'ചെറിയവരെ വലുതാക്കുക, വലിയവരെ ചെറുതാക്കുക'

ഡോ. ജാസിം അല്‍ മുത്വവ്വ
ജൂലൈ 2025

കൗമാരപ്രായത്തോടടുത്ത നിങ്ങളുടെ മകന്ന് മികവുറ്റ ശിക്ഷണം നല്‍കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ അവലംബിക്കേണ്ട ഒരു രീതിയുണ്ട്; ചെറിയവനെ വലുതാക്കുകയും വലിയവനെ ചെറുതാക്കുകയും ചെയ്യുന്ന രീതി. ഈ രീതി സ്വീകരിച്ചാല്‍ നിങ്ങളുടെ മകനെ നിങ്ങളുടെ സ്നേഹിതനാക്കാം; അവന്‍ അനുസരണ ശീലമുള്ള, മാതാപിതാക്കളെ നന്നായി നോക്കുന്ന മകനായിത്തീരും. മക്കളെ കുറിച്ചുള്ള ഏതൊരു രക്ഷിതാവിന്റെയും സ്വപ്നമാണല്ലോ ഇത്. ചെറിയവനെ വലുതാക്കുക എന്നാല്‍, മകനോട് നിങ്ങള്‍ ഇടപെടുന്നത്, അവന്‍ ഒരു വലിയ വ്യക്തിയായിക്കഴിഞ്ഞിരിക്കുന്നു എന്ന നിലക്കാവണം. മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ജോലിയും ഉത്തരവാദിത്വങ്ങളും നല്‍കണം. മുതിര്‍ന്നവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കാണിക്കുന്ന വൈഭവവും വൈദഗ്ധ്യവും കുട്ടികളില്‍നിന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ക്ക് തോന്നണം. കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിക്കാനും പരിചയം വളര്‍ത്താനും അറിവ് കൂട്ടാനും അത് ഉതകും. കുട്ടിയുടെ നേതൃത്വപരമായ കഴിവ് വളര്‍ത്താനും അവന്റെ വ്യക്തിത്വം വികസിപ്പിക്കാനും അത് സഹായിക്കും. ഭാവിയില്‍ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ ഈ രീതി അവനെ പ്രാപ്തനാക്കും. ചെറിയവനെ വലുതാക്കുന്ന രീതി ഇങ്ങനെ പ്രയോഗവല്‍ക്കരിക്കാം: വീട്ടിലെ ഏതെങ്കിലും വിരുന്നിന്റെയോ സംഗമത്തിന്റെയോ ചുമതല കുട്ടിയെ ഏല്‍പിക്കുക, അല്ലെങ്കില്‍ ഒരു തുക അവനെ ഏല്‍പിച്ച്, വീട്ടിലെ ചെലവുകള്‍ക്കുള്ള ഒരു ബഡ്ജറ്റ് തയാറാക്കാന്‍ അവനെ ചുമതലപ്പെടുത്തുക, വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരാനുള്ള ചുമതല നല്‍കുക, ഇളയ സഹോദരനെ പഠിപ്പിക്കാനും അവന്ന് ആവശ്യമായ നിര്‍ദേശം നല്‍കുവാനുമുള്ള ഉത്തരവാദിത്വം നല്‍കുക, നിങ്ങള്‍ ചെയ്യുന്ന ചില ജോലികളില്‍ അവനെ പങ്കാളിയാക്കാം, വീട്ടിലെ ജോലികള്‍, അവന്റെ പ്രായത്തിന് നിരക്കുന്ന പണികള്‍ ഒക്കെ നല്‍കാം, മുറി, സ്റ്റോര്‍, അടുക്കള മുതലായവ ചിട്ടയോടെ ക്രമീകരിക്കുന്ന ചുമതല, ഇവയൊക്കെ ചെറിയവരെ വലിയവനാക്കുന്ന രീതികളില്‍ പെടുന്നു. ഇനിയും കുറച്ചു മുന്നോട്ടുപോയി ഗൗരവതരമായ ചുമതലകള്‍ കണ്ടെത്താം. കുടുംബപരമായ ചില കാര്യങ്ങള്‍ അവനുമായി കൂടിയാലോചിക്കാം, അവനുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് കൂടിയാലോചനകളാവാം, ഭക്ഷണം, വസ്ത്രം, ദൈനംദിന പരിപാടികള്‍, മുറിയുടെ ഡക്കറേഷന്‍- അങ്ങനെ പലതുമുണ്ടല്ലോ. ജീവകാരുണ്യ-സാമൂഹിക സേവനങ്ങളില്‍ പങ്കാളിയാക്കാം. മുതിര്‍ന്നവരുമായി സഹവസിച്ച് അവര്‍ക്കാവശ്യമായ സേവനങ്ങളും ശുശ്രൂഷകളും ചെയ്യുക- ഇങ്ങനെ വിവിധതരം ഇടപെടലുകളിലൂടെ കൗമാപ്രായത്തോടടുക്കുമ്പോള്‍ അവന്ന് തോന്നിത്തുടങ്ങും താനൊരു മുതിര്‍ന്ന വ്യക്തിയായി മാറിക്കഴിഞ്ഞുവെന്ന്.

