മാറും, എല്ലാം മാറും. മക്കയും മദീനയും മാറും. ഇന്ന് മുഹമ്മദിനെ പാടിപ്പുകഴ്ത്തുന്നവര്‍ നാളെ എന്റെ പിന്നാലെ വരും. എനിക്ക് അനുസരണ പ്രതിജ്ഞ ചെയ്യും. ഞാന്‍ കേള്‍ക്കെ മനോഹരമായ സ്തുതിഗീതങ്ങള്‍ ആലപിക്കും....''
(തുടരും)
വിവ: അഷ്‌റഫ് കീഴുപറമ്പ്
വര: നൗഷാദ് വെള്ളലശ്ശേരി