നാഥനിലുള്ള സമര്‍പ്പണവും ഉറച്ച വിശ്വാസവും
ഇല്ലാതാവുമ്പോള്‍ ഫലം ഭയവും നിരാശയും മാത്രമാവും
നാം വിചാരിക്കുന്നത് പോലെയാവില്ല പലപ്പോഴും കാര്യങ്ങള്‍ സംഭവിക്കുന്നത്
സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ദൈവിക നിശ്ചയ പ്രകാരമാണെന്ന് കരുതുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. മനുഷ്യന് സ്വന്തമായി ഒരു കഴിവുമില്ല. അവന്റെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ സൃഷ്ടിച്ച നാഥനാണ്. അവന്റെ താത്പര്യവും അറിവുമില്ലാതെ ഒന്നും നടക്കുന്നില്ല. നാഥനിലുള്ള സമര്‍പ്പണവും ഉറച്ച വിശ്വാസവും ഇല്ലാതാവുമ്പോള്‍ ഫലം ഭയവും നിരാശയും മാത്രമാവും.
നാം വിചാരിക്കുന്നത് പോലെയാവില്ല പലപ്പോഴും കാര്യങ്ങള്‍ സംഭവിക്കുന്നത്.
മൂസാ നബിയുടെ കഥ നോക്കൂ. മുന്നില്‍ ചെങ്കടല്‍. പിന്നില്‍ ഫറോവയുടെ കിങ്കരന്മാര്‍. അപ്രതീക്ഷിതമായ വഴിയിലൂടെ നബിക്കും വിശ്വാസികള്‍ക്കും രക്ഷപ്പെടാനായി. അയ്യൂബ് നബി മാരകമായ രോഗത്തിന് അടിമപ്പെട്ടു. വര്‍ഷങ്ങളോളം പ്രയാസമനുഭവിച്ചു. ഭാര്യയൊഴികെ എല്ലാവരും അകറ്റിനിര്‍ത്തി. പക്ഷേ, സൃഷ്ടിച്ച നാഥന്‍ നബിക്ക് രോഗശമനവും ഐശ്വര്യവും നല്‍കി. യൂസുഫ് നബി കിണറ്റിലെറിയപ്പെട്ടു. മരിച്ചെന്നു കരുതി സഹോദരങ്ങള്‍ വരെ അദ്ദേഹത്തെ ഉപേക്ഷിച്ചു. ഒടുവില്‍ ഈജിപ്തിന്റെ ഭരണാധികാരി വരെയായി. ഈസാ നബിയെ കുരിശിലേറ്റാന്‍ ജൂതര്‍ ശ്രമിച്ചു. അല്ലാഹു മറ്റൊന്ന് തീരുമാനിച്ചു. നബിയെ അല്ലാഹു ആകാശത്തേക്ക് ഉയര്‍ത്തി. യൂനുസ് നബി മത്സ്യ വയറ്റിലകപ്പെട്ടു. ആരും പറയില്ല അങ്ങനെയൊരാള്‍ ഇനി രക്ഷപ്പെടുമെന്ന്. പക്ഷേ, അല്ലാഹുവിന്റെ തീരുമാനമാണ് വലുത്. അദ്ദേഹം മത്സ്യ വയറ്റില്‍ നിന്ന് മോചിതനാവുകയും പഴയപോലെ ആരോഗ്യവാനാവുകയും ചെയ്തു. മുഹമ്മദ് നബി (സ) എത്ര തവണ ഇതുപോലെ അത്ഭുതകരമായി രക്ഷപ്പെട്ടു. വധിക്കാനായി ശത്രുക്കള്‍ വീട് വളഞ്ഞപ്പോഴും ജൂത വനിത സല്‍ക്കരിച്ച് വിഷം ചേര്‍ത്ത ആട്ടിന്‍ മാംസം നല്‍കിയപ്പോഴും.. തുടങ്ങി അല്ലാഹുവിന്റെ നിശ്ചയം പ്രവാചകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇവിടെയൊന്നും നമ്മുടെ കണക്കുകൂട്ടലുകള്‍ ആത്യന്തികമല്ല. പക്ഷേ, അല്ലാഹു നിശ്ചയിച്ചതേ സംഭവിക്കൂ എന്ന ഉറപ്പുണ്ടെങ്കില്‍ ഭയവും നിരാശയും നമ്മെ അസ്വസ്ഥമാക്കുകയില്ല.
ഹിജ്‌റ വേളയില്‍ സൗര്‍ ഗുഹാമുഖം വരെയെത്തി ശത്രുക്കള്‍. അന്നേരം ഭയപ്പെട്ട സിദ്ദീഖ്(റ)വിനോട് തവക്കുലിന്റെ(ഭരമേല്‍പ്പിക്കല്‍) പാഠം പകര്‍ന്നു നല്‍കുന്നുണ്ട് പ്രവാചകന്‍. അബൂബക് ര്‍(റ) പറയുന്നു: ''ഞങ്ങള്‍ സൗര്‍ ഗുഹയിലായിരിക്കെ തലക്കു മുകളിലൂടെ നടന്നുനീങ്ങുന്ന മുശ്‌രിക്കുകളുടെ പാദങ്ങള്‍ ഞാന്‍ കണ്ടിരുന്നു. അന്നേരം 'അല്ലാഹുവിന്റെ ദൂതരേ, അവരാരെങ്കിലും പാദങ്ങള്‍ക്കു ചുവട്ടിലൂടെ നോക്കിയാല്‍ നമ്മെ കണ്ടെത്തുമല്ലോ' എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു: 'അബൂബക്റേ, മൂന്നാമനായി അല്ലാഹു കൂടെയുള്ള രണ്ടാളുകളെ കുറിച്ച് താങ്കളുടെ വിചാരമെന്താണ്?' (ബുഖാരി, മുസ്‌ലിം).