ചെറിയവരെ വലുതായിക്കാണുന്ന ഈ രീതി നബി സ്വീകരിച്ചത് ചരിത്രത്തില്‍ വായിക്കാം. ജൂതരുടെ ഭാഷ പഠിക്കാന്‍, നബി സൈദുബ്നു സാബിതിനെ ചുമതലപ്പെടുത്തുമ്പോള്‍ സൈദിന്റെ വയസ്സ് 13. രണ്ടാഴ്ചക്കുള്ളില്‍ ആ ഭാഷ വശമാക്കിയ സൈദിനെ പിന്നെ ചുമതലപ്പെടുത്തുന്നത് സുറിയാനി ഭാഷ പഠിക്കാനാണ്. അങ്ങനെ അദ്ദേഹം നബിയുടെ ദ്വിഭാഷിയായി. മുതിര്‍ന്ന സ്വഹാബിമാര്‍ പലരുമുണ്ടായിട്ടും ശാമിലേക്കുള്ള സൈന്യത്തെ നയിക്കാന്‍ നബി തെരഞ്ഞെടുത്തത് 17കാരനായ ഉസാമത്തുബ്നു സൈദിനെയാണ്. റോമിന്നെതിരില്‍ അദ്ദേഹം വിജയം കൈവരിക്കുകയും ചെയ്തു.

രണ്ടാമത്തെ രീതി വലിയവരെ ചെറുതാക്കുകയാണ്. അതുകൊണ്ടുള്ള വിവക്ഷ മകനോട് നാം അവന്റെ സമപ്രായക്കാരനാണെന്ന രൂപത്തില്‍ വര്‍ത്തിക്കുകയെന്നതാണ്. അപ്പോള്‍ അവനോട് സംസാരിക്കാന്‍ നാം അവനെപോലെ ചെറുതാവേണ്ടി വരും. അവന്റെ താല്‍പര്യങ്ങള്‍ക്കും അഭിനിവേശങ്ങള്‍ക്കും മുഖ്യ പരിഗണനനല്‍കി തദനുസൃതമായ രീതി സ്വീകരിക്കേണ്ടി വരും. ഈ രീതി അവനില്‍ ആത്മവിശ്വാസം വളര്‍ത്തും, താന്‍ വിലയും നിലയും ഉള്ളവനാണെന്ന ബോധം ഉളവാകും. അവനില്‍ തന്നെക്കുറിച്ച ബോധവും ആത്മാഭിമാനവും വളരുമ്പോള്‍, കുസൃതികള്‍ക്കും വികൃതിത്തരങ്ങള്‍ക്കും അറുതിവരും. രക്ഷിതാക്കള്‍ക്കും അവന്നുമിടയില്‍ ചങ്ങാത്തം ഉണ്ടാവും. തന്നില്‍ വന്ന് പോകുന്ന വീഴ്ചകള്‍ തുറന്നുപറയാന്‍ സാധിക്കുന്നവിധം അവര്‍ക്കിടയിലെ അടുപ്പംകൂടും. വലിയവനെ ചെറുതാക്കുന്ന വിദ്യയിലൂടെ അവര്‍ക്കിടയിലെ തടസ്സങ്ങള്‍ നീങ്ങിയല്ലോ.

പ്രായത്തില്‍ വലിയ വ്യത്യാസം ഉണ്ടെന്നിരിക്കിലും ആജ്ഞകള്‍ പുറപ്പെടുവിക്കുകയും മകന്‍ ഉത്തരവുകള്‍ കൈപറ്റുകയും ചെയ്യുന്ന ഔദ്യോഗിക രീതിക്ക് മാറ്റമുണ്ടാകുമ്പോള്‍ കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ശീലത്തിലും അവയുണ്ടാക്കുന്ന മാറ്റം ചെറുതല്ല. കുട്ടി തന്റെ അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ തുറന്ന മനസ്സോടെ അത് ശ്രദ്ധിക്കണം. ധൃതിപിടിച്ചു വിധി പറയരുത്. 'നീ ചെറുതാണ്, നീ ചെറുതാണ്' എന്ന വാക്ക് കൂടെ കൂടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വീട്ടിലെ കുട്ടികളിലാണ് തെറ്റുകള്‍ കൂടുതല്‍ ചെയ്യാനുള്ള പ്രവണത കാണുന്നത്. താന്‍ മുതിര്‍ന്നെന്നും തനിക്ക് തീരുമാനങ്ങളെടുക്കാന്‍ തക്ക പ്രാപ്തി കൈവന്നെന്നും സ്ഥാപിക്കാന്‍ ധിക്കാരത്തിന്റെയും അനുസരണക്കേടിന്റെയും വഴി തേടാന്‍ അവന്ന് അവസരമൊരുക്കുകയാണ് രക്ഷിതാക്കള്‍ നിഷേധാത്മക സമീപനത്തിലൂടെ ചെയ്യുന്നത്. കൗമാരപ്രായത്തിലേക്ക് കടക്കുന്ന മക്കളെ നല്ല മക്കളാക്കി വളര്‍ത്താന്‍ സഹായിക്കുന്നതാണ് വലിയവരെ ചെറുതാക്കുകയും ചെറിയവരെ വലുതാക്കുകയും ചെയ്യുന്ന രീതി.

വിവ: പി.കെ.ജമാൽ

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media