പ്രവാചക ജീവിതത്തിലുടനീളം ദൈവിക സമര്‍പ്പണത്തിന്റെയും അവനില്‍ ഭരമേല്പിക്കുന്നതിന്റെയും ധാരാളം പാഠങ്ങള്‍ കാണാനാവും. 'നിങ്ങള്‍ക്കെതിരെ ശത്രുക്കള്‍ സംഘടിച്ചിരിക്കുന്നു. നിങ്ങള്‍ ഭയന്നുകൊള്ളുക' യെന്ന് അഹ്‌സാബ് യുദ്ധവേളയില്‍ നബിയോട് പറയപ്പെട്ടപ്പോള്‍ അവരുടെ വിശ്വാസം വര്‍ധിക്കുക മാത്രമാണുണ്ടായത്. അവര്‍ പറഞ്ഞു: 'ഞങ്ങള്‍ക്ക് അല്ലാഹു മതി. കാര്യങ്ങള്‍ ഏല്‍പിക്കാന്‍ നല്ലത് അവനാണ്'. ഖുര്‍ആന്‍ ഇക്കാര്യം പറയുന്നുണ്ട്. ഇബ്‌റാഹീം നബി തീയിലെറിയപ്പെട്ടപ്പോഴും അദ്ദേഹം ഇതേ തവക്കുലിന്റെ വാചകമാണ് ഉരുവിട്ടത്. ഒരിക്കല്‍ നബി (സ) മരത്തണലില്‍ വിശ്രമിക്കും നേരം അവിടുത്തെ വാളെടുത്ത് ഒരു ശത്രു ചോദിച്ചു: 'മുഹമ്മദേ, നിന്നെ ഈ വാളില്‍ നിന്ന് ആര് രക്ഷിക്കും?' അന്നേരം യാതൊരു ഭാവമാറ്റങ്ങളോ ഭയമോ ഇല്ലാതെ'എന്നെ അല്ലാഹു രക്ഷിക്കും' എന്ന് പറയാനുണ്ടായ ചങ്കൂറ്റം തവക്കുലിന്റെതാണ്.
അല്ലാഹുവില്‍ സര്‍വവും ഭരമേല്‍പിക്കുന്നവര്‍ക്ക് ഒന്നിനെക്കുറിച്ചും അസ്വസ്ഥപ്പെടേണ്ടതില്ല.
ഉമറുബ്നുല്‍ ഖത്താബി(റ)ല്‍ നിന്ന് നിവേദനം. നബി (സ) അരുള്‍ ചെയ്തിരിക്കുന്നു: 'നിശ്ചയം, നിങ്ങള്‍ അല്ലാഹുവില്‍ യഥാവിധി കാര്യങ്ങള്‍ ഭരമേല്‍പ്പിക്കുകയാണെങ്കില്‍, പക്ഷികള്‍ക്ക് ആഹാരം നല്‍കപ്പെടുംപോലെ നിങ്ങള്‍ക്കും ആഹാരം നല്‍കപ്പെടും. അവ പ്രഭാതത്തില്‍ ഒട്ടിയ വയറുമായി പുറപ്പെടുന്നു. വൈകുന്നേരം നിറഞ്ഞ വയറുമായി മടങ്ങുന്നു' (തിര്‍മിദി).
അനസ് (റ) വില്‍നിന്ന്. നബി (സ) പറഞ്ഞു:''ആരെങ്കിലും തന്റെ വീട്ടില്‍നിന്ന് പുറപ്പെടുമ്പോള്‍ 'അല്ലാഹുവിന്റെ നാമത്തില്‍. ഞാന്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു. അല്ലാഹുവില്‍ നിന്നല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല' എന്നു പറഞ്ഞാല്‍ (മലക്കുകള്‍ വഴി) പറയപ്പെടും: 'നീ സന്മാര്‍ഗം പ്രാപിച്ചിരിക്കുന്നു. നീ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.'പിശാച് അവനില്‍ നിന്ന് അകന്നു പോവുകയും ചെയ്യും''(അബൂദാവൂദ്, തിര്‍മിദി).
ഒരു പരിശ്രമവും നടത്താതെ അല്ലാഹുവില്‍ ഭരമേല്‍പിച്ച് ചടഞ്ഞിരിക്കുന്നതിനെ ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നു. ഒരിക്കല്‍ പ്രവാചകനെ സന്ദര്‍ശിക്കാനെത്തിയ ഒരാള്‍ തന്റെ ഒട്ടകത്തില്‍ നിന്നിറങ്ങിയ ശേഷം അതിനെ അഴിച്ചുവിടാന്‍ ഉദ്ദേശിച്ചുകൊണ്ട് പ്രവാചകനോട് ചോദിച്ചു: ഞാനിതിനെ കെട്ടിയിട്ടാണോ തവക്കുല്‍ ചെയ്യേണ്ടത്, അതോ അഴിച്ച് വിട്ടിട്ടാണോ തവക്കുല്‍ ചെയ്യേണ്ടത്? നബി (സ) പറഞ്ഞു: ആദ്യം ഒട്ടകത്തെ കെട്ടുക, പിന്നെ തവക്കുല്‍ ചെയ്യുക (ഇബ്നു ഹിബ്ബാന്‍